റിയോയില്‍ ഇന്ത്യന്‍ പ്രതീക്ഷയുമായി ഹോക്കി,ഷൂട്ടിംഗ്,ടെന്നീസ് ടീമുകള്‍ ഇന്നിറങ്ങും

ജീത്തു റായി, ഗുര്‍പ്രീത് സിംഗ്, അയണിക പോള്‍, അപൂര്‍വി ചന്ദേല എന്നിവരെ കൂടാതെ ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയും ലിയാന്‍ഡര്‍ പേസും ഇന്ന് കളത്തിലിറങ്ങും. വനിതകളുടെ ടേബിള്‍ ടെന്നീസില്‍ മൗമ ദാസും മാനിക ബത്രയും ഇന്ന് കളത്തിലിറങ്ങുന്നവരാണ്. മലയാളി താരം ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഹോക്കി ടീമും മൈതാനത്ത് ഇറങ്ങുന്നുണ്ട്.

റിയോയില്‍ ഇന്ത്യന്‍ പ്രതീക്ഷയുമായി ഹോക്കി,ഷൂട്ടിംഗ്,ടെന്നീസ് ടീമുകള്‍ ഇന്നിറങ്ങും

നിരഞ്ജൻ

ഇന്ത്യയുടെ സുവര്‍ണ്ണ താരങ്ങള്‍ ശനിയാഴ്ച കളത്തിലിറങ്ങും. ഷൂട്ടിംഗിലെ മെഡല്‍ പ്രതീക്ഷയായ ജീത്തു റായി, ഗുര്‍പ്രീത് സിംഗ്, അയണിക പോള്‍, അപൂര്‍വി ചന്ദേല എന്നിവരെ കൂടാതെ ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയും ലിയാന്‍ഡര്‍ പേസും ഇന്ന് കളത്തിലിറങ്ങും. വനിതകളുടെ ടേബിള്‍ ടെന്നീസില്‍ മൗമ ദാസും മാനിക ബത്രയും ഇന്ന് കളത്തിലിറങ്ങുന്നവരാണ്. മലയാളി താരം ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഹോക്കി ടീമും മൈതാനത്ത് ഇറങ്ങുന്നുണ്ട്.


ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേറെയുള്ള 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷവിഭാഗത്തില്‍ ജീത്തു റായിയും ഗുര്‍പ്രീത് സിംഗും മത്സരിക്കുന്നതാണ് ഇന്ത്യ ഇന്ന് ഏറെ പ്രതീക്ഷിക്കുന്ന മത്സരം. ഈ വിഭാഗത്തില്‍ വനിതകളെ പ്രതിനിധീകരിക്കുന്ന അയണിക പോളും അപൂര്‍വി ചന്ദേലയും രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലെ പുരുഷ - വനിതാ ഫൈനലുകളും ഇന്ന് തന്നെ നടക്കുമെന്നതിനാല്‍ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷമുള്ള രണ്ടാം ദിനത്തില്‍ തന്നെ രാജ്യം മെഡലണിയുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം നടക്കുക.
ഇന്ത്യന്‍ ഹോക്കി ടീം ഇന്ന് അയര്‍ലണ്ടിനെതിരെ രാത്രി 7.30നാണ് ആദ്യമത്സരത്തിന് ഇറങ്ങുക. മെഡല്‍ പ്രതീക്ഷയുള്ള ഹോക്കിയില്‍ അയര്‍ലണ്ടിനെതിരെ വിജയം കണ്ടെത്തുക മാത്രമായിരിക്കും ടീമിന്റെ ലക്ഷ്യം. പുരുഷ ഡബിള്‍സ് ടെന്നീസില്‍ ഇന്ന് രാത്രി 7.30ന് ലിയാന്‍ഡര്‍ പേസും രോഹന്‍ ബൊപ്പണ്ണയും പോളണ്ടിന്റെ ലൂക്കാസ് കുബോട്ടിനും മാര്‍സിന്‍ മാറ്റ്സ്‌കോവിക്കിക്കും എതിരെ റാക്കറ്റേന്തും. ഒളിമ്പിക് ഗ്രാമത്തില്‍ ബൊപ്പണ്ണയ്ക്കൊപ്പം താമസിക്കാന്‍ പേസ് വിസമ്മതിച്ചത് ഇതിനിടെ വിവാദമായിരുന്നു. കലഹവും അഭിപ്രായഭിന്നതയും മൈതാനത്ത് പ്രതിഫലിക്കുമോ എന്നതാണ് ആരാധകര്‍ അശങ്കയോടെ നോക്കുന്നത്. വനിതകളുടെ ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ മൗമ ദാസ്, ഡാനിയേല മോന്റെറോ ഡോര്‍ഡെനെതിരെയും മറ്റൊരു മത്സരത്തില്‍ മോണിക ബത്ര പോളണ്ടിന്റെ കാറ്റര്‍സൈന ഗ്രൈബോസ്‌കയുമായും ഏറ്റുമുട്ടും. 7.45നും 8.30നുമാകും യഥാക്രമം ഈ മത്സരങ്ങള്‍ നടക്കുക.
ഇന്ന് രാത്രി 1.30ന് നടക്കുന്ന മത്സരത്തില്‍ വനിതാ ഡബിള്‍സ് ടെന്നീസില്‍ സാനിയ - പ്രാര്‍ത്ഥന തോംബാര്‍ സഖ്യം ചൈനയുടെ ഷുവായി പെങ് - ഷുവായി സാങ് സഖ്യത്തെ നേരിടും. തുഴയലില്‍ ബോകാനല്‍ ദത്തു ബാബനും ഭാരദ്വഹനത്തില്‍ മീരഭായി ചാനുവും ഒളിമ്പിക് വേദിയില്‍ ആദ്യ റാങ്കിംഗ് റൗണ്ടില്‍ ഇറങ്ങും.ജീത്തു റായി ഇന്ത്യന്‍ പ്രതീക്ഷ
ജനനം കൊണ്ട് നേപ്പാളുകാരനാണെങ്കിലും 16-ആം  വയസില്‍ ഇന്ത്യയിലെത്തി പിന്നീട് സൈന്യത്തിലെ ഗൂര്‍ഖാ റെജിമെന്റില്‍ ചേര്‍ന്നു. ആര്‍മിയിലെ ഷൂട്ടിംഗ് പരിശീലനത്തിലെ മികവ് സര്‍വീസസ് ടീമില്‍ എത്തിച്ചു. 2014 ജീത്തുവിനെ സംബന്ധിച്ച് നേട്ടങ്ങളുടെ കൂടി വര്‍ഷമായിരുന്നു മാരിബോറില്‍ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണ്ണവും 50 മീറ്ററില്‍ വെള്ളിയും നേടി. ഒരു ലോകകപ്പില്‍ രണ്ട് മെഡല്‍ നേടുന്ന ഇന്ത്യന്‍ ഷൂട്ടറെന്ന അപൂര്‍വ ബഹുമതിക്കും ഉടമയായി. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ലോക ഒന്നാം നമ്പര്‍ താരമായതും ആ വര്‍ഷം തന്നെയാണ്. ഇപ്പോള്‍ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ് അദ്ദേഹം. ഗ്ലാസ്ഗോയില്‍ നടന്ന കോമ്മണ്‍വെല്‍ത്ത് ഗെയിംസിലും ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും 50 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ജീത്തു ഒളിമ്പിക്സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ കാത്ത് ഒരു മെഡല്‍ അണിയുമെന്ന് തന്നെ കരുതാം. 2010ലെ കോമ്മണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണമെഡല്‍ നേടിയ ഗുര്‍പ്രീത് സിംഗും ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ഇന്ന് കരുത്ത് പകരുമെന്ന് പ്രത്യാശിക്കാം.