ഇടുക്കിയിലെ ബാലു വധക്കേസ്; വിധിയെച്ചൊല്ലി ജഡ്ജിമാർ തമ്മിൽ തർക്കം; ഒടുവിൽ 2-1 എന്ന സ്കോറിന് പ്രതികളെ വെറുതേവിട്ടു...

ഇടുക്കിയിലെ ഐഎൻടിയുസി നേതാവായിരുന്ന ബാലു സുബ്രഹ്മണ്യത്തെ കൊലപ്പെടുത്തിയ കേസിലെ എട്ടു പ്രതികളെയും ഹൈക്കോടതി വെറുതേവിട്ടു.

ഇടുക്കിയിലെ ബാലു വധക്കേസ്; വിധിയെച്ചൊല്ലി ജഡ്ജിമാർ തമ്മിൽ തർക്കം; ഒടുവിൽ 2-1 എന്ന സ്കോറിന് പ്രതികളെ വെറുതേവിട്ടു...

ബാലസുബ്രമണ്യംഇടുക്കിയിലെ ഐഎൻടിയുസി നേതാവായിരുന്ന ബാലു സുബ്രഹ്മണ്യത്തെ കൊലപ്പെടുത്തിയ കേസിലെ എട്ടു പ്രതികളെയും ഹൈക്കോടതി വെറുതേവിട്ടു. പ്രതികളെ ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ച കീഴ്ക്കോടതി വിധിയ്ക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് തീരുമാനം. അപ്പീൽ പരിഗണിച്ച രണ്ടംഗ ഡിവിഷൻ ബെഞ്ചിൽ ജസ്റ്റിസ് കെ ടി ശങ്കരൻ ശിക്ഷ ശരിവെയ്ക്കണമെന്ന നിലപാടു സ്വീകരിച്ചപ്പോൾ  ജസ്റ്റിസ് ബാബു മാത്യൂസ് പ്രതികളെ വെറുതേ വിടണമെന്ന നിലപാടാണ് സ്വീകരിച്ചത്.


ജഡ്ജിമാർ തമ്മിൽ പരസ്പര വിരുദ്ധമായ അഭിപ്രായമുണ്ടായതിനെ തുടർന്ന് അപ്പീൽ പരിഗണിക്കാൻ ജസ്റ്റിസ് കെമാൽ പാഷയെ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തി. അദ്ദേഹവും ജസ്റ്റിസ് ബാബു മാത്യൂവിന്റെ വിധിയോട് യോജിച്ചതോടെയാണ് പ്രതികൾ കുറ്റവിമുക്തരായത്.

വണ്ടിപ്പെരിയാർ ടൌണിൽ വെച്ച് 2003ന് സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന അയ്യപ്പദാസിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്നു ബാല സുബ്രഹ്മണ്യം. ഈ കൊലപാതകം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് ബാലു വധിക്കപ്പെട്ടത്. ചുരുളപ്പാടു നടന്ന പൊതുയോഗത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ ജീപ്പിലെത്തിയ അക്രമികൾ ബാലുവിനെ വേദിയിൽ നിന്നു വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.

ഈ കേസില്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് സാബു, പശുമല ലോക്കല്‍ സെക്രട്ടറി അജിത്, വാളാര്‍ഡി ലോക്കല്‍ സെക്രട്ടറി എം.കെ. മോഹനന്‍, അജയഘോഷ്, ബിജു, ബെന്നി, രാജപ്പന്‍ എന്നിവരെ എറണാകുളം സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 72 പ്രോസിക്യൂഷൻ സാക്ഷികളിൽ 28 പേരും വിചാരണയുടെ ആദ്യഘട്ടത്തിൽത്തന്നെ കൂറുമാറിയിരുന്നു.

എന്നാൽ കേസിലെ രണ്ടാം സാക്ഷിയും ബാലുവിന്റെ ഡ്രൈവറുമായിരുന്ന ബാബു പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ സെഷൻസ് കോടതി ജഡ്ജി സി വി പാപ്പച്ചൻ ശിക്ഷ വിധിച്ചു. ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഒരു സാക്ഷിമൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ പ്രതികളെ ശിക്ഷിക്കാനാവില്ലെന്നും മറ്റു തെളിവുകളില്ലെന്നുമായിരുന്നു അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് ബാബു മാത്യുവിന്റെ വിധി. എന്നാൽ ഈ സാക്ഷി മൊഴി വിശ്വസിച്ച് പ്രതികളുടെ ശിക്ഷ ശരിവെയ്ക്കണമെന്ന് ജസ്‌റ്റിസ്‌ കെ.ടി. ശങ്കരന്‍ ഉത്തരവിട്ടു. ഇരുളില്‍ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന മൊഴി വിശ്വസനീയമല്ലെന്ന് ജസ്റ്റിസ് കെമാൽ ബാഷയും നിലപാടു സ്വീകരിച്ചതോടെ വിധി പ്രതികൾക്ക് അനുകൂലമായി.

കൊല്ലപ്പെടുമ്പോൾ ബാലുവിനൊപ്പം വേദിയിലുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ സെഷൻസ് കോടതിയിൽ കൂറു മാറിയിരുന്നു. വണ്ടിപ്പെരിയാറിലെ ഐ.എന്‍.ടി.യു.സി നേതാക്കളായിരുന്ന സജി ജേക്കബും സുനില്‍ കുമാറുമാണ് പ്രസംഗവേദിയിൽ ബാലുവിനൊപ്പമുണ്ടായിരുന്നത്. ഇവർ സംഭവത്തിലെ ദൃക്സാക്ഷികളായിരുന്നു.

എന്നാൽ തങ്ങൾ സംഭവം കണ്ടിട്ടേയില്ല എന്നാണ് കോടതിയിൽ അവർ മൊഴി നൽകിയത്. കള്ളസാക്ഷി പറഞ്ഞതിന്‌ ഇവര്‍ക്കെതിരെ നടപടിയെടുക്കാനും സെഷൻസ് കോടതി ജഡ്ജി സി വി പാപ്പച്ചൻ ഉത്തരവിട്ടിരുന്നു.

നേരത്തെ, സാക്ഷികൾ കൂറുമാറിയതിനാൽ അയ്യപ്പദാസ് കൊലക്കേസിലെ ഏഴു പ്രതികളെയും തൊടുപുഴ കോടതി വെറുതേ വിട്ടു.

ചിത്രത്തിന് കടപ്പാട് :  The New Indian Express

Story by
Read More >>