ജിഗ്നേഷ് മേവാനി; ഗുജറാത്തിലെ ദളിത് പ്രക്ഷോഭത്തിന് തീപ്പൊരി പകര്‍ന്ന നേതാവ്

ഗുജറാത്തിൽ ദളിത് പ്രക്ഷോഭം തുടങ്ങിയത് ഒരു പ്രബല സംഘടനയുടെയും ബലത്തിലല്ല. പ്രക്ഷോഭം ശക്തി പ്രാപിച്ചശേഷം സംഘടനകൾ വന്നുചേരുകയായിരുന്നു. പ്രക്ഷോഭം ശക്തി പ്രാപിക്കുകയും ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ദളിത് മുന്നേറ്റമെന്ന വ്യാഖ്യാനങ്ങൾ ഉണ്ടാകുകയും ചെയ്യുമ്പോൾ ഉയരുന്ന പ്രധാന ചോദ്യമുണ്ട്, ആരാണ് ഈ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ? ഉൾഗ്രാമങ്ങളിൽ അസംഘടിതരായി കഴിഞ്ഞിരുന്ന ഇവർക്ക് സംഘബലം നൽകിയതാരാണ്?

ജിഗ്നേഷ് മേവാനി; ഗുജറാത്തിലെ ദളിത് പ്രക്ഷോഭത്തിന് തീപ്പൊരി പകര്‍ന്ന  നേതാവ്

അഹമ്മദാബാദ്: ഇതുവരെ കാണാത്ത പ്രക്ഷോഭത്തിനാണ് ഇന്ത്യയുടെ ഹൃദയഭാഗം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തുനിന്ന് ഉത്തരദേശത്തേക്കുള്ള പ്രക്ഷോഭത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ  യുവ ദളിത് ആക്ടിവിസ്റ്റുകളാണെന്ന് ഗുജറാത്തിൽനിന്നുള്ള മാധ്യമ പ്രവർത്തകരും ദളിത് ആക്ടിവിസ്റ്റുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പടിഞ്ഞാറുള്ള ഗുജറാത്തിനും ഉത്തരദേശത്തുള്ള ഉത്തർപ്രദേശിനുമിടയിലെ ഇന്ത്യൻ സംസ്ഥാനങ്ങൾ വരുംനാളുകളിൽ വലിയ പ്രക്ഷോഭത്തിനാകും സാക്ഷ്യം വഹിക്കുക.


ഇത്രയും കാലം ദുരിതമനുഭവിച്ച ദളിതുകൾ ഉയർത്തേഴുന്നേൽക്കുന്ന കാഴ്ചയാണ് ഈ സംസ്ഥാനങ്ങളിൽനിന്ന് കാണുന്നത്.

1981-85 കാലഘട്ടത്തിൽ നടക്കേണ്ട പ്രക്ഷോഭമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഗുജറാത്തിൽനിന്നുള്ള കവിയും മാധ്യമ പ്രവർത്തകനുമായ രാജു സോളങ്കി അഭിപ്രായപ്പെട്ടത്. ഗോരക്ഷാസേന ഉയർത്തി വിട്ട കാറ്റാണ്, പ്രക്ഷോഭമായി, ജനാധിപത്യവാദികൾക്ക് പ്രതീക്ഷയായി പടർന്ന് പിടിക്കുന്നത്. ഈ പ്രക്ഷോഭങ്ങൾക്ക് ഒരു സംഘടനയുടെ ചട്ടക്കൂടില്ല, അല്ലെങ്കിൽ ഒരു സംഘടന നേതൃത്വം നൽകുന്ന പ്രക്ഷോഭമല്ല ഇപ്പോഴത്തേത്. ഒരുകൂട്ടം യുവാക്കൾ നേതൃത്വം നൽകുന്ന പ്രക്ഷോഭത്തിന് പിന്തുണ നൽകി ദളിത് സംഘടനകളും മറ്റും രംഗത്തെത്തുകയായിരുന്നു.

una

മുപ്പതോളം ദളിത് സംഘടനകളാണ് പ്രക്ഷോഭത്തിൽ പങ്കുചേർന്നത്. ഞായറാഴ്ച നടത്തിയ പ്രക്ഷോഭറാലി അക്ഷരാർത്ഥത്തിൽ വിസ്ഫോടനമാണ് സൃഷ്ടിച്ചതെന്ന് പറയാം. ഗുജറാത്ത് മുഖ്യമന്ത്രിയുടെ രാജിയിലേക്ക് വരെ നയിച്ച പ്രക്ഷോഭങ്ങൾ ഇന്ത്യയെ ഇളക്കിമറിക്കുന്ന രീതിയിൽ ശക്തിപ്രാപിക്കുമ്പോൾ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം, ആരാണ് ഇതിനെ നയിക്കുന്നത് എന്നാണ്? നേതാവില്ലെന്ന് പറയുമ്പോഴും പ്രക്ഷോഭത്തിന്റെ മുഖമായി മാറുന്ന ഒരാൾ ഇവിടെയുമുണ്ട്. ജെഎൻയു പ്രക്ഷോഭത്തിന്റെ മുഖമായി കന്നയ്യ കുമാർ മാറിയത് പോലെ, ഗുജറാത്ത് പ്രക്ഷോഭത്തിന്റെ മുഖമായി മാറുന്നത് ജിഗ്നേഷ് മേവാനി എന്ന യുവനേതാവാണ്.

'നിങ്ങളുടെ മാതാവിനെ ശവശരീരം നിങ്ങള്‍ തന്നെ സംസ്‌കരിച്ചോളൂ
' എന്ന മുദ്രാവാക്യവുമായി ഗുജറാത്തിന്റെ തെരുവിലിറങ്ങിയ ആയിരങ്ങള്‍ സംഘടിച്ചത് ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലാണ്.  രാജ്യത്തെ ദളിത് പ്രക്ഷോഭങ്ങള്‍ക്കാകെ കരുത്ത് പകർന്നത് ദളിത് അത്യാചാർ ലഡ്ക് സമതിയുടെ നേതൃത്വത്തിലുള്ള മുന്നേറ്റമാണ്. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ആനന്ദി ബെന്‍ പട്ടേലിനെ താഴെയിറക്കാന്‍ മാത്രം ശക്തി ആ പ്രക്ഷോഭത്തിനുണ്ടായത് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിൽ കാണിച്ച ജാഗ്രതയും പ്രൊഫഷണലിസവുമാണെന്ന് പറയാം.

ബിജെപി നേതൃത്വത്തെ അലോസരപ്പെടുത്തിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ ജിഗ്നേഷ് മേവാനിയെക്കൂടാതെ മുന്‍ ഐപിഎസ് ഓഫീസറായ രാഹുല്‍ ശര്‍മ്മയും ഉണ്ടായിരുന്നു. ഇനി ഗുജറാത്ത് കാണാൻ പോകുന്നത് മറ്റൊരു വലിയൊരു ദളിത് സംഗമത്തിന് തന്നെയാണ്. ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ചിരിക്കുന്ന ദളിത് സംഗമം ഇന്ത്യൻ രാഷ്ട്രീയത്തെ തന്നെ മാറ്റിമറിക്കുമെന്ന പ്രതീക്ഷയിലാണ് മതേതര-ജനാധിപത്യ വിശ്വാസികൾ. ഇത് നയിക്കുന്നത് രാഹുൽ ശർമ്മയാണെന്ന് സൂചനകളുണ്ട്.

una-2

മായാവതിക്കെതിരെ ബിജെപി നേതാവ് നടത്തിയ വിവാദപരാമർശത്തിനും ഗുജറാത്ത് സംഭവവുമായി നേരിട്ട് ബന്ധമുണ്ട്. ഗുജറാത്തിൽ ദളിതരെ ആക്രമിക്കുന്നതിനെ ചോദ്യം ചെയ്ത മായാവതിക്കെതിരെ നടത്തിയ പരാമർശം യുപിയിലെ ദളിതരും ഏറ്റെടുത്തിട്ടുണ്ട്. അങ്ങനെ ഗുജറാത്തിൽനിന്ന് യുപിയിലേക്കും അവിടെനിന്ന് ഇന്ത്യയുടെ മധ്യഭാഗങ്ങളിലേക്കും പടരാൻ ശേഷിയുള്ള പ്രക്ഷോഭമാണ് ഇപ്പോൾ നടക്കുന്നത്.

കഴിഞ്ഞ മാസം ഉനയില്‍ ചത്ത പശുവിന്റെ തോലുരിച്ചെന്നാരോപിച്ച് ഒരു സംഘം ഗോരക്ഷാ പ്രവര്‍ത്തകര്‍ നാല് ദളിത് യുവാക്കളെ പരസ്യമായി മര്‍ദ്ദിക്കുകയും നഗരം മുഴുവന്‍ നടത്തിക്കുകയും ചെയ്തതോടെ തുടങ്ങിയ പ്രക്ഷോഭമാണ് രാജ്യമൊട്ടാകെയുള്ള പ്രതിഷേധമായി ശക്തിപ്രാപിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിക്കാൻ തടിച്ച് കൂടിയവർ പതിവില്ലാത്ത വിധം 'അക്രമാസക്തരു'മായി. വിഎച്ച്പി ഉള്‍പ്പെടെയുള്ള വിവിധ ഹിന്ദു സംഘടനകളുടെ ഓഫീസുകള്‍ അവര്‍ തല്ലിത്തകര്‍ത്തു. റെയില്‍ വേ ട്രാക്കുകളും റോഡുകളും കയ്യടക്കി. പ്രതിഷേധം പല ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടും ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ പതിവു മൗനം തുടര്‍ന്നു. സർക്കാരിന്റെ മൗനം ദളിത് പ്രക്ഷോഭകർക്ക് കൂടുതൽ കരുത്ത് നൽകുകയാണ് ഉണ്ടായത്.

പലയിടങ്ങളിലായി ചിതറിക്കിടന്ന ഈ പ്രതിഷേധങ്ങള്‍ക്കെല്ലാം സംഘടിത രൂപവും ദിശയും നല്‍കിയത് ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. മുപ്പതോളം വിവിധ ദളിത് സംഘടനകളെ ഒരുമിച്ച് നിര്‍ത്തിയാണ് ജിഗ്നേഷ് ഗുജറാത്തിനെ വിറപ്പിച്ച കൂറ്റന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഉന ദളിത് അത്യാചാര്‍ ലാദത് സമിതിയുടെ പേരിൽ ദളിതർ സംഘടിച്ചപ്പോൾ ഇതുവരെ കാണാത്ത രീതിയിലുള്ള പ്രക്ഷോഭമായി അത് മാറി. ഹൈദ്രബാദ് യൂണിവേഴ്സിറ്റി, ജെഎൻയു സമരങ്ങളുടെ തുടർച്ച ഗുജറാത്തിൽ പ്രക്ഷോഭത്തിൽ കാണാമെന്ന നിരീക്ഷണങ്ങൾ ഇപ്പോൾതന്നെ ഉണ്ടായിട്ടുണ്ട്. ദളിത് സംഘടനകളും അതിലെ പ്രായമുള്ള ആക്ടിവിസ്റ്റുകളും സമരത്തിന്റെ ഭാഗമാണെങ്കിലും യുവതിമയുവാക്കളാണ് നേതൃത്വം വഹിക്കുന്നത്.  പതിനായിരങ്ങൾ പങ്കെടുക്കുന്ന  പ്രതിഷേധ റാലിയിൽ ഭൂരിഭാഗവും യുവാക്കളാണെന്നത് വലിയ പ്രതീക്ഷയാകുന്നുണ്ട്.

രോഹിത് വെമുലയുടെ കുടുംബത്തേയും 2012 നല്‍ഗത് പോലീസ് വെടിവെപ്പിലെ ഇരകളുടെ കുടുംബത്തേയും ഉള്‍പ്പെടുത്തിയായിരുന്നു മഹാസമ്മേളനം. സമ്മേളനത്തിന് ദേശീയ ശ്രദ്ധ ലഭിക്കാന്‍ ഇതുകൊണ്ടായി. ഹൈദരാബാദ് യൂണിവേഴ്സിറ്റി, ജെഎൻയു സമരങ്ങളുടെ തുടർച്ചയെന്ന് പറയാൻ ഇതും ഒരു കാരണമാണ്.

una-3

ഗുജറാത്തില്‍ മാത്രം ഒതുങ്ങാതെ, പ്രതിഷേധത്തിന്റെ അലയൊലികള്‍ രാജ്യത്താകെ പ്രതിഫലിക്കണമെന്ന ധാരണയോടെയായിരുന്ന ജിഗ്നേഷ് മേവാനി ദളിത് മഹാ സമ്മേളനം സംഘടിപ്പിച്ചത്.

ഗുജറാത്ത് സര്‍ക്കാരിനും ഒപ്പം കേന്ദ്ര സര്‍ക്കാരിനും വ്യക്തമായ സന്ദേശം നല്‍കാനാണ് ഈ പ്രക്ഷോഭം സംഘടിപ്പിച്ചത്. പ്രക്ഷോഭത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും വ്യക്തമായ സന്ദേശം നൽകാൻ ജിഗ്നേഷ് മേവാനിക്ക് കഴിഞ്ഞിട്ടുണ്ട്.
ദളിതുകളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് തോക്കുകള്‍ തരൂ
എന്ന് പ്രക്ഷോഭ റാലിയെ അഭിസംബോധന ചെയ്ത് ജിഗ്നേഷ് മേവാനി പറയുമ്പോൾ ഉയരുന്നത് കൈയടി മാത്രമല്ല. അത് ബിജെപി നേതൃത്വം തിരിച്ചറിയുന്നുണ്ട്.  ചത്ത കാലികളെ നീക്കം ചെയ്യുന്ന പണി ഇനി മുതല്‍ ചെയ്യില്ലെന്നും റാലിയില്‍ അവര്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്.

നരേന്ദ്ര മോഡിയുടേയും അമിത് ഷായുടേയും നാട്ടിലാണ് ആകെ ജനസംഖ്യയില്‍ 7 ശതമാനം മാത്രം വരുന്ന ദളിതുകള്‍ ഒരുമിപ്പിച്ച് ജിഗ്നേഷ് മേവാനി പ്രതിഷേധ റാലി സംഘടിപ്പിച്ചത്. രാജ്യവ്യാപകമായി ഇത്തരമൊരു പ്രതിഷേധ സമരം സംഘടിപ്പിക്കാന്‍ മാത്രം ശക്തി ദളിതുകള്‍ കൈവരിച്ചു എന്ന സന്ദേശവും മഹാ സമ്മേളനം നല്‍കുന്നു.