അരുത്! മദ്യപാനം ഗാർഹിക സംസ്‌കാരമാക്കരുത്!

മദ്യപാനത്തിനുള്ള പൊതുഇടങ്ങൾ പൂട്ടിക്കെട്ടുകയും, ബിവറേജസ് കൗണ്ടറുകൾ കുറച്ചു ലഭ്യത പരിമിതമാക്കുകയും ചെയ്തതോടെ സംഭവിച്ചതെന്താണ്? മദ്യപാനം വീടുകളിലേയ്ക്ക് മാറി. വൃത്തിഹിനമായ ചുറ്റുപാടിൽ ദീർഘനേരം ക്യൂനിന്നു വാങ്ങാനുള്ള അസൗകര്യം മൂലം വാങ്ങുന്നതിന്റെ അളവുകൂടി. സംഭരിച്ചുവയ്ക്കാനും ഉപയോഗിക്കാനുമുള്ള പ്രവണത വർദ്ധിച്ചു. മൊത്തത്തിൽ മദ്യത്തിന്റെ ഉപഭോഗം വർദ്ധിച്ചു. ഇതാണ് യാഥാർത്ഥ്യം. ഡോ എം കുര്യന്‍ തോമസ് എഴുതുന്നു.

അരുത്! മദ്യപാനം ഗാർഹിക സംസ്‌കാരമാക്കരുത്!

ഡോ. എം. കുര്യൻ തോമസ്

മോഹഭംഗം വന്ന രാഷ്ട്രീയക്കാരന്റെയും, വധഭീഷണിയും കായികസമ്മർദ്ദവും മസ്തിഷ്‌കപ്രക്ഷാളനവും കൂടാതെ സ്വന്തം മതത്തിന്റെ ഭക്ഷണ - പാനീയ - വസ്ത്ര നിബന്ധനകൾ സ്വമതാനുയായികളെപ്പോലും ബോദ്ധ്യപ്പെടുത്താനോ അംഗീകരിപ്പിക്കാനോ പാലിപ്പിക്കുവാനോ സാധിക്കാത്ത ചില മതനേതാക്കളുടേയും 'മാനസപുത്രനാണ്' ഇന്ന് കേരളത്തിൽ വിജയകരമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടംഘട്ട മദ്യനിരോധനം എന്നത് പരസ്യമായ രഹസ്യമാണ്.

ആദർശധീരനെന്നു വിളിക്കപ്പെടുവാനും മതബോധനത്തിലെ തങ്ങളുടെ പരാജയം മറച്ചുവെക്കാനും പൊതുഭരണ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഈ വിചിത്ര നിയമം! ഇവരുടെ ഭീഷണിക്കു വഴങ്ങിയ രാഷ്ട്രീയ നേതൃത്വത്തിന്റെ പരാജയം മറ്റൊരു വിഷയമാണ്. കഞ്ചാവ് മുതലായ മയക്കുമരുന്നുകളുടെ ഉപഭോഗം പതിനേഴ് ഇരട്ടിയിലധികം ഇക്കാലത്ത് വർദ്ധിച്ചു എന്നത് ഘട്ടംഘട്ടത്തിന്റെ വിജയവും!


പരാജയം മറച്ചുവെക്കാനും അതിനെ വിജയമായി ചിത്രീകരിക്കാനും പടച്ചുവിടുന്ന തള്ളുകൾ അപാരമാണ്. ദുബായിലെ ബുർജ്ജ് ഖലീഫയുടെ നിർമ്മാണ ചിലവിനേക്കാൾ കൂടുതലാണ് മലയാളികൾ കഴിഞ്ഞ അഞ്ചുവർഷംകൊണ്ടു കുടിച്ചു വറ്റിച്ചതതെന്നാണ് അതിലൊന്ന്. അത്രയും പ്രതീശീർഷ വരുമാനമുണ്ടായിരുന്നെങ്കിൽ മലയാളി അഷ്ടിക്കു ഗൾഫിൽപോയിട്ടു കേരളത്തിൽപോലും വെയിലുകൊള്ളേണ്ട ആവശ്യം ഉണ്ടാകില്ലായിരുന്നു! ഇനി വാദത്തിനുവേണ്ടി ഈ കണക്കു സമ്മതിച്ചാൽത്തന്നെ അതിൽ പകുതിയിലധികം നികുതി, സെസ് മുതലായ ഓമനപ്പേരുകളിൽ ഊറ്റിയെടുത്തത് കേരള സർക്കാരാണ്. അത്രയും പണം ഖജനാവിൽ എത്തിയിരുന്നെങ്കിൽ പിച്ചച്ചട്ടിയെടുത്ത് നിത്യച്ചിലവിനു കൈനീട്ടേണ്ട ഗതികേട് കേരള സർക്കാരിനു ഉണ്ടാവില്ലായിരുന്നു!

കേരളത്തിൽ ഘട്ടംഘട്ടം വിജയിപ്പിക്കാൻ കേന്ദ്രഭരണ പ്രദേശമായ മാഹിയെ കേരളത്തിൽ ലയിപ്പിക്കണമെന്നു നിർദ്ദേശിച്ച ആസൂത്രണ വിദഗ്ദരേക്കാൾ വലിയ നിയമജ്ഞരാണ് ഒറ്റയടിക്കു മദ്യം നിരോധിച്ചു മാതൃകയായ ബീഹാറിലുള്ളത്. അവിടെ മദ്യം കൈവശം വെക്കുന്നവരുടെ (ശരീരത്തിനുള്ളിലോ പുറത്തോ) കുടുംബാങ്ങളേയും ദീർഘകാലം തുറുങ്കിൽ അടക്കാനുള്ള നിയമം നിർമ്മിച്ചു വീണ്ടും മാതൃകയായി! അതും ദുർബലവിഭാഗങ്ങളെ സംഘംചേർന്ന് ആക്രമിക്കുകയോ വധിക്കുകയോ ചെയ്താൽപ്പോലും ശിക്ഷിക്കപ്പടാത്ത ഒരു രാജ്യത്ത്! ഈ മാനദണ്ഡം സ്വീകരിച്ചാൽ കൊലപാതകം, ബലാൽസംഘം, ഭവനഭേദനം മുതലായവ നടത്തുന്നവരുടെ കുടുംബത്തിനെ തൂക്കിലിടേണ്ടിവരും!

ഒരാൾ തങ്ങൾക്ക് അനഭിമതമായി ചെയ്യുന്ന പ്രവൃത്തികൾക്ക് അയാളെ വിളക്കുകാലിൽ തൂക്കിക്കൊല്ലുകയും അയാളുടെ കുടുംബാങ്ങളെ നാടുകടത്തുകയും ചെയ്യുന്ന Sippenhatt എന്ന പ്രാകൃതനിയമം രാജ്യസ്‌നേഹം തുളുമ്പുന്ന ജർമ്മനിയിൽ നാസി ഭരണകാലത്തുണ്ടായിരുന്നു. റഷ്യയിൽ കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിൽ രാജ്യ-പാർട്ടി ദ്രോഹികളെ കുടുംബസമേതം സൈബീരിയായിലെ ഉപ്പുഖനികളിലേയ്ക്കു നാടുകടത്തിയിരുന്നതായി ആരോപണമുണ്ട്. ഭീകര കുടുംബവാഴ്ച നടക്കുന്ന ഉത്തര കൊറിയയിൽ മാത്രമാണ് ഇന്ന് ഇത്തരം കാടൻ നിയമം നിലനിൽക്കുന്നത്! മദ്യനിരോധനം ഫലപ്രദമാക്കാൻ അത്തരം ശിക്ഷകൾ കേരളത്തിലും നടപ്പാക്കണമെന്നാണ് ചില നിരോധികളുടെ ആവശ്യം!

ഇവിടെ വിഷയം അതല്ല. മദ്യനിരോധനം കേരളത്തിൽ മദ്യപാനത്തെ ഒരു ഗാർഹിക സംസ്‌കാരമായി അതിവേഗം മാറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ്. ചരിത്രപരമായി മലയാളികൾ മദ്യം ഉപയോഗിച്ചിരുന്നുവെങ്കിലും ഒരിക്കലും മദ്യപാനത്തെ പരസ്യമായി പ്രോൽസാഹിപ്പിച്ചിരുന്നില്ല. എന്നു മാത്രമല്ല, ഒരുകാലത്തും മദ്യപാനം ഭവനങ്ങളിൽ അനുവദിച്ചിരുന്നുമില്ല. സ്വകാര്യ കൂടിച്ചേരലുകളിൽ ഒഴികെ ചടങ്ങുകളിലോ സദ്യകളിലോ മദ്യം വിളമ്പുകയോ അതിഥികൾക്ക് സൽക്കരിക്കുകയോ ചെയ്തിരുന്നില്ല. യുറോപ്യൻ സംസ്‌കാരം വെച്ചുപുലർത്തുന്ന അപൂർവം കുടുംബങ്ങളിൽ ഒഴികെ മദ്യം ഒരു വിഭവമായി ഒരിക്കലും വിളമ്പിയിരുന്നില്ല. അതൊരു പൊതുസംസ്‌കാരവും അല്ലായിരുന്നു. ആഘോഷവേളകളിലോ കൂടിച്ചേരലുകളിലോ സബ്കമ്മറ്റികൾ പലയിടത്തും ഒളിഞ്ഞിരുന്നു വീശുന്നത് ഒരു സംസ്‌കാരമായി കാണാനാവില്ല. തലമുറകളുടെ വിടവ് അവിടെ കർശനമായി പാലിക്കപ്പെട്ടിരുന്നു.

രണ്ടു ചിരട്ട കുടിപ്പോളം
അച്ഛനുണ്ടോ വരുന്നെന്നു നോക്കണം.
രണ്ടുചിരട്ട കുടിച്ചെന്നാൽ
അഛനാരെടാ ഞാനെടാ മോനെടാ
എന്നിത്യാദി സജ്ഞയൻ ഉദ്ധരിക്കുന്ന നാടൻപാട്ടു ഒരർത്ഥത്തിൽ ദ്യോതിപ്പിക്കുന്നതും ഈ സംസ്‌കാരമാണ്.

സമീപകാലം വരെ മദ്യം ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും അതു സ്വന്തം ഭവനങ്ങളിൽ പ്രവേശിപ്പിക്കുക ഇല്ലായിരുന്നു. ബാറുകളിലോ, ഷാപ്പുകളിലോ ചെന്നു മദ്യപിക്കുക, ബിവറേജസിൽ നിന്നും വാങ്ങി ഒളിവിടങ്ങളിൽ ഒത്തുകൂടുക എന്നതൊക്കെ ആയിരുന്നു പതിവ്. അപൂർവം ചിലർമാത്രം വീട്ടിലെത്തിച്ചു ഒറ്റക്ക് ഉപയോഗിച്ചിരുന്നു. ഇതല്ലേ സത്യം? ഇപ്പോൾ മദ്യപാനത്തിനുള്ള പൊതുഇടങ്ങൾ പൂട്ടിക്കെട്ടുകയും, ബിവറേജസ് കൗണ്ടറുകൾ കുറച്ചു ലഭ്യത പരിമിതമാക്കുകയും ചെയ്തതോടെ സംഭവിച്ചതെന്താണ്? മദ്യപാനം വീടുകളിലേയ്ക്ക് മാറി. വൃത്തിഹിനമായ ചുറ്റുപാടിൽ ദീർഘനേരം ക്യൂനിന്നു വാങ്ങാനുള്ള അസൗകര്യം മൂലം വാങ്ങുന്നതിന്റെ അളവുകൂടി. സംഭരിച്ചുവയ്ക്കാനും ഉപയോഗിക്കാനുമുള്ള പ്രവണത വർദ്ധിച്ചു. മൊത്തത്തിൽ മദ്യത്തിന്റെ ഉപഭോഗം വർദ്ധിച്ചു. ഇതാണ് യാഥാർത്ഥ്യം. അതിനേക്കാൾ ഒക്കെ ഉപരി, സുഹൃദ്‌വലയങ്ങൾ തടയപ്പെട്ടതോടെ മദ്യപാനത്തെ കുടുംബാങ്ങളിലേക്കൊതുക്കാൻ അതിനെ ഒരു ആസ്വാദനം ആയി കാണുന്ന ഭൂരിഭാഗം നിർബന്ധിതരായി. അതോടെ മദ്യപാനം വ്യക്തികളുടെ ഒരു സ്വകാര്യ വിഷയം എന്നതിൽനിന്നും മറവുകളില്ലാത്ത ലാഘവ പ്രക്രിയയായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്ന സാമൂഹിക ദുരന്തവും.

liquorഈ പ്രക്രിയയിൽ സംഭവിച്ചത് മലയാളിയുടെ നൂറ്റാണ്ടുകൾ നീണ്ട മദ്യപാന സംസ്‌കാരത്തിനുണ്ടായ അപചയമാണ്. മദ്യപാനം വീടുകളിൽ ഒതുക്കിയപ്പോൾ തകർന്നുവീണത് അതിൽ പാലിച്ചിരുന്ന മാന്യതയാണ്. ഇപ്പോൾ മദ്യപാനത്തിലെ പ്രായവും ബന്ധവും ബന്ധുതയുമൊക്കെ അതിവേഗം അപ്രസക്തമായി വരുന്നു. നിഷേധിക്കാനാവുമോ? അധികം താമസിയാതെ വീട്ടിലെത്തുന്ന അതിഥകൾക്ക് ചായയ്ക്കും കാപ്പിക്കും ജ്യൂസിനുമൊക്കെ പകരം മദ്യം വെച്ചുനീട്ടാൻ തുടങ്ങും!
ഇതൊരു ഭാവനാവിലാസമല്ല. അതു മനസിലാക്കാൻ കേരളത്തിൽ കാപ്പിയും ചായയും പ്രചരിച്ചതിന്റെ ചരിത്രം പരിശോധിച്ചാൽ മതി. ഇവ രണ്ടും കേരളത്തിലെത്തിയ കാലത്ത് ഭൂരിഭാഗം മലയാളികൾക്കും അവയോടു പതിത്വം ഉണ്ടായിരുന്നു. മുമ്പ് ഒരു നല്ല വിഭാഗം അധമാഹാരമായാണ് ഇവയെ കണ്ടിരുന്നത്. യുറോപ്യരോട് അടുത്തുനിന്നവർ മാത്രമാണ് ആദ്യം കാപ്പിയും ചായയും ഉപയോഗിച്ചിരുന്നത്. ക്രമേണ അവ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൂടിവന്നു. പക്ഷേ അപ്പോഴും അവ പടിക്കു പറത്തായിരുന്നു. കാപ്പിക്ലബുകളും ചായക്കടകളുമായിരുന്നു കാപ്പി/ചായ കുടിയന്മാരുടെ ആശ്രയം. പിന്നീട് അവ വീടുകളിലേയ്ക്കു കടന്നു. നിത്യജീവിതത്തിന്റെ ഭാഗമായി. അഥതിസൽക്കാര വസ്തുവായി. ടീ സെറ്റായി, കോഫീ ടേബിളായി....

ഇന്ന് കേരളത്തിൽ മദ്യത്തിന്റെ കാര്യത്തിലും ഇത്തരമൊരു നിലവാരത്തിലേയ്ക്കു അതിവേഗം കുതിക്കുകയാണ്. കാപ്പി/ചായയുടെ കാര്യത്തിൽ അവയ്ക്കു ഗാർഹിക ഉപഭോഗവസ്തു എന്ന നിലവാരത്തിലെത്താൻ ദശാബ്ദങ്ങൾ വെണ്ടിവന്നെങ്കിൽ നിരോധനത്തിന്റെയും നിരോധികളുടേയും സഹായത്താൽ മദ്യത്തിന്റെ കാര്യത്തിൽ അത് ഏതാനും വർഷംകൊണ്ടു നേടിയെടുക്കും. അതിനു നിരോധികൾക്കു പ്രത്യേകം നന്ദി പറയണം. സമ്പൂർണ്ണ മദ്യനിരോധനം കൊണ്ടുവന്നതുകൊണ്ടോ കാടൻ ശിക്ഷകൾ ഏർപ്പെടുത്തിയതുകൊണ്ടോ ഇതവസാനിപ്പിക്കമെന്നു ആരും വ്യമോഹിക്കേണ്ട. ലോകത്ത് എവിടെയെങ്കിലും ഉത്പാദിപ്പിക്കുന്നുണ്ടേൽ മലയാളി അതു സ്വന്തമാക്കിയിരിക്കും! അല്ലങ്കിൽ സ്വന്തമായി ഉത്പാദിപ്പിക്കും!

ഇനിയിപ്പോൾ കാപ്പി/ചായ പോലെ മദ്യവും നിത്യോപയോഗ വസ്തുവും അതിഥിസൽക്കാരോപാധിയും ആകും. അതിനായുള്ള ഉപകരണങ്ങളും വികസിച്ചുവരും. ഇന്ന് കേരളത്തിൽ അത്യപൂർവമായിരിക്കുന്ന ഗാർഹികബാറുകൾ അധികം വൈകാതെ വാസ്തുവിദ്യയുടെ അവിഭാജ്യ ഘടകമാകും. ഇങ്ങനെയാണ് ടോയ്‌ലറ്റുകൾ കേരള ഗൃഹ നിർമ്മിതിയുടെ അവിഭാജ്യ ഘടകമായത്. അതുകൊണ്ട് ഇന്നു ഒരു വീടിന് ഒരു ടോയ്‌ലറ്റ് എന്ന കേന്ദ്ര പദ്ധതിക്കു കേരളത്തിൽ വലിയ പ്രസക്തി ഇല്ല. പകരം ഒരോ വീട്ടിലും ഓരോ ബാർ എന്ന ലക്ഷ്യത്തിലേയ്ക്കു നമുക്കു മുന്നേറാം!

മദ്യ ഉപഭോഗം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യണം എന്ന കാര്യത്തിൽ രണ്ടുപക്ഷമില്ല. പക്ഷേ അത് സാമൂഹിക ആഘാതങ്ങൾ ഉണ്ടാക്കുന്ന നിരോധനങ്ങളും കാടൻ നിയമങ്ങളും കൊണ്ടല്ല സാധിക്കേണ്ടത്. മറിച്ച് ബോധവൽക്കരണംകൊണ്ടാണ്. ഇതിനു മതനേതാക്കൾ കല്ലേപ്പിളർക്കുന്ന കല്പനകൾ ഇറക്കിയിട്ടൊന്നും കാര്യമില്ല. കാരണം, മുമ്പ് ചില മതനേതാക്കൾ കുടുംബാസൂത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനെതിരെ ഇറക്കിയ കല്പനകളെ പൊളിച്ചടുക്കിയ ചരിത്രമാണ് മലയാളിക്കുള്ളത്. ചെറുപ്പംമുതൽ ക്രമീകൃതമായ ബോധവൽക്കരണംകൊണ്ടേ മദ്യവർജ്ജനം സാദ്ധ്യമാകു. കേരളം സാമൂഹ്യ -ആരോഗ്യ സുരക്ഷാ സൂചികകളിൽ ഒന്നാമതെത്തിയത് ഇത്തരം ബോധവൽക്കരണത്തിലൂടെയാണ്. അതിൽ മത/സമുദായ സംഘടനകളുടെ പങ്ക് ചെറുതുമല്ല. എന്തുകൊണ്ട് കേരളത്തിൽ പരക്കെ കൃത്യമായി നടക്കുന്ന മതപാഠശാലകളെ മദ്യവർജ്ജന ബോധവൽക്കരണത്തിന് ഉപയോഗിച്ചുകൂടാ? വോട്ടുബാങ്ക് രാഷ്ട്രീയം പറഞ്ഞ് സർക്കാരിനെ കണ്ണുരുട്ടി കാണിച്ച് നിരോധിപ്പിക്കുന്നതിനുപകരം മതനേതാക്കൾ എന്തുകൊണ്ട് ഈ വഴിക്കു ചിന്തിക്കുന്നില്ല? ഉത്തരം കിട്ടേണ്ട ചോദ്യമാണ്.

liquorമദ്യനിരോധനംകൊണ്ടു കേരളം ഇന്നു നേരിടുന്ന ഏറ്റവും ഗുരുതരവും ഭയാനകവുമായ സാമൂഹ്യ ഭീഷണികൾ മയക്കുമരുന്നുകളുടെ അതിദ്രുതം വികസിക്കുന്ന ഉപഭോഗവും മദ്യപാനത്തിന്റെ ഗാർഹികവൽക്കരണവുമാണ്. ഇവ തടയപ്പെട്ടേ പറ്റു എന്നതു നിസംശയമാണ്. മദ്യത്തിന്റെ ലഭ്യത വിസ്തൃതമാക്കുകയും മദ്യപാനത്തിനു കൂടുതൽ പൊതുഇടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതുമാത്രമാണ് ഇതിനു പ്രതിവിധി എന്നു പറഞ്ഞാൽ നിരോധികൾ വാളെടുക്കും. പക്ഷേ സംഗതി സത്യമാണ്. പല കാരണങ്ങൾകൊണ്ടു ലഭ്യത കൂടുന്നതിനനുസരിച്ചു ഉപഭോഗം കൂടില്ല എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

വോട്ടുബാങ്ക് രാഷ്ട്രീയം എന്ന ഉമ്മാക്കിയെ ഭയപ്പെടാതെ സർക്കാർ യാഥാർത്ഥ്യബോധത്തോടെ ഈ വിഷയത്തെ സമീപിക്കണം. അതു വെറും മിഥ്യയാണന്നു തെളിയിക്കപ്പെട്ട വസ്തുതയാണ്. ഈ വിഷയത്തെപ്പറ്റി ഈ ലേഖകന്റെ നിരിക്ഷണങ്ങൾ താഴെ പറയുന്നവയാണ്.

1. 21 വയസിൽ താഴെയുള്ളവർ മദ്യപിക്കുന്നതും കൈവശം വയ്ക്കുന്നതും മാത്രമല്ല, അവർക്കു മദ്യം വിൽക്കുന്നതും വിളമ്പുന്നതും, മദ്യപിക്കുന്നതിനു സൗകര്യം നൽകുന്നതും ശിക്ഷാർഹമാക്കണം.


2. മദ്യപിച്ചു വാഹനമോടിക്കുന്നതു കർശനമായി തടയണം.

3. മദ്യപാനത്തിനു - ബാറായാലും പെർമിറ്റ് റൂമായാലും (നിയമാനുസൃതം വാങ്ങിയ മദ്യം ഇരുന്നു കഴിക്കുന്നതിനു അനുവാദമുള്ള റെസ്റ്റോറന്റുകൾ - ഇന്ത്യയിൽ അനേക സംസ്ഥാനങ്ങളിലുണ്ട്.) - കുടുതൽ പൊതുഇടങ്ങൾ അനുവദിക്കണം. ന്യായമായ നിശ്ചിത ദൂരത്തിൽ അവ ഉണ്ടായിരിക്കണം.


4. മദ്യം വിൽക്കുന്ന കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കണം. ന്യായമായ നിശ്ചിത ദൂരത്തിൽ അവ ഉണ്ടെന്നു ഉറപ്പാക്കണം. പ്രീമിയം ഉപഭോക്താക്കൾക്ക് കോടതി നിർദ്ദേശിച്ച സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കണം.

5. എല്ലാ ബ്രാൻഡുകളും കുറഞ്ഞ അളവിൽ (60 മി.ലി.) മുതൽ സുലഭമായി ലഭ്യമാക്കണം.

6. താരതമ്യേന ചിലവുകുറഞ്ഞ മയക്കുമരുന്നുകളിലേയ്ക്കു തിരിയാതിരിക്കാൻ മദ്യത്തിന്റെ അന്യായ നികുതി ന്യായമായ നിരക്കിലാക്കണം.


7. എക്‌സൈസ് വകുപ്പിനു പകരം നാർക്കോട്ടിക്‌സ് വകുപ്പ് രൂപീകരിക്കുകയും മയക്കുമരുന്ന് വിതരണം നിർദ്ദാക്ഷണ്യം തടയുകയും വേണം.

ഇതിനേക്കാൾ ഒക്കെ ഉപരി, വിദഗ്ദരുടെ സഹായത്തോടെ മദ്യവർജ്ജനം (നിരോധനമല്ല) ഫലപ്രദമായി പ്രചരിപ്പിക്കാൻ ശാസ്ത്രീയമായ ഒരു ദീർഘകാല പദ്ധതി തയാറാക്കി നടപ്പാക്കണം. ക്രമേണെയെങ്കിലും സാമൂഹികാഘാതങ്ങളില്ലാതെ മദ്യത്തെ ഒഴിവാക്കാൻ ഇതു മാത്രമേ മാർഗ്ഗമുള്ളു. ആർജ്ജവമുള്ള ഒരു സർക്കാർ നീങ്ങേണ്ടത് ഈ വഴിക്കാണ്.