ജസ്റ്റിസ് വി രാംകുമാർ... അത്രവേഗം മറക്കാമോ പഴയ ചില കാര്യങ്ങൾ...?

മാധ്യമലാളന മോഹിക്കുന്ന സഹപ്രവർത്തകർക്കെതിരെ മുൻ ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് വി രാംകുമാർ ഉയർത്തുന്ന നിശിത വിമർശനം നീതിബോധമുളളവരുടെ കണ്ണുതുറപ്പിക്കുംവിധം ലക്ഷ്യവേധിയാണ്. ഒരുപടി കൂടി കടന്ന്, മാധ്യമ സമ്പർക്കമുളള ചില ജഡ്ജിമാരുടെ ശിപാർശയ്ക്കു വഴങ്ങി ഹൈക്കോടതിയിൽ മാധ്യമങ്ങൾക്കു പ്രത്യേക മുറി നൽകിയെന്ന കുറ്റാരോപണം മുൻ ചീഫ് ജസ്റ്റിസായിരുന്ന എച്ച് എൽ ദത്തുവിനെതിരെ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്, അദ്ദേഹം.

ജസ്റ്റിസ് വി രാംകുമാർ... അത്രവേഗം മറക്കാമോ പഴയ ചില കാര്യങ്ങൾ...?

മാധ്യമലാളന മോഹിക്കുന്ന സഹപ്രവർത്തകർക്കെതിരെ മുൻ ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് വി രാംകുമാർ ഉയർത്തുന്ന നിശിത വിമർശനം നീതിബോധമുളളവരുടെ കണ്ണുതുറപ്പിക്കും വിധം ലക്ഷ്യവേധിയാണ്. ഒരുപടി കൂടി കടന്ന്, മാധ്യമ സമ്പർക്കമുളള ചില ജഡ്ജിമാരുടെ ശിപാർശയ്ക്കു വഴങ്ങി ഹൈക്കോടതിയിൽ മാധ്യമങ്ങൾക്കു പ്രത്യേക മുറി നൽകിയെന്ന കുറ്റാരോപണം മുൻ ചീഫ് ജസ്റ്റിസായിരുന്ന എച്ച് എൽ ദത്തുവിനെതിരെ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്, അദ്ദേഹം. ഭൂതകാല ചെയ്തികളുടെ പേരിൽ ജഡ്ജിമാർ പരസ്പരം വിചാരണ ചെയ്യാനിറങ്ങുമ്പോൾ നാം പ്രോത്സാഹിപ്പിക്കണം. ഓരോന്നോരോന്നായി കാര്യങ്ങൾ പുറത്തുവരട്ടെ.


വിഷയം മാധ്യമപരിലാളന മോഹിക്കുന്ന ജഡ്ജിമാരും വിമർശനമുന്നയിക്കുന്നത് ആദരണീയനായ ജസ്റ്റിസ് വി രാംകുമാറുമാകുമ്പോൾ ചില കാര്യങ്ങൾ മറക്കാനാവില്ല. നമുക്കു പഴയ ചില പത്രങ്ങളെടുക്കാം. തീയതി 2009 മാർച്ച് 25. നിവർത്തിപ്പിടിക്കുന്നതു മനോരമയാണെങ്കിൽ, "സംസ്ഥാനത്ത് ക്രമസമാധാനം താറുമാറായി : ഹൈക്കോടതി"  എന്ന തലക്കെട്ട് മാസ്റ്റ് ഹെഡിനു തൊട്ടുകീഴെ എട്ടുകോളം നീളത്തിൽ കാണാം.

"അധികാരികള്‍ തെരഞ്ഞെടുപ്പുകളിയിലായതിനാല്‍ ഇതറിയുന്നില്ല" എന്ന് ഉപതലവാചകം വേറെ. "ക്രമസമാധാനം തകര്‍ന്നു: ഹൈക്കോടതി" എന്ന് ആറുകോളം വലിപ്പത്തിൽ മാതൃഭൂമിയും ഒന്നാംപേജിൽ ബാനർ വലിച്ചുകെട്ടി.

"കുറ്റകൃത്യങ്ങളുടെ അപകട ഭൂപടം" എന്ന് തലക്കെട്ടില്‍ തൊട്ടുപിറ്റേന്നുതന്നെ മനോരമ മുഖപ്രസംഗവും എഴുതി. "വിമര്‍ശനങ്ങളൊന്നും ജുഡീഷ്യറിയുടെ നിഷ്പക്ഷതയ്ക്കും നീതിനിഷ്ഠയ്ക്കും ഇളക്കം തട്ടിക്കുന്നില്ല എന്നാണ് ജസ്റ്റിസ് രാംകുമാര്‍ ചൊവ്വാഴ്ച തെളിയിച്ച"തെന്ന് പത്രാധിപർ ആവേശം കൊണ്ടു. "സാധാരണക്കാര്‍ ആശ്രയിക്കാന്‍ മടിക്കുന്ന ഭയാനക  ശക്തിയായി പൊലീസ് മാറി"യെന്ന കോടതിയുടെ പരാമര്‍ശം ഗൗരവമായി കാണണമെന്ന് സര്‍ക്കാരിനെ ഉപദേശിക്കാനും അവർ മറന്നില്ല.

ജസ്റ്റിസ് വി രാംകുമാറിന് ഈ വിധി ന്യായം ഓർമ്മയുണ്ടാവണം. 2009ലെ പാർലമെന്റു തെരഞ്ഞെടുപ്പു പ്രചരണം മൂർദ്ധന്യത്തിലെത്തി നിൽക്കുമ്പോഴാണ് റഹിം പൂക്കടശേരി വധശ്രമക്കേസിൽ മൂന്നു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ അദ്ദേഹത്തിന്റെ മുന്നിലെത്തിയത്. ഈ കേസിൽ പറഞ്ഞ വിധിയാണ് മനോരമയും മാതൃഭൂമിയും മേൽപ്പറഞ്ഞ പ്രകാരം ആഘോഷിച്ചത്.

ജാമ്യാപേക്ഷയിൽ വിധി പറയുമ്പോൾ വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നല്കുകയോ നിഷേധിക്കുകയോ ചെയ്യാം. അതാണ് നാട്ടുനടപ്പ്. പ്രതികളെ പൊലീസ് അറസ്റ്റു ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിലോ അറസ്റ്റിലോ എന്തെങ്കിലും പാളിച്ചയോ ദുരൂഹതയോ ആരോപിക്കപ്പെട്ടില്ല. എന്നിട്ടും കേസുമായി ഒരു ബന്ധവുമില്ലാത്ത അത്യന്തം പ്രകോപനപരമായ ചില പരാമര്‍ശങ്ങള്‍ വിധിയിൽ അദ്ദേഹം ഉള്‍പ്പെടുത്തി. അവയിങ്ങനെയായിരുന്നു :
Women are afraid of walking even along busy highways and public streets because it is there that erotic adventurers and chain snatchers operate with impunity. Highway robbery is also on the increase. The police have become a fearful and dreaded force whom the common man shudders to beseech for help. The law and order in the State are in shambles and this is least felt in the corridors of power where the current sport is electioneering. Even in the case on hand, the constituency of the Home Minister had contributed a handful of hardcore criminals to execute the operation plotted by the main accused persons.

ലൈംഗിക പീഡനവും മാല പൊട്ടിക്കലും നിര്‍ബാധം അരങ്ങേറുന്ന കേരളത്തിലെ തിരക്കേറിയ ഹൈവേകളിലും പൊതുനിരത്തുകളിലും സ്ത്രീകള്‍ക്ക് നടന്നുപോകാന്‍ ഭയമാണെന്നും തെരുവുകളില്‍ പിടിച്ചുപറി പെരുകുന്നുവെന്നും സാധാരണക്കാര്‍ക്ക് നീതിതേടി ചെല്ലാനാകാത്ത വിധം ഭീതിദവും പൈശാചികവുമായ സേനയായി പൊലീസ് മാറിയെന്നും ആഭ്യന്തരമന്ത്രിയുടെ നിയോജക മണ്ഡലം ക്രിമിനലുകളെ സംഭാവന ചെയ്യുന്ന കേന്ദ്രമായി മാറിയെന്നുമൊക്കെ നീണ്ടു വിലപിടിച്ച നിരീക്ഷണങ്ങൾ. അവയ്ക്ക് വസ്തുതയുടെയോ തെളിവുകളുടെയോ പിന്‍ബലമെവിടെ എന്നന്വേഷിച്ചവരുടെ സ്വപ്നങ്ങളിൽ നീതിദേവത ശീർഷാസനത്തിൽ പ്രത്യക്ഷപ്പെട്ടു.

വിധിയിലെ ഈ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമീപിച്ചപ്പോൾ പരമോന്നത കോടതിയിലെ ജഡ്ജിമാർക്ക് രോഗം ബോധ്യമായി. മൂന്നേമൂന്നു വാചകങ്ങളെഴുതി സുപ്രീം കോടതി ജസ്റ്റിസുമാരായ അഫ്താബ് ആലം, ആര്‍ എം ലോധ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ജസ്റ്റിസ് രാംകുമാറിന്റെ നിരീക്ഷണങ്ങളെ ചവറ്റുകുട്ടയിലെറിഞ്ഞു. അതിങ്ങനെയായിരുന്നു :
We fail to see the justification or occasion for making those observations. In the context of the case, the observations are plainly uncalled for and unwarranted. We therefore direct for their expunction.

നിഷ്പക്ഷവും നീതിയുക്തവുമായി വിധി പറയാൻ യോഗ്യനായ ജഡ്ജിയല്ല ജസ്റ്റിസ് വി രാംകുമാർ എന്നല്ലേ, ഈ മൂന്നു വാചകങ്ങളുടെ രത്നച്ചുരുക്കം?

എന്തിനാണ് ഒരു ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അതുമായി യാതൊരു ബന്ധവുമില്ലെന്ന് ആർക്കും ബോധ്യമാകുന്ന ആ വിമർശനങ്ങൾ ജസ്റ്റിസ് രാംകുമാറിന്റെ വിധിയിൽ കടന്നുകൂടിയത്? ഈ വിധിയെഴുതുമ്പോൾ അദ്ദേഹത്തെ ഭരിച്ചിരുന്ന ചേതോവികാരങ്ങൾ ഇനിയെങ്കിലും തുറന്നു പറയാമോ?

പ്രതികളെ അറസ്റ്റു ചെയ്യാന്‍ വൈകിയെന്നോ അന്വേഷണം അട്ടിമറിച്ചെന്നോ യഥാര്‍ത്ഥ പ്രതികളെ രക്ഷപെടാൻ സഹായിച്ചെന്നോ ഒരു കുറ്റാരോപണവും പോലീസിനു നേരെ ഉയർന്നിട്ടില്ല. എന്നിട്ടും പോലീസിനെ ഭീകരസേനയെന്ന് അദ്ദേഹം ആക്ഷേപിച്ചു. പ്രതികളില്‍ മൂന്നുപേരൊഴിച്ച് മറ്റെല്ലാവരെയും അറസ്റ്റു ചെയ്ത് കോടതിയ്ക്കു മുന്നിലെത്തിച്ചത്, ജസ്റ്റിസ് വി രാംകുമാറിന്റെ തറവാട്ട് കാര്യസ്ഥന്മാരുടെ സ്വകാര്യസേനയായിരുന്നില്ല. കേരളാ പോലീസ് തന്നെയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് അതും സംഭവിച്ചത്. കശ്മീരിൽ കൊല്ലപ്പെട്ടവരൊഴിച്ച്  അവശേഷിച്ച മുഴുവൻ പ്രതികളെയും ലോക്കപ്പിലാക്കിയ പൊലീസിനെയാണ് "ഭീകരസേന"യെന്നും "സാധാരണക്കാര്‍ സമീപിക്കാന്‍ ഭയക്കുന്ന പിശാചുക്കളെ"ന്നും ജസ്റ്റിസ് രാംകുമാർ വിധിന്യായത്തിൽ ആക്ഷേപിച്ചത്. അതിനും വേണ്ടി എന്തു പ്രകോപനമാണ് അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നത് എന്ന് ഇനിയെങ്കിലും വെളിപ്പെടുത്തുമോ? ചീഫ് ജസ്റ്റിസിന്റെ ചെയ്തിയെ വരെ വിമർശിച്ച ജസ്റ്റിസ് രാംകുമാർ ഇക്കാര്യത്തിൽ അധൈര്യപ്പെടേണ്ട കാര്യമില്ല.

പൈശാചികമായാണ് അന്നത്തെ ആഭ്യന്തരവകുപ്പുമന്ത്രി കോടിയേരി ബാലകൃഷ്ണനെ ഈ കേസിലേയ്ക്കു വലിച്ചിഴച്ചത്. ആഭ്യന്തരമന്ത്രിയും പ്രതികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന ആരോപണം ആരും ഉയര്‍ത്തിയിട്ടില്ല. വാദിയോ പ്രതിയോ അങ്ങനെയൊരു ആരോപണം തെളിവുസഹിതം മുന്നോട്ടുവെയ്ക്കുമ്പോഴാണല്ലോ ന്യായാധിപൻ പ്രകോപിതനാകേണ്ടത്. ആഭ്യന്തരമന്ത്രിയേയോ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയോ ന്യായാധിപന് ഇഷ്ടമാകണമെന്നില്ല. എന്നുവെച്ച്, പക്ഷേ, ആഭ്യന്തര മന്ത്രിയുടെ നിയോജകമണ്ഡലമാണ് പ്രതികളെ സംഭാവന ചെയ്തതെന്ന ക്രൂരമായ പരാമര്‍ശം വിധി പ്രസ്താവത്തിൽ ഉണ്ടാകാമോ? ഇതേ പ്രതികൾ കോട്ടയം ജില്ലയിലെ പുതുപ്പളളി സ്വദേശികളായിരുന്നെങ്കിൽ  മുൻ ആഭ്യന്തരമന്ത്രിയുടെയോ മുൻമുഖ്യമന്ത്രിയുടെയോ പ്രതിപക്ഷ നേതാവിന്റെയോ മണ്ഡലം പ്രതികളെ സംഭാവന ചെയ്തുവെന്ന പരാമർശം വിധിയിൽ ഉൾപ്പെടുമായിരുന്നോ?  ആലോചിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ടെന്നു പറയുന്നത് വെറുതേയല്ല.

തന്റെ മുന്നില്‍ ഹാജരാക്കപ്പെടുന്ന പ്രതികളുടെ മേല്‍വിലാസം പരിശോധിച്ച് അവരുടെ അസംബ്ലി നിയോജകമണ്ഡലം തിരിച്ചറിയുന്ന അപഗ്രഥന വൈഭവവും ഭൂമിശാസ്ത്ര വിജ്ഞാനവുമുളള ന്യായാധിപൻ ഏതു നീതിന്യായ സംവിധാനത്തിനും മുതൽക്കൂട്ടാണ്. സംശയമില്ല. അവരവരുടെ നിയോജക മണ്ഡലത്തില്‍ താമസിക്കുന്ന ക്രിമിനല്‍ കേസ് പ്രതികളുടെ ഉത്തരവാദിത്തം അതാത് ജനപ്രതിനിധിയ്ക്കാണെന്ന യുക്തിയും ഗംഭീരം തന്നെ.

സുപ്രീംകോടതി നിഷ്കരുണം ചവറ്റുകുട്ടയിൽ തളളിയില്ലായിരുന്നുവെങ്കിൽ ഈ യുക്തിയുടെ ഭാരം പേറേണ്ടത് ജനപ്രതിനിധികളും മന്ത്രിമാരും മാത്രമാണോ എന്ന പ്രശ്നം കൂലങ്കഷമായി പരിശോധിക്കേണ്ടി വരുമായിരുന്നു.  കാരണം, മേപ്പടി കേസിലെ പതിനഞ്ചു പ്രതികളില്‍ കണ്ണൂര്‍ സ്വദേശികള്‍ നാലുപേരേയുളളൂ. എറണാകുളം ജില്ലക്കാര്‍ അതിനെക്കാള്‍ കൂടുതലുണ്ട്. എറണാകുളത്തായിരുന്നു അന്ന് ജസ്റ്റിസ് രാംകുമാറിന്റെ താമസം. അദ്ദേഹത്തിന് മുമ്പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ച മൂന്നു പേരുള്‍പ്പെടെ ആ കേസിലെ ആറുപ്രതികൾ അദ്ദേഹത്തിന്റെ സ്വന്തം ജില്ലക്കാരാണ്.

എന്നുവെച്ചാല്‍, വിധിയിലെ "the constituency of the Home Minister had contributed a handful of hardcore criminals" എന്ന ഭാഗം "the district of the Hon'ble High Court Justice had contributed a handful of hardcore criminals എന്നു തിരുത്തിയാലും അര്‍ത്ഥവ്യത്യാസമോ വ്യാകരണപ്പിശകോ ഇല്ല. ഹൈക്കോടതി ജഡ്ജി താമസിക്കുന്ന ജില്ല ക്രിമിനലുകളെ സംഭാവന ചെയ്യുന്നു എന്ന് ആരോപിക്കുന്നതിലുളള അപഹാസ്യതയേ ആഭ്യന്തരമന്ത്രിയുടെ നിയോജകമണ്ഡലം ക്രിമിനലുകളെ സംഭാവന ചെയ്യുന്നു എന്ന ദുഃസൂചനയ്ക്കുമുളളൂ. അതൊന്നും അറിയാത്ത ആളല്ലല്ലോ ഹൈക്കോടതി ജസ്റ്റിസ്?

അനുചിതവും അനാവശ്യവുമായ പരാമർശങ്ങൾ ജസ്റ്റിസ് വി രാംകുമാറിന്റെ വിധിന്യായത്തിൽ ഇടംപിടിച്ചതിനും മേൽക്കോടതി ഇടപെട്ടു തിരുത്തുന്നതിനും ഇത് ഒരേയൊരു ഉദാഹരണമല്ല. ഫസല്‍ വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട്, കണ്ണൂര്‍ ജില്ലയില്‍ കേന്ദ്രം ഇടപെടണമെന്നും അതിന് ഗവര്‍ണര്‍ തലത്തില്‍ നീക്കം നടത്തണമെന്നും ജസ്റ്റിസ് വി രാംകുമാര്‍ 2008 മാര്‍ച്ച് 11ന് ആവശ്യപ്പെട്ടിരുന്നു. റഹിം വധശ്രമക്കേസിലെ പരാമർശങ്ങൾ നടത്തുന്നതിന് ഒരു വർഷം മുമ്പായിരുന്നു ഈ സംഭവം. ഈ പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 2008സെപ്തംബര്‍ 24ന് നീക്കം ചെയ്തു. അന്ന് ചീഫ് ജസ്റ്റിസായിരുന്ന എച്ച് എല്‍ ദത്തുവും ജസ്റ്റിസ് കെ എം ജോസഫുമടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് അനാവശ്യ പരാമർശങ്ങൾ റദ്ദാക്കിയത്.

എങ്ങനെ വിധി പറയണമെന്ന് അക്ഷരാർത്ഥത്തിൽ ജസ്റ്റിസ് വി രാംകുമാറിന് സ്റ്റഡി ക്ലാസെടുക്കുകയാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസ് കെ എം ജോസഫുമടങ്ങിയ ഡിവിഷൻ ബെഞ്ചു ചെയ്തത്. സുപ്രിംകോടതിയുടെ പ്രസക്തമായ വിധികളിൽനിന്നുളള ഉദ്ധരണികളാൽ സമ്പന്നവും പഠനാർഹവുമായിരുന്നു ആ വിധിന്യായം. ന്യായാധിപൻ പ്രപഞ്ചത്തിലെ സകല ചരാചരങ്ങൾക്കും മീതെയാണെന്ന അപ്രമാദിത്തത്തിന്റെ പത്തി അടിച്ചുതാഴ്ത്താൻ പര്യാപ്തമായ വാദമുഖങ്ങൾ. വർഷങ്ങൾക്കു ശേഷം ഹൈക്കോടതിയിലെ മീഡിയാ റൂമിന്റെ പേരിൽ ജസ്റ്റിസ് എച്ച് എൽ ദത്തുവിനെതിരെ ജസ്റ്റിസ് രാംകുമാർ രംഗത്തുവരുമ്പോൾ അയവിറക്കാൻ ഇങ്ങനെയൊരു ചരിത്രവുമുണ്ട്.

മാധ്യമ പരിലാളന മോഹിച്ച് വിധി പറയുന്ന ജഡ്ജിമാർക്കെതിരെ ജസ്റ്റിസ് രാംകുമാർ തൊടുക്കുന്ന ചിലത് അദ്ദേഹത്തിന്റെ നെഞ്ചിലേയ്ക്കു തന്നെയാണ് മടങ്ങിച്ചെല്ലുന്നത്. മനോരമയും മാതൃഭൂമിയുമടക്കമുളള മുഖ്യധാരാ മാധ്യമങ്ങളിലെ വമ്പൻ തലക്കെട്ടുകളും ചാനലുകളിലെ അന്തിച്ചർച്ചയും ലക്ഷ്യമിട്ട് വിധി പറഞ്ഞ ചരിത്രം ജസ്റ്റിസ് രാംകുമാറിനുമുണ്ട്. അതിനദ്ദേഹം ഉപയോഗിച്ചത് അനുചിതവും അനാവശ്യവുമായ യുക്തിയും വാദവുമാണെന്ന് സുപ്രീംകോടതി തന്നെ വിലയിരുത്തിയിട്ടുണ്ട്.

കോടതിവിധികളും നിയമവും ചട്ടവും കീഴ്വഴക്കങ്ങളുമൊക്കെ പാലിക്കേണ്ട ബാധ്യതയിൽ നിന്ന് ജഡ്ജിമാരെ ആരും ഒഴിവാക്കിയിട്ടില്ല. അക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജെ. എസ്. വര്‍മയും ന്യായാധിപന്റെ നീതിബോധത്തിന് അടിസ്ഥാനം, ഭരണഘടനാപരവും നൈതികവുമായ ധര്‍മ്മനിഷ്ഠയാകണം എന്ന് മറ്റൊരു ചീഫ് ജസ്റ്റിസായിരുന്ന എസ്. എച്ച്. കപാഡിയയുമൊക്കെ വിളിച്ചു പറഞ്ഞത് ജസ്റ്റിസ് രാംകുമാനെക്കൂടി ഉദ്ദേശിച്ചാണ്.

ഡിവിഷൻ ബെഞ്ചും സുപ്രീംകോടതിയുമൊക്കെ വലിച്ചുകീറിയെറിഞ്ഞ വിധിന്യായങ്ങളിലെ കുയുക്തിയുടെ പേരിൽ ഒരു വിചാരണയും ജസ്റ്റിസ് വി രാംകുമാർ നേരിട്ടിട്ടില്ല. 2008 മാര്‍ച്ച് 11ന് നടത്തിയ അനാവശ്യ പരാമർശങ്ങളുടെ പേരിൽ വലിയ തലക്കെട്ടും ചർച്ചയും സംഘടിപ്പിച്ചവർ 2008സെപ്തംബര്‍ 24ന് ആ പരാമർശങ്ങൾ നീക്കം ചെയ്തപ്പോൾ നിശബ്ദരായിരുന്നു.

2009 മാര്‍ച്ച് 24ലെ പരാമർശങ്ങളുടെ ഗതിയും അതുതന്നെയായിരുന്നു. അന്നും പിറ്റേന്നും അതിനു പിറ്റേന്നും ജസ്റ്റിസ് രാംകുമാറിനെ ചാനലുകളും പത്രങ്ങളും കൊണ്ടാടി ആ പരാമര്‍ശങ്ങള്‍ 2010 ജൂലൈ12ന് സുപ്രീംകോടതി നീക്കം ചെയ്തപ്പോൾ അവരാരും അറിഞ്ഞ ഭാവം നടിച്ചില്ല. വിധിന്യായങ്ങളിലെ പരാമർശങ്ങളുടെ പേരിൽ ഇങ്ങനെ തിരിച്ചടി നേരിടുന്ന ഒരു ന്യായാധിപൻ ഈ പണി ചെയ്യാൻ അർഹനാണോ എന്നൊരു മാധ്യമവിചാരണയ്ക്ക് സ്വാഭാവികമായും സാധ്യതയുണ്ടായിരുന്നു. പക്ഷേ ആരുമതിനു മുതിർന്നില്ല.

ചില രാഷ്ട്രീയക്കാരെ ദുർവാശിക്കാരെന്നും ചില മാധ്യമപ്രവർത്തകരെ അവരുടെ ഏറാൻമൂളികളെന്നും തന്റെ ലേഖനത്തിൽ അദ്ദേഹം വിശേഷിപ്പിക്കുന്നുണ്ട്. ചപലമായ ദുർവാശികളിൽ നിന്ന് ചില ന്യായാധിപന്മാരും മുക്തരല്ലെന്നതിന് ജസ്റ്റിസ് രാംകുമാറിന്റെ രണ്ടു വിധിന്യായങ്ങളിലെങ്കിലും തെളിവുകളുണ്ട്. ആ ദുർവാശിയ്ക്കും വേണ്ടുവോളം മാധ്യമപരിലാളന കിട്ടിയിട്ടുമുണ്ട്. ആ ഓർമ്മകളും ഉണ്ടായിരിക്കണം.

Read More >>