സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളം ഇരട്ടിയാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍; നഴ്‌സുമാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് ഇത് സ്വപ്‌ന സാഫല്യം

നഴ്സുമാരുടെ ശമ്പളം നിലവിലുള്ള 13,000 ത്തില്‍ നിന്ന് ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വര്‍ദ്ധന നിലവില്‍ വരുന്നതോടെ നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 ആയി ഉയരും. സര്‍ക്കാര്‍ രൂപം നല്‍കിയ അവലോകനസമിതിയുടെ റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശമുണ്ടാകുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ഷാ നാരദാ ന്യൂസിനോട് പറഞ്ഞു.

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളം ഇരട്ടിയാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍; നഴ്‌സുമാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് ഇത് സ്വപ്‌ന സാഫല്യം

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ കുറഞ്ഞ ശമ്പളം ഇരട്ടിയാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികാരത്തിലേറി ആറുമാസങ്ങള്‍ക്കുള്ളില്‍ തന്നെ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നുള്ള വാഗ്ദാനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറ് ദിനങ്ങള്‍ക്കുള്ളില്‍ പാലിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ അവകാശങ്ങള്‍ക്കും ശമ്പള വര്‍ദ്ധനവിനും വേണ്ടി പോരാടിയ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് ഇത് സ്വപ്‌ന സാഫല്യം കൂടിയാണ്.


നഴ്സുമാരുടെ ശരാശരി ശമ്പളം നിലവിലുള്ള ശമ്പളമായ 13,000 ത്തില്‍ നിന്ന് ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വര്‍ദ്ധന നിലവില്‍ വരുന്നതോടെ നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 ആയി ഉയരും. സര്‍ക്കാര്‍ രൂപം നല്‍കിയ അവലോകനസമിതിയുടെ റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശമുണ്ടാകുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ നാരദാ ന്യൂസിനോട് പറഞ്ഞു.

തൊഴില്‍വകുപ്പു കമ്മിഷണര്‍ അധ്യക്ഷനായ ശമ്പളവര്‍ദ്ധന അവലോകനസമിതിയുടെ അവസാന സിറ്റിങ് തിരുവനന്തപുരത്ത് ഇന്ന് നടക്കുകയാണ്. തുടര്‍ന്ന് ഒക്ടോബര്‍ ആദ്യം സമിതി സര്‍ക്കാരിന് അന്തിമശിപാര്‍ശ നല്‍കുമെന്നാണ് സൂചന. അതിന്റെ അടിസ്ഥാനത്തില്‍ 2017 ജനുവരി- ഫെബ്രുവരി മാസം മുതല്‍ നഴ്‌സുമാര്‍ക്ക് പുതുക്കിയ ശമ്പളം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജാസ്മിന്‍ ഷാ അറിയിച്ചു.

നഴ്‌സുമാര്‍ക്ക് പ്രതിദിനം ആയിരം രൂപയെങ്കിലും വേതനം വേണമെന്നാണ് സംഘടന സര്‍ക്കാരിന് മുന്നില്‍ വച്ച പ്രധാന ആവശ്യം. ബോണസ് ഇനത്തില്‍ മുന്‍വര്‍ഷം രണ്ടുമാസത്തെ ശമ്പളത്തുക നല്‍കിയത് 25 ശതമാനം വര്‍ധിപ്പിക്കണമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാനേജ്മെന്റുകള്‍ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. ശമ്പള പരിഷ്‌കരണം നടന്നിട്ട് അഞ്ചുവര്‍ഷമായില്ല എന്നുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് മാനേജുമെന്റുകള്‍ ഈ ആവശ്യം നിരാകരിക്കുന്നത്. 2013 നവംബര്‍ അഞ്ചിനാണ് അവസാനമായി ശമ്പളപരിഷ്‌കരണം നടപ്പാക്കിയത്.

എന്നാല്‍ കഴിഞ്ഞ തവണ ശമ്പള പരിഷ്‌കരണം നടന്ന സമയത്ത് മൂന്നു വര്‍ഷം കൂടുമ്പോള്‍ പുനഃപരിശോധനയാകാമെന്ന് യുഡിഎഫ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതായി സംഘടനാ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ ശമ്പളവര്‍ദ്ധന സംബന്ധിച്ച് പുനഃപരിശോധനയ്ക്ക് സംഘടനയുടെ ഭാഗത്തു നിന്നും സമ്മര്‍ദ്ദമുണ്ടായെങ്കിലും സര്‍ക്കാര്‍ ചെവികൊടുത്തിരുന്നില്ല. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ നഴ്‌സുമാരുടെ കാലങ്ങളായുള്ള ആവശ്യം ലക്ഷ്യത്തിലേക്കടുക്കുകയാണ്.

എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ക്കെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ നിലനില്‍പ്പിനു ബുദ്ധിമുട്ടുന്ന സമയമാണിതെന്നും അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും ഈ നടപടി അംഗീകരിക്കാനാകില്ലെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹുസൈന്‍കോയ തങ്ങള്‍ പറഞ്ഞു. വന്‍ സാമ്പത്തിക ബാധ്യതയാണ് ശമ്പളവര്‍ദ്ധനവ് മൂലം മാനേജ്‌മെന്റുകള്‍ക്ക് ഉണ്ടാകുന്നത്. സാമ്പത്തിക ബാധ്യത മൂലംകഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എഴുപതിലധികം ആശുപത്രികളാണ് പൂട്ടിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍ തങ്ങളുടെ ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഒക്ടോബര്‍ പത്തിനകം കുറഞ്ഞ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനമായില്ലെങ്കില്‍ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നാരദയോട് പറഞ്ഞു.