മദ്രസകൾ ശതകോടികളുടെ കേന്ദ്രസഹായം അനർഹമായി നേടിയെന്ന് സിഎജി റിപ്പോർട്ട്; മാർഗരേഖകൾ ലംഘിക്കുന്ന മദ്രസകൾക്ക് ശുപാർശ നൽകിയത് ഉമ്മൻചാണ്ടിയെന്നും സിഎജി

പരിശോധനകളില്ലാതെ സർക്കാർ നൽകിയ ശുപാർശ അനുസരിച്ച് കഴിഞ്ഞ നാലു വർഷം കൊണ്ട് മദ്രസകൾ ക്രമരഹിതമായി ശതകോടികൾ കൈപ്പറ്റിയെന്ന് സിഎജി റിപ്പോർട്ട്. മദ്രസകളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ ഉദ്ദേശിച്ച് 2009ൽ കേന്ദ്രസർക്കാർ ആരംഭിച്ച ‘സ്കീം ഫോർ പ്രൊവൈഡിങ് ക്വാളിറ്റി എജൂക്കേഷൻ ഇൻ മദ്രസ’ (SPQEM) പദ്ധതി പ്രകാരമാണ് അർഹതയില്ലാതിരുന്നിട്ടും സംസ്ഥാനത്തെ മദ്രസകൾ പണം വാങ്ങിയത്. മാർഗ്ഗരേഖകൾ ലംഘിച്ച് പ്രവർത്തിക്കുന്ന മദ്രസകൾക്കു ധനസഹായം നൽകണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി കത്തയച്ച കാര്യവും സിഎജി റിപ്പോർട്ടിലുണ്ട്.

മദ്രസകൾ ശതകോടികളുടെ കേന്ദ്രസഹായം അനർഹമായി നേടിയെന്ന് സിഎജി റിപ്പോർട്ട്; മാർഗരേഖകൾ ലംഘിക്കുന്ന മദ്രസകൾക്ക് ശുപാർശ നൽകിയത് ഉമ്മൻചാണ്ടിയെന്നും സിഎജി

പരിശോധനകളില്ലാതെ സർക്കാർ നൽകിയ ശുപാർശ അനുസരിച്ച് കഴിഞ്ഞ നാലു വർഷം കൊണ്ട് മദ്രസകൾ ക്രമരഹിതമായി ശതകോടികൾ കൈപ്പറ്റിയെന്ന് സിഎജി റിപ്പോർട്ട്. മദ്രസകളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ ഉദ്ദേശിച്ച് 2009ൽ കേന്ദ്രസർക്കാർ ആരംഭിച്ച ‘സ്കീം ഫോർ പ്രൊവൈഡിങ് ക്വാളിറ്റി എജൂക്കേഷൻ ഇൻ മദ്രസ’ (SPQEM) പദ്ധതി പ്രകാരമാണ് അർഹതയില്ലാതിരുന്നിട്ടും സംസ്ഥാനത്തെ മദ്രസകൾ പണം വാങ്ങിയത്. മാർഗ്ഗരേഖകൾ ലംഘിച്ച് പ്രവർത്തിക്കുന്ന മദ്രസകൾക്കു ധനസഹായം നൽകണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി കത്തയച്ച കാര്യവും സിഎജി റിപ്പോർട്ടിലുണ്ട്.


പട്ടികജാതി, പട്ടികവർഗ്ഗക്കാരുടെ കാര്യത്തിൽ സർക്കാർ, ഉദ്യോഗസ്ഥ തലത്തിലുള്ള അനാസ്ഥ പ്രകടമായിരുന്നെങ്കിൽ മദ്രസകൾക്ക് ആനുകൂല്യം വാങ്ങിച്ച് കൊടുക്കുന്ന കാര്യത്തിൽ അവിഹിതമായ താത്പര്യമാണ് മുസ്ലീം ലീഗ് ഉൾപ്പെട്ട കഴിഞ്ഞ യുഡിഎഫ് ഗവൺമെന്റ് കാട്ടിയത്. പദ്ധതിപ്പണത്തിൽ നിന്നുള്ള അദ്ധ്യാപകരുടെ പ്രതിഫലവിഹിതം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കണമെന്ന ചട്ടം മറികടന്ന് ശമ്പളം മദ്രസാ അധികൃതർക്കു കൈമാറാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവിനെ സിഎജി എടുത്തുപറഞ്ഞ് വിമർശിക്കുന്നു. ഈ പണം അദ്ധ്യാപകർക്കു തന്നെ ലഭിച്ചോ എന്ന് ഉറപ്പുവരുത്തുക സാധ്യമല്ലാത്ത സ്ഥിതിക്ക് ഉത്തരവിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും സംശയാസ്പദമാണ്.  മുസ്ലീം സംഘടനകളെ പ്രീണിപ്പിക്കുന്ന കാര്യത്തിൽ എല്ലാ വ്യവസ്ഥകളെയും കാറ്റിൽപ്പറത്തിയാണ് ഉമ്മൻ ചാണ്ടി നേതൃത്വം നൽകിയ ഐക്യജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടു പോയത് എന്നാണ് ഈ വിമർശനങ്ങൾ വ്യക്തമാക്കുന്നത്.

[caption id="attachment_33860" align="aligncenter" width="640"]madrasa സിഎജി റിപ്പോർട്ടിൽ നിന്ന്[/caption]

സാധാരണ സ്കൂളുകളിൽ പോകാതെ മതപഠനം മാത്രം ലക്ഷ്യമാക്കിയുള്ള മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സെക്കണ്ടറി, ഹയർ സെക്കണ്ടറി തലത്തിൽ ശാസ്ത്രം, ഗണിതം, സാമൂഹ്യപാഠം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ദേശീയ വിദ്യാഭ്യാസ സംവിധാനത്തിന് അനുഗുണമായ പരിശീലനം നൽകുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയിലായിരുന്നു, ക്രമക്കേട്. വരുമാനം ആർജ്ജിക്കുന്നതിനു സഹായിക്കുന്ന തൊഴിൽ പരിശീലനം നൽകാനും പദ്ധതിയിൽ പണം നീക്കിവച്ചിരുന്നു.

സംസ്ഥാന തലത്തിലുള്ള ഗ്രാൻഡ് ഇൻ എയ്ഡ് കമ്മിറ്റികൾ മദ്രസകൾ സമർപ്പിക്കുന്ന അപേക്ഷ പരിശോധിച്ചു ശുപാർശ നൽകുന്ന മുറയ്ക്കായിരുന്നു കേന്ദ്രം പണം അനുവദിച്ചിരുന്നത്. പൊതുവിദ്യാഭ്യാസം ലഭിക്കാൻ അല്ലാത്തപക്ഷം സാധ്യതയില്ലാത്ത വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്ന പൂർണ്ണസമയ മദ്രസകൾക്കു മാത്രമായിരുന്നു ധനസഹായത്തിന് അർഹത.

എന്നാൽ സംസ്ഥാന സർക്കാരിന്റെ ഗ്രാൻഡ്-ഇൻ-എയ്ഡ് കമ്മിറ്റി (SGIAC) വേണ്ടത്ര പരിശോധനകൾ നടത്താതെ നൽകിയ ശുപാർശകളിലൂടെ 2010-14 വർഷങ്ങളിൽ കേന്ദ്രസർക്കാരിൽ നിന്ന് 93.85 കോടി രൂപ സംസ്ഥാനത്തെ മദ്രസകൾ അനധികൃതമായി കൈവശപ്പെടുത്തിയതായാണ് സിഎജി കുറ്റപ്പെടുത്തുന്നത്. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നും ഇക്കാര്യത്തിൽ എസ്ജിഐഎസി അംഗങ്ങളായ കേരളസർക്കാർ ഉദ്യോഗസ്ഥർ നേരിട്ട് ഉത്തരവാദികളാണെന്നും സിഎജി റിപ്പോർട്ട്  വിമർശിക്കുന്നു. ഈ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാനം ഗൗരവകരമായ നടപടി കൈക്കൊള്ളണമെന്നും ശിപാശയുണ്ട്.  കൂടാതെ വീഴ്ച കണ്ടെത്തുന്നതിൽ അലംഭാവം കാട്ടിയ എസ്ജിഐഎസിയിലെ കേന്ദ്രസർക്കാർ പ്രതിനിധിയുടെ പരാജയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തണമെന്നും നിർദ്ദേശിക്കുന്നു.

പദ്ധതിയുടെ മാർഗരേഖയ്ക്കു വിധേയമായല്ല, സംസ്ഥാനത്തെ മദ്രസകൾ പ്രവർത്തിക്കുന്നത് എന്നതിനാൽ കേന്ദ്ര ഗ്രാൻഡ്-ഇൻ-എയ്ഡ് കമ്മിറ്റി (CGIAC) 2015 സെപ്റ്റംബറിൽ അവയ്ക്കുള്ള സഹായധനം നിഷേധിച്ചിരുന്നു. എന്നിട്ടും ഒക്ടോബറിൽ കേന്ദ്ര സഹായം തുടരാൻ ആവശ്യപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കേന്ദ്രത്തിനു കത്തെഴുതി. കേരളത്തിലെ മദ്രസകൾ അവധി ദിവസങ്ങളിലും ഔദ്യോഗിക പ്രവർത്തിസമയത്തിനു പുറത്തും മാത്രമാണു പ്രവർത്തിക്കുന്നത് എന്ന് ആ കത്തിൽ തുറന്നുസമ്മതിക്കുന്നു. ഹ്രസ്വവേളയിൽ മാത്രം പ്രവർത്തിക്കുന്ന മദ്രസകളിലെ പഠനത്തിനു പുറമേ വിദ്യാർത്ഥികൾക്കെല്ലാം മുഖ്യധാരാ വിദ്യാഭ്യാസം പ്രാപ്തമാണെന്നും കത്തിൽ പറയുന്നു.

പദ്ധതിപ്രകാരം 2010-11 കാലഘട്ടത്തിൽ മാത്രം മാനദണ്ഡങ്ങൾ ലംഘിച്ച് 547 മദ്രസകൾക്ക് 22.67 കോടി രൂപയാണ് നൽകിയിരിക്കുന്നത്. 2011-12 വർഷത്തിൽ പദ്ധതിയിലേക്ക് സംസ്ഥാനത്ത് ആകെയുള്ള 2551 മദ്രസകളിൽ 1462 മദ്രസകളും അപേക്ഷ നൽകി. അപേക്ഷിച്ച എല്ലാ മദ്രസകൾക്കും സർക്കാർ ധനസഹായം ലഭിച്ചിട്ടുണ്ട്. 2013-14 വർഷത്തിൽ 71.18 കോടി രൂപയാണ് മദ്രസകൾക്കായി കേന്ദ്ര സർക്കാരിൽനിന്ന് സംസ്ഥാന സർക്കാർ അനർഹമായി നേടിക്കൊടുത്തത്. കേന്ദ്രം അനുവദിക്കുന്ന പല പദ്ധതികളുടെയും പണം ലാപ്‌സാക്കി കളയുന്ന സമയത്താണ് ഈ ഉത്സാഹം എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. മുസ്ലീം സംഘടനകളെ കൂടെ നിർത്താനുള്ള രാഷ്ട്രീയ അടവായി കേന്ദ്ര പദ്ധതിയെ മാറ്റിയെടുക്കുകയായിരുന്നു, സംസ്ഥാനം.

കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗ്ഗരേഖയ്ക്ക് അനുസൃതമായാണോ 2010-15 കാലയളവിൽ പദ്ധതി നടപ്പാക്കിയത് എന്ന പരിശോധനയാണ് 2015 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി സിഎജിയുടെ നേതൃത്വത്തിൽ നടത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്റ്റർ ഓഫ് പബ്ലിക് ഇൻസ്റ്റ്രക്ഷൻ (ഡിപിഐ) എന്നിവർക്കായിരുന്നു പദ്ധതി നടത്തിപ്പിന്റെ ചുമതല. ഓഡിറ്റിൽ ഡിപിഐ ഓഫീസിലെ രേഖകൾ കൂടാതെ കൊല്ലം, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റർമാരുടെ (ഡിഡിഇ) കാര്യാലയം, നാലു ഡയറ്റ് കേന്ദ്രങ്ങൾ, ഈ ജില്ലകളിൽ നിന്നു പ്രാതിനിധ്യപ്രകാരം തിരഞ്ഞെടുത്ത നാല്പതു മദ്രസകൾ എന്നിവിടങ്ങളിലും പരിശോധനകൾ നടത്തി.

പരിശോധനയ്ക്കു വിധേയമായ 40 മദ്രസകളിൽ 39 മദ്രസകളിലെയും വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളിൽ പഠിക്കുന്നവരാണെന്നും അവർക്ക് ആധുനിക വിഷയങ്ങളിൽ അധ്യയനം ലഭിക്കുന്നുണ്ടെന്നും വെളിവായി. പദ്ധതിപ്രകാരം ധനസഹായം ലഭിച്ച വിദ്യാർത്ഥികൾ സാധാരണ സ്കൂളുകളിൽ പഠിക്കുന്നവർ തന്നെയാണെന്ന് ഈ മദ്രസകളിലെ സെക്രട്ടറിമാരും സമ്മതിച്ചു. അതുവഴി തന്നെ മദ്രസകൾ പദ്ധതിസഹായത്തിന് അനർഹമാണെന്ന് റിപ്പോർട്ട് രേഖപ്പെടുത്തുന്നു.

ഈ വിവരം 2012 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തിൽ തന്നെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ, കേരള സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ തിരുത്തൽ നടപടികൾ കൈക്കൊള്ളുന്നതിൽ സംസ്ഥാനം വീഴ്ചവരുത്തി. തന്നെയുമല്ല, മദ്രസകൾ പദ്ധതിപ്രകാരമുള്ള ധനസഹായത്തിനുള്ള അർഹതാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താതെ 2014-15 വർഷത്തിൽ വീണ്ടും കേന്ദ്രഫണ്ട് തേടി കത്തെഴുതുകയാണ് കേരള സർക്കാർ ചെയ്തത്.

കേരളസർക്കാരിനു കീഴിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സെക്രട്ടറി ആയിരുന്നു എസ്ജിഐഎസിയുടെ തലപ്പത്ത്. കൂടാതെ ഒരു കേന്ദ്ര സർക്കാർ പ്രതിനിധി, ഡിപിഐ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിന്റെ റീജണൽ ഡയറക്റ്റർ, മറ്റു രണ്ട് സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ കമ്മിറ്റിയായിരുന്നു, അത്. മദ്രസകളിൽ നിന്നു ലഭിച്ച അപേക്ഷകളിൽ വിശദ പരിശോധനയ്ക്കു മുതിരാതെ എല്ലാ അപേക്ഷകരും അർഹരാണെന്ന മട്ടിൽ സഹായത്തിനു ശുപാർശ ചെയ്ത് കേന്ദ്രത്തിലേക്കു വിടുകയാണ് കമ്മിറ്റി ചെയ്തത്. പരിശോധന നടത്തിയ 40 മദ്രസകൾക്കുമായി 176.18 കോടി രൂപയുടെ സഹായമാണ് പദ്ധതി കാലയളവിൽ ലഭിച്ചത്. ഇവയിൽ 39 മദ്രസകൾ കൈപ്പറ്റിയ 170.93 കോടി രൂപയും അനർഹമായാണ് കൈവശപ്പെടുത്തിയത് എന്നാണു സിഎജിയുടെ കണ്ടെത്തൽ.

പരിശോധനയ്ക്കു വിധേയമായ 40 മദ്രസകളിൽ വയനാട്ടിലെ പുഴമുടിയിൽ പ്രവർത്തിക്കുന്ന ഷംസുൽ ഉലമ ഇസ്ലാമിക് അക്കാദമി മാത്രമാണ് ഓപ്പൺ സ്കൂളിൽ രജിസ്റ്റർ ചെയ്ത സീനിയർ സെക്കണ്ടറി തലത്തിലുള്ള വിദ്യാർത്ഥികളെ പൂർണ്ണ സമയം പഠിപ്പിക്കുന്ന സ്ഥാപനമായി ഓഡിറ്റിൽ കണ്ടെത്തിയത്. ഈ 40 മദ്രസകളിൽ പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിച്ച് സഹായധനം കൈപ്പറ്റാൻ അർഹതയുള്ള ഏക സ്ഥാപനമായിരുന്നു, ഇത്. 2010-15 കാലയളവിൽ ഈ മദ്രസ 49 കുട്ടികളുടെ ഓപ്പൺ സ്കൂൾ പ്രവേശനത്തിനായും പരീക്ഷാഫീസ് ഇനത്തിലും ഒരുലക്ഷം രൂപയോളം ചെലവഴിച്ചിട്ടുണ്ട്. എന്നാൽ ഒരു രൂപപോലും ഈയിനത്തിൽ കേന്ദ്രസർക്കാരിൽ നിന്നു റീ-ഇമ്പേഴ്സ്മെന്റായി ഇവർക്കു ലഭിച്ചില്ല. ഡിഡിഇയോ ഇതര ഓഫീസുകളോ റീ ഇമ്പേഴ്സ്മെന്റിന് ആവശ്യമായ നടപടിക്രമങ്ങളെ കുറിച്ച് തങ്ങളോടു പറഞ്ഞിരുന്നില്ലെന്നു മദ്രസയുടെ സെക്രട്ടറി 2015 ഒക്ടോബറിൽ ഓഡിറ്റർമാരെ അറിയിച്ചു. എന്നാൽ ഈ മദ്രസ റീ ഇമ്പേഴ്സ്മെന്റിന് അപേക്ഷിച്ചിരുന്നില്ലെന്നും അപേക്ഷ കിട്ടുന്ന മുറയ്ക്ക് അത് കേന്ദ്രത്തിലേക്ക് അയയ്ക്കാമെന്നുമാണ് ഡിസംബറിൽ കേരള സർക്കാർ നൽകിയ മറുപടി. സംസ്ഥാന മദ്രസാ ബോർഡ് രൂപീകരിക്കാതെ ഇരുന്നതിനാലും ഡിപിഐയുടെ അലംഭാവം മൂലവുമാണ് അർഹതയുണ്ടായിട്ടും ഈ മദ്രസയ്ക്ക് സഹായം ലഭിക്കാതെ പോയത് എന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഇഷ്ടക്കാരുടെ മദ്രസകൾക്ക് അനർഹമായ സഹായം ലഭ്യമാക്കുകയും അർഹതയുള്ള മദ്രസകളെ ഒഴിവാക്കുകയുമായിരുന്നു, സർക്കാർ എന്നാണ് സിഎജിയുടെ ഈ പരാമർശങ്ങൾ വ്യക്തമാക്കുന്നത്.

അദ്ധ്യാപകർക്ക് പണം നൽകുന്ന കാര്യത്തിലും മാർഗ്ഗരേഖൾ പാലിച്ചിട്ടില്ല. SPQEM പദ്ധതി പ്രകാരമുള്ള ഗ്രാൻഡ് ആവശ്യപ്പെട്ടതും തുടർന്ന് അനുവദിച്ചതും ആരംഭംമുതലേ (ab-initio) തെറ്റായിട്ടായിരുന്നു എന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. മദ്രസകളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിന് അനുസൃതമായി ആധുനിക വിഷയങ്ങളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് അല്ലെങ്കിൽ ബിഎഡ് ബിരുദധാരികളായ പരമാവധി മൂന്ന് പൂർണ്ണസമയ അദ്ധ്യാപകർക്കു മാത്രമേ ഓരോ മദ്രസയിലും കേന്ദ്രസഹായത്തിന് അർഹതയുണ്ടാവുകയുള്ളൂ എന്ന് 2009 ഫെബ്രുവരിയിൽ തന്നെ കേന്ദ്ര സർക്കാർ സ്പഷ്ടമാക്കിയിരുന്നു. മാർഗ്ഗരേഖയിലെ 8(a) വ്യവസ്ഥ അനുസരിച്ച് ബിരുദം മാത്രമുള്ള ഓരോ പൂർണ്ണസമയ അദ്ധ്യാപകനും പന്ത്രണ്ട് മാസത്തേക്ക് പ്രതിമാസം 6000 രൂപ വീതവും ബിരുദാനന്തര ബിരുദമോ ബിഎഡോ ഉള്ളവർക്ക് ഇതേ കാലയളവിൽ 12,000 രൂപ വീതവും ആയിരുന്നു നൽകേണ്ടിയിരുന്നത്. മദ്രസകൾ പാർട് ടൈം അടിസ്ഥാനത്തിൽ മാത്രമാണ് പ്രവർത്തിച്ചിരുന്നത് എങ്കിലും 1453 മദ്രസകളിലെ 4201 അദ്ധ്യാപകർക്ക് 2010-15 കാലയളവിൽ പൂർണ്ണസമയം അദ്ധ്യാപകരെന്ന വ്യാജേന 45.55 കോടി രൂപ മാനദണ്ഡം ലംഘിച്ചു നൽകുകയുണ്ടായി.

ക്ലാസുകൾ പൂർണ്ണസമയം പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെട്ടാണ് പണം പറ്റിയത് എന്ന് ഡിസംബർ 2015ന് കേരള സർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്. പദ്ധതി മാർഗ്ഗരേഖയുടെ നഗ്നമായ ലംഘനം സർക്കാർ സമ്മതിച്ച സ്ഥിതിക്ക് അധിക പ്രതിഫലം നൽകാനായി ചെലവഴിച്ച തുക കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും അവർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും സിഎജി ശുപാർശ ചെയ്തു. ഈ ശുപാർശ നടപ്പാക്കാൻ യുഡിഎഫ് ഗവൺമെന്റ് മുതിർന്നില്ല. എന്നാൽ നിലവിലിരിക്കുന്ന ഇടതുപക്ഷഗവൺമെന്റ് ഇതിന്മേൽ എന്തു നടപടി സ്വീകരിക്കുന്നു എന്നു കാത്തിരുന്നു കാണാം.

നൽകുന്ന ശമ്പളത്തിന്റെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്താൻ അദ്ധ്യാപകർക്ക് ബാങ്ക് അക്കൗണ്ടിലൂടെ വേണം പ്രതിഫലം നൽകാൻ എന്നു 2009 ജൂലൈയിൽ തന്നെ കേന്ദ്രസർക്കാർ നിഷ്കർഷിച്ചിരുന്നു. എങ്കിലും വളരെ താമസിച്ച്, മാർച്ച് 2014ൽ മാത്രമാണ് ഡിപിഐ ഇതുസംബന്ധിച്ച നിർദ്ദേശം ഡിഡിഇമാർക്കു കൈമാറുന്നത്. എന്നാൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദു റബ്ബിന്റെ നിർദ്ദേശം അനുസരിച്ച് വെറും രണ്ടുമാസത്തിനകം 2014 മേയിൽ ഡിപിഐ തന്റെ മുൻ ഉത്തരവു പിൻവലിക്കുകയും ശമ്പളം അദ്ധ്യാപകരുടെ അക്കൗണ്ടിൽ നേരിട്ടു ഡെപ്പോസിറ്റ് ചെയ്യുന്നതിനു പകരം പദ്ധതി മാർഗ്ഗരേഖ വ്യക്തമായി ലംഘിച്ചുകൊണ്ട് മദ്രസ അധികൃതർക്കു റിലീസ് ചെയ്തു നൽകുകയുമുണ്ടായി. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ് കേന്ദ്ര മാനദണ്ഡങ്ങൾക്കു വിരുദ്ധമായിരുന്നു എന്ന ഗുരുതരമായ ആരോപണവും സി&എജി റിപ്പോർട്ടിലുണ്ട്.

ട്രാൻസ്പേരൻസിയും അക്കൗണ്ടബിലിറ്റിയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടു നൽകിയ നിർദ്ദേശം സർക്കാർ അവഗണിച്ചു. ശമ്പളം ലഭിച്ചില്ലെന്ന നിരവധി പരാതികൾ മദ്രസാ അദ്ധ്യാപകരിൽ നിന്നുണ്ടായെങ്കിലും ഡിഡിഇമാർ നടപടി കൈക്കൊണ്ടില്ല. ഇത് ഗൗരവതരമായ ഒത്തുകളിയാണെന്നും ഇതുമൂലം അദ്ധ്യാപകർക്ക് യഥാർത്ഥത്തിൽ ശമ്പളം ലഭിച്ചിരുന്നോ എന്ന് ഉറപ്പാക്കാൻ ഓഡിറ്റിനു കഴിഞ്ഞില്ലെന്നും സിഎജി കുറ്റപ്പെടുത്തുന്നു.

പദ്ധതി മാർഗ്ഗരേഖയിലെ 21(v) വ്യവസ്ഥ പ്രകാരം പദ്ധതി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്തം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഉണ്ടായിരുന്നു. ദേശീയ ഓപ്പൺ സ്കൂൾ പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികളെ കുറിച്ചുള്ള ഫീഡ് ബാക് ശേഖരിക്കുകയും അവ ഡിപിഐ പരിശോധിച്ച് അവരുടെ നേട്ടത്തിൽ ഗുണപരമായ മുന്നേറ്റം ഉണ്ടെന്ന് ഉറപ്പുവരുത്തി അക്കാര്യം കേന്ദ്ര ഗ്രാൻഡ് ഇൻ എയ്ഡ് കമ്മിറ്റി മുമ്പാകെ വയ്ക്കുകയും ചെയ്യണമായിരുന്നു. ഇതു നടന്നില്ല. ഗ്രാൻഡ് ഇൻ എയ്ഡ് സംബന്ധിച്ച അക്കൗണ്ടുകൾ, ധനസഹായം കൈപ്പറ്റുന്ന മദ്രസകളുടെ എണ്ണം, കൈപ്പറ്റിയതും ഉപയോഗിച്ചതുമായ തുക, എന്നിവയടക്കമുള്ള പരിശോധനാ റിപ്പോർട്ട് പണം കൈമാറി ഒരു വർഷത്തിനകം ഡിപിഐ, സിജിഐഎസി മുമ്പാകെ ഫയൽ ചെയ്യേണ്ടിയിരുന്നു. എന്നാൽ 2015 ഡിസംബർ വരെ അങ്ങനെയൊന്ന് കേന്ദ്ര സർക്കാരിനു ലഭിച്ചിട്ടില്ല.

പദ്ധതിയുടെ പ്രധാന ഭാഗമായിരുന്നു, സംസ്ഥാന മദ്രസാ ബോർഡിന്റെ രൂപീകരണം. മുസ്ലീം സമുദായത്തിലെ കുട്ടികൾക്കിടയിൽ പദ്ധതിയുടെ മെച്ചങ്ങൾ സംബന്ധിച്ച അവബോധം വളർത്തുന്നതിനും മദ്രസകളുടെ ആധുനികവത്കരണ പരിപാടി നിരീക്ഷിക്കുന്നതിനും ചുമതലയുണ്ടായിരുന്ന ഇങ്ങനെയൊരു സ്ഥാപനം രൂപീകരിച്ചതേയില്ല.

പട്ടികജാതി / പട്ടികവർഗ്ഗവകുപ്പിൽ അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്തതാണ് വാർത്തയെങ്കിൽ മദ്രസകളുടെ കാര്യത്തിൽ അർഹതയില്ലാത്തവർക്ക് ആനുകൂല്യങ്ങൾ ലഭിച്ചതാണ് 'വാർത്ത'. പ്രീ മെട്രിക് ഹോസ്റ്റലുകളുടെ പേരിൽ ഖജനാവിൽനിന്ന് ഒഴുകുന്ന പണം പോകുന്ന പോക്കറ്റുകൾ ഏതൊക്കെയെന്ന അന്വേഷണം ഉണ്ടാകുമെന്ന് വിശ്വസിക്കാം. എന്നാൽ മദ്രസകളിലേക്ക് അനധികൃതമായി ഒഴുക്കിയ പണത്തിന്റെ കാര്യം ആരന്വേഷിക്കും?

ഒരു വശത്ത് പദ്ധതി നടപ്പിലാക്കുന്നതിലെ വീഴ്ച പരിഹരിച്ചില്ല. മറുവശത്ത് അർഹതയില്ലാതെ ലഭിക്കുന്ന ആനുകൂല്യങ്ങൾ തടയുന്നതിൽ വീഴ്ത്ത വരുത്തി.

Read More >>