ജീത്തുവിലും മിക്‌സഡ് ഡബിൾസ് ടീമിലും പ്രതീക്ഷയർപ്പിച്ച് ഇന്ത്യ ഇന്ന് റിയോയിൽ

അമ്പെയ്ത്തിലും ബോക്‌സിംഗിലും വനിതാ ഹോക്കിയിലും ജൂഡോയിലും ഷൂട്ടിംഗിലും ടെന്നീസിലും റസ്ലിംഗിലും ഇന്ത്യയ്ക്ക് ഇന്ന് മത്സരങ്ങൾ

ജീത്തുവിലും മിക്‌സഡ് ഡബിൾസ് ടീമിലും പ്രതീക്ഷയർപ്പിച്ച് ഇന്ത്യ ഇന്ന് റിയോയിൽ

അമ്പെയ്ത്തിലും ബോക്‌സിംഗിലും വനിതാ ഹോക്കിയിലും ജൂഡോയിലും ഷൂട്ടിംഗിലും ടെന്നീസിലും റസ്ലിംഗിലും ഇന്ത്യയ്ക്ക് ഇന്ന് മത്സരങ്ങൾ. പത്തു മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ നിന്ന് പുറത്തായെങ്കിലും ഷൂട്ടിംഗിൽ 50 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ജീത്തു റായിയും പ്രകാശ് നഞ്ചപ്പയും ഇന്ന് ഇറങ്ങുന്നുണ്ട്. ഒളിമ്പിക് ഷൂട്ടിംഗ് സെന്ററിൽ ഇന്ത്യൻ സമയം വൈകീട്ട് 5.30ന് നടക്കുന്ന മത്സരത്തിൽ മെഡൽ പ്രതീക്ഷയർപ്പിക്കുകയാണ് രാജ്യം. 50 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലെ ലോക രണ്ടാം നമ്പർ താരമാണ് ജീത്തു. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരനാണെങ്കിലും ഒളിമ്പിക് ഫൈനൽസിൽ എട്ടുപേരിൽ അവസാന സ്ഥാനക്കാരനായി നിരാശ നൽകിയ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ഒളിമ്പിക്‌സിന് മുൻപ് ഷൂട്ടിംഗിലെ മെഡൽ പ്രതീക്ഷയായിരുന്ന ജീത്തു റായിയുടെ ഈ ഒളിമ്പിക്‌സിലെ അവസാന മത്സരം കൂടിയാണ് ഇന്നത്തെ 50 മീറ്റർ എയർ പിസ്റ്റൾ.

ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കലമെഡൽ ജേതാവും വെറ്ററൻ താരവുമായ ഗഗൻ നരംഗിനും ഗുർപ്രീത് സിംഗിനും ചെയിൻ സിംഗിനും മാത്രമാണ് ഇനി ഒളിമ്പിക് ഷൂട്ടിംഗിൽ മത്സരങ്ങൾ അവശേഷിക്കുന്നത്.
മിക്‌സഡ് ഡബിൾസ് ടെന്നീസിൽ രോഹൻ ബൊപ്പണ്ണയും സാനിയ മിർസയും ഓസ്‌ട്രേലിയയുടെ സാമന്ത - ജോൺ സഖ്യത്തെ നേരിടുന്നത് പ്രതീക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ കാണുന്നത്. വനിതാ ഡബിൾസിലും പുരുഷ ഡബിൾസിലും നിരാശ ലഭിച്ച ടെന്നീസ് പ്രേമികൾക്ക് സാനിയയും രോഹനും പ്രതീക്ഷ നൽകുമെന്ന് തന്നെയാണ് പ്രത്യാശ. ഇരുവരും ഏറെക്കാലമായി രാജ്യത്തിന് വേണ്ടി ഒന്നിച്ച് റാക്കറ്റേന്തുന്നതും ഇതിന് കരുത്ത് പകരുന്നു.
വനിതാ അമ്പെയ്ത്തിൽ വ്യക്തിഗത വിഭാഗത്തിൽ ബോംബെയ്‌ലാ ദേവിയും ദീപിക കുമാരിയും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. അവസാന 32ലേക്കുള്ള മത്സരത്തിൽ ബോംബെയ്‌ലാ ദേവി ഓസ്ട്രിയയുടെ ലോറൻസ് ബാൾഡഫിനെയാണ് നേരിടുക. ഇന്ത്യൻ സമയം വൈകീട്ട് ആറിനാണ് മത്സരം. ദീപിക കുമാരി ജോർജിയയുടെ ക്രിസ്റ്റീൻ സെബുവിനെയാണ് നേരിടുക. രാത്രി 1.27നാണ് ഈ മത്സരം.
2010 കോമ്മൺവെൽത്ത് ഗെയിംസിലെ ബോക്‌സിംഗ് സ്വർണ്ണമെഡൽ ജേതാവ് മനോജ് കുമാറാണ് ഇന്ന് റിംഗിൽ ഇറങ്ങുന്ന മറ്റൊരു ഇന്ത്യൻ താരം. ലിത്വാനിയയുടെ ഇവാൾഡസ് പെട്രോസ്‌കാസിനുമായാണ് മനോജിന്റെ പോരാട്ടം. വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് മത്സരം. പുരുഷൻമാരുടെ 77 കിലോഗ്രാം ഭാരോദ്വഹനത്തിൽ സതീഷ് ശിവലിംഗവും ജൂഡോയിൽ അവതാർ സിംഗും ഇന്ന് കളത്തിലിറങ്ങുന്നു. അഭയാർത്ഥി താരമായ പോപ്പോൾ മിസെംഗയെയാണ് ജൂഡോയിൽ അവതാർ സിംഗ് നേരിടുന്നത്.
വനിതാ ഹോക്കിയിൽ ഇന്ത്യൻ ഹോക്കി ടീം ഇറങ്ങുന്നതും പ്രതീക്ഷയോടെ നോക്കിക്കാണുകയാണ് രാജ്യം. ആദ്യ മത്സരത്തിൽ ജപ്പാനോട് സമനില പിടിച്ച സുശീല ചാനുവിന്റെ നേതൃത്വത്തിലുള്ള വനിതകൾ രണ്ടാം മത്സരത്തിൽ ബ്രിട്ടനോട് പരാജയപ്പെട്ടിരുന്നു. ശക്തരായ ഓസ്‌ട്രേലിയയെ ആണ് ഇന്ന് വനിതാ ഹോക്കി ടീം നേരിടുന്നത്. അർജന്റീനയെ പരാജയപ്പെടുത്തിയ പുരുഷ ടീമിന്റെ മുന്നേറ്റത്തിൽ ആഹ്ലാദം ഉൾക്കൊണ്ട് വനതികൾ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് തന്നെ കരുതാം.