കാളിനാടകം പറയുന്ന അനുഷ്ഠാനഹത്യകള്‍

സജിത മഠത്തില്‍ രചിച്ച് ചന്ദ്രദാസന്‍ സംവിധാനം ചെയ്ത കാളിനാടകം പറയുന്നതും വായടയ്ക്കപ്പെട്ടവരുടെ കഥയാണ്.

കാളിനാടകം പറയുന്ന അനുഷ്ഠാനഹത്യകള്‍

എസ് ജയേഷ്

വായില്ലാക്കുന്നിലപ്പനെ വരരുചി പ്രതിഷ്ഠിക്കുകയായിരുന്നു. വായില്ലാത്തതായിരുന്നു കാരണം. വാ തന്ന ദൈവം ഇരയും നല്‍കുമെന്ന് ന്യായം. വായില്ലാത്തവര്‍ ഇരകളാകുമെന്ന് യാഥാര്‍ഥ്യം. വായടപ്പിക്കാനുള്ള ഉത്തമമാര്‍ഗം പ്രതിഷ്ഠിക്കുകയാണെന്ന് കാലങ്ങള്‍ മനുഷ്യനെ പഠിപ്പിച്ചു. അങ്ങിനെ പ്രതിഷ്ഠകളുടെ എണ്ണം കൂടി. വായടയ്ക്കപ്പെട്ടവരുടെ വിലാപങ്ങള്‍ എങ്ങുമെത്താതെ പോയി. ഇരകള്‍ ഇരകളായും വേട്ടക്കാര്‍ പ്രതിഷ്ഠാജീവനക്കാരായും തുടരുന്നു. അത് അലിഖിതനിയമമാക്കി നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ അക്ഷീണം നടക്കുന്നു.


സജിത മഠത്തില്‍ രചിച്ച് ചന്ദ്രദാസന്‍ സംവിധാനം ചെയ്ത കാളിനാടകം പറയുന്നതും വായടയ്ക്കപ്പെട്ടവരുടെ കഥയാണ്. പുരാണകഥയിലെ ദാരികന്‍ നേടിയെടുത്ത വരങ്ങളുടെ പിന്‍ബലത്തില്‍ തന്റെ ദുഷ്‌ചെയ്തികളില്‍ മുഴുകുന്നു. ദാരികനെ ഇല്ലാതാക്കാന്‍ കാളി പുറപ്പെട്ടെത്തുന്നതാണ് പ്രധാനൈതിവൃത്തമായി അല്ലെങ്കില്‍ കഥയുടെ അടിയൊഴുക്കായി പ്രവര്‍ത്തിക്കുന്നത്. വലിയന്നൂര്‍ കാവില്‍ മുടങ്ങിക്കിടന്നിരുന്ന അനുഷ്ഠാനങ്ങള്‍ പുനരാരംഭിക്കാനാണ് അമ്പലക്കമ്മിറ്റിയുടെ തീരുമാനം. ദാരികന്മാര്‍ക്ക് പഞ്ഞമില്ലാത്ത കാലത്ത് രാമക്കുറുപ്പെന്ന അഭിനവദാരികന്‍ തന്റെ വരങ്ങളുടെ ശക്തിയില്‍ അഴിഞ്ഞാടുകയാണ്.

ചാത്തന്റെ മകള്‍ കാളിയാണ് അനുഷ്ഠാനത്തില്‍ കാളിയായി വേഷമിടുന്നത്. രാമക്കുറുപ്പിന്റെ ചെയ്തികള്‍ കൊണ്ട് നിലതെറ്റിയ കാളിയ്ക്ക് ദുഷ്ടനിഗ്രഹം എന്ന തന്റെ ജോലി ചെയ്ത് തീര്‍ക്കാന്‍ ഇതിനേക്കാള്‍ വലിയ അവസരമില്ല. അതവള്‍ ഭംഗിയായി നിറവേറ്റുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന കേസന്വേഷണവും ഭക്തജനങ്ങളുടെ ചിന്താരീതികളും കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു. കഥ പറഞ്ഞ് രസം കൊല്ലിയാകുന്നില്ല. നാടകം കാണുക.

kalinadakam-1ദാരികാവധം പ്രമേയമാക്കി നടക്കുന്ന അനുഷ്ഠാനകലയായ മുടിയേറ്റം ആണ് കാളിനാടകത്തിലും ഉപയോഗിച്ചിരിക്കുന്നത്. മുടിയേറ്റത്തിന്റെ ചടങ്ങുകളായ കളമെഴുത്ത്, തിരിയുഴിച്ചില്‍, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കല്‍ മുതലായവ സംഭവക്രമത്തില്‍ കഥയോട് ഇഴുകിച്ചേര്‍ത്തിരിക്കുന്നു. സമകാലീനസംഭവങ്ങള്‍, അതിനോടുള്ള സമൂഹത്തിന്റെ നിസ്സംഗമായ പ്രതികരണങ്ങള്‍, നീതി കിട്ടാതെ പോകുന്ന ഇരകള്‍ എന്നിങ്ങനെ മിത്തും ഉണ്മയും കലര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുന്നു കാളിനാടകം. പ്രതിഷ്ഠിച്ച് നിശ്ശബ്ദരാക്കുക എന്ന ചടങ്ങും സൗകര്യപൂര്‍വ്വം നടത്തുന്നുണ്ട് ഭക്തജനങ്ങള്‍.

മുടിയേറ്റത്തിന്റെ വേഷഭൂഷാദികളും ചടങ്ങുകളും സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു നാടകത്തില്‍.  വെളിച്ചത്തിന്റെ ഉചിതമായ ക്രമീകരണം, പശ്ചാത്തലസംഗീതം, ഗാനങ്ങള്‍ എന്നിങ്ങനെ കാളിനാടകത്തിനെ ഒരു മികച്ച കാഴ്ചാനുഭവമാക്കാന്‍ ചന്ദ്രദാസനും സംഘത്തിനും കഴിഞ്ഞിട്ടുണ്ടെന്ന് വേണം പറയാന്‍.

സജിത മഠത്തില്‍ ആണ് രചനയും കാളിയുടെ വേഷവും കൈകാര്യം ചെയ്തിരിക്കുന്നത്. ദാരികനായി സുമേഷ് ചിറ്റൂരാന്‍ വേഷമിട്ടു. നിര്‍മ്മാണം ലോകധര്‍മ്മി, കൊച്ചി.

ആഗ്സ്റ്റ് 18 ന് ഫോര്‍ട്ട് കൊച്ചി പെപ്പര്‍ ഹൗസില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാധ്യമങ്ങള്‍ക്കും വേണ്ടി കാളിനാടകത്തിന്റെ ആദ്യത്തെ അവതരണം നടന്നു. വരുന്ന ദിവസങ്ങളില്‍ 19, 20, 21 തീയ്യതികളില്‍ പെപ്പര്‍ ഹൗസില്‍ കാളിനാടം കാണാവുന്നതാണ്.

Read More >>