സെൻസർ ബോർഡിനെ മറികടക്കാൻ കഴിയണം; ജയൻ ചെറിയാൻ

പാപ്പിലിയോ ബുദ്ധ കാലങ്ങളായി കേരളത്തിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും തുടർന്ന്‌കൊണ്ടിരിക്കുന്ന ദളിതരോടുള്ള അനീതികളാണ് കൈകാര്യം ചെയ്തത്. ക ബോഡിസ്‌കേപ്പിൽ രണ്ടു സ്വവർഗ്ഗ കമിതാക്കളുടെയും അവരുടെ സുഹൃത്തായ ഒരു ആക്ട്ടിവിസ്റ്റിന്റെയും കഥ പറയുന്നു. അതിനെയാണ് സെൻസർ ബോർഡ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. അതിനെ മറികടക്കുക തന്നെ വേണം. ജയൻ ചെറിയാൻ സംസാരിക്കുന്നു.

സെൻസർ ബോർഡിനെ മറികടക്കാൻ കഴിയണം; ജയൻ ചെറിയാൻ

കവിയും ചലച്ചിത്രകാരനുമാണ് ജയൻ ചെറിയാൻ. ആദ്യചിത്രമായ പാപ്പീലിയോ ബുദ്ധ മുതൽ കേരളം ശ്രദ്ധിച്ച് തുടങ്ങിയ ജയൻ ചെറിയാൻ എന്ന ചലച്ചിത്രകാരന്റെ പുതിയ ചിത്രം ഇറങ്ങുന്നതിന് മുമ്പുതന്നെ 'വിവാദ'മായിക്കഴിഞ്ഞു. ക ബോഡിസ്‌കേപ്പ് വിവാദമാകുന്നത് സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടാണ്. പാപ്പിലിയോ ബുദ്ധ ഇറങ്ങിയതിന് പിന്നാലെ ഗാന്ധിജിയെ അവഹേളിക്കുന്നു എന്ന ആരോപണം ചിത്രത്തിനെതിരെ ഉയർന്നിരുന്നു. എന്നാൽ അതിനുമപ്പുറം ആ ചിത്രം മുന്നോട്ട് വെച്ച രാഷ്ട്രീയം ചർച്ച ചെയ്യപ്പെട്ടു. കാസ്റ്റിങ്ങിൽ പോലും അങ്ങേയറ്റത്തെ രാഷ്ട്രീയം മുന്നോട്ടുവെച്ച ചിത്രമാണ് പാപ്പിലിയോ ബുദ്ധ. കുറഞ്ഞ ചെലവിൽ നിർമ്മിച്ച ചിത്രങ്ങളുടെ പേരിൽ അവകാശവാദങ്ങളോ ആഘോഷങ്ങളോ ഇല്ലാതെയാണ് പാപ്പിലിയോ ബുദ്ധ 19 ദിവസംകൊണ്ട് കുറഞ്ഞ ചെലവിൽ ചിത്രീകരണം പൂർത്തിയാക്കിയത്. ദളിത് സാമൂഹികാവസ്ഥകളെ വലിയ തോതിൽ ചർച്ചയാക്കുന്നതിൽ പാപ്പിലിയോ ബുദ്ധ വിജയിച്ചു. ക ബോഡിസ്കേപ്പ് എന്ന ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ച സാഹചര്യത്തിൽ ജയൻ ചെറിയാൻ നാരദ ന്യൂസിനോട് സംസാരിക്കുന്നു.


ജയൻ ചെറിയാൻ/ കെ കെ സിസിലു

താങ്കളുടെ ആദ്യ സംവിധാന സംരംഭമായ 'പാപ്പിലിയോ ബുദ്ധ ഇറങ്ങിയ സാഹചര്യത്തിൽ നിന്ന് സാമൂഹികമുന്നേറ്റങ്ങൾ ഒരുപാട് നടന്ന ഈ കാലത്തുനിന്ന് ആ ചിത്രത്തെക്കുറിച്ച് ആലോചിക്കുമ്പോൾ എന്ത് തോന്നുന്നു.

ഈ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം സാധ്യമല്ല. അതിന് വലിയൊരു ആമുഖം ആവശ്യമുണ്ട്. ചരിത്രം വെറുതെ ഉണ്ടാകുന്നതല്ല എന്ന് പറയുന്നതുപോലൊരു കാര്യമാണ് ഇതും. ദീർഘകാലത്തെ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഓരോ മാറ്റവും ഉണ്ടായിട്ടുള്ളത്. അത്രയും തന്നെ സമയം ഈ ചിത്രമുണ്ടാകുന്നതിനും ഉണ്ടായിട്ടുണ്ട്. മലയാള സിനിമയുടെ ഭൂമികയും അതിന് സഹായിച്ചിട്ടുണ്ട് എന്നും പറയേണ്ടിവരും. മറാത്തിയിലൊക്കെയാണ് മികച്ച ദളിത് പക്ഷ ചിത്രങ്ങൾ ഉണ്ടാകുന്നതെങ്കിലും കേരളം മുന്നോട്ട് വെച്ച നവോത്ഥാനമൂല്യങ്ങളുടെയും മറ്റും പശ്ചാത്തലത്തിൽ ഇങ്ങനെയൊരു വായനക്ക് സാധ്യതയുണ്ട്.

മലയാള സിനിമ എല്ലാക്കാലത്തും ഇന്ത്യൻ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരിടം ഉണ്ടായിരുന്നു. മലയാളത്തിലെ വിഖ്യാതരായ ചലച്ചിത്രക്കാരന്മാരെല്ലാം തന്നെ സംവേദനക്ഷമത കൊണ്ട് ഇന്ത്യൻ സിനിമയിലെ നവതരംഗമാകാൻ യോഗ്യത നേടിയവരായിരുന്നു. അതിനൊക്കെ ശേഷമാണ് ഡിജിറ്റൽ വിപ്ലവം സാധ്യമാക്കിയ സിനിമയുടെ വരവുണ്ടാകുന്നത്. സാങ്കേതിക വിദ്യയിലുണ്ടായ മാറ്റമാണ് യഥാർത്ഥത്തിൽ മലയാളത്തിലെ പുതുമുഖ സംവിധായകർക്ക് വലിയ സാധ്യതയാണ് ഉണ്ടാക്കി കൊടുത്തത്.

ചലച്ചിത്രമേഖലയിൽ അന്നുവരെ ഉണ്ടായിരുന്ന വരേണ്യമായ കാഴ്ചപ്പാടുകളെയും നിലപാടുകളെയും ചോദ്യം ചെയ്യുന്നതായിരുന്നു ഡിജിറ്റൽ വിപ്ലവകാലത്തെ സിനിമകൾ. ഇത് പുതിയ സംവിധായകരുടെ കാഴ്ചപ്പാടുകൾ ഉണ്ടാക്കിയ വിപ്ലവമാണ്. പാപ്പിലിയോ ബുദ്ധ ഡിജിറ്റൽ കാലത്തെയാണ് പ്രതിനിധീകരിക്കുന്നത്. പൂർണ്ണമായ അർത്ഥത്തിൽ അങ്ങനെ പറയാൻ സാധിക്കുമോ എന്നറിയില്ല. എന്തായാലും അതാണ് ശരി. ഈ ശരികൾക്കിടയിൽ പ്രമേയത്തോടും അത് മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തോടും അങ്ങേയറ്റം നീതി പുലർത്താനും ശ്രമിച്ചിട്ടുണ്ട്.

ഞാൻ എന്ന പ്രേക്ഷകൻ കാണാനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്ന തരം ചിത്രങ്ങളാണ് ഞാൻ സംവിധാനം ചെയ്യുന്നത്. കാലിക പ്രസക്തിയുള്ളചില വിഷയങ്ങളെ ഞാൻ ആ ചിത്രത്തിൽ വരച്ചുകാട്ടാൻ ശ്രമിച്ചു. കാലത്തോടുള്ള, ചരിത്രത്തോടുള്ള മറുപടിയും പ്രതിഷേധവും കൂടിയാണ് 'പാപ്പിലിയോ ബുദ്ധ'. ഭൂമിയുടെ രാഷ്ട്രീയം, ആദിവാസികളുടെ അവകാശങ്ങൾ, ചെങ്ങറ സമരം, സി കെ ജാനുവിനെപ്പോലുള്ളവരുടെ പോരാട്ടം, അങ്ങനെ അടിച്ചമർത്തപ്പെട്ട ഒരു വിഭാഗം ജനങ്ങളുടെ പ്രശ്‌നങ്ങളാണ് ആ ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. എന്നാൽ, ചരിത്ര സംഭവങ്ങളെ അതേപോലെ പകർത്തിയിട്ടില്ല.05ndfrPapilio-B_05_1227960g


തൊണ്ണൂറുകൾക്ക് ശേഷം കേരളത്തിൽ ദളിത് പ്രസ്ഥാനത്തിൽ ഒരു മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. സവർണ്ണ ലിബറലുകളെ മറികടന്നു അടിച്ചമർത്തപ്പെട്ടവരിൽ നിന്നും പല ശബ്ദങ്ങളും ഉയർന്നുതുടങ്ങിരിക്കുന്നു. അങ്ങനെ പല സംഭവങ്ങളും കൂട്ടിയിണക്കിയാണ് 'പപ്പിലിയോ ബുദ്ധ' ഒരുക്കിയത്. ഡിഎച്ച്ആർഎം രൂപപ്പെട്ട് വരുന്ന സമയത്ത് മുഖ്യധാര മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ അതിനെ കൈകാര്യം ചെയ്ത രീതികൾ ശ്രദ്ധിച്ചിട്ടുണ്ട്. നമ്മൾ ജീവിക്കുന്ന കാലത്തോടുള്ള ഒരു പ്രതികരണം എന്ന നിലയിൽ കൂടിയാണ് അതുണ്ടാകുന്നത്. 2006,07 സമയത്താണ് ഡിഎച്ച്ആർഎം രൂപപ്പെട്ടതും വളരെ പെട്ടെന്നുതന്നെ ചർച്ചയാകുന്നതും. അതിനെ എങ്ങനെയാണ് ഭരണകൂടവും മാധ്യമങ്ങളും പൊതുസമൂഹവും കൈകാര്യം ചെയ്തത്. ഡിഎച്ച്ആർഎം പ്രവർത്തകരെ ജയിലിൽ അടയ്ക്കാനും ശിക്ഷിക്കാനും എത്ര ഉത്സാഹമാണ് എല്ലാവരും കാണിച്ചത്. അപ്പോഴാണ് ഞാൻ ആ രാഷ്ട്രീയം ശ്രദ്ധിക്കുന്നത്. സലീന ഉൾപ്പെടെയുള്ളവരുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിക്കാനും സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാനും ശ്രമിച്ചു.

ഡിഎച്ച്ആർഎം മൂവ്‌മെന്റാണ് പാപ്പീലിയോ ബുദ്ധ പോലൊരു സിനിമ സാധ്യമാക്കിയത്. ദളിത് പക്ഷത്തുനിന്ന് കാര്യങ്ങൾ കാണുക എന്നത് അത്ര എളുപ്പം സാധ്യമായ കാര്യമല്ല. ചെങ്ങറ സമരം, സി കെ ജാനുവിന്റെ പ്രവർത്തനങ്ങൾ, അരിപ്പ സമരം തുടങ്ങിയ കാര്യങ്ങളും കൂടി വരുന്ന പശ്ചാത്തലമാണ് പാപ്പീലിയോ ബുദ്ധയുടെ കാലം. കേരളത്തിൽ ഏറ്റവുമധികം അരികുവത്കരിക്കപ്പെട്ട സമൂഹമാണ് ആ ചിത്രത്തിലുള്ളത്. അവരുടെ പ്രതിരോധത്തിനും പ്രതിഷേധങ്ങൾക്കും വലിയ ചരിത്രമാണ് ഉള്ളത്. തൊണ്ണൂറുകൾക്കുശേഷം വലിയ ദളിത് മുന്നേറ്റമാണ് കേരളത്തിലുണ്ടായത്. ദളിതർക്കിടയിൽ നിന്നുതന്നെ ശക്തരായ നേതാക്കന്മാർ ഉണ്ടായിവന്നു എന്നതാണ് പ്രധാനപ്പെട്ട സംഗതി. തൊണ്ണൂറുകളിലെ ഏറ്റവും ശക്തമായ ശബ്ദമെന്ന് പറയാവുന്നത് സി കെ ജാനു തന്നെയാണ്. പിന്നീട് ളാഹ ഗോപാലൻ. അങ്ങനെ പലയിടങ്ങളിലായി വലിയ മുന്നേറ്റങ്ങൾ ഉണ്ടാകുന്നുണ്ട്.415469_3520819018597_38711367_o


അപ്പർ ക്ലാസ്, അപ്പർ കാസ്റ്റ് താത്പര്യങ്ങളെ പൂർണ്ണമായും ചോദ്യം ചെയ്യുന്നതാണ് ദളിത് മുന്നേറ്റങ്ങൾ. പാപ്പീലിയോ ബുദ്ധ എന്ന ചിത്രം ഇതിനെയാണ് അഡ്രസ് ചെയ്യാൻ ശ്രമിച്ചത്. കേരളത്തിൽ ജനിച്ച് വളർന്ന ഒരു കലാകാരൻ എന്ന നിലയിലുള്ള എന്റെ പ്രതികരണമാണ് പാപ്പീലിയോ ബുദ്ധ. കേരളത്തിലുണ്ടായ ദളിത് മുന്നേറ്റങ്ങളുടെ അങ്ങേയറ്റം സങ്കീർണ്ണമായ ഒരിടമാണ് അഡ്രസ് ചെയ്യാൻ ശ്രമിച്ചത്. പാപ്പീലിയോ ബുദ്ധ സാധ്യമാക്കിയത് നിരവധി അധ്വാനഫലമായിട്ടാണ്. അതിൽ ദളിത് ആക്ടിവിസ്റ്റുകളും ജേർണലിസ്റ്റുകളും എഴുത്തുകാരും ബുദ്ധിജീവികളുമുണ്ട്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിലുള്ള എന്റെ കാഴ്ചപ്പാടും നറേറ്റീവ് സ്റ്റൈലും പകർത്താനാണ് ഇവിടെ ശ്രമിച്ചത്. അതിന്റെ തുടർച്ചയാണ് പുതിയ ചിത്രമെന്ന് പറയാം. പക്ഷേ മറ്റൊരു വിഷ്വൽ ട്രീന്റ്മെന്റിനാണ് ശ്രമം.

പുതിയ ചിത്രം ഇറങ്ങുന്നതിന് മുമ്പുതന്നെ വിവാദമായി. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്. പുതിയ ചിത്രങ്ങൾക്കെതിരെ സെൻസർ ബോർഡിന്റെ നിയന്ത്രണം രൂക്ഷമാണല്ലോ. അതിനെതിരെയുള്ള പ്രതിഷേധങ്ങളും രൂപപ്പെടുന്നുണ്ട്. 

സെൻസർഷിപ്പിനെതിരെ ആഗോളതലത്തിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ സെൻസർഷിപ്പ് രൂക്ഷമാണ്. ഇപ്പോഴാണ് അത് ഇത്രയും ശക്തമായത് എന്ന് പറയാം. ഒരുവശത്ത് ഡിജിറ്റൽ സിനിമകൾ വ്യാപകമാകുകയും യുവാക്കൾ ധൈര്യപൂർവ്വം ഇതിലേക്ക് എത്താൻ ശ്രമിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ സെൻസർ ബോർഡും സെൻസറിങ്ങും ഇവിടെ ശക്തമാകുന്നുണ്ട്. സ്വതന്ത്രമായി എടുത്തിട്ടുള്ള ഒരു ചിത്രം സെൻസർ സർട്ടിഫിക്കറ്റ് കിട്ടാൻ ഒരുപാട് കടമ്പകളുണ്ട്. പുതിയ സംവിധായകരെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം പ്രയാസകരമായ ദൗത്യമാണ്.

സിനിമയുടെ വളർച്ചയെ പിന്നോട്ട് വലിക്കുന്ന ഒന്നായിട്ടാണ് ഇപ്പോൾ സെൻസർഷിപ്പ് നിലനിൽക്കുന്നത്. സിനിമ ഒരു ഫൈൻ ആർട്ട് ആയിട്ട് അംഗീകരിക്കപ്പെടുകയും ചെയ്തതോടെ കലാകാരന്മാർ പരിമിതികൾ മറികടന്നുകൊണ്ടുള്ള പ്രകടനത്തിന് തയ്യാറെടുത്തു. അത് ഒരുപരിധിവരെ വിജയിക്കുകയും ചെയ്തു എന്ന് പറയാം. എന്നാൽ ഭരണകൂടം ഇത്ര കർശനമായി ഇടപെടാൻ തുടങ്ങിയാൽ ഉണ്ടായിവന്ന മുന്നേറ്റത്തിന് തുടർച്ച ഇല്ലാതാകും. സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധം ഇല്ലാതാകും. ഇന്ത്യൻ സിനിമയിൽ പൊതുവെ പുതിയ ആശയങ്ങളും പരീക്ഷണങ്ങളുമായി സംവിധായകർ രംഗത്ത് വരുന്നുണ്ട്. വിഷ്വൽ നറേഷനിലും മറ്റും കാര്യമായ പരീക്ഷണങ്ങളാണ് വിവിധ ഭാഷകളിലും ഉണ്ടാകുന്നത്. എന്നാൽ അതിനെയെല്ലാം ഭരണകൂടം നിയന്ത്രിക്കുന്നു എന്ന അവസ്ഥയിലേക്ക് കൊണ്ടുപോകുന്നത് ശരിയല്ല.6


ക ബോഡിസ്‌കേപ്പിലും പുതിയൊരു നറേറ്റീവ് സ്റ്റൈൽ കൊണ്ടുവരാനാണ് ശ്രമിച്ചത്. ചരിത്രത്തിലുണ്ടായ സംഭവങ്ങളെ അതേപടി പകർത്താനല്ല ഇവിടെ ശ്രമിച്ചിരിക്കുന്നത്. ചരിത്രത്തെ ഫിക്ഷ്ണലൈസ് ചെയ്യാനാണ് ശ്രമം. ചരിത്രത്തെ യഥാത്ഥമായി ചിത്രീകരിക്കുന്നതിൽ കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ചരിത്രവും നമ്മുടെ കാലവും അതിന്റെ പ്രശ്‌നങ്ങളുമെല്ലാം കൂടികലരുന്ന ഒരു കഥപറച്ചിൽ ശൈലി തന്നെയാണ് ഏറ്റവും നല്ലത്. ഫാസിസ്റ്റ് പ്രവണതകളൊടുള്ള കലാപരമായ പ്രതിഷേധം കൂടിയാണ് ക ബോഡ്‌സ്‌കേപ്പ് എന്ന് പറയാം. അതിന് സെർസർ ബോർഡ് കത്തിവെയ്ക്കുന്നതോടെ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകുകയാണ്. ഫാസിസം എങ്ങനെയൊക്കെയാണ് കാര്യങ്ങളെ കുഴമറിച്ചിടുന്നതെന്ന് വ്യക്തമാകുന്നുണ്ട്.

ചിത്രത്തിന്റെ പേരിലെ 'ക' ഈജിപ്ഷ്യൻ സംസ്‌ക്കാരവുമായി ബന്ധപ്പെട്ടതാണ്. ഇംഗ്ലീഷിൽ 'വൈറ്റൽ സ്പാർക്ക്' എന്ന് അർഥം വരുന്ന പദമാണ് ക. യോഗയിൽ പ്രാണശരീരം എന്നൊക്കെ പറയുന്നതുപോലെ. മരിച്ചു കഴിഞ്ഞാലും ശരീരത്തിലെ വൈറ്റൽ സ്പാർക്ക് അല്ലെങ്കിൽ ക വിട്ടുപോകില്ല എന്നായിരുന്നു പുരാതന ഈജിപ്റ്റിലെ വിശ്വാസം. മരിച്ചവരുടെ ആത്മാവിൻറെ പ്രാണശരീരത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് അവയെ 'മമ്മി'കളായി സൂക്ഷിക്കുന്ന സമ്പ്രദായം നിലവിൽ വന്നത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ സ്വവർഗ്ഗാനുരാഗിയായ ഒരു ചിത്രകാരനും അയാളുടെ കാമുകനുമാണ്. അയാൾ വരക്കുന്നത് പുരുഷ ശരീരങ്ങളെ മാത്രമാണ്. കാമുകൻ തന്നെയാണ് ഈ ചിത്രങ്ങൾക്ക് മോഡലായി നിൽക്കുന്നത്. അങ്ങനെ ഇത്തരം ചിത്രങ്ങളെ കൂട്ടിയിണക്കി അയാൾ നടത്തുന്ന ഒരു ചിത്രപ്രദർശനത്തിന്റെ പേരാണ് 'ക ബോഡിസ്‌കേപ്പ്'.
kabodyscapesleadembed
ആദ്യ ചിത്രത്തിൽ ദളിത് പ്രശ്‌നങ്ങൾ ആയിരുന്നെങ്കിൽ രണ്ടാം ചിത്രത്തിൽ സ്വവർഗ്ഗപ്രണയം. ഇത്തരം ഗൗരവമേറിയ, കൈകാര്യം ചെയ്യാൻ മടിക്കുന്ന വിഷയങ്ങളെ ബോധപൂർവ്വം തിരഞ്ഞെടുക്കുന്നതാണോ എന്ന ചോദ്യത്തിന് ഒറ്റയടിക്ക് ഒരുത്തരം സാധ്യമല്ല. കാരണം കലാകരാൻ എന്ന നിലയിൽ എനിക്ക് താത്പര്യം തോന്നുന്ന വിഷയങ്ങളാണ് ചെയ്യാൻ ശ്രമിക്കുന്നത്. പാപ്പീലിയോ ബുദ്ധയിൽ ദളിത് കാഴ്ചപ്പാടിനോടും മനസിലാക്കിയ കാര്യങ്ങളോടുമുള്ള രാഷ്ട്രീയപ്രതികരണം ആയിരുന്നെങ്കിൽ ഇതിൽ മറ്റൊരുതരത്തിലാണ് കാര്യങ്ങളെ കാണുന്നത്.

നേരത്തെ പറഞ്ഞതുപോലെ പാപ്പിലിയോ ബുദ്ധ കാലങ്ങളായി കേരളത്തിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും തുടർന്ന്‌കൊണ്ടിരിക്കുന്ന ദളിതരോടുള്ള അനീതികളാണ് കൈകാര്യം ചെയ്തത്. ക ബോഡിസ്‌കേപ്പിൽ രണ്ടു സ്വവർഗ്ഗ കമിതാക്കളുടെയും അവരുടെ സുഹൃത്തായ ഒരു ആക്ട്ടിവിസ്റ്റിന്റെയും കഥ പറയുന്നു.

ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ വളരെ കുറവാണ് എന്ന് തന്നെ പറയാം.

പുതിയ ചിത്രത്തിൽ ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തി എന്നതായിരുന്നു പോസ്റ്ററിനെക്കുറിച്ചുള്ള ആക്ഷേപം. പുരുഷ ലിംഗത്തെയാണ് ആ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ഞാൻ പറഞ്ഞല്ലോ, ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ചിത്രകാരൻ പുരുഷ ശരീരങ്ങളെ മാത്രം വരയ്ക്കുന്നയാളാണ്. ഹനുമാൻ പുസ്തകങ്ങളുടെ ഒരു മല ചുമന്നുകൊണ്ടുപോകുന്നതാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ചുമക്കുന്ന പുസ്തകങ്ങളിൽ 377-ആം വകുപ്പ് അടങ്ങിയ നിയമപുസ്തകം ഉൾപ്പെടുന്നു. വളരെ പ്രതീകാത്മകമായ ചിത്രമാണിത്. ചിത്രത്തിലെ പെയിന്റര്‍ക്ക് അയാളുടെ കാമുകനോടുള്ള ഡിവോഷന്റെ പ്രതീകം. പിന്നെ നഗ്‌നത കാണിച്ചാൽ അതെങ്ങനെയാണ് മതവികാരത്തെ വ്രണപ്പെടുത്തുന്നത്?

ഭഗവാൻ ശിവനെ ലിംഗരൂപത്തിലല്ലേ ആരാധിക്കുന്നത്. അല്ലാതെ ശിവ ക്ഷേത്രങ്ങൾ ഇടിച്ചുനിരത്തുകയല്ലല്ലോ. കൃഷ്ണൻറെ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട പല വിഗ്രഹങ്ങളും ചിത്രങ്ങളും ഒക്കെ വളരെ നഗ്‌നത നിറഞ്ഞവയാണ്. പല സെക്ഷ്വൽ പൊസിഷനുകൾ വരെ ഉൾപ്പെടുന്നു. ഇതിലൊന്നും മത വികാരം വ്രണപ്പെടുന്നില്ലേ.
10525380_10207762698644864_4463113799237492825_n
ശരീരത്തിന്റെ ശ്ലീല, അശ്ലീലങ്ങളെ വളരെ ആർജ്ജവത്തോടെ അഡ്രസ്സ് ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചുംബന സമരമാകട്ടെ, ആർത്തവ സമരമാകട്ടെ സമൂഹത്തിൻറെ കപട സദാചാരത്തെ പൊളിച്ചെറിയാൻ വെമ്പുന്ന രീതിയിലുള്ള നിരവധി മൂവ്‌മെൻറ്റുകൾ നടക്കുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു സമൂഹത്തിൽ ഈ പോസ്റ്ററിന്റെ പ്രസക്തിയേറുന്നു എന്നാണു എന്റെ അഭിപ്രായം.

'ഉട്താ പഞ്ചാബ്' എന്ന ചിത്രവുമായി ബന്ധപ്പെട്ട സെൻസർഷിപ്പ് വിവാദങ്ങൾ നമ്മൾ കണ്ടറിഞ്ഞതാണ്. ഇപ്പോൾ താങ്കളുടെ ചിത്രവും അത്തരത്തിൽ ഒരു വിവാദത്തിൽ പെട്ടിരിക്കുന്നു. ഇതേക്കുറിച്ച്?


ചിത്രത്തിൽ ഒരു സ്ത്രീ സ്വയംഭോഗം ചെയ്യുന്നത് കാണിച്ചിരിക്കുന്നു എന്നതൊക്കെയാണ് പ്രശ്‌നങ്ങൾ. ഞാൻ ചോദിക്കട്ടെ, ഒരു ചലച്ചിത്രകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമല്ലേ അയാളുടെ സിനിമ. ഒരു ചിത്രകാരന് അയാളുടെ ചിത്രവും ഒരു എഴുത്തുകാരന് അയാളുടെ പുസ്തകത്തെയും പോലെ തന്നെയാണ് ഒരു സംവിധായകാന് അയാളുടെ സിനിമ. ആ സ്വാതന്ത്ര്യത്തിൽ കൈകടത്തേണ്ട കാര്യമുണ്ടോ.

എന്റെ അഭിപ്രായത്തിൽ സെൻസറിംഗ് എന്ന ആശയം തന്നെ തെറ്റാണ്. നിലവിലെ നിയമം അനുസരിച്ച് ഒരു സിനിമയിലെ രംഗങ്ങളെ വെട്ടിമുറിക്കാൻ ബോർഡ് അംഗങ്ങൾക്ക് അധികാരമില്ല. ചിത്രം കണ്ടു അത് കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ കാണാൻ പറ്റുന്നതാണോ അതോ 18 വയസ്സിനു മുകളിലുള്ളവർക്ക് മാത്രം കാണാൻ കഴിയുന്നതാണോ എന്ന് സർട്ടിഫൈ ചെയ്യുക എന്നതാണ് അവരുടെ ജോലി. ചിത്രത്തിലെ രംഗങ്ങല മുറിച്ചുമാറ്റാൻ ആർക്കും അധികാരമില്ല.

സെൻസറിങ്ങ് ശക്തമാകുമ്പോൾ അതിനെ ചോദ്യം ചെയ്യുന്നതും ശക്തമാകണം. അതിനെ ശക്തമായി ചോദ്യം ചെയ്യാനും ആളുവേണം. എങ്കിലെ ശക്തമായ പ്രതിരോധം സാധ്യമാകൂ. ഇന്ന് ഒരു കാര്യം പറഞ്ഞ സെൻസർ ബോർഡ് നാളെ മറ്റൊരു കാര്യം പറയും. അവസാനം പ്രോപ്പഗാൻഡ സിനിമകൾക്ക് മാത്രമാകും സെൻസർ സർട്ടിഫിക്കറ്റ് കിട്ടുക. സെൻസർ ബോർഡ് എത്രമേൽ പ്രശ്നമാക്കിയാലും ചിത്രം പുറത്തുവരും. പാപ്പിലിയോ ബുദ്ധ ഉണ്ടാക്കിയത് പോലെ ഒരു സംവാദം പുതിയ ചിത്രവുമായി ബന്ധപ്പെട്ടും ഉണ്ടാകും. ഉണ്ടാവണം എന്നാണ് ആഗ്രഹം. സിനിമയുടെ അതിനെ തുടർന്നുണ്ടാകുന്ന സംവാദ അന്തരീക്ഷവുമാണ് ഞാൻ ഇഷ്ടപ്പെടുന്നത്.