ജെസി ഓവൻസ്; ഒരു ഒളിമ്പിക്സ് വീരഗാഥ

ഇന്നേക്ക് എൺപത് വർഷം മുമ്പാണ് ജെസി ഓവൻസ് എന്ന കായികതാരം ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറിനെ ചെറുത്ത് തോൽപ്പിച്ചത്. ജെസി ഓവൻസിന്റെ ഒളിമ്പിക്സ് ഗോൾഡ് മെഡൽ നേട്ടങ്ങൾ ഫാസിസത്തിനെതിരായ വിജയംകൂടിയായി. ജെസി ഓവൻസിന്റെ വിജയവും ഹിറ്റ്ലറിന്റെ പരാജയവും ചരിത്രത്തിന്റെ ഭാഗമാണ്.

ജെസി ഓവൻസ്; ഒരു ഒളിമ്പിക്സ് വീരഗാഥ

സുഹെയ്ൽ അഹമ്മദ്

കായികലോകം ഇമ പൂട്ടാതെ നോക്കി നിന്ന ഒരാളുണ്ട്, ചരിത്രത്തിൽ അത് ജെസി ഓവൻസാണ്. ആ മാസ്മരികതയ്ക്ക് പിന്നിൽ എന്തായിരുന്നു. എങ്ങനെയാണ് ലോകം ഏറെ വൈകാരികമായി ഓർക്കുന്നവരിൽ ഒരാളായി ജെസി ഓവൻസ് മാറിയത്. ചരിത്രം പലപ്പോഴും കൗതുകകരമായ ചില കാര്യങ്ങൾ ഒളിപ്പിച്ച് വെയ്ക്കുന്നു. ജെസി ഓവൻസിന്റെ പേരിനും ആ മനുഷ്യനുണ്ടാക്കിയ ചരിത്രത്തിനും അങ്ങനെ ചില പ്രത്യേകതകളുമുണ്ട്. അത്  മനുഷ്യൻ്റെ പ്രതിരോധത്തിന്റെ കൂടി ഭാഗമാണ്. അതുകൊണ്ട് ഒറ്റ ഒളിമ്പിക്സിനപ്പുറം ജെസി ഓവൻസിനെ നാട്ടുകാർ ഓർക്കുകയും തങ്ങളുടെ പ്രതിരോധ സ്വപ്നങ്ങളുടെ ബിംബമായി ആരാധിക്കുകയും ചെയ്യുന്നത്.


ഒരു ഒളിമ്പിക്‌സിൽ മാത്രം പങ്കെടുക്കുകയും അനശ്വരനായി മാറുകയും ചെയ്ത ഏകതാരമായിരിക്കും ജെസി ഓവൻസ്. കായികചരിത്രത്തിൽ ജെസി ഓവൻസിനെപ്പോലെ അധികം പേരുകളില്ല.  ചിലപ്പോൾ കരുത്തിന്റെ പ്രതീകം, ചിലപ്പോൾ പ്രതിരോധത്തിന്റെ പ്രതീകം. അങ്ങനെ വീണ്ടും വീണ്ടും ചർച്ചയാകുകയാണ് ജെസി ഓവൻസ്.

ഒളിമ്പിക്സിന്റെ ചരിത്രത്തിലെ സുവർണ്ണതാരത്തിനുള്ള വോട്ടെടുപ്പിലും ജെസി ഓവൻസിന് സ്ഥാനമുണ്ടാകുന്നത് ഇങ്ങനെയൊക്കെയാണ്. ഉസൈൻ ബോൾട്ട്, നദിയ കൊമനേച്ചി, മൈക്കൽ ഹെൽപ്സ്, മുഹമ്മദലി എന്നിവർക്കൊപ്പമാണ് ജെസി ഓവൻസിന്റെയും പേരുള്ളത്. ആർക്കും വോട്ട് ചെയ്യാവുന്ന മത്സരത്തിൽ ജെസി ഓവൻസിന് എത്ര വോട്ട് വീഴും എന്നതിലപ്പുറമുള്ള പ്രാധാന്യം ഈ മത്സരത്തിനുണ്ട്.

ഫാസിസം vs ജെസി ഓവൻസ് 

ഫാസിസത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് ജെസി ഓവൻസ് ഹിറ്റ്ലറിനെ മുട്ട് കുത്തിച്ച ധീരനാണ്. ലോകം കണ്ട ഫാസിസ്റ്റിനെ  സ്വന്തം തട്ടകത്തിൽ പോയി മുട്ടുകുത്തിച്ച വേഗതയുടെ രാജകുമാരൻ. ഫാസിസത്തിനെതിരെയുള്ള മനുഷ്യരുടെ ധീരമായ ചെറുത്തുനിൽപ്പുകളിൽ ജെസി ഓവൻസ് തിളക്കമുള്ള ഒരധ്യായമാണ്.

ഹിറ്റ്‌ലറിലെ മുട്ട് കുത്തിച്ചവൻ എന്ന പേരിലാണ് ജെസ് ഓവൻസ് ചരിത്രത്തിൽ ഇടം നേടിയത്. 1936 ആഗസ്ത് മൂന്നിനാണ് ആ സംഭവം നടന്നത്.  ജയിക്കാൻ വേണ്ടി മാത്രം ഹിറ്റ്‌ലർ നടത്തിയ ബെർലിൻ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ദിവസം. വ്യക്തമായി പറഞ്ഞാൽ ആര്യവംശത്തിന്റെ ശക്തി ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ ഹിറ്റ്‌ലർ നടത്തിയ ഒളിമ്പികസിലെ നൂറുമീറ്റർ കുതിപ്പു നടക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി.

നാസികളുടെ സർവാരവങ്ങൾക്കിടയിലൂടെ ഹിറ്റ്‌ലരും അദ്ദേഹത്തിന്റെ മന്ത്രിയും പ്രത്യേകം തയ്യറാക്കിയ ഇരിപ്പിടത്തിലേക്ക് കടന്നു വന്നു. ഒരു നിമിഷം എല്ലാം ശാന്തമായി. ട്രാക്ക് അടുത്ത വേഗരാജാവിനുവേണ്ടി ഒരുങ്ങി. തന്റെ നാട് മത്സരിച്ച് ജയിക്കുന്നത് കാണാനും ആഘോഷിക്കാനുമെത്തിയ ഹിറ്റ്‌ലറിന് മുമ്പിൽവെച്ച് ജെസി ഓവൻസ് ആ മെഡൽ നേടി.

അന്ന് ജെസി ഓവൻസ് വേഗത്തിന്റെ രാജാവിയ പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് വേഗത്തിന്റെ രാജാക്കന്മാർ ഒരുപാട് പേർ വന്നിട്ടും  ജെസി ഓവൻസിന്റെ പേരും പെരുമയും അതേപടി നിലനിന്നു. ഹിറ്റ്‌ലറിന്റെ നാട്ടിൽ പോയി ഓവൻസ് നേടിയ മെഡലിന് ഓരോ ദിവസം കഴിയുന്തോറും തിളക്കം കൂടി വന്നു. കാരണം അന്ന് നേടിയത് വേഗപ്പട്ടം മാത്രമായിരുന്നില്ല. ഫാസിസത്തിനെതിരെയുള്ള ലോകജനതയുടെ സമരങ്ങൾക്കുള്ള തുല്യം ചാർത്തലാണ് അന്ന് നടന്നത്. അതാണ് ചരിത്രത്തിൽ ജെസി ഓവൻസിന്റെ സ്ഥാനവും. പിന്നീട് മനുഷ്യൻ ഫാസിസത്തെ പലവഴിക്ക് ചെറുത്ത് തോൽപ്പിച്ചെങ്കിലും കിരീടവും ചെങ്കോലും വെച്ച ഫാസിസ്റ്റിലെ സ്വന്തം തട്ടകത്തിൽ വെച്ച് തോൽപ്പിച്ച ഒരാളോടുള്ള ആദരവ് ലോകം പ്രകടിപ്പിച്ച് കൊണ്ടിരുന്നു.ഫാസിസത്തിനെതിരെയുള്ള മനുഷ്യരാശിയുടെ സമരചരിത്രങ്ങൾക്കൊരു ബിംബമായി ജെസി ഓവൻസ് മാറി. ഹിറ്റ്‌ലറിനെ തട്ടകത്തിൽ പോയി നേരിട്ട ചങ്കുറപ്പുള്ളവൻ എന്ന പേരും നേടിയാണ് ഓവൻസ് മടങ്ങിയത്. മുഹമ്മദലി എങ്ങനെയാണോ കേവലം കായികതാരം എന്ന ബഹുമതിക്കപ്പുറത്തേക്ക് വളർന്നത് അതിന് സമാനമാണ് ജെസി ഓവൻസിന്റെ കാര്യവും.

നേട്ടങ്ങൾ

ഒളിമ്പിക്സിലെ ജെസിയുടെ നേട്ടം നൂറ് മീറ്ററിൽ ഒതുങ്ങിയില്ല. ഇരുനൂറ് മീറ്ററിലും ലോക റെക്കോർഡിട്ട് വീണ്ടും സർണ്ണം. റിലേയിലും സ്വർണ്ണം. ലോങ് ജംമ്പിൽ കാൾ ലൂസ് ലോഹ് എന്ന ജർമ്മൻ ഇതിഹാസ താരം തീർത്ത 28 വർഷം പഴക്കമുണ്ടായിരുന്ന റെക്കോർഡ് ജെസി ചാടിക്കടന്നുകൊണ്ട് ഹിറ്റ്‌ലരുടെ അവഗണനയ്ക്ക് മധുര പ്രതികാരം വീട്ടി. അതും സ്വന്തം ശക്തി തെളിയിക്കാൻ ഹിറ്റലർ സ്വന്തം നാട്ടിൽ നടത്തിയ ഒളിമ്പിക്സിൽ! ഈ മത്സരങ്ങളിൽ ജെസി ധരിച്ച ഷൂസിനുമുണ്ട് ഒരു പ്രത്യേകത. അഡിഡാസ് സ്ഥാപകൻ അഡോൾഫ് അഡി ഡാസ്ലർ സ്വന്തം കൈ കൊണ്ട് തുന്നിയുണ്ടാക്കിയതായിരുന്നു അത്.

മറുനാട്ടിൽ നിന്നു സഹിക്കേണ്ടി വന്നതിനെക്കാൾ വലിയ അപമാനം ജെസിക്ക് സ്വന്തം രാജ്യമായ അമേരിക്കിയിൽ നിന്നും ഉണ്ടായി. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായിട്ടു നാലു മെഡലുകൾ സന്തമാക്കിയ കായിക താരമായിരുന്നിട്ടും ഫ്രാൻക് ഡി റൂസ്വെൽറ്റ് ഭണകൂടം അദ്ദേഹത്തെ അംഗീകരിക്കാൻ പോയിട്ട് അഭിനന്ദിക്കാൻ പോലും തയ്യാറായില്ല. ഹിറ്റ്‌ലറല്ല എന്നെ അപമാനിച്ചത് അമേരിക്കൻ ഭരണകൂടമാണ് എന്നു  പരസ്യമായി ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു.

ഇതിനിടെ മറ്റൊരു പ്രധാനപ്പെട്ട സംഭവവും ജെസിയുടെ ജീവിതത്തിൽ നടന്നു. അമേരിക്കയിലെ അമച്ച്വർ  അതിലറ്റിക് യൂണിയന്റെ ഫണ്ട് സ്വരൂപണാർഥം യുറോപ്യൻ പര്യടനത്തിൽ നിന്നു ജെസിക്കു പിന്തിരിയേണ്ടി വന്നു. വ്യക്തിപരമായ കാരണങ്ങളാൽ വീട്ടിൽനിന്ന് മാറിനിൽക്കാൻ സാധിക്കാത്തത് കൊണ്ടാണ് അത് സംഭവിച്ചത്. എന്നാൽ അദ്ദേഹത്തെ ഔദ്യോഗിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയാണ് അമേരിക്കൻ കായിക കൂട്ടായ്മ ഈ തീരുമാനത്തെ നേരിട്ടത്. ഇതോടെ നിത്യചെലവിനുള്ള വഴിയടഞ്ഞു. എന്നാൽ ജെസി കൂടുതൽ ശക്തനായി മാറുകയായിരുന്നു. കുടുംബം പോറ്റാൻ നാട്ടിലെ വേട്ടനായ്ക്കളോടും, ബൈക്കുകളോടും പന്തയക്കുതിരയോടുവരെ ജെസി മത്സരിച്ചു. എപ്പോഴത്തേയും പോലെ ഇവിടെയും ജെസി ഓവൻസ് ജയിച്ചു.അത്തരം മത്സരങ്ങൾക്ക് ഏറെ സാധ്യതയുള്ള ഒരിടമായിരുന്നു എന്നും അമേരിക്ക. അതൊന്നും റിക്കാർഡ് പുസ്തകത്തിലെ പ്രൗഡി കണ്ടായിരുന്നില്ല. വിശന്നു വെന്ത വയറിനു വേണ്ടിയായിരുന്നു എന്നു മാത്രം.

ബക്കി ബുള്ളറ്റ് എന്നൊരു ഇരട്ടപ്പേരു ഈ അത്‌ലറ്റ്- ആക്ടിവിസ്റ്റിനുണ്ടായിരുന്നു. ചെറുപ്പകാലത്ത് ഒഹിയോ സർവകലാശാലയിലെ കായിക പഠനസമയത്ത് ബക്കിയോസ് ട്രാക്ക് ടീമിനുവേണ്ടി മത്സരിച്ചു വിജയിക്കുകയും തന്റെ തന്നെ റിക്കാർഡുകൾ പുതുക്കി കൊണ്ടിരിക്കുകയും ചെയ്തതോടെയാണ് ബക്കിബുള്ളറ്റ് എന്ന പേരി ജെസിക്ക് കിട്ടിയത്.

ഹെൻറി, എമ്മ അലക്‌സാണ്ടർ ദമ്പതികളുടെ ഏഴാമത്തെ മകനായി ജനനം. പത്താമത്തെ കൂട്ടിയായിടും എന്നും അഭിപ്രായം ഉണ്ട്. കഴുത്തിലുണ്ടായിരുന്ന മുഴ ശ്വസനത്തിനു പ്രായം ഉള്ളതായി അമ്മയോട് ജെസി അഞ്ചാം വയസ്സിൽ പരാതിപ്പെട്ടപ്പോൾ ചികിത്സക്കാവശ്യമായ പണം ഇല്ലാത്തതു കാരണം അടുക്കളയിലെ പിച്ചാത്തി കൊണ്ടാണ് അമ്മ ആദ്യ പരീക്ഷണം നടത്തിയത് അതും മകന്റെ ജീവിതം പണയംവെച്ച് പിന്നീടങ്ങോട്ട് പരീക്ഷണങ്ങൾ ഓരോന്നും ജെസി പൂമാല കണക്കെ സ്വീകരിച്ചു. എല്ലാത്തിനെയും തന്റെ കാലുകൊണ്ട് ഓടിതോൽപിച്ചു, ചില അവസരങ്ങളിൽ ചാടിപ്പിന്നിലാക്കി.

ഉസൈൻ ബോൾട്ട് എന്ന വേഗരാജാവിന്റെ ഏറ്റവും മികച്ച സമയം 9.57 സെക്കൻറ് ആണെങ്കിൽ ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്ത് 9.4 സെക്കൻറ് കൊണ്ട് 100 പൂർത്തിയാക്കിയിട്ടുണ്ട് എന്നു മനസ്സിലാക്കുമ്പോഴാണ് ജെസി ഓവൻസ് എന്ന അത്‌ലറ്റിന്റെ മാഹാത്മ്യം വ്യക്തമാവുന്നത്. തിരിച്ചറിവെന്നാൽ വൈകി വരുന്നത് എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് അമേരിക്കൻ ഭരണകൂടം എടുത്ത തീരമാനങ്ങൾ. 1976 ൽ അമേരിക്കയിലെ സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൻ അവാർഡ് നൽകി ജെറാൾഡ് ആർഫോൾഡ് അദ്ദേഹത്തെ ആദരിച്ചു.

എന്നും സാമ്പത്തിക പരാധീനതകളാൽ പ്രയാസപ്പെട്ടിരുന്ന ജെസി 1980 മാർച്ച് 31 നു അന്തരിച്ചു. ഒരു വലിയ കായികതാരം വിട വാങ്ങിയപ്പോൾ വിതുമ്പിയത് കായികലോകം മാത്രമായിരുന്നില്ല, ലോകം മുഴുവനുമായിരുന്നു. അതായിരുന്നു ജെസി ഓവൻസ്.