'സഖാവിന്റെ' മാധ്യമ പങ്കാളിത്തം; അതോ പൈങ്കിളിത്തമോ?

ആര്യാ ദയാൽ പാടി വൈറൽ ആയ സാം മാത്യുവിന്റെ സഖാവ് എന്ന കവിതയെ മുൻനിർത്തി ഒരു വിചാരം. കവിതയല്ല, കവിതയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് തനിപ്പൈങ്കിളി എന്നു പ്രശസ്ത കലാനിരൂപകനും ചിത്രകാരനുമായ ജോണി എം എൽ നിരീക്ഷിക്കുന്നു. മൂന്നാംകിട സാഹിത്യമല്ല, രണ്ടാംകിട റിപ്പോർട്ടാണ് പൈങ്കിളി. സമ്മോഹനമായ ഭാഷയിൽ മാധ്യമഭാഷണങ്ങൾക്കെതിരെ ഒരു കുറ്റപത്രം.


ജോണി എം എൽ

എന്നെ വൈറലുകൾ പിടി കൂടുന്നത് അതികാലങ്ങളിലാണ്. കോൺക്രീറ്റ് ജംഗിളാണ് ഡെൽഹിയെങ്കിലും എന്റെ കിടപ്പു മുറിയുടെ ജാലകങ്ങൾ തുറക്കുന്നത് ഏക്കറുകൾ പരന്നു കിടക്കുന്ന ഒരു ഉദ്യാനത്തിലേക്കാണ്. കിളികളുടെ ശബ്ദങ്ങളിൽ നിന്ന് എത്ര മണിയായി എന്ന് കണക്കാക്കാൻ എനിയ്ക്കിപ്പോൾ കഴിയുന്നു. ഒരു മൂലയിൽ ഘടിപ്പിച്ചിട്ടുള്ള ശീതീകരണിയുടെ യന്ത്രത്തിന് പിന്നിൽ പ്രാവുകൾ കൂടു വെച്ചിട്ടുണ്ട്. അവയുടെ ചലനങ്ങൾ ആണ് എന്റെ അലാം ക്ളോക്ക്. ഉണർന്നാൽ അരമണിക്കൂർ നേരം ഞാൻ കിടക്കയിൽ കിടന്നു കൊണ്ട് തന്നെ ഫോണിൽ ഫേസ്ബുക് നോക്കും. കണ്ണടയില്ലാത്ത മങ്ങിയ കാഴ്ചകളിൽ അങ്ങിനെ ലോകം ഞാൻ ഉറങ്ങുമ്പോൾ എന്തൊക്കെ ചെയ്യുകയായിരുന്നു എന്ന് മനസ്സിലാക്കും. അത്തരം ഒരു കാഴ്ചയിലാണ് ആ വീഡിയോ കണ്ണിൽ പെട്ടത്.

കവിതയോടുള്ള ഇഷ്ടമാകാം ആ വീഡിയോ കാണുവാൻ പ്രേരണയായത്. കണ്ടു, വീണ്ടും കണ്ടു, വീണ്ടും വീണ്ടും കണ്ടു. പിന്നീട് ഒന്നുരണ്ടു സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു. ആര്യാ ദയാൽ ചൊല്ലിയ കവിത. സാം മാത്യുവിന്റെ രചന. കവിതയുടെ പേര് സഖാവ്. കാമ്പസ് കവിതയെന്നു വിശേഷണം. നഷ്ട പ്രണയം വിഷയം. ഗൃഹാതുരത്വം സ്ഥായീ ഭാവം. തരളിതമായ വരികൾ. കേൾക്കാൻ ഇമ്പമുള്ള ആലാപനം.

വൈറലുകളാകുന്നത് എന്തും അവയുടെ ഗുണമേന്മയെ ആസ്പദമാക്കി ആകണം എന്നില്ല. കൂടുതൽ ആളുകൾ കാണുന്നു അല്ലെങ്കിൽ കേൾക്കുന്നു എന്നത് തന്നെയാണ് വീണ്ടും ആളുകളെ അതിലേയ്ക്ക് ആകർഷിക്കുന്നത്. അത് കമ്പോളത്തിന്റെ അടിസ്ഥാന തത്വമാണ്.

ഒരാൾക്കൂട്ടം വളരുന്നത് ഏതാനും പേർ ഒരിടത്തു കൂടുന്നത് കൊണ്ടാണ്. ലുലു മാളിലും വീഗാ ലാൻഡിലും ആള് കൂടുന്നത് കൂടുതൽ ആളുകൾ പോകുന്നു എന്നത് കൊണ്ട് മാത്രമാണ്. ഒരു ചെരുപ്പ് വാങ്ങാൻ ആളുകൾ തിരുവനന്തപുരം ജില്ലയിൽ നിന്നും എറണാകുളത്തുള്ള ലുലു മാളിൽ പോകില്ല. കൊല്ലത്തു കിട്ടാത്ത ഒന്നും ലുലുവിൽ കിട്ടുമെന്ന് തോന്നുന്നില്ല.

ആൾക്കൂട്ടമാണ് കമ്പോളത്തിന്റെ ലക്‌ഷ്യം. സോഷ്യൽ മീഡിയ ആൾക്കൂട്ടമാണ്. അവിടെ ഒരു കാര്യം വൈറൽ ആകണമെങ്കിൽ അത് വൈറൽ ആണെന്ന് അവകാശപ്പെട്ടാൽ മാത്രം മതി. മാധ്യമങ്ങൾ അത് ഏറ്റെടുക്കുന്നതോടെ കൂടുതൽ വൈറൽ ആകാനുള്ള വഴി തെളിയുന്നു. അതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു ദുൽകർ സൽമാൻ അഭിനയിച്ച എ ബി സി ഡി എന്ന സിനിമ.

ആര്യാ ദയാലിന്റെ ആലാപനം വൈറലായത് പക്ഷെ അത് കാവ്യഗുണം ഒന്ന് കൊണ്ട് മാത്രം ആകണമെന്നില്ല. കവിതയ്ക്കു പുറത്തുള്ള കുറെ ഘടകങ്ങൾ ആ കാവ്യാലാപനത്തെ വൈറൽ ആക്കാൻ സഹായിച്ചിട്ടുണ്ട്.

[embed]https://www.youtube.com/watch?v=a5Qo94VtY4U[/embed]

ആര്യ പാടും മുൻപ് തന്നെ സാം മാത്യു എഴുതിയ സഖാവ് എന്ന് പേരുള്ള ഈ കവിത വാട്സ്ആപ് പോലുള്ള മാധ്യമങ്ങളിൽ പടരുന്നുണ്ടായിരുന്നു. അത് കേട്ട മറ്റു പലരും അത് പാടിയെന്നതിനുള്ള തെളിവുകൾ യൂട്യൂബിൽ തന്നെയുണ്ട്. ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി ഒരു പെൺകുട്ടി ഈ കവിത ചൊല്ലി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു കിട്ടിയ നോട്ടം ഏഴായിരത്തി ചില്വാനം ആണ്.

സാം മാത്യു തന്നെ എഴുതി ചൊല്ലിയ പല കവിതകളും യൂട്യൂബിൽ ലഭ്യമാണ്. കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിലാണ് ഇതൊക്കെ സംഭവിച്ചിരിക്കുന്നത്. അതായത് പുതിയ അക്കാദമിക് വർഷത്തിന്റെ തുടക്കത്തിലാണ് ഈ കവിതകൾ രംഗത്തു വന്നത്.

സാം മാത്യു എന്ന യുവ കവിയുടെ കവിതകൾ ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമാണ് അദ്ദേഹത്തിന് ചുവപ്പ് എന്ന നിറത്തോടുള്ള ഇഷ്ടം. ഒരു ഇടതു പക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ ആയതു കൊണ്ടാകാം, കമ്മ്യൂണിസത്തോടുള്ള അമിതമായ ഇഷ്ടം കൊണ്ടാകാം അതുമല്ലെങ്കിൽ ചുവപ്പിനോടുള്ള മനഃശാസ്ത്രപരമായ അടുപ്പം കൊണ്ടാകാം സാം മാത്യു ചുവപ്പിനെ കവിതകളിൽ പേർത്തും പേർത്തും ആഘോഷിക്കുന്നത്.

[embed]https://www.youtube.com/watch?v=FZtZOGXE_FA[/embed]

സഖാവ് എന്ന കവിതയെ ഒരു വിഭാഗം ചെറുപ്പക്കാർ ആഘോഷിച്ചതിനു പിന്നിൽ കവിയുടെ ഇടതുപക്ഷ ചായ്‌വ് ഒരു പ്രധാന കാരണം ആയിരുന്നിരിക്കണം. ആര്യ ദയാൽ ആലപിക്കുന്നതിനു മുൻപാണ് ഇത് സംഭവിച്ചിരിക്കുന്നത്.

ഇടതുപക്ഷ ചായ്‌വ് കൊണ്ട് മാത്രം ഇത് വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിക്കണം എന്ന് നിർബന്ധമില്ല. അപ്പോൾ നമുക്ക് ഈ കവിതയുടെ വൈറാലിറ്റിയെ പഠിക്കാൻ മറ്റു സാധ്യതകൾ തേടേണ്ടിയിരിക്കുന്നു.

സഖാവ് എന്ന കവിത കേൾക്കുന്ന ഒരാളിന്റെ മനസ്സിൽ ഓടിയെത്തുന്നത് ഒരു കാമ്പസ് വസന്തം ആണ്. കോളേജിൽ പഠിക്കാത്തവർക്കു ഈ കവിത അത്രയധികം ഇഷ്ടപ്പെടാൻ വഴിയില്ല. ഇന്നത്തെ ഒരു ശരാശരി മലയാളി കോളേജ് വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. ആ കോളേജുകളിലെല്ലാം പ്രണയവും പരാതിയും പരിഭവവും സമരവും കല്ലേറും ലാത്തിച്ചാർജ്ജും പരീക്ഷയും പൂമരങ്ങളും ഒക്കെ ഉണ്ടായിരുന്നിരിക്കും. കാമ്പസിൽ പ്രണയിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. പ്രണയിച്ചില്ല എന്ന് പറയുന്നവർ പേടിച്ചിട്ടായിരിക്കും പ്രണയം ഉള്ളിലൊതുക്കുന്നത്.

സഖാവിലെ പൂമരവും ഇത് പോലെ പേടിച്ച ഒരു പ്രണയിനി ആയിരുന്നു. അപ്പോൾ പ്രണയിച്ചവർക്കും പ്രണയിക്കാൻ പേടിച്ചവർക്കും ഒരു പോലെ ഇഷ്ടം തോന്നും കവിതയോട്. കവിത ഒരു നഷ്ടപ്രണയത്തെ പെട്ടെന്ന് മുന്നിൽ എത്തിക്കുന്നു.

'ചൂടാതെ പോയീ നിനക്കായി ഞാൻ ചോര ചാരി ചുവപ്പിച്ചോരെൻ പനീർപൂവുകൾ' എന്ന് തുടങ്ങുന്ന 'ആനന്ദ ധാര' എന്ന് പേരുള്ള ചുള്ളിക്കാടൻ കവിത ചൊല്ലാത്ത എത്ര സാഹിത്യകുതുകികൾ ഉണ്ടാകും? എന്തായാലും ഇപ്പോഴും ഞാനതു ചൊല്ലും.

[embed]https://www.youtube.com/watch?v=rznGqXYhKwY[/embed]

ചുള്ളിക്കാട് വൈറൽ ആയില്ല; കാരണം ചുള്ളിക്കാടിന്റെ നാളിൽ നവമാധ്യമങ്ങൾ ഇല്ലായിരുന്നു. പക്ഷെ കാസറ്റ്‌ വാങ്ങിയാണ് എന്റെ തലമുറ ചുള്ളിക്കാടിനെ വൈറൽ ആക്കിയത്.

ഇന്ന് സാം മാത്യു വൈറൽ ആകുന്നതു നവമാധ്യമങ്ങൾ ഉള്ളത് കൊണ്ടാണ്. എന്നാൽ രണ്ടു കവിതകളെയും ജനപ്രിയവും ജനകീയവും ആക്കുന്നത് ഗൃഹാതുരത്വം എന്ന ഭാവമാണ്.

കവിതയിൽ എം എൽ എ പോലും ഇടപെടുന്ന അവസ്ഥ ഈ വൈറൽ കവിത ഉണ്ടാക്കി വെച്ചു. കാരണം മറ്റൊന്നുമല്ല, ഒരു വിഭാഗം വിമർശകർ പറയുന്നു സഖാവ് പൈങ്കിളിയാണെന്ന്. അത് പൈങ്കിളി അല്ലെന്നു സ്ഥാപിക്കാനാണ് എം സ്വരാജ് എം എൽ എ രംഗത്തു വന്നത്. ഒരു സഖാവിനെ മറ്റൊരു സഖാവ് തള്ളിപ്പറയില്ല; പ്രസ്തുത വിഷയം കവിതയായാലും രാഷ്ട്രീയമായാലും.

സൂക്ഷിക്കുക , 'ബുദ്ധിജീവികൾ ' ദേഷ്യത്തിലാണ്. ...
എം. സ്വരാജ് .

ഇപ്പോൾ പരക്കെ ചർച്ച ചെയ്യപ്പെടുന്ന സഖാവെന്ന കവിത കഴിഞ്ഞ...

Posted by M Swaraj on 5 August 2016


പക്ഷെ ഇവിടെ ഞാൻ ഓർക്കുന്നത് സക്കറിയയെയാണ്. ഒരു മൂന്നാംകിട സാഹിത്യത്തിന്റെ അന്ത്യം എന്ന കഥയിൽ അദ്ദേഹം ഒന്നും മൂന്നും തമ്മിലുള്ള വ്യത്യാസം ഒരു രണ്ടിന്റേത് മാത്രം ആണെന്ന് പറയുന്നു. അതായത് ഒന്നാം കിട സാഹിത്യവും മൂന്നാംകിട സാഹിത്യവും തമ്മിൽ നാം ഇതുവരെ ഡിഫൈൻ ചെയ്യാത്ത ഒരു രണ്ടാം കിട സാഹിത്യം മാത്രമാണുള്ളത്. ഒന്നും മൂന്നും നാലും ലോകങ്ങൾ നാം ചർച്ച ചെയ്യുമ്പോഴും രണ്ടാം ലോകം ഇല്ല. അപ്പോൾ രണ്ടാം കിട സാഹിത്യവും ഇല്ല.

എനിയ്ക്കു തോന്നുന്നത് രണ്ടാം കിട സാഹിത്യം എഴുതുന്നത് മാധ്യമ പ്രവർത്തകർ ആണെന്നാണ്. അവരുടെ റിപ്പോർട്ടുകൾ രണ്ടാം കിട സാഹിത്യം തന്നെയാകാം. അപ്പോൾ സഖാവ് എന്ന കവിത ഒന്നാം കിട അല്ല; കാരണം അതിനെ ആസ്ഥാന വിജ്ഞന്മാർ അഭിനന്ദിച്ചിട്ടില്ല, ഇതുവരെ. മൂന്നാംകിടയിൽ ഉൾപ്പെടുത്താൻ എളുപ്പമാണ്; കാരണം അത് ഗൃഹാതുരത്വം ഉണർത്തുന്നതാകയാൽ പൈങ്കിളിയാണ്. കാമ്പസ് പ്രണയത്തെക്കുറിച്ച് ഒരു ഫീച്ചർ അല്ലാത്തതിനാൽ അത് രണ്ടാം കിട ആകുന്നതേയില്ല.

സഖാവ് എന്ന കവിതയ്‌ക്കെതിരെ പൈങ്കിളി എന്ന ആരോപണം ഉയർത്തിയവർ പണ്ഡിതരായിരിക്കാം. അതിനുള്ള കാരണങ്ങൾ അവർ നിരത്തുകയും ചെയ്യുന്നുണ്ടാകാം. ആയിക്കോട്ടെ. പക്ഷെ ഒരു സാധാരണ വായനക്കാരനെ സംബന്ധിച്ചിടത്തോളം ഈ കവിത പ്രസക്തമായിരിക്കുന്നത് അതിന്റെ സംഗീതാത്മകതയിലാണ്.

വായിച്ചപ്പോൾ വരാത്ത വികാരം ചൊല്ലലിൽ വന്നതാണ് ആധുനിക കവിതകളുടെ ഒരു സവിശേഷത. ആ സവിശേഷത ഉള്ള കവിയാണ് സാം മാത്യു. ലഘുക്കളെ പാടി ഗുരുക്കളാക്കുന്ന ചൊൽക്കാഴ്ചകളാണ് പിന്നീട് കവിയരങ്ങുകളായും പിന്നെ കല്യാണത്തിനും അടിയന്തരത്തിനും മൈക്കിൽപ്പാട്ടായും പരിണമിച്ചത്.

മഹാകവി എം പി അപ്പൻ മുതൽ കവി പ്രവരൻ അയ്യപ്പപ്പണിക്കർ വരെയും സച്ചിദാനന്ദൻ മുതൽ ചുള്ളിക്കാട് വരെയും നാമിതു കണ്ടു. വഴി മാറി നടന്ന അയ്യപ്പനും അൻവറും ഷിറാസ് അലിയും കവിത ചൊല്ലി. അവയിലെല്ലാം ഗൃഹാതുരത്വം ഉണ്ടായിരുന്നു. ചുള്ളിക്കാടിന്റെ കവിതകൾ ഗൃഹാതുരത്വമാണ്. സച്ചിദാനന്റെ അമ്പതു ശതമാനം കവിതകളും യാത്രാവിവരണം പദ്യരൂപത്തിൽ എഴുതിയവയാണ്. യാത്രാവിവരണം ഒരു തരം ഗൃഹാതുരത്വം ആണല്ലോ.

നല്ല കവിതകൾ എഴുതുന്ന റഫീഖ് അഹമ്മദ് സിനിമാ പാട്ടുകൾ എഴുതുമ്പോൾ കേൾക്കാൻ കൊള്ളാവുന്ന പൈങ്കിളികൾ ആകുന്നു. സിനിമാ പാട്ടുകൾ എല്ലാം ആ അർത്ഥത്തിൽ പൈങ്കിളികൾ ആണ്. വിപ്ലവ ഗാനങ്ങളുടെ ജനുസ്സിൽ വരുന്നത് 'ജോണീ മോനെ ജോണീ', 'അപ്പാ ഭരണം വേണ്ടപ്പാ', 'അപ്പങ്ങളെമ്പാടും ചുട്ടമ്മായി' , 'ഇത് വേൺട്ര ..സീൻ മൊത്തം കോൺട്ര' തുടങ്ങിയവയാണ്. അപ്പോൾ സഖാവ് എന്ന കവിത പൈങ്കിളി ആകുന്നതു കൊണ്ട് കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം.

പക്ഷെ ഈ കവിതാ വിഷയത്തിൽ അപാരമായ അബദ്ധം കേരളത്തിന് പിണഞ്ഞിരിക്കുന്നു. കുമാരനാശാനെ പാടിയ മധുസൂദനൻ നായരെ കുറിച്ച് ഗവേഷണ പ്രബന്ധങ്ങൾ എഴുതുന്ന ഒരാവസ്ഥയാണിവിടെ. (മധുസൂദനൻ നായർ മറ്റൊരു ഗൃഹാതുര കവി, അദ്ദേഹത്തിനെ വിപ്ലവം ആക്കിയാൽ മുരുകൻ കാട്ടാക്കട). കവിത എഴുതിയ സാം മാത്യുവിനെ മറന്നിട്ടു എല്ലാവരും പാടിയ ആര്യാ ദയാലിനു പിന്നാലെ പോവുകയാണ്.

ഗിറ്റാർ മീട്ടി പാടിയ ആര്യ രാവിലെ കിടക്കയിൽ ഇരുന്നാണ് അത് ചെയ്യുന്നത്. ഒരു കോളേജ് വിദ്യാർത്ഥിനിയുടെ ഒരു അലസ പ്രഭാതം. അത് ആലാപനത്തിനു റൊമാന്റിക് പരിവേഷം നൽകുന്നു. മുഖത്തു വീഴുന്ന മുടിച്ചുരുളുകൾ ആ കാമിനീ പരിവേഷത്തിനു മാറ്റ് കൂട്ടുന്നു. പോരെങ്കിൽ കവിയുടെ പ്രണയത്തിൽ വീഴുമോ എന്ന സ്റ്റാറ്റസ് അപ്ഡേറ്റ്. എന്തായാലും വൈറലാകാൻ മറ്റൊന്നും വേണ്ട.

വാക്കുകളിൽ ജ്വലിക്കുന്ന പ്രണയവും വിപ്ലവവും കവി Sam Mathew AD എഴുതിവെച്ച ആ മനോഹര കവിത .. പറയാൻ മറന്ന പ്രണയത്തിന്റെ വേദന നിറഞ്ഞ വാക്കുകൾ .. കേട്ടപ്പൊ ആ നെഞ്ചുറപ്പുള്ള
സഖാവിനൊട് ഉള്ളിന്റെയുള്ളിൽ ഒരിഷ്ടം ...

കവിത # സഖാവ്
(Special thanks to Anurag Sasindran and Cyril Fabian )

Posted by Arya Dayal on 31 July 2016


പിന്നീടുള്ള എല്ലാ അന്വേഷണവും ആര്യയുടെ പിന്നാലെയാണ്. കവി ക്രമേണ പുറന്തള്ളപ്പെടുന്നു. അല്ലെങ്കിൽ കവിക്ക് ആര്യ പാടിയ കവിത എഴുതിയ ആൾ എന്ന സ്റ്റാറ്റസ് വരുന്നു. അത് അപകടമാണ്. അപ്പോഴാണ് നാം കവിയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നത്. സഖാവ് എന്ന കവിതയിൽ 'നാളെയീ പീതപുഷ്പങ്ങൾ പൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞിറങ്ങും' എന്ന് ആര്യ പാടുമ്പോൾ കവി പാടുന്നത് 'തിരഞ്ഞുറങ്ങും' എന്നാണു. പക്ഷെ ആര്യ പാടിയതാണ് അന്വയത്തിൽ ശരി.

എന്ത് കൊണ്ടാണ് കവി ആ തെറ്റ് ചെയ്യുന്നത്? ഞാൻ കവിയുടെ മറ്റു കവിതകൾ കേട്ട് നോക്കി. സാം മാത്യു എഴുതാൻ ശ്രമിക്കുന്നു; അക്ഷരക്കെട്ടുകളും പദബന്ധങ്ങളും എല്ലാം ഉണ്ട്; പക്ഷെ വയലാറും ചുള്ളിക്കാടും ഭരിക്കുന്ന രാജ്യത്തു പി കുഞ്ഞിരാമൻ നായർ കുടിൽ കെട്ടി സമരം ചെയ്യുന്ന ഒരവസ്ഥ ആ കവിതകളിൽ ഉണ്ട്. ശ്രമിച്ചാൽ നന്നാകുന്ന കവിയാണ്. പക്ഷെ കവിയെ ആര്യ മുക്കിക്കളഞ്ഞു.

ഇനി സഖാവ് എന്ന കവിതയെ 'റിപ്പോർട്ട്' ചെയ്ത രണ്ടാം കിടക്കാരെ അഥവാ മാധ്യമ പ്രവർത്തകരെ നമുക്കൊന്ന് നോക്കാം. ശരിക്കും ലജ്ജയോടെ മാത്രമേ എനിയ്ക്കീ റിപ്പോർട്ടുകൾ കാണാൻ കഴിഞ്ഞുള്ളു. കവിയും ആലപിച്ചയാളും ഇടതുപക്ഷ പ്രവർത്തകർ ആകയാൽ, നിർലജ്ജം ഈ മാധ്യമ പ്രവർത്തകർ 'പീത പുഷ്പങ്ങളെ' രക്ത പുഷ്പങ്ങളാക്കി. എല്ലാ വീഡിയോകളിലും അവർ ചുവന്ന പൂക്കളുടെ പശ്ചാത്തലം സൃഷ്ടിക്കുന്നു. ശ്രീ എം കൃഷ്ണൻ നായരെ അനുകരിച്ചു പറഞ്ഞാൽ എനിയ്ക്കു വമനേച്ഛ ഉണ്ടായി.

പീതം എന്നാൽ മഞ്ഞ എന്നറിയാത്ത മാധ്യമ പ്രവർത്തകരെ എന്ത് വിളിക്കണം. ഒരു വശത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി ചെവിയിൽ പച്ചത്തെറിയാണ് വിളിക്കേണ്ടത്. അവർക്കു പീതം എന്ന വാക്കിന്റെ അർത്ഥം അറിയാഞ്ഞിട്ടല്ല. സന്ദർഭത്തിനനുസരിച്ച് ആര്യക്കും സാമിനും കവിതയ്ക്കും ഒരു ഇടതു വിപ്ലവ സ്വഭാവം നൽകാനുള്ള ശ്രമമാണിത്. അതാണ് പൈങ്കിളി പത്രപ്രവർത്തനം.

സെന്റിമെന്റൽ എന്നതിന് അതിഭാവുകത്വം എന്ന് മലയാളം. പക്ഷെ അതിനെ സാധാരണ മലയാളമാക്കിയതാണ് പൈങ്കിളി. അപ്പോൾ രണ്ടാം കിട റിപ്പോർട്ടുകളാണ് മൂന്നാംകിട സാഹിത്യത്തിനേക്കാൾ വലിയ പൈങ്കിളി.

Read More >>