യഥാര്‍ഥ ഇന്ത്യക്കാര്‍ മലയാളികള്‍; കട്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു

യഥാര്‍ഥ ഇന്ത്യക്കാര്‍ ആരാണ് എന്ന് സ്വയം ചോദിച്ചുകൊണ്ട് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഫേസ്ബുക്കിലിട്ട പോസ്റ്റ്‌ വൈറലാകുന്നു.

യഥാര്‍ഥ ഇന്ത്യക്കാര്‍ മലയാളികള്‍; കട്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു

ന്യൂഡല്‍ഹി: യഥാര്‍ഥ ഇന്ത്യക്കാര്‍ ആരാണ് എന്ന് സ്വയം ചോദിച്ചുകൊണ്ട് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഫേസ്ബുക്കിലിട്ട പോസ്റ്റ്‌ വൈറലാകുന്നു.

"ബുദ്ധിമാന്മാരും കഠിനാധ്വാനികളും മര്യാദയും വിനയവുമുള്ളവരാണ് മലയാളികള്‍. വിശാലഹൃദയമുള്ളവരാണ് അവര്‍. പുരോഗമനവാദികളും സര്‍വദേശപ്രിയരും മതേതര ചിന്താഗതിക്കാരുമാണ്. എല്ലാ ഇന്ത്യക്കാരും മലയാളികളില്‍ നിന്ന് പഠിക്കണം. മലയാളികള്‍ നീണാള്‍ വാഴട്ടെ". കട്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ ഈ വരികളാണ് വൈറലായി മാറുന്നത്. മലയാളികളെ പ്രശംസയുടെ കൊടുമുടിയില്‍ എത്തിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ വിശദീകരണം ചുവടെ...


താന്‍കാശ്മീരിയാണെന്നും അതുകൊണ്ട് കാശ്മീരികളാണ് യഥാര്‍ഥ ഇന്ത്യക്കാര്‍ എന്നും പറഞ്ഞു തുടങ്ങുന്ന കട്ജു, പിന്നീട് തന്‍റെ പൂര്‍വികര്‍ മധ്യ പ്രദേശില്‍ നിന്നുള്ളവരായത് കൊണ്ട് മധ്യ പ്രദേശുകാരാണ് യഥാര്‍ഥ  ഇന്ത്യക്കാര്‍ എന്ന് പറയുന്നു. പിന്നീട് മറ്റ് പല സംസ്ഥാനങ്ങളുമായി തനിക്കുള്ള ബന്ധം ചൂണ്ടി കാണിക്കുന്ന കട്ജു അവരെയെല്ലാം യഥാര്‍ഥ ഇന്ത്യക്കാര്‍ എന്ന് വിലയിരുത്തുന്നു. അതെല്ലാം വെറും വൈകാരികമായ വിലയിരുത്തലുകള്‍ മാത്രമാണെന്നും യഥാര്‍ഥ ഇന്ത്യക്കാര്‍ മലയാളികളാണെന്നും അദ്ദേഹം പറയുന്നു. എല്ലാ അര്‍ഥത്തിലും മലയാളികളാണ് യഥാര്‍ഥ ഇന്ത്യക്കാരെന്ന് അദ്ദേഹം അടിവരയിട്ട് ഉറപ്പിക്കുന്നു.

യഥാര്‍ഥ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നത് മലയാളികള്‍ മാത്രമാണ്. എന്തിനേയും സ്വീകരിക്കാനുള്ള മനസുള്ള മലയാളി ദ്രാവിഡരെന്നോ ആര്യന്മാരെന്നോ റോമന്‍സെന്നോ അറബുളെന്നോ ബ്രിട്ടീഷുകാരെന്നോ ഹിന്ദുക്കളെന്നോ മുസ്ലിങ്ങളെന്നോ ക്രിസ്ത്യാനികളെന്നോ മാര്‍ക്‌സിസ്റ്റുകളെന്നോയുള്ള വ്യത്യാസം കാണിക്കാറില്ല.

മലയാളികളെ കണ്ടുപഠിക്കാനും അവരില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും ശ്രമിക്കണമെന്ന് പറയുന്ന കഡ്ജു ഒരു ഇന്ത്യക്കാരന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണഗണങ്ങളുമുള്ളത് മലയാളികള്‍ക്കാണ് എന്നും പറയുന്നു.

"ഒട്ടേറെ മതങ്ങള്‍, ജാതികള്‍, ഭാഷകള്‍, ഗോത്രങ്ങള്‍, പ്രാദേശിക വിഭാഗങ്ങള്‍ അങ്ങനെ നാനാത്വത്തിന്റെ ബഹുരൂപമാണ് ഇന്ത്യ. ഇന്ത്യയില്‍ ജീവിക്കുന്ന 95 ശതമാനത്തിന്റെയും പൂര്‍വികര്‍ വിദേശികളാണ്. യഥാര്‍ഥത്തില്‍ ഇവിടുത്തകാര്‍ എന്ന് പറയാവുന്നത് പട്ടിക വര്‍ഗവിഭാഗത്തില്‍ പെടുന്ന ചില വിഭാഗക്കാര്‍ മാത്രമാണ്. അതുകൊണ്ട് മതമൈത്രിയോടെ ഒന്നായി ജീവിക്കണമെങ്കില്‍ എല്ലാ വിഭാഗക്കാരേയും ബഹുമാനിക്കാന്‍ ശീലിക്കണം. എന്റെ അഭിപ്രായത്തില്‍ ഇത് കൃത്യമായി പുലര്‍ത്തുന്നതില്‍ ഏറ്റവും മികച്ചത് മലയാളികളാണ്. അതുകൊണ്ട് തന്നെ പ്രതീകാത്മകമായി ഇന്ത്യയെ മുഴുവന്‍ പ്രതിനിധീകരിക്കുന്നത് മലയാളികളാണെന്ന് പറയേണ്ടിവരും." കഡ്ജു നിര്‍ദേശിക്കുന്നു.

"യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരിക്കുമ്പോഴും അലഹബാദില്‍ അഭിഭാഷകനായി ജോലിചെയ്തപ്പോഴും പതിവായി അവിടെ കാപ്പിക്കടയില്‍ പോകുമായിരുന്നു. അവിടത്തെ വെയിറ്റര്‍മാരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. അവരുമായി ഞാന്‍ നല്ല സൗഹൃദത്തിലായി. ഇന്ത്യയിലും വിദേശത്തും മിക്ക ആസ്പത്രികളിലും നേഴ്‌സുമാരായി മലയാളികളുണ്ട്." കഡ്ജു കൂട്ടി ചേര്‍ത്തു.

ഭൂഗോളത്തിന്റെ ഏത് കോണിലും മലയാളിയെ കാണാനാകും. നീല്‍ ആംസ്‌ട്രോങ് 1969 ല്‍ ചന്ദ്രനില്‍ കാല്‍കുത്തിയപ്പോള്‍ അവിടെ ഒരു മലയാളി അദ്ദേഹത്തോട് ''ചായ വേണോ'' എന്ന് ചോദിച്ചതായി ഒരു തമാശതന്നെയുണ്ട്.

അറബ് രാഷ്ട്രങ്ങളില്‍ തുടങ്ങി ലോകത്തെ പല വന്‍കിട രാജ്യങ്ങളിലുംശക്തമായ മലയാളി സാനിധ്യമുണ്ട്. അതുപോലെ തന്നെ, ഇന്ത്യയില്‍ മറ്റിടങ്ങളില്‍ പട്ടികജാതിക്കാര്‍ നേരിടുന്നത് പോലെയുള്ള വിവേചനം കേരളത്തിലില്ല.

പോസ്റ്റ്‌ ചെയ്തു മണിക്കൂറുകള്‍ക്കകം 14,000ത്തില്‍ അധികം ലൈക്കുകളും 8,000ത്തില്‍ അധികം ശേയരുകളും ഈ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.കോഴിക്കോട് ജില്ല കളക്ടര്‍ എന്‍ പ്രശാന്ത് അടക്കമുള്ള പ്രമുഖരും കട്ജുവിന്‍റെ ഈ പോസ്റ്റിന് മറുപടിയുമായി എത്തി.  "ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം, പക്ഷെ മലയാളികളുടെ ശല്യം വര്‍ധിക്കുന്നു" എന്നാണ് കലക്ടര്‍ ബ്രോ കട്ജുവിന് കൊടുത്ത മറുപടി. ചിലര്‍ നല്ല പച്ച മലയാളത്തിലും കമന്റുകള്‍ എഴുതുന്നുണ്ട്.

Read More >>