കല്ലേൻ പൊക്കുടൻ അഥവാ കണ്ടല്‍ പൊക്കുടന്‍

കല്ലേൻ പൊക്കുടൻ എന്തായിരുന്നു എന്ന ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങൾ ലഭിക്കും. ജന്മിയുടെ കീഴിൽ അടിമപ്പണി ചെയ്തിരുന്ന പൊക്കുടൻ പിന്നീട് കമ്യൂണിസ്റ്റും പരിസ്ഥിതി സ്നേഹിയുമായി മാറി. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത പൊക്കുടൻ വിദേശ യൂണിവേഴ്സിറ്റികളിൽ പോലും ക്ലാസുകളെടുത്തു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പരിസ്ഥിതി പ്രവര്‍ത്തനം നടത്തിയ ആളായിരുന്നില്ല അദ്ദേഹം. മണ്ണിലും ചെളിയിലും നടന്നിറങ്ങി ആ മണ്ണിനും പ്രകൃതിക്കും വേണ്ടി ഒറ്റയാള്‍ സമരം നടത്തിയ ആളാണ്.

കല്ലേൻ പൊക്കുടൻ അഥവാ കണ്ടല്‍ പൊക്കുടന്‍

രാജലക്ഷ്മി ലളിതാംബിക

കല്ലേൻ പൊക്കുടന്‍റെ ജീവിത കഥ എന്നത് കല്ലേൻ പൊക്കുടനില്‍ നിന്ന് കണ്ടല്‍ പൊക്കുടനിലേക്കുള്ള മാറ്റമാണ്. ആ മാറ്റം കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രത്തിന്റെ കൂടി ഭാഗമാണ്. അത് ഒരു ദിവസം ഇരുട്ടി വെളുത്തപ്പോള്‍ ഉണ്ടായ ഒന്നല്ല. തന്റെ ജൈവസംസ്കൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ തിരിച്ചറിഞ്ഞ ഒരാളുടെ പ്രവർത്തനങ്ങളാണ് ഈ മാറ്റം ഉണ്ടാക്കിയത്. വര്‍ഷങ്ങളായുള്ള അദ്ദേഹത്തിന്റെ അധ്വാനഫലമാണ് കണ്ടൽ കാടുകളുടെ കൂടെ കല്ലേൻ പൊക്കുടൻ എന്ന പേര് കൂടി ചേർത്ത് വെച്ചത്.


പൊക്കുടന്‍റെ ജീവിതകഥ അദ്ദേഹത്തിന്‍റെ മാത്രം കഥയായിരുന്നില്ല. ഒരു കാലഘട്ടത്തില്‍ ഒരു സമുദായം അനുഭവിച്ച വേദനയുടെ കഥയായിരുന്നു. അതിനെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നതിങ്ങനെയാണ്, "ഒരു പുലയന് ജീവചരിത്രം ഉണ്ടോ? എന്ത് ജീവചരിത്രം? എല്ലാവരും മരിക്കുകയോ അന്തരിച്ചു പോകുകയോ ചെയ്യുമ്പോള്‍ ചത്തു പോകുന്ന ചില ജന്മങ്ങളെക്കുറിച്ച് എന്ത് പറയാനാണ്" മൃഗത്തെ പോലെ ചത്തു പോകേണ്ടതാണ് തന്‍റെ ജീവിതമെന്ന് അദ്ദേഹം കരുതിയില്ല. തന്‍റെ പൂര്‍വികരെ പോലെ സമൂഹം നയിച്ച വഴിയിലൂടെ നടക്കാന്‍ അദ്ദേഹം തയ്യാറായിരുന്നുമില്ല. പകരം സമൂഹത്തെ തന്‍റെ വഴിയിലേക്ക് കൊണ്ട് വരികയാണ് അദ്ദേഹം ചെയ്തത്. തനിക്ക് അയിത്തം കല്‍പ്പിച്ച, നികൃഷ്ടജന്തുവായി കണ്ട സമൂഹത്തോട് അദ്ദേഹം യുദ്ധം ചെയ്തു കൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ യുദ്ധത്തിന് കേരളം എന്താണ് തിരിച്ച് നൽകിയത്. മുഴുവൻ ചെവിയും നൽകി, മുഴുവൻ കണ്ണും നൽകി; എന്നൊക്കെ പറയാം തുടർന്നുള്ള പൊക്കുടന്റെ ജീവിതത്തെക്കുറിച്ച്. സമൂഹം അങ്ങോട്ട് ചെന്ന് ആദരിച്ച അപൂർവ്വം ആളുകളിൽ ഒരാളായി പൊക്കുടൻ മാറി. കണ്ടലെന്നാൽ പൊക്കുടൻ എന്നായി മലയാളികൾ.

1937 ല്‍ എടുക്കീല്‍ത്തറ എന്ന സ്ഥലത്തെ ഒരു കുനിയിലായിരുന്നു പൊക്കുടന്‍റെ ജനനം. കുനി എന്നാല്‍ നാല് ഭാഗത്ത്‌ നിന്നും മണ്ണ് കൂനിക്കൂട്ടിയുണ്ടാക്കിയിരിക്കുന്ന ഒരു ചെറിയ തറ. ആ കുനിയിലെ ഒരു ചാളയിലായിരുന്നു അരിങ്ങളെയന്‍ ഗോവിന്ദന്‍ പറോട്ടിയുടെയും കല്ലേന്‍ വെള്ളച്ചിയുടെയും മൂന്നാമത്തെ മകനായി പൊക്കുടന്‍ ജനിച്ചത്. പൊക്കുടന്‍റെ അച്ഛന്‍ ചപ്പന്‍ മമ്മത് എന്നൊരു മുതലാളിയുടെ പണിക്കാരനായിരുന്നു. ആ മുതലാളി ആയിരുന്നു അന്നത്തെ കാലത്ത് അവര്‍ക്ക് അന്നദാതാവും ഈശ്വരനുമെല്ലാം. അവര്‍ താമസിക്കുന്ന ചാള വിട്ടു മറ്റെവിടെങ്കിലും താമസിക്കണം എങ്കില്‍ മുതലാളിയുടെ അറിവും സമ്മതവും വേണ്ടിയിരുന്നു. കാരണം ചാളകളും മുതലാളിയുടെ സ്വന്തമാണ്. ചാളയ്ക്ക് വീട് എന്ന് അര്‍ത്ഥമില്ല. കഴിഞ്ഞ് കൂടാനൊരിടം മാത്രം. കൈകാലുകള്‍ നീട്ടി കിടക്കാന്‍ കഴിയാത്ത ഒറ്റമുറിയും അകവും. എത്ര പേരുണ്ടെങ്കിലും ആ ഇരുട്ട് മുറിയിലായിരുന്നു കഴിയേണ്ടിയിരുന്നത്.

മഴക്കാലമാകുമ്പോള്‍ കുനിയില്‍ വെള്ളം കയറാന്‍ തുടങ്ങും. വയലില്‍ തോണിയിറക്കിയാകും പിന്നീട് സഞ്ചാരം. ചാള വിട്ടു മാറിത്താമസിക്കണമെങ്കില്‍ മാത്രമല്ല, ആശുപത്രിയിൽ പോകാനും മുടി മുറിക്കാനുമൊക്കെ മുതലാളിയുടെ അറിവും സമ്മതവും വേണം. അടിമപ്പണിക്കാരനായത് കൊണ്ട് അവര്‍ക്ക് പ്രത്യേകമായ ആഗ്രഹങ്ങളോ അവകാശങ്ങളോ ഉണ്ടാകാന്‍ പാടില്ലായിരുന്നു. കൃഷിപ്പണിക്കു കരാര്‍ ഉറപ്പിക്കല്‍ ആയിരുന്നു പതിവ്. ആനയും വല്ലിയും എന്നാണ് ഇതിനെ പറയുക. അതായിരുന്നു മുതലാളിക്കും തൊഴിലാളിക്കും ഇടയില്‍ നിലനിന്ന അലിഖിത നിയമം. അതനുസരിച്ച്, പുരുഷന്മാര്‍ക്ക് രണ്ടര സേര്‍ നെല്ല്, നാലിലൊരു ഭാഗം ചക്ക, മൂന്ന് തേങ്ങ, രണ്ടു കിലോ വെല്ലം, ഒരു തോര്‍ത്ത്‌ മുണ്ട്, തോര്‍ത്ത്‌ മുണ്ട് തയിച്ച കുപ്പായം, തലക്കുട, രണ്ടര കിലോ തൂക്കമുള്ള കൈക്കോട്ട് എന്നിവയും. സ്ത്രീകള്‍ക്ക് ഒന്നര സേര്‍ നെല്ലും രണ്ടു തേങ്ങയും, ഒരു കിലോ വെല്ലവും, നടുക്ക് ചുമന്ന കരയുള്ള പുടവയും അരയില്‍ കെട്ടാന്‍ തയിച്ച ഒരു നാടയും, ഒന്നര കിലോ തൂക്കമുള്ള കൈക്കോട്ടും മുതലാളി നല്‍കണം.

ഒരു വര്‍ഷത്തേക്കായിരുന്നു കരാര്‍. പുരകെട്ടി മേയലും കരാറില്‍ ഉള്‍പ്പെടുന്നു. പത്തു പന്ത്രണ്ടു വയസാകുമ്പോള്‍ തന്നെ ഈ അടിമപ്പണിയുടെ കരാര്‍ ഉറപ്പിക്കും. പൊക്കുടന് ആദ്യകാലങ്ങളില്‍ ഇരുനാഴി നെല്ലാണ് കൂലിയായി കിട്ടിയിരുന്നത്. കല്യാണം കഴിയുന്നത്‌ വരെ എല്ലാവര്‍ക്കും ഇത് തന്നെയായിരിക്കും കൂലി. കല്യാണപ്പിറ്റെന്ന് മുതല്‍ രണ്ടു സേര്‍ നെല്ല് കിട്ടും. കല്യാണം കഴിച്ചാല്‍ മാത്രമേ ഇത് കിട്ടു. കല്യാണത്തോടു കൂടി വാല്യക്കാരന്റെ ശമ്പളം പൂര്‍ത്തിയായി. പിന്നെ ശമ്പള വര്‍ധനയില്ല. മുതലാളിക്ക് അയാള്‍ ആജീവനാന്തം കടപ്പെട്ടിരിക്കുകയും ചെയ്യും. അന്നൊന്നും കല്യാണത്തിന്നു പ്രത്യേകിച്ച് വയസ്സൊന്നും ഉണ്ടായിരുന്നില്ല. ഒരു പ്രായവും തരവും നോക്കി പെണ്ണ് കെട്ടും, അത്ര തന്നെ. വിവാഹത്തിനു മുതലാളി പുര മെടയോല കൊണ്ട് മേഞ്ഞു കൊടുക്കും. അതായിരുന്നു മുതലാളി നല്‍കിയിരുന്ന വിവാഹ സമ്മാനം.

അന്ന് ബ്രിട്ടീഷ്‌ ഭരണം ആയതിനാലും, കുട്ടികള്‍ക്ക് നിര്‍ബന്ധ വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയതിനാലും, പൊക്കുടനും സ്കൂളില്‍ പോകേണ്ടതായി വന്നു. സ്കൂള്‍ വിദ്യാഭ്യാസം എന്നത് പല്ല് തേക്കുക, ദേഹശുദ്ധി വരുത്തുക, വസ്ത്ര ധാരണത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്നതൊക്കെ ആയിരുന്നു. എന്നും പണിക്ക് പോകേണ്ടിയിരുന്നതിനാല്‍ പൊക്കുടന് അത് എന്നും സാധ്യമായിരുന്നില്ല. അതുകൊണ്ടു പണി ഇല്ലാത്ത ദിവസങ്ങളില്‍ മാത്രം സ്കൂളില്‍ പോയി, അതുക്കൊണ്ട് തന്നെ 2 ക്ലാസ്സില്‍ 5 കൊല്ലം ഇരിക്കേണ്ടി വന്നു. മുതലാളിക്ക് ഇഷ്ടമില്ലാത്തതിനാല്‍ പിന്നീട് അത് നിര്‍ത്തേണ്ടിവന്നു. തൊട്ട് കൂടായ്മ ഉള്ള കാലമാണ്. പുലയരെ അകറ്റി നിര്‍ത്തുന്നതിലും അധിക്ഷേപിക്കുന്നതിലും എല്ലാവരും രസം കണ്ടെത്തി. അവസരം കിട്ടുമ്പോള്‍ എല്ലാം മറ്റു ജാതിക്കാര്‍ അവരുടെ മുഖത്തു കാര്‍ക്കിച്ചു തുപ്പി. പൊക്കുടന്‍റെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പികരന്‍ എന്നൊരു മാഷായിരുന്നു. മാഷ്‌ ഈ കുട്ടികളെ പഠിപ്പിച്ചു തിരികെ പോകുമ്പോള്‍ കോട്ടത്തിനകത്തെ പാറക്കുളത്തില്‍ നിന്ന് കുളിച്ചു ശുദ്ധമായി മാത്രമേ വീട്ടില്‍ പ്രവേശിച്ചിരുന്നുള്ളൂ എന്ന് പറയുമ്പോള്‍ തന്നെ ആ കാലഘട്ടത്തിലെ ദൈന്യം നമുക്ക് മനസിലാകുമല്ലോ

കുട്ടികളുടെ മനസ്സില്‍ വെളിച്ചം കാണിച്ചു കൊടുക്കേണ്ടുന്ന അധ്യാപകന്‍ പോലും സമൂഹത്തെ ഗ്രസിച്ചിരുന്ന ദുരാചാരങ്ങളുടെ അന്ധകാരത്തില്‍ നിന്നും പുറത്തു വന്നിരുന്നില്ല എന്നതാണ് സത്യം. സ്കൂളില്‍ പോകാന്‍ തുടങ്ങിയതില്‍ പിന്നെയാണ് പൊക്കുടന് വസ്ത്രധാരണത്തിലും ജീവിതത്തിലും ഒരു മാറ്റം ഉണ്ടാകാന്‍ തുടങ്ങിയത്. പിന്നെ സ്വന്തം നാട്ടില്‍ അന്യരായും അധഃകൃതരായും ജീവിക്കുമ്പോള്‍ എല്ലാ മനുഷ്യനും തുല്യരാണ് എന്ന ബോധം ആ സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിനു തോന്നി തുടങ്ങി. അന്നൊക്കെ പുലയര്‍ക്ക് നല്ല പേരുകള്‍ ഇട്ടാലും കാര്യമില്ല, ആ പേരില്‍ അവരെ ആരും വിളിച്ചിരുന്നില്ല. അവര്‍ക്ക് ഒരു ഔദാര്യം പോലെ ചില ചീത്ത പേരുകള്‍ അവര്‍ക്കായി മാറ്റി വച്ചിരുന്നു. പൊക്കുടന് ആ പേര് വരാന്‍ കാരണം ജനനസമയത്ത് പൊക്കിള്‍ വീര്‍ത്തിരുന്നതു കൊണ്ടായിരുന്നു. പേരുകള്‍ ജന്മികള്‍ക്കു തോന്നും പോലെയായിരുന്നു വിളിച്ചിരുന്നത്.

പൊക്കന്‍, പൊട്ടന്‍, വട്ടന്‍, ഓണക്കന്‍ എന്നിങ്ങനെ വാല്യക്കാരെ ജന്മി ചേറോന്‍ എന്ന് വിളിച്ചു. അവര്‍ തിരിച്ചു കൊയ്ലി എന്നും വലിയ ജന്മി, വലിയ കൊയ്ലിയെന്നും ചെറിയ ജന്മിയെ ചെറിയ കൊയ്ലി എന്നും വിളിച്ചു. വേറൊരു ജാതിക്കാരും അവരുടെ വീട്ടില്‍ നിന്നും ഇവര്‍ക്ക് പച്ചവെള്ളം നല്‍കിയിരുന്നില്ല. അത് മാത്രമല്ല, മുതലാളിമാര്‍ കാശ് വച്ചു വാല്യക്കാരെ തമ്മില്‍ അടിപ്പിച്ചിരുന്നു. മുക്കാല്‍ അണയും കാല്‍ അണയും ആയിരുന്നു പന്തയമായി വച്ചിരുന്നത്. ചോര ചീറ്റുന്ന മത്സരം പണിക്കാര്‍ തമ്മില്‍ ശത്രുത സൃഷ്ടിക്കാനും നിലനിര്‍ത്താനുമുള്ള മുതലാളിമാരുടെ ഏര്‍പ്പാട് ആയിരുന്നു. അവര്‍ ഒന്നായി നിന്നാല്‍ ഭാവിയില്‍ അവര്‍ക്ക് ദോഷം ചെയ്യുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു.

ക്ഷേത്രങ്ങള്‍, കാവുകള്‍ എന്നിവ അവര്‍ക്ക് നിഷിദ്ധങ്ങള്‍ ആയിരുന്നു. ദൈവത്തിനു മുന്നില്‍ നിന്നും ചുറ്റിതിരിയാന്‍ അവര്‍ക്ക് സമയം ഉണ്ടായിരുന്നില്ല. പൂണൂല്‍ ഇട്ട ബ്രാഹ്മണര്‍ അവരെ അവജ്ഞയോടെ കണ്ടു. അവര്‍ ദൂരെ തൊഴുതു നിന്നു. അവര്‍ക്കും ഉണ്ടായിരുന്നു ദൈവങ്ങൾ, പൊട്ടന്‍ തെയ്യം, കണ്ടി തെയ്യം, ഗന്ധര്‍വന്‍ തെയ്യം. ഈ ദൈവങ്ങളെ കെട്ടിയിരുന്നതും അവർതന്നെ ആയിരുന്നു. സവര്‍ണ്ണറില്‍ നിന്നും അവരുടെ ദൈവങ്ങളില്‍ നിന്നും അവര്‍ ഒഴിഞ്ഞു നിന്നു. മൃഗത്തെ പോലെയല്ലെങ്കില്‍ അതിലും നീചമായ ജീവിതം നയിച്ച കുറേ മനുഷ്യര്‍.

പൊക്കുടന്‍റെ ഈ ഭൂതകാലം പറയാതെ അദ്ദേഹത്തിന്റെ കഥ പൂര്‍ണ്ണമാകില്ല. ജന്മിമാരുടെ നിരന്തരമായ അടിച്ചമര്‍ത്തല്‍ പൊക്കുടനെ ഒരു കമ്മ്യൂണിസ്റ്റ്‌ ആക്കി. കമ്മ്യൂണിസം എന്തെന്ന് അറിഞ്ഞിട്ടല്ല, താന്‍ കമ്മ്യൂണിസ്റ്റ് ആയതെന്ന് അദ്ദേഹം തന്നെ പറയുന്നു. തനിക്ക് ചുറ്റുമുള്ള ആളുകള്‍ക്കിടയില്‍ വലിയവരും ചെറിയവരും പാവപ്പെട്ടവരും, പണക്കാരനും ഉണ്ടെന്ന് അദ്ദേഹത്തിനു ബോധ്യമായി. അതില്‍ പാവങ്ങളുടെ കൂടെ നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ്‌കാരാണ്. ആയതിനാല്‍ അവരോടൊപ്പം കൂടാമെന്ന് അദ്ദേഹം നിശ്ചയിച്ചു. അങ്ങനെയാണ് പൊക്കുടന്‍ കമ്മ്യൂണിസ്റ്റുകാരനായത്. കറ തീര്‍ന്ന കമ്മ്യൂണിസ്റ്റുകാരന്‍ ആയിരുന്നു അദ്ദേഹം. 18 മത്തെ വയസ്സിലാണ് അദ്ദേഹം പാര്‍ട്ടി ബന്ധം തുടങ്ങുന്നത്. കര്‍ഷക സമരത്തില്‍ പെട്ട് അദ്ദേഹം ജയില്‍വാസം അനുഭവിച്ചു. പിന്നീട് പാര്‍ട്ടി വളര്‍ന്നപ്പോള്‍ സിപിഎമ്മിനോടൊപ്പം നിന്നു.

എഴോം കൊലക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞു. 80കളില്‍ ഇടത് രാഷ്ട്രീയവുമായി അകന്ന കാലത്താണ് അദ്ദേഹത്തിന്‍റെ ഹരിത രാഷ്ട്രീയം തുടങ്ങുന്നത്. ചുവപ്പില്‍ നിന്ന് പച്ചയിലേക്ക് തുറന്നപാതയായിരുന്നു അത്. ഭൂമി അപകടത്തില്‍ ആണെന്നും പരിസ്ഥിതി നാശത്തിന്‍റെ വക്കില്‍ ആണെന്നും പ്രസംഗിച്ചു കൊണ്ടല്ല അദ്ദേഹം തന്‍റെ ഹരിത രാഷ്ട്രീയത്തിന് തുടക്കം ഇട്ടത്, പകരം 500 കണ്ടല്‍ ചെടികള്‍ നട്ടുകൊണ്ടായിരുന്നു. പൊക്കുടന്റേതു ആദ്യ കാലഘട്ടങ്ങളില്‍ ഒരു ഒറ്റയാള്‍ സമരം ആയിരുന്നു. താന്‍ കണ്ടല്‍ ചെടികള്‍ നട്ടു പിടിപ്പിക്കാന്‍ ഉണ്ടായ സാഹചര്യത്തെ പറ്റി അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് "പുഴയിലെ തിരയടിച്ചു വഴി തകരുന്നത് തടയാനും, കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ കാറ്റില്‍ നിന്നും രക്ഷ തേടാനും വേണ്ടിയായിരുന്നു" പൂര്‍ണ്ണമായും നിസ്വാര്‍ത്ഥം ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

1989ല്‍ പഴവങ്ങാടി മുട്ടുകണ്ടി ബണ്ടിന്റെ കരയില്‍ ആയിരുന്നു അദ്ദേഹം കണ്ടല്‍ നടുന്നതിന് തുടക്കം ഇട്ടത്. ചിലര്‍ കളിയാക്കി, ഭ്രാന്തന്‍ എന്ന് വിളിച്ചു, മറ്റു ചിലര്‍ ചെടികള്‍ പിഴുതെറിഞ്ഞു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധ പ്രകടനത്തിനോ, ജാഥ നയിക്കാനോ അദ്ദേഹം പോയില്ല. അവഗണനകളും അവഹേളനവും കുഞ്ഞുനാള്‍ മുതല്‍ ധാരാളം കേട്ടു വളര്‍ന്നത്‌ കൊണ്ട് തന്നെ ഇതൊന്നും കണ്ട് അദ്ദേഹം പതറിയില്ല. കൂടുതല്‍ ശ്രദ്ധയോടെ കണ്ടല്‍ കൃഷിയില്‍ വ്യാപൃതനായി. കത്തുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴയത്തും അദ്ദേഹം കണ്ടല്‍ വിത്തുകള്‍ അന്വേഷിച്ചു കണ്ടെത്തി ബണ്ടിനരികില്‍ കൊണ്ട് വന്നു നട്ടു. ഇപ്പോള്‍ ഓരോ പരിസ്ഥിതി ദിനത്തിലും പ്രകൃതി സ്നേഹികള്‍ മരം നടുന്നതുപോലെയല്ല പൊക്കുടന്‍ കണ്ടലുകള്‍ നട്ടത്. അവയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അദ്ദേഹം പൂര്‍ണ്ണശ്രദ്ധ നല്‍കി.

ഒരെണ്ണം ചാഞ്ഞാലോ ചരിഞ്ഞാലോ അത് നേരെയാക്കിയതിനു ശേഷമേ അദ്ദേഹം മറ്റു പണികളില്‍ ഏര്‍പ്പെട്ടിരുന്നുള്ളൂ. കേരളത്തില്‍ അങ്ങോളമിങ്ങോളം ക്ലാസ്സ് എടുക്കാന്‍ അദ്ദേഹം പോയി. പോകുന്നിടത്തെല്ലാം സഞ്ചി നിറയെ കണ്ടലുകളും കൊണ്ടുപോയി. കേരളത്തില്‍ 1 ലക്ഷത്തോളം കണ്ടല്‍ തൈകള്‍ അദ്ദേഹം നട്ടു. വിദേശരാജ്യത്ത് നിന്നും നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി, അപ്പോഴും പൊക്കുടന്‍ കണ്ടലുകളെ സ്നേഹിക്കുന്ന പഴയ പൊക്കുടന്‍ ആയി തന്നെ നിലകൊണ്ടു.
മറ്റു പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ടലുകളെ കുറിച്ചു പറയാന്‍ തുടങ്ങുന്നതിനു എത്രയോ മുന്‍പ് തന്നെ അദ്ദേഹം കണ്ടലുകള്‍ നട്ടു പിടിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

അദ്ദേഹത്തിന്‍റെ നിസ്വാര്‍ത്ഥമായ പരിസ്ഥിതി സ്നേഹത്തിനു ആരാധകര്‍ ധാരാളം ഉണ്ടായി, അതുപോലെ തന്നെ വിമര്‍ശകരും. കണ്ടല്‍ക്കാടുകള്‍ വെട്ടി സിപിഎം പാര്‍ക്ക് നിര്‍മ്മിക്കാന്‍ ഒരുങ്ങിയപ്പോള്‍ അതിനെ എതിര്‍ത്തവരില്‍ മുന്‍നിരയില്‍ നിന്നതും പൊക്കുടന്‍ ആയിരുന്നു. കാരണം അദ്ദേഹം പാര്‍ട്ടിയിലും അധികമായി പ്രകൃതിയെ സ്നേഹിച്ചു. താന്‍ ഒരു വിശ്വാസിയാണ് എന്ന് പറയുന്ന പൊക്കുടന്‍, താന്‍ വിശ്വസിക്കുന്നത് പ്രകൃതിയെ ആണെന്നും പറയാന്‍ മറക്കുന്നില്ല. കണ്ടല്‍ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ട് വരുന്നത് 52 വയസ്സിലാണ്. പഴയങ്ങാടിയിലും പരിസരത്തും ഉണ്ടായിരുന്ന കണ്ടലുകള്‍ വ്യാപകമായി വെട്ടി നശിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പരിസ്ഥിതി പ്രശ്നങ്ങള്‍ ആണ് പൊക്കുടനെ കണ്ടല്‍ സംരക്ഷണവുമായി മുന്നോട്ടു വരാന്‍ പ്രേരിപ്പിച്ചത്.

പിന്നീട് ആ കണ്ടലുകള്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറി. അദ്ദേഹം കല്ലേന്‍ പൊക്കുടനില്‍ നിന്ന് കണ്ടല്‍ പൊക്കുടന്‍ ആയി അറിയപ്പെടാന്‍ തുടങ്ങി. അപ്പോഴും എതിര്‍പ്പുകളും പ്രതിഷേധങ്ങളും ഭീഷണികളും മുറയ്ക്ക് വന്നുക്കൊണ്ടിരുന്നു. പക്ഷേ, കണ്ടല്‍ പൊക്കുടന്‍റെ തീരുമാനങ്ങളും പ്രവര്‍ത്തികളും കണ്ടലുകളെ പോലെ ദൃഢമായിരുന്നു. ആ ദൃഢതയ്ക്ക് മുന്നില്‍ മറ്റൊന്നിനും വിജയിക്കുവാനും കഴിഞ്ഞില്ല. മറ്റുള്ളവരൊക്കെ മരിച്ചു പോകുകയോ അന്തരിച്ചു പോകുകയോ ചെയ്യുമ്പോള്‍ ചത്തു പോകുന്ന ഒരു ജന്മമായി ഒരു കാലത്ത് സമൂഹം കണ്ടിരുന്ന സമുദായത്തിലെ ഒരാള്‍ യുനെസ്കോയുടെ പരാമര്‍ശം നേടിയ പരിസ്ഥിതി പ്രവര്‍ത്തകനായി വളര്‍ന്നതും ഇതേ സമൂഹത്തിന്‍റെ മുന്നില്‍ കൂടി ആയിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത ഒരാള്‍ സ്കൂളുകളിലും കോളേജുകളിലും കണ്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചു ക്ലാസുകള്‍ എടുത്തു. പ്രസംഗത്തേക്കാള്‍ അധികം പ്രവര്‍ത്തിയില്‍ വിശ്വസിച്ച അദ്ദേഹം കുട്ടികളുടെ നേതൃത്വത്തില്‍ പല സ്ഥലത്തും കണ്ടല്‍ സംരക്ഷണത്തിനും തുടക്കം കുറിച്ചു. കണ്ടലുകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ വളരാന്‍ അനുവദിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കണ്ടല്‍ ചെടികള്‍ വെട്ടി നശിപ്പിക്കുന്നതില്‍ പോലും രാഷ്ട്രീയം ഉണ്ടായിരുന്ന ജില്ലയില്‍, കണ്ടല്‍ വെട്ടുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തുന്ന കോടതി വിധി സമ്പാദിക്കുന്നതിന് അദ്ദേഹത്തിന്റെ നേതൃത്വത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പരിസ്ഥിതി പ്രവര്‍ത്തനം നടത്തിയ ആളായിരുന്നില്ല അദ്ദേഹം. മണ്ണിലും ചെളിയിലും നടന്നിറങ്ങി ആ മണ്ണിനും പ്രകൃതിക്കും വേണ്ടി ഒറ്റയാള്‍ സമരം നടത്തിയ ആളാണ്. അദ്ദേഹത്തെ അനുകരിക്കുക ഒട്ടും എളുപ്പമല്ല. പാഠപുസ്തകത്തില്‍ നിന്നും പുറത്തായ ഒരു ബാല്യമാണ് പൊക്കുടന് ഉണ്ടായിരുന്നത്. എന്നാല്‍ ആ ജീവിതം ഒരിക്കല്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. കണ്ടലുകളെ കുറിച്ച് കണ്ണൂരും തലശ്ശേരിയില്‍ ഉള്ളവര്‍ക്ക് മാത്രമേ മനസിലാകൂ എന്ന് പറഞ്ഞു ആ തീരുമാനം പിന്നീട് മാറ്റി. എന്നാല്‍ പാഠപുസ്തകത്തിനു പുറത്തു വിദ്യാര്‍ഥി സംഘങ്ങള്‍ക്കൊപ്പം അദ്ദേഹം ഇപ്പോഴും ഉണ്ടായിരുന്നു. കണ്ടലുകളെ കുറിച്ചു അവര്‍ക്ക് അവബോധം ഉണ്ടാക്കുന്നതിനും കണ്ടല്‍ വിപ്ലവത്തിന് തുടക്കമിടാനും.

അദ്ദേഹം തന്‍റെ കണ്ടല്‍ വിപ്ലവം കേരളത്തിനുള്ളില്‍ ഒതുക്കി നിര്‍ത്തിയില്ല. യുഗോസ്ലാവിയ, നേപ്പാള്‍, ജര്‍മ്മനി, ഹംഗറി, ശ്രീലങ്ക, എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകളിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ സര്‍വ്വകലാശാലയിലും അദ്ദേഹത്തിന്റെ കണ്ടല്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. കണ്ടലുകളെ കുറിച്ച് മാത്രമല്ല, മത്സ്യങ്ങളെ കുറിച്ചും പക്ഷികളെ കുറിച്ചും, കടല്‍ ജീവികളെ കുറിച്ചും അദ്ദേഹത്തിനു ആഴത്തിൽ അറിവുണ്ടായിരുന്നു. പുസ്തകത്തില്‍ നിന്ന് വായിച്ചറിഞ്ഞ അറിവല്ല. അവയെ നിരീക്ഷിച്ചും അടുത്തറിഞ്ഞും മനസിലാക്കിയ അറിവുകളാണ് അദ്ദേഹം പകർത്തിയത്. കണ്ടല്‍ക്കാടുകള്‍ക്ക് ദേശീയശ്രദ്ധ നേടി കൊടുത്തു. പാപ്പിലീയോ ബുദ്ധ എന്ന സിനിമയില്‍ അഭിനയിച്ചു.

കണ്ടലുകളെ കുറിച്ച് പഠിക്കാന്‍ ഒരു സ്കൂള്‍ ഉണ്ടാകണം എന്ന ആഗ്രഹം ബാക്കി നിര്‍ത്തിയാണ് അദ്ദേഹം യാത്രയായത്. തന്‍റെ വീട്ടുമുറ്റത്ത് ആ ആഗ്രഹം സഫലമാക്കാന്‍ അദ്ദേഹം ശ്രമിച്ചു. രാജ്യത്തെ തന്നെ ആദ്യ കണ്ടല്‍ സ്കൂള്‍ എന്ന ചെറിയ കെട്ടിടം നിര്‍മ്മിച്ചത് അദ്ദേഹം തനിച്ചായിരുന്നു. സ്വന്തം പേരിലുള്ള ഭൂമിയില്‍ നിന്ന് രണ്ടു സെന്റ്‌ അദ്ദേഹം സ്കൂളിനായി നല്‍കുകയും ചെയ്തു. അവിടെ വിദ്യാര്‍ഥികള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സൗജന്യമായി ക്ലാസ്സ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ ആ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കും മുന്‍പ് അദ്ദേഹത്തിനു യാത്രയാകേണ്ടി വന്നു.
പരിസ്ഥിതി എല്ലാവരുടെതും ആകുമ്പോള്‍ പരിസ്ഥിതിക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടതും എല്ലാവരും ഒരുമിച്ചാകണം. എന്നിട്ടും പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ചുമതല ചില പ്രവര്‍ത്തകരുടെ മാത്രം തലയില്‍ കെട്ടി വച്ച് നമ്മള്‍ സ്വന്തം കാര്യം നോക്കി പോകുന്നു. പൊക്കുടനെ പോലെയുള്ളവര്‍ സ്വന്തം ജീവന്‍ തന്നെ പരിസ്ഥിതിക്കായി സമര്‍പ്പിക്കുന്നു. അവരോളമൊന്നും ചെയ്തില്ലെങ്കിലും മറ്റുള്ളവരുടെ അധ്വാനം കൊണ്ട് സംരക്ഷിക്കപ്പെട്ടു വരുന്നതിനെ നശിപ്പിക്കാതിരിക്കാന്‍ എങ്കിലും മറ്റുള്ളവര്‍ ശ്രമിക്കേണ്ടതാണ്. അതുപോലൊരു സാര്‍ത്ഥക ജീവിതം ഇനിയും ഉണ്ടാകുമോ എന്നും സംശയമാണ്. ജീവിതത്തെ അക്ഷരവുമായി ബന്ധപ്പെടുത്തി പറയുന്ന രണ്ടു കാര്യങ്ങള്‍ ഇങ്ങനെയാണ് " ഒന്നുങ്കില്‍ വായിക്കാന്‍ കൊള്ളാവുന്നത് വല്ലതും എഴുതണം, ഇല്ലെങ്കില്‍ എഴുതാന്‍ കൊള്ളാവുന്നത് പോലെ ജീവിക്കണം" ഈ രണ്ടു നിലയിലും പൊക്കുടന്‍ ഒരു പൂര്‍ണ്ണ വിജയം ആയിരുന്നു.