വാടകഗര്‍ഭധാരണം; പണംപിടുങ്ങി ക്ലിനിക്കുകള്‍ക്കും ഏജന്‍സികള്‍കള്‍ക്കും കേരളം ഹബ്ബ്; കണക്കുകളില്ലെന്ന് ആരോഗ്യവകുപ്പ്

വാടകഗർഭധാരണത്തിനു സൗകര്യമൊരുക്കുന്ന എത്ര സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുവെന്ന കണക്ക് സംസ്ഥാന ആരോഗ്യവകുപ്പിന്റേയോ ആരോഗ്യസംഘടനകളുടേയോ കൈവശമില്ല.

വാടകഗര്‍ഭധാരണം; പണംപിടുങ്ങി ക്ലിനിക്കുകള്‍ക്കും ഏജന്‍സികള്‍കള്‍ക്കും കേരളം ഹബ്ബ്; കണക്കുകളില്ലെന്ന് ആരോഗ്യവകുപ്പ്

കൊച്ചി: വാടകഗര്‍ഭധാരണം വഴി കേരളത്തിലും കോടികളുടെ ലാഭമാണ് ക്ലിനിക്കുകളും ഏജന്‍സികളും കൊയ്യുന്നത്. ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്ന സ്ത്രീകളെക്കാള്‍ കൂടുതല്‍ പണം ഇത്തരം ഇടനില സ്ഥാപനങ്ങള്‍ വസൂലാക്കും. വാടകഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട് ഇരുപതോളം സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാരദാന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

പണം വാങ്ങി ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതും വിദേശപൗരന്മാര്‍ക്കായി വാടകഗര്‍ഭധാരണം നടത്തുന്നതും നിരോധിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് കൊമേഴ്‌സ്യല്‍ സറഗസി കേരളത്തില്‍ എത്രമാത്രം വ്യാപകമാണെന്ന അന്വേഷണത്തിന് നാരദാ ന്യൂസ് മുതിര്‍ന്നത്.


രാജ്യത്തുടനീളം ബ്രാഞ്ചുകളുള്ള സ്ഥാപനങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുള്ളതായാണ് ഞങ്ങളുടെ അന്വേഷണത്തില്‍ അറിവായത്. വാടകയ്ക്ക് അമ്മമാരെ നല്‍കുന്നതിന് ക്ലിനിക്കുമായി ബന്ധപ്പെട്ട ഏജന്‍സികളും നിരവധിയാണ്. ക്ലിനിക്കുകളാണ് ഇവരെ ഏര്‍പ്പാടാക്കി നല്‍കുന്നത്. ഏജന്‍സികള്‍ കൊണ്ടുവരുന്ന വാടകഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്കാകട്ടെ നിസാര തുകയേ ലഭിക്കുന്നുള്ളൂ.

ഫെര്‍ട്ടിലിറ്റി സെന്ററുകളെന്ന് അറിയപ്പെടുന്ന ക്ലിനിക്കുകളിലെത്തുന്നവര്‍ക്ക് പരിശോധനകള്‍ക്ക് ശേഷം ഏജന്റുമാരെ ഏര്‍പ്പാടാക്കി നല്‍കുകയാണ് ആദ്യപടി. ഏജന്‍സികളും ഗര്‍ഭധാരണത്തിന് വിധേയരാകുന്ന ആളുകളുമായി കരാര്‍ ഉറപ്പിക്കുന്ന പേപ്പറുകള്‍ തയ്യാറാക്കണം. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ചികിത്സകളല്ലാതെ മറ്റ് പ്രശ്നങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമുണ്ടാകില്ലെന്ന് ക്ലിനിക്കുകള്‍ വ്യക്തമാക്കുന്നു.

ദുരിതമകറ്റാന്‍ പ്രസവിക്കുന്നവര്‍...

പണം കുറച്ച് നല്‍കിയാല്‍ മതിയെന്ന സൗകര്യത്താല്‍ കര്‍ണ്ണാടക, ബിഹാര്‍ എന്നിവിടങ്ങളിലെ നിര്‍ധനസ്ത്രീകള്‍ കേരളത്തില്‍ ചൂഷണത്തിന് വിധേയരാകുന്നുമുണ്ട്. കര്‍ണ്ണാടകയില്‍ നിന്നുളള സ്ത്രീകളാണ് അധികവും കേരളത്തിലെത്തുന്നതെന്ന് ഷിന്‍സി എന്ന ഏജന്റ് പറഞ്ഞു. വാടകഗര്‍ഭധാരണത്തിന് വിധേയരാകുന്നവരെ മികച്ച രീതിയില്‍ നോക്കിക്കൊള്ളാമെന്നാണ് ഏജന്റുമാരുടെ വാഗ്ദാനം. മാസം നല്ലൊരു തുക ഇതിനായി ഏജന്‍സികള്‍ പിടുങ്ങും. എന്നാല്‍ ഗര്‍ഭധാരണത്തിന് വിധേയരാകുന്നവര്‍ക്ക് അന്‍പതിനായിരം രൂപാ മുതല്‍ രണ്ടു ലക്ഷം വരെ മാത്രമാണ് പ്രതിഫലം. പ്രസവശേഷം ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഇവര്‍ എന്തു ചെയ്യും എന്ന് ചോദിച്ചപ്പോള്‍ ഏജന്റിന് മറുപടിയില്ല.

വാടകഗര്‍ഭപാത്രം ആവശ്യമായിട്ടുള്ളവരുടെ ആരോഗ്യവും പരിശോധനകളും പരിഗണിച്ച്, നല്‍കുന്ന പണത്തിന്റെ തോതില്‍ മാറ്റമുണ്ടാകുമെന്ന് ക്ലിനിക്കുകള്‍ പറയുന്നു. 10 ലക്ഷം തൊട്ട് 20 ലക്ഷം രൂപാ വരെയാണ് പരിശോധനകളുള്‍പ്പെടെയുള്ളവയ്ക്ക് ഈ ക്ലിനിക്കുകള്‍ ഈടാക്കുന്നത്. ഇതില്‍ പകുതിയിലേറെ തുക ഏജന്‍സികള്‍ക്കാണ് നല്‍കേണ്ടത്. ക്ലിനിക്കുകളും ഏജന്‍സികളും തമ്മില്‍ അവിശുദ്ധബന്ധമുണ്ടെന്നും വ്യക്തമാണ്.

ഇടപ്പാളില്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ എന്ന പേരില്‍ ആരംഭിച്ച സൈമര്‍ എന്ന ക്ലിനിക്കിന് ഇപ്പോള്‍ കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ട്. ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോണ്‍ ഹാള്‍ എന്ന ക്ലിനിക്കിന് ഡല്‍ഹി കഴിഞ്ഞാല്‍ കൊച്ചിയിലാണ് ബ്രാഞ്ചുള്ളത്. ഇവയുള്‍പ്പെടെ എറണാകുളത്ത് മാത്രം അഞ്ചോളം ക്ലിനിക്കുകളാണ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ക്ലിനിക്കുകള്‍ ഉള്‍പ്പെടെ എത്ര സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുവെന്ന കണക്കുകള്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റേയോ ആരോഗ്യസംഘടനകളുടേയോ കൈവശമില്ലെന്നാണ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ലാത്തതിനാല്‍ ഈ കണക്കുകള്‍ ഞങ്ങള്‍ എങ്ങനെ അറിയുമെന്നായിരുന്നു ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍ രമേശിന്റെ പ്രതികരണം.

ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നും കോടികളുടെ ബിസിനസ്സാണ് നടക്കുന്നതെന്നും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വ്യക്തമായ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളായതിനാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പരിമിതമാണെന്ന് ഐഎംഎ കേരളാ ഘടകം സെക്രട്ടറി ഡോ. സാമുവേല്‍ കോശി നാരദയോട് പറഞ്ഞു. ഇത്തരം ക്ലിനിക്കുകളും സ്ഥാപനങ്ങളും കൃത്യമായ വിവരങ്ങള്‍ വെളിപ്പെടുത്താറില്ലെന്നും ഡോ. സാമുവേല്‍ കോശി പറയുന്നു.

നിയമങ്ങള്‍ കര്‍ശമനാകുമ്പോള്‍...

കേന്ദ്രസര്‍ക്കാര്‍ വാടകഗര്‍ഭധാരണത്തിന് കര്‍ശനനിയന്ത്രണമേര്‍പ്പെടുത്തി പുതിയ ബില്‍ കൊണ്ടുവന്നെങ്കിലും വലിയ മാഫിയകളായി വളര്‍ന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ അവ പര്യാപ്തമാകുമോ എന്ന് കാത്തിരുന്ന് കാണണം. 2002 ല്‍ വാടകഗര്‍ഭധാരണത്തെ നിയമവിധേയമാക്കിയെങ്കിലും ഭൂരിഭാഗം സ്ഥാപനങ്ങളും ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

വാടകഗര്‍ഭധാരണത്തിന് ആവശ്യക്കാര്‍ അടുത്ത ബന്ധുക്കളെ കണ്ടെത്തണമെന്നാണ് പുതിയ ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. വാടകഗര്‍ഭധാരണത്തെ കൂടുതലായി ആശ്രയിക്കുന്ന സമ്പന്ന വിഭാഗത്തില്‍പ്പെട്ടവരും, താരമൂല്യമുള്ളവരും ഇനി എന്ത് ചെയ്യും എന്നതും ചോദ്യമാണ്. വാടകഗര്‍ഭധാരണത്തിന് ചെലവ് കുറഞ്ഞ ഇടമായതു കൊണ്ട് ഇവിടേക്കെത്തുന്ന വിദേശികളും പുതിയ കേന്ദ്രത്തെ ആശ്രയിക്കേണ്ടി വരും.

Read More >>