മാണി ഗ്രൂപ്പ് എൽഡിഎഫിലെത്തും; ജോസ് കെ മാണിയും ജോസഫും മന്ത്രിയായേക്കും; തുടർഭരണം ലക്ഷ്യമിട്ട് സിപിഎം

മാണി ഗ്രൂപ്പിനെ എൽഡിഎഫിൽ ചേർത്ത് സംസ്ഥാനത്ത് തുടർഭരണത്തിന് വഴിയൊരുക്കാൻ സിപിഎം ഒരുങ്ങുന്നു. ആരോപണവിധേയനായ കെ എം മാണി മാറി നിൽക്കുകയും പകരം ജോസ് കെ മാണിയെയും പിജെ ജോസഫിനെയും മന്ത്രിമാരാക്കാമെന്നുമാണ് സിപിഎം മുന്നോട്ടു വെയ്ക്കുന്ന വാഗ്ദാനം.

മാണി ഗ്രൂപ്പ് എൽഡിഎഫിലെത്തും; ജോസ് കെ മാണിയും ജോസഫും മന്ത്രിയായേക്കും; തുടർഭരണം ലക്ഷ്യമിട്ട് സിപിഎം

മാണി ഗ്രൂപ്പിനെ എൽഡിഎഫിൽ ചേർത്ത് സംസ്ഥാനത്ത് തുടർഭരണത്തിന് വഴിയൊരുക്കാൻ സിപിഎം ഒരുങ്ങുന്നു. ആരോപണവിധേയനായ കെ എം മാണി മാറി നിൽക്കുകയും പകരം ജോസ് കെ മാണിയെയും പിജെ ജോസഫിനെയും മന്ത്രിമാരാക്കാമെന്നുമാണ് സിപിഎം മുന്നോട്ടു വെയ്ക്കുന്ന വാഗ്ദാനം. ഇങ്ങനെയൊരു സാഹചര്യമുണ്ടായാൽ മധ്യകേരളത്തിൽ യുഡിഎഫിനെ സമ്പൂർണമായി തകർക്കാമെന്നാണ് കണക്കുകൂട്ടൽ.

തനിക്കു പകരം മകനെ മന്ത്രിയാക്കാമെന്ന വാഗ്ദാനം തളളാൻ കെ എം മാണിയ്ക്കു കഴിയുകയില്ല. കേന്ദ്രത്തിൽ യാതൊരു അധികാരവുമില്ലാത്ത സഹമന്ത്രിസ്ഥാനത്തെക്കാൾ കേരള മന്ത്രിസഭയിലെ അംഗത്വമാണ് ജോസ് കെ മാണിയും ആഗ്രഹിക്കുന്നത്.


കേരള കോൺഗ്രസിനെ എൻഡിഎ പക്ഷത്തേയ്ക്കു തളളിവിട്ട് പ്രബലമായ ഒരു ന്യൂനപക്ഷ സമുദായത്തിൽ ബിജെപി പിടിമുറുക്കുന്ന സാഹചര്യം സൃഷ്ടിക്കരുത് എന്ന് സിപിഎമ്മിൽ ഏകദേശ ധാരണയായി. ഇതു മനസിലാക്കാതെയാണ് കഴിഞ്ഞ ദിവസം മാതൃഭൂമിയിൽ ''അപ്രസക്തമാകുന്ന കേരള കോണ്‍ഗ്രസ്'' എന്ന തലക്കെട്ടിൽ എം എ ബേബി ലേഖനമെഴുതിയത്. ലേഖനം പുറത്തുവന്ന അന്നു തന്നെ കോടിയേരി ബേബിയെ തളളിപ്പറഞ്ഞു രംഗത്തു വന്നിരുന്നു.

കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ മാത്രമാണ് ഇപ്പോൾ യുഡിഎഫിന് എൽഡിഎഫിനെക്കാൾ എംഎൽഎമാരുളളത്. ഇതിൽ കേരള കോൺഗ്രസിന്റെ പിന്തുണയുണ്ടെങ്കിൽ കോട്ടയത്തും എൽഡിഎഫ് മുന്നിലെത്തും. അപ്പോൾ എറണാകുളവും മലപ്പുറവും മാത്രമാവും യുഡിഎഫിന്റെ കോട്ടകൾ എന്നു പറയാവുന്ന ജില്ലകൾ. അങ്ങനെ കേരളത്തിൽ എൽഡിഎഫിന് നിഷ്പ്രയാസം തുടർഭരണം ഉറപ്പാക്കാം.

1992ൽ ബാബറി മസ്ജിദിന്റെ തകർച്ചയെ തുടർന്ന് മുസ്ലിംലീഗ് യുഡിഎഫ് വിട്ടുപുറത്തു വന്നിരുന്നു. എന്നാൽ അവരെ മുന്നണിയിലെടുക്കാൻ അന്ന് എൽഡിഎഫ് തയ്യാറായിരുന്നില്ല. തുടർന്ന് കെ കരുണാകരൻ കോൺഗ്രസ് ഉപേക്ഷിച്ച് ഡിഐസി ഉണ്ടാക്കിയ സാഹചര്യവും ഫലപ്രദമായി ഉപയോഗിക്കാൻ സിപിഎമ്മിനു കഴിഞ്ഞില്ല. സിപിഎമ്മിനുളളിലെ കടുത്ത വിഭാഗീയതയും സിപിഐ, ആർഎസ്പി അടക്കമുളള ഘടകകക്ഷികളുടെ സമ്മർദ്ദവുമായിരുന്നു ഡിഐസിയുടെ എൽഡിഎഫ് പ്രവേശനം തടഞ്ഞത്.

എന്നാലിന്ന് സിപിഎം കേരള നേതൃത്വത്തിനു മുന്നിൽ യാതൊരു പ്രതിബന്ധവുമില്ല. വിഎസ് അച്യുതാനന്ദന് പഴയ സമ്മർദ്ദശേഷി നഷ്ടമായിരിക്കുന്നു. പാർടി അഖിലേന്ത്യാ നേതൃത്വത്തിനും നിലവിൽ കേരളാ ഘടകത്തിന്റെ തീരുമാനങ്ങളെ എതിർക്കാനുളള ശേഷിയില്ല. അതുകൊണ്ടുതന്നെ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തി തങ്ങളുടെ ഇംഗിതം നടപ്പാക്കാൻ ഇനി സിപിഐയ്ക്കു കഴിയുകയില്ല. അവരുടെ എതിർപ്പും ചായക്കോപ്പയിലെ കൊടുങ്കാറ്റായി അസ്തമിക്കും.

മുസ്ലിംലീഗ് യുഡിഎഫ് ഉപേക്ഷിച്ച സാഹചര്യവും ഡിഐസി ഉണ്ടായ സാഹചര്യവും ഇടതുമുന്നണിയ്ക്ക് ഗുണപ്പെടുത്തുന്ന വിധത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് ചിന്തിക്കുന്നവരാണ് സിപിഎം നേതൃത്വത്തിലെ പ്രബല വിഭാഗം. അതുകൊണ്ട് യുഡിഎഫിന്റെ ശിഥിലീകരണം ലക്ഷ്യമിട്ടുളള നിലപാടുകളായിരിക്കും മാണിയുടെ കാര്യത്തിൽ കൈക്കൊളളുക. ഭാവിയിൽ മുന്നണിയിൽ ആരൊക്കെ എന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല എന്ന് കോടിയേരി തുറന്നു പറഞ്ഞു കഴിഞ്ഞു. ആദ്യം പ്രാദേശികതലത്തിൽ അണികൾ തമ്മിലുളള സഹകരണം ശക്തിപ്പെടുത്താനാണ് സിപിഎം നീക്കം. പൊതുപ്രശ്നങ്ങളിലും കേന്ദ്രവിരുദ്ധ നിലപാടുകളിലും ഒന്നിക്കാമെന്ന ഓഫർ സിപിഎം സംസ്ഥാന സെക്രട്ടറി മാണിയ്ക്കു മുന്നിൽ പരസ്യമായി സമർപ്പിച്ചു കഴിഞ്ഞു.

ഇങ്ങനെയൊരു വാഗ്ദാനം തളളി ബിജെപിയെ തുണയ്ക്കാൻ മാണി തുനിഞ്ഞേക്കില്ല. ജോസ് കെ മാണിയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ കടക്കാൻ ഇതിനേക്കാൾ നല്ല അവസരവുമില്ല. ഒരുവർഷത്തിനുളളിൽ കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ ചേരാനുളള രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്ത് ഉരുത്തിരിയുന്നത്.

Read More >>