ദീപാ നിശാന്ത് "പെൺപയ്യൻസെ"ന്ന് സംവിധായകൻ കമൽ; കമലിനെ ചവിട്ടിക്കൂട്ടാൻ വികെഎൻ ആരാധകർ; അരങ്ങു കൊഴുപ്പിക്കാൻ ദീപയുടെ ഉരുളയ്ക്കുപ്പേരി

ദീപയുടെ പുതിയ പുസ്തകമായ 'നനഞ്ഞു തീർത്ത മഴകൾ' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടാണ് കമൽ വികെഎൻ ആരാധകരെ ചൊടിപ്പിച്ച പരാമർശം നടത്തിയത്. വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഉരുളയ്ക്കുപ്പേരിപോലെ മറുപടി പറഞ്ഞ് ദീപയും വിവാദം സജീവമാക്കുന്നു.

ദീപാ നിശാന്ത് "പെൺപയ്യൻസെ"ന്ന് സംവിധായകൻ കമൽ; കമലിനെ ചവിട്ടിക്കൂട്ടാൻ വികെഎൻ ആരാധകർ; അരങ്ങു കൊഴുപ്പിക്കാൻ ദീപയുടെ ഉരുളയ്ക്കുപ്പേരി

സോഷ്യൽ മീഡിയയിൽ വികെഎൻ ആരാധകർ കലിതുള്ളി നിൽക്കുകയാണ്. അവരെ പ്രകോപിപ്പിച്ചത് സംവിധായകൻ കമലും. തൃശൂർ കേരള വർമ്മ കോളജിലെ അധ്യാപികയായ ദീപാ നിശാന്തിനെ കമൽ സാക്ഷാൽ വികെഎന്നിനോട് ഉപമിച്ചുവെന്നാരോപിച്ചാണ് ആരാധക സംഘം കമലിനെ ചവിട്ടിക്കൂട്ടാൻ കാലോങ്ങുന്നത്. ദീപയുടെ പുതിയ പുസ്തകമായ 'നനഞ്ഞു തീർത്ത മഴകൾ' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടാണ് കമൽ വികെഎൻ ആരാധകരെ ചൊടിപ്പിച്ച പരാമർശം നടത്തിയത്.

വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഉരുളയ്ക്കുപ്പേരി മറുപടി പറഞ്ഞ് ദീപയും വിവാദം സജീവമാക്കുന്നു. "വികെഎൻ ജീവിച്ചിരിപ്പുണ്ടേൽ മേൽ പ്രസ്താവന ഒന്നിന്റെ പേരിൽ സംവിധായകനെ കാലയവനിക വലിച്ചു പൊക്കി ഉള്ളിലിട്ടു ചവിട്ടി കൂട്ടിയേനേ"യെന്ന്

റഫീഖ് ഇബ്രാഹിം. "വി കെ എൻ ഉണ്ടായിരുന്നെ കമൽ സാറിനു ആ സ്റ്റേജിൽ വച്ചു തന്നെ പുട്ടും കടലയും കൊടുത്തേനെ"യെന്ന് ബിലാൽ റാവുത്തർ.

റാവുത്തർക്ക് ദീപാ നിശാന്തിന്റെ മറുപടിയിങ്ങനെ… "ശ്രദ്ധിക്കൂ ആൺകുട്ടീ... ഒരു പുസ്തകത്തിന്റെ അവതാരികയിലും പുസ്തക പ്രകാശന വേളയിലും പുസ്തകത്തെപ്പറ്റി ഇജ്ജാദി കമന്റ്സൊക്കെ തികച്ചും സ്വാഭാവികമാണ്.... അതിനെയിങ്ങനെ കീറി മുറിക്കാൻ താൻ വിയറ്റ്നാം കോളനീലെ റാവുത്തറൊന്നുമല്ലല്ലോ.... ഈ ഫേസ്ബുക്കിലെ ബിലാല് റാവുത്തറന്ന്യല്ലേ??"

അങ്ങനെ മുന്നേറുന്നു അങ്കം.

കമൽ മലയാള നാടിൽ എഴുതിയ കുറിപ്പിലെ വികെഎന്നിനെ പരാമർശിക്കുന്ന ഭാഗം ഇങ്ങനെ.
വി.കെ.എൻ. ഇന്ന് നമ്മോടൊപ്പമില്ല. അത്യപൂർവ്വമായ ആ എഴുത്തിനും ദാർശനീകനർമ്മശൈലിയ്ക്കും പകരം വെക്കാൻ മലയാളഭാഷയിൽ മറ്റൊരു എഴുത്തുകാരനോ എഴുത്തുകാരിയോ സമീപഭാവിയിൽ ഉണ്ടാകുമെന്ന് നമുക്കിപ്പോൾ പ്രവചിക്കാനുമാവില്ല. അങ്ങനെ ഒരു ‘കാഞ്ഞ വിത്താ’യിരുന്നു മൂപ്പിൽസ്. ആ മൂപ്പിൽസിനെ അനുകരിച്ച് കാലിടറിപ്പോയ പയ്യൻസിനേയും, ചാത്തൻസിനേയുമൊക്കെ സാഹിത്യത്തിന്റെ ഈ അണ്ഡകടാഹത്തിൽ നമ്മൾ എത്ര കണ്ടിരിയ്ക്കുന്നു! പക്ഷെ, സമീപകാലത്ത് നവമാധ്യമമായ സോഷ്യൽ മീഡിയയിൽ അത്രയൊന്നും കൊട്ടി ഘോഷിയ്ക്കപ്പെടാതെ ചില ഒറ്റപ്പെട്ട ‘വി.കെ.എൻ. മാതൃകകൾ’ മിന്നിമാഞ്ഞു പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മൂപ്പിൽസിനെ ഒട്ടും അനുകരിയ്ക്കാതെ തന്നെ മൗലികമായ നർമ്മവും, കൊള്ളേണ്ടിടത്ത് കൊള്ളുന്ന പരിഹാസവുമായി പ്രതീക്ഷയുണർത്തുന്ന ചില മിന്നലാട്ടങ്ങൾ. അക്കൂട്ടത്തിൽ പെൺവേഷത്തിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട ഒരു “പയ്യൻസ് “വളരെ പെട്ടെന്ന് മുഖ്യധാരയിലേയ്ക്ക് കയറി വന്നു. അതാണ് ദീപാനിശാന്ത്. തൃശ്ശൂർ ഭാഷയുടെ സ്വതസിദ്ധമായ ഹാസസൗന്ദര്യവും, ചാട്ടുളി പോലെ സമൂഹമനസ്സിലേയ്ക്ക് ചെന്നു തറച്ച തീക്ഷ്ണമായ ചില വിമർശനങ്ങളും, നിരീക്ഷണങ്ങളും കൊണ്ട് ഈ എഴുത്തുകാരി പുതുതലമുറയുടെ മുമ്പിൽ പെട്ടെന്ന് സ്വീകാര്യയായി. സ്വകാര്യ ജീവിതത്തിലും തൊഴിൽ ഇടത്തിലും ഉണ്ടാകുന്ന കൊച്ചു കൊച്ചു അനുഭവത്തുണ്ടുകളെ ചേർത്തുവച്ച് നർമ്മത്തിന്റെ വർണ്ണനൂലുകളിൽ കോർത്ത് ‘പോസ്റ്റ്’ ചെയ്ത കുറിപ്പുകൾ വളരെ പെട്ടെന്ന് ‘വൈറലാ’യി. അവയിൽ ചിലത് ചില പാരമ്പര്യവാദികളുടെ ഉറക്കം കെടുത്തി.പിന്തിരിപ്പൻ മേലാളന്മാർ ഉടവാളെടുത്ത് ഉറഞ്ഞു തുള്ളി. പക്ഷേ , ദീപ പിന്മാറിയില്ല. നിലപാടുകളിൽ ഉറച്ചുനിന്ന് പൊരുതി.വീണ്ടും വീണ്ടും എഴുതി. അവിടെയാണ് ദീപാനിശാന്ത് പ്രസക്തയാകുന്നത്. ഞങ്ങളെപ്പോലുളളവർക്ക് പ്രിയങ്കരിയാവുന്നതും.

അതിനു മറുപടിയായി റഫീഖ് ഇബ്രാഹിം എഴുതിയ കുറിപ്പ്..
മുട്ടറ്റമേയുള്ളൂ ഭൂതകാലക്കുളിരെന്നത് കെ.ജി.എസിന്റെ ഒരു രാഷ്ട്രീയ കൽപ്പനയാണ്. കാൽവണ്ണ വരെ കുളിരേക്കാമെങ്കിലും അതിന് മോളിലോട്ട് പൊള്ളുന്ന രാഷ്ട്രീയ യാഥാർത്ഥ്യത്തെക്കുറിച്ചായിരുന്നു കെ.ജി.എസ്സടക്കം പറഞ്ഞു കൊണ്ടിരുന്നത്. മുട്ടറ്റം മാത്രമുള്ള ഭൂതകാലക്കുളിരിനെ കുന്നോളം വലിപ്പമുള്ള ഭൂതകാലക്കുളിരിലേക്ക് കൂട് മാറ്റി കൂട് വെപ്പിക്കുന്നതോടെ ചോർന്നു പോകുന്നത് പരുക്കൻ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള പൊള്ളുന്ന ജാഗ്രതയാണ്. ഒന്ന് നിഷേധാത്മകമായ / വലിച്ചെറിയേണ്ട ഒന്നായി ഗൃഹാതുരതയെ വിലയിരുത്തുമ്പോൾ രണ്ടാമത്തേത് ഒരു സൗവർണ്ണ ഭൂതകാലത്തിന്റെ പൈങ്കിളി ച്ചന്തത്തിൽ മുഴുകാൻ പ്രേരിപ്പിക്കുന്നു. രണ്ടും രണ്ട് വഴിയിലേക്ക് പിരിഞ്ഞു പോകുന്നു.
ഇതിലേത് സ്വീകരിക്കണമെന്നത് അനുവാചകന്റെ സ്വാതന്ത്ര്യമാണ് (?). എങ്കിലും പൈങ്കിളിയുടെ ഭാവനാ മണ്ഡലമായി നമ്മള് കൊയ്യും വയലിനെ മാറ്റിയ ധാരയല്ല മലയാളത്തെ മുൻപോട്ട് നയിച്ചതെന്ന് അച്ചട്ട്. സംസ്കാര മലയാളത്തിന് പക്ഷേ റിൽകെയുടെ കൂടെ മുട്ടത്തു വർക്കിയെയും പെട്ടിയിൽ കൊള്ളിച്ചാലേ അസ്തിത്വ ദുഃഖത്തിന് ശമനം വരൂ. യാതൊരു ധൈഷണിക വ്യാപാരവുമാവശ്യമില്ലാത്ത ചേമ്പിലയിൽ വീഴുന്ന വെള്ളത്തുള്ളികളാണ് മലയാളത്തിലെ ഏറ്റവും വികസിതമായ ജ്ഞാന ശാഖയിലെ പോലും ആദർശാത്മക ആഖ്യാനങ്ങളെന്ന് വരുന്നത് ശ്രേഷ്ഠ ഭാഷയെക്കുറിച്ച് അപകർഷതയുയർത്തുന്നില്ലെങ്കിൽ വിജ്ഞാനം ഇപ്പം ഓട്ടർഷ വിളിച്ചു വരും. കാത്തിരിക്കാം.

അതിനിടയിലാണ് വി കെ എൻ ന്റെ പെൺ ഫോട്ടോ കോപ്പി യെന്ന തരം പബ്ലിക് ഇന്റെലക്ച്വൽസ് ഉവാച. ബി.രാജീവൻ ഒരു കഥ പറയുന്നുണ്ട്. പണ്ട് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് സുഹൃത്തുക്കളോടൊപ്പം ലോഡ്ജിലേക്ക് സഞ്ചരിക്കേ സുഹൃത്തുക്കളിലൊരാൾ ഓട്ടോ ഡ്രൈവറോട് വി.കെ.എൻ നെ ചൂണ്ടി ഇതാരാണെന്ന് ഊഹിക്കാൻ ആവശ്യപ്പെട്ടത്രേ. മൂവർസംഘത്തിന്റെ സംസാരത്തിൽ നിന്ന് ഓട്ടോയിലുള്ളത് സാഹിത്യകാരൻമാരെന്ന് മനസിലാക്കിയ ഡ്രൈവർ അക്കാലത്ത് ( ഇക്കാലത്തും) വളരെ പ്രശസ്തനായ ഒരു സാഹിത്യകാരന്റെ പേര് പറഞ്ഞു. നിർബന്ധമായി വണ്ടി നിർത്തിച്ച് പുറത്തിറങ്ങിയ വി.കെ.എൻ ഫുട്പാത്തിലിരുന്ന് അപമാനം സഹിക്കാൻ വയ്യാണ്ട് പൊട്ടിക്കരഞ്ഞെന്ന് കഥ. അങ്ങേരിന്ന് ജീവിച്ചിരിപ്പുണ്ടേൽ മേൽ പ്രസ്താവന ഒന്നിന്റെ പേരിൽ സംവിധായകനെ കാലയവനിക വലിച്ചു പൊക്കി ഉള്ളിലിട്ടു ചവിട്ടി കൂട്ടിയേനേ.

ഭാഷയെയും സാഹിത്യത്തെയും ആഖ്യാനത്തെയു കുറിച്ചുള്ള അധികാര ബന്ധങ്ങളെ തകിടം മറിക്കുന്ന വിധ്വംസകതയാണ് വി.കെ.എൻ എഴുത്ത്. അതിനെ കുന്നോളമുള്ള ഭൂതകാലക്കുളിരിന് സമാനമെന്ന് ഉപമിക്കുമ്പോ ഹു ഈസ് അഫ്രൈഡ് ഓഫ് വിർജീനിയ വൂൾഫ് എന്നതിനെ വെള്ളായണി അർജുനനെ ആർക്കാണ് ഭയമെന്ന് പരിഭാഷപ്പെടുത്തിയ വി കെ എൻ ഫലിതം പോലെയാണ് അനുഭവപ്പെടുന്നത്. വി.കെ.എൻ നെ വായിച്ചാൽ പോരാ വി കെ എൻ നെ വായിച്ചവരെക്കൂടി വായിച്ചാൽ സ്ഥലജല ഭ്രമം ച്ചിരെ മാറി കിട്ടിയേനേ.
" പലായ ധ്വം പലായ ധ്വം
രേരേ ദുഷ്കവി കുഞ്ജരാ: "
( ആയിരം മീറ്ററോടട്ടെ ദുഷ്കവി പൊട്ടയാനകൾ എന്ന് മറ്റൊരു പരിഭാഷ)

ദീപാ നിശാന്തിന്റെ മറുപടി
"എന്റെ മോഡൽ നിശ്ചയിക്കുന്നത് ആരാണ്? നിങ്ങളോ ഞാനോ?"
പൊൻകുന്നം വർക്കിക്കഥയിലെ പാപ്പൻ പണ്ട് ചോദിച്ചതാണ്. ഫ്രാൻസിസ് എന്ന തയ്യൽക്കാരനോട്. ചില ആളുകളുടെ "ബൗദ്ധിക" പ്രതികരണങ്ങൾ കാണുമ്പോൾ പാപ്പനെ ഓർമ്മ വരുന്നു. നമുക്കു ചേരുന്ന വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമ്മുടേതാണ് എന്ന സാമാന്യബോധം പോലുമില്ലാത്ത ആളുകളാണ് അസഹിഷ്ണുതാ, അസഹിഷ്ണുതാന്നും പറഞ്ഞ് നെലോളിച്ച് നടക്കണതെന്നോർക്കുമ്പളാണ് കോമഡി.

"എനിക്കുള്ള മോഡൽ ഞാൻ നിശ്ചയിക്കും!" എന്ന് 'മോഡൽ' കഥയിലെ പാപ്പൻ പറഞ്ഞതേ പറയാനുള്ളൂ. അളവെടുത്ത് തയ്യൽക്കാരൊക്കെ ഷർട്ടും തയ്പ്പിച്ച് അവടിരിക്ക്! എന്റെ മോഡൽ എങ്ങനെ വേണന്ന് ഞാൻ നിശ്ചയിച്ചോളാട്ടാ.....

"രണ്ടു തരത്തിലാണ് മനുഷ്യർ. പുറത്തു തുപ്പുന്നവരും കോളാമ്പിയിൽ തുപ്പുന്നവരും.കോളാമ്പിയിൽ തുപ്പുന്നതാണോ പുറത്ത് തുപ്പുന്നതാണോ ശുദ്ധസാഹിത്യം എന്നത് ഒരു സാംസ്കാരിക പ്രശ്നമാണ്. ആവിഷ്കരണ പ്രശ്നവുമാണ് !! "

വേദാന്തവനവീരപ്പനായ ഉദ്ദണ്ഡ സിമ്മത്താനെക്കണ്ട് പേടിച്ച് മുട്ടുവിറച്ച് ഈ ദുഷ്ക്കവിപ്പൊട്ടയാന ആയിരം മീറ്റർ ഓടിക്കോളാം! രണ്ട്രാശം!

വിരാമതിലകം:
ചോദ്യം: "പുതിയ തലമുറയിൽ ഹാസ്യം കൈകാര്യം ചെയ്യുന്ന ആരെങ്കിലും ഉള്ളതായിട്ടുണ്ടോ? പൊതുവെ യുവകഥാകൃത്തുക്കളെക്കുറിച്ച് എന്താണഭിപ്രായം? "
വി.കെ.എൻ: " മറ്റ് പൈങ്കിളികളെക്കുറിച്ച് എന്നോട് ചോദിക്കരുത്.''
ചോദ്യം: " വി.കെ.എൻ.ആരാണ് എന്നു ചോദിച്ചാൽ വരും തലമുറ എങ്ങനെ ഉത്തരം പറയണമെന്നാണാഗ്രഹം?''
വി.കെ.എൻ.: "എന്ത് പറഞ്ഞാലും വേണ്ടില്ല !"
ചോദ്യം: "താങ്കളുടെ പയ്യൻ വളരെ പോപ്പുലറാണല്ലോ. എന്താ കാരണം?
വി.കെ.എൻ.: "ജനത്തിന്റെ ബുദ്ധിമോശം!"

പുസ്തകപ്രകാശനം മംഗളമായ ഒരു ചടങ്ങാണ് എന്ന് അഷ്ടമൂർത്തി പറഞ്ഞിട്ടുണ്ട് ഏമാൻമാരേ. പുസ്തകത്തിന്റെ അവതാരിക പോലെയാണത്. ചീത്ത കാര്യങ്ങളൊന്നും ആരും പറയില്ല. ആകെ കല്യാണാന്തരീക്ഷമാണ്. നാണിച്ചു നിൽക്കുന്ന നവവധുവിനെപ്പോലെ എഴുതിയ ആൾ, താലികെട്ടു പോലെ പുസ്തക പ്രമുക്തി, മിന്നിമറയുന്ന ഫ്ലാഷുകൾ, ചായേം ബിസ്കറ്റും !
നൈനം ദഹതി പാവക: എന്ന് ഭഗവദ്ഗീത !
"നൈനാനെ ഒരു പുല്ലും ചെയ്യാൻ പാവകനു പറ്റുകേല!" എന്ന് വി.കെ.എൻ!

ദാമോദർ പ്രസാദ്
ദീപ ദീപയുടെ തുടർച്ചയാണ്. സോഷ്യൽ മീഡിയ സാഹിത്യത്തിൽ മൗലികമായ എഴുത്തിന്റെ പുതിയ വഴികൾ തീർക്കുകയാണ് ദീപ. വി കെ എന്നിന്റെ പിന്തുടർച്ചാവകാശമൊന്നും ദീപയുടെ എഴുത്തിനു വേണ്ട.
എന്നാൽ അപാരമ്പര്യത്തിന്റെ ഊർജപ്രവാഹവുമല്ല ദീപയുടെ എഴുത്ത്‌. ദീപയുടെ എഴുത്ത്‌ വിശ്വസാഹിത്യകാരൻ ബഷീറിനെ ഓർമിപ്പിക്കുന്നു. ഒരു അന്തർധാര അവർ തമ്മിലുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നല്ല ഹ്യൂമറുള്ള എഴുത്താണ് ദീപയുടേത്. അതിനു ബഷീറിലേതു പോലെ ലാളിത്യമുള്ളതാണ്. വി കെ എന്നിലേതു പോലെ ചരിത്രത്തിൽ നിന്നും ലോകരാഷ്ട്രീയത്തിൽനിന്നുമുള്ള അറിവുമായി പിരികേറ്റി വരുന്നതല്ല; ചുറ്റുവട്ടത്തു നിന്ന് കണ്ടെത്തുന്നതാണ്- നാട്ടറിവിന്റെ തെളിമയുള്ളതു.
ഡിജിറ്റലായല്ല ദീപയുടെ എഴുത്ത്‌ ഞാൻ (എന്ന ഞ്യാൻ!) വായിച്ചത്. അച്ചടിയിൽ തന്നെയാണ്. ആധുനികത വിട്ടുമാറാത്ത ഞ്യാൻ!. സോഷ്യൽ മീഡിയിൽ എഴുതുന്നവർപോലും അഭിലഷിക്കുന്നത് അച്ചടിച്ച തന്റെ ഒരു പുസ്തകമാണ്. അതിൽ എല്ലാവരും ഒന്ന് പോലെ.
പുതിയത് വായിക്കണം. ഡി സി യിലെ ശ്രീകുമാർ പറഞ്ഞത് ഇറങ്ങിയ ഉടനെ 150 കോപ്പി പോയി എന്നാണു

അഭിലാഷ് മേലതിൽ
ഇതിന്റെ പേരിൽ ദീപയെ ആരെങ്കിലും വ്യക്തിപരമായി ആക്രമിക്കുന്നെങ്കിൽ അത് തെറ്റാണ്. കമൽ ലോ ടേസ്റ്റ് ഉള്ള ആളായാണ് അയാളുടെ സിനിമ കണ്ടാൽ തോന്നുക. അയാൾ പറഞ്ഞതിനെയും ആ തരത്തിൽ കാണാവുന്നതേയുള്ളൂ. പക്ഷെ വിമർശനം പാടില്ല എന്ന നിലപാട് ദീപക്കുണ്ടെങ്കിൽ അത് മാറ്റണം എന്നേ ഞാൻ പറയൂ (അങ്ങനെ എവിടോ പറഞ്ഞതായി ഞാൻ കണ്ടു, ഒരിടത്ത്). വിമർശനാതീതമായി എന്തെങ്കിലും ഉണ്ട് ഈ ലോകത്ത് എന്ന് ദീപക്ക് അഭിപ്രായമുണ്ടോ? ഫേസ്‌ബുക്കിൽ വലിയ ചിലവൊന്നുമില്ല - നോബഡി കെയെർസ് എബൌട്ട് ഡെപ്ത്. പക്ഷെ അത് ഗോൾഡ് സ്റ്റാൻഡേർഡ് ആണെന്ന് സമർത്ഥിക്കരുത്, പ്ലീസ്. ഭാഷയും ശൈലിയും അദ്ധ്വാനവും "മോഡലും" ഒക്കെ സ്വന്തമാകാം. അതെന്നു വച്ച് ബാക്കിയുള്ളവർ മിണ്ടരുത് എന്ന് പറയുന്നത് എന്ത് ന്യായമാണ്("സംഘാക്കൾ?", സീരിയസ്‌ലി?)?പബ്ലിക് സ്‌പേസിൽ വന്നാൽ പലതരം അഭിപ്രായം വരും, ഇതറിഞ്ഞില്ലേ പുസ്തകത്തെ ഇറക്കാനുള്ള തീരുമാനം എടുത്തത്? പിന്നെ, എന്തിനയുമേതിനെയും ലളിതവൽക്കരിക്കുന്നതുകൊണ്ട് ആർക്കാണ് നേട്ടം എന്ന് കൂടി ഒരധ്യാപിക എന്ന നിലയിലും കഴിഞ്ഞ കാലത്തെ അനുഭവം കൊണ്ടും ദീപക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ (ബുദ്ധി ജീവികൾ തൊട്ട് വ്യത്യസ്തരായവരെ മുഴുവൻ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്ന ആളുകളും ഉപയോഗിക്കുന്നത് ഇത്തരം ലളിത യുക്തികളാണ് - ഞങ്ങൾക്ക് മനസിലാകുന്നില്ല സൊ യു ഡൈ എന്ന് ).

ബിലാൽ റാവുത്തർ
വി കെ എന്നിന്റെ പെൺതുടർച്ച ദീപ നിശാന്ത് : കമൽ
ഗോൾ സിനിമ കണ്ടതിനു ശേഷം കമൽ സാറിനോട് ബഹുമാനം തോന്നിയ മറ്റൊരു അസുലഭ സുന്ദര സുരഭില നിമിഷം

Jisa Jose
ജനപ്രിയ ചേരുവകളുടെയും ജീവചരിത്ര സിനിമയെന്ന പേരിലെടുക്കുന്ന കൃത്രിമ നാട്യങ്ങളുടെയും സംവിധായകൻ മാത്രമായ കമലിന് ദീപാ നിശാന്തിന്റെ കുറിപ്പുകൾ വി.കെ.എൻ തുടർച്ചയെന്നു തോന്നിയെങ്കിൽ അദ്ദേഹം വി കെ.എൻ വായിച്ചിട്ടില്ലെന്നേ അർത്ഥമുള്ളൂ' ഓർമ്മയെഴുത്തിന്റെ താരതമ്യേന പ്ലെയിൻ ആയ തലത്തിൽ മാത്രം നിൽക്കുന്ന കാല്പനികതയുടെ അമിത ഭാരമുള്ള ദീപയുടെ എഴുത്തെവിടെ ? കാല്പനികതയെ തൂത്തു തുടച്ചു പിണ്ഡം വെച്ച പല തലങ്ങളും അടരുകളുമുള്ള വി കെ എൻ എവിടെ? ഒരാൾ ഫിക്ഷനും മറ്റേയാൾ ഓർമ്മക്കുറിപ്പുമാണെഴുതിയത് എന്നതിരിക്കട്ടെ. ശൈലിയിൽ പോലും അവർ തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ ? ദീപയ്ക്ക് ഹാസ്യമുണ്ടെങ്കിൽ അത് ഉപരിപ്ലവമാണ്. വി കെ എന്നിന്റേത് എത്ര ആഴമുള്ള ചിരിയാണ്!

Sangeetha Chenampulli
വി.കെ. എന്നും ദീപടീച്ചറും തമ്മിൽ എന്ത്‌ അടിസ്ഥാനത്തിലാ താരതമ്യം ന്നുമാത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഉപരിപ്ലവതയിൽ അഭിരമിക്കുന്ന ഇന്നത്തെ കാലം ആവശ്യപ്പെടുന്നത്‌ അതായത്‌ കൊണ്ട്‌ ഭൂതകാലക്കുളിരുകൾ മഹദ്‌ ഗ്രന്ഥങ്ങളാകുന്നു. എന്നാലും ഇതിത്തിരിയല്ല ഒത്തിരി കടന്നുപോയി

Sherrif Kakkuzhi-Maliakkal
"ഭാഷയെയും സാഹിത്യത്തെയും ആഖ്യാനത്തെയു കുറിച്ചുള്ള അധികാര ബന്ധങ്ങളെ തകിടം മറിക്കുന്ന വിധ്വംസകതയാണ് വി.കെ.എൻ എഴുത്ത്." സോറി, റഫീക്ക്‌. ഈ വി കെ എന്‍ വാഴ്ത്തില്‍ പങ്കു ചേരാന്‍ കഴിയുന്നില്ല. വി കെ എന്‍ മലയാളഭാഷയോട് കാണിച്ചത് ആത്യന്തികമായി ചില കാരണവന്മാര്‍ അടിച്ചുതളിക്കാരികളോട് കാണിച്ചത് തന്നെ. വായ പൊളിച്ചപ്പോള്‍ ഈരേഴുലകം കാണിച്ചു അമ്മയെ വിഭ്രമിപ്പിച്ച കുസൃതിക്കാരന്‍ ബഷീറായിരുന്നു

അടിയും തിരിച്ചടിയുമായി സംവാദം മുന്നേറുമ്പോൾ സംവിധായകൻ കമൽ ഇതേ വരെ പ്രതികരിച്ചിട്ടില്ല.