നടന്‍ കമലഹാസന് ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ ബഹുമതി

ശിവാജി ഗണേശന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി, നന്ദിത ദാസ്, ഷാരുഖ് ഖാന്‍ തുടങ്ങിയവരാണ് ഇതിനുമുന്‍പ് ഇന്ത്യയില്‍ നിന്നും ഷെവലിയര്‍ ബഹുമതി ലഭിച്ചിട്ടുള്ള നടീനടന്മാര്‍

നടന്‍ കമലഹാസന് ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ ബഹുമതി

നടന്‍ കമലഹാസന് ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ ബഹുമതി. കല, സാഹിത്യം തുടങ്ങിയ മേഖലകളിലെ സംഭാവനക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്ക്കാരമാണിത്.

1954 നവംബര്‍ 7-ന് തമിഴ്നാട്ടിലെ പരമകുടിയില്‍ ജനിച്ച കമലഹാസന്‍ 1960-ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴ്, ഹിന്ദി, തെലുഗ്, മലയാളം, കന്നഡ തുടങ്ങിയ 5 ഭാഷകളിലായി 200-ഓളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിടുകയും 3 

ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. മികച്ച നടനുള്ള 3 ദേശീയ പുരസ്ക്കാരങ്ങളും പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികളും തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്ക്കാരവും 5 പതിറ്റാണ്ടുകള്‍ നീണ്ട അഭിനയജീവിതത്തില്‍ അദ്ദേഹത്തിന് സ്വന്തമായുണ്ട്. 

ഷെവലിയര്‍ ബഹുമതി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും തന്റെ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഈ അംഗീകാരം സമര്‍പ്പിക്കുന്നു എന്നുമായിരുന്നു മാധ്യമങ്ങളോട് കമലഹാസന്റെ പ്രതികരണം. ശിവാജി ഗണേശന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി, നന്ദിത ദാസ്, ഷാരുഖ് ഖാന്‍ തുടങ്ങിയവരാണ് ഇതിനുമുന്‍പ് ഇന്ത്യയില്‍ നിന്നും ഷെവലിയര്‍ ബഹുമതി ലഭിച്ചിട്ടുള്ള നടീനടന്മാര്‍.

Read More >>