ഹയർ സെക്കൻഡറിയ്ക്ക് ശനിയാഴ്ചകളും പ്രവൃത്തിദിനമായേക്കും; നാലു ദിവസം അധികം ക്ലാസെടുക്കാനുളള ഡയറക്ടറുടെ നിർദ്ദേശം സർക്കാരിനോട് ആലോചിക്കാതെ

ഹയർ സെക്കൻഡറി സ്ക്കൂളുകളിൽ പഴയതുപോലെ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായേക്കും. നിലവിലുളള സമയം കുറച്ച് ആഴ്ചയിൽ ആറു ദിവസം പ്രവൃത്തി ദിനമാക്കാനാണ് ആലോചന. അതിനിടെ 200 അധ്യയന ദിവസം തികയ്ക്കാനെന്ന പേരിൽ നാലു ശനിയാഴ്ചകൾ പ്രവൃത്തി ദിനമായി ഹയർ സെക്കൻഡറി ഡയറക്ടർ പ്രഖ്യാപിച്ചത് ഒരു വിഭാഗം അധ്യാപകർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഹയർ സെക്കൻഡറിയ്ക്ക് ശനിയാഴ്ചകളും പ്രവൃത്തിദിനമായേക്കും; നാലു ദിവസം അധികം ക്ലാസെടുക്കാനുളള ഡയറക്ടറുടെ നിർദ്ദേശം സർക്കാരിനോട് ആലോചിക്കാതെ

ഹയർ സെക്കൻഡറി സ്ക്കൂളുകളിൽ പഴയതുപോലെ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായേക്കും. നിലവിലുളള സമയം കുറച്ച് ആഴ്ചയിൽ ആറു ദിവസം പ്രവൃത്തി ദിനമാക്കാനാണ് ആലോചന. അതിനിടെ 200 അധ്യയന ദിവസം തികയ്ക്കാനെന്ന പേരിൽ നാലു ശനിയാഴ്ചകൾ പ്രവൃത്തി ദിനമായി ഹയർ സെക്കൻഡറി ഡയറക്ടർ പ്രഖ്യാപിച്ചത് ഒരു വിഭാഗം അധ്യാപകർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സർക്കാരിനോട് ആലോചിക്കാതെയാണ് ഡയറക്ടറേറ്റ് ഏകപക്ഷീയമായി ഇത്തരമൊരു നിർദ്ദേശം നൽകിയത്. ഇതിൽ മന്ത്രിയടക്കമുളളവർക്ക് നീരസമുണ്ട്.


[caption id="attachment_35519" align="aligncenter" width="640"]നാലു ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയുളള ഹയർ സെക്കൻഡറി ഡയറക്ടറുടെ ഉത്തരവ് നാലു ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയുളള ഹയർ സെക്കൻഡറി ഡയറക്ടറുടെ ഉത്തരവ്[/caption]

നിലവിൽ അധ്യയന കലണ്ടർ പ്രകാരം 196 പ്രവൃത്തി ദിവസങ്ങളാണുളളത്. 200 ദിവസങ്ങളുണ്ടാകണമെന്ന വ്യവസ്ഥ പാലിക്കാനാണ് നാലു ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായി ഡയറക്ടർ പ്രഖ്യാപിച്ചത്.  എന്നാൽ ഫലത്തില്‍ 6 പ്രവൃത്തി ദിനങ്ങളിലെ സമയം 5 ദിവസം കൊണ്ട് സ്‌കൂള്‍ പൂർത്തിയാക്കുന്നുണ്ട് എന്നാണ് ഈ നിർദ്ദേശത്തെ എതിർക്കുന്ന അധ്യാപകരുടെ വാദം. കലണ്ടർ പ്രകാരമുളള 196 പ്രവര്‍ത്തിദിനങ്ങൾ കൊണ്ട് ഹയർ സെക്കൻഡറിയിൽ 235 അദ്ധ്യായനദിനങ്ങൾക്ക് തുല്യമായ സമയം പ്രവർത്തിക്കുന്നുണ്ടെന്നും അവർ  ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ നിയമമനുസരിച്ച് സ്‌കൂളുകളില്‍ 1000 മണിക്കൂറും, ഹയര്‍സെക്കണ്ടറികളില്‍ 1320 മണിക്കൂറുമാണ് പ്രവര്‍ത്തിക്കേണ്ടത്.

ഹയര്‍ സെക്കണ്ടറിയില്‍ ഇപ്പോള്‍ തന്നെ 1372 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പുതിയ ഉത്തരവ് പ്രകാരം 4 ദിവസം കൂടി പ്രവര്‍ത്തിക്കുമ്പോള്‍ 1404 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ടിവരുമെന്നും അധ്യാപകർ  വാദിക്കുന്നു. തങ്ങളുടെ ന്യായമായ മറ്റ് ആവശ്യങ്ങൾക്കു നേരെ കണ്ണടച്ചുകൊണ്ടാണ് അധികജോലിഭാരം അടിച്ചേൽപ്പിക്കുന്നത് എന്നും അവർക്ക് പരാതിയുണ്ട്.

100 കുട്ടികള്‍ പഠിക്കുന്ന യുപി സ്ക്കൂളിലെ പ്രധാന അധ്യാപകനെ അധ്യാപന ചുമതലയിൽ നിന്ന് ഒഴിവാക്കിയിട്ടുളളപ്പോൾ ഹയര്‍സെക്കണ്ടറിയില്‍ 500 കുട്ടികളിലധികം പഠിക്കുമ്പോള്‍ പ്രിന്‍സിപ്പലിന് അധ്യാപകന്റെയും അഡ്മിനിസ്‌ട്രേറ്ററുടേയും റോളുകള്‍ ഒരുമിച്ച് ചെയ്യേണ്ടി വരുന്നു. ജൂനിയര്‍ അധ്യാപകരുടെ പ്രമോഷന്‍, പുതിയ സ്‌കൂളുകളുടെ തസ്തിക അനുവദിക്കല്‍, ക്ലര്‍ക്ക്, പ്യൂണ്‍ തസ്തിക അനുവദിക്കല്‍ എന്നിവ പുതിയ സര്‍ക്കാര്‍ ഓര്‍ഡര്‍ ഇറക്കാതെ തടഞ്ഞിരിക്കുകയാണെന്നും അവർ ആരോപിക്കുന്നു.

ലൈബ്രറി, കായികപഠനം എന്നിവയ്ക്കും പ്രത്യേകം പോസ്റ്റുകളില്ല. അതിനിടയിൽ കൂടുതൽ ജോലിഭാരമുണ്ടാക്കുന്ന പുതിയ നിർദ്ദേശത്തിനെതിരെ ഒരു വിഭാഗം അധ്യാപകർ കരിദിനം ആചരിച്ചിരുന്നു. പ്രവര്‍ത്തിദിനമായ പ്രഖ്യാപിക്കപ്പെട്ട ആഗസ്റ്റ് 27 ശനിയാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കവും ഹയര്‍സെക്കണ്ടറിയിലെ അധ്യാപകര്‍ പ്രഖ്യാപിച്ചിരുന്നു.

രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലേ മുക്കാൽ വരെ നീളുന്ന പഠനസമയം അശാസ്ത്രീയമാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഈ സമയം കുറച്ചുകൊണ്ട്, പഴയതുപോലെ ശനിയാഴ്ച പ്രവൃത്തി ദിനമാക്കി പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.