എം സ്വരാജ് തലയില്‍ ആളു താമസമില്ലാത്തയാളെന്ന് ജനയുഗം:കമ്മ്യൂണിസ്റ്റ് ചരിത്രം അറിയില്ലെങ്കില്‍ തലയില്‍ തക്കാളി കൃഷി നടത്തുന്നതാകും നല്ലതെന്നും വിമര്‍ശനം

ജനയുഗത്തില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണരൂപം - രക്തക്കൊടിയുടെ വര്‍ഗവികാരത്തണലില്‍ മണിവീണ മീട്ടാന്‍ മോഹിച്ച മാണി

എം സ്വരാജ് തലയില്‍ ആളു താമസമില്ലാത്തയാളെന്ന് ജനയുഗം:കമ്മ്യൂണിസ്റ്റ് ചരിത്രം അറിയില്ലെങ്കില്‍ തലയില്‍ തക്കാളി കൃഷി നടത്തുന്നതാകും നല്ലതെന്നും വിമര്‍ശനം

കൊച്ചി: എറണാകുളത്തെ സിപിഐ സിപിഐ(എം) പോര് ഏറ്റെടുത്ത് സിപിഐ മുഖപത്രം. ജനയുഗത്തില്‍ വാതില്‍ പഴുതിലൂടെ എന്ന പംക്തിയിലാണ് തൃപ്പുണിത്തുറ എംഎല്‍എ എം സ്വരാജിനെതിരെ കടുത്ത വിമര്‍ശനമുളളത്. തലയില്‍ ആളുതാമസമില്ലാത്ത ആളാണ് എം സ്വരാജ് എന്ന് ജനയുഗം പറയുന്നു.സ്വരാജ് ജനിക്കുന്നതിനു മുന്‍പേ സിപിഐ നേതാവാണ് കേരളം ഭരിച്ചതെന്നും ഇതിന് ശേഷമുളള കമ്മ്യൂണിസ്റ്റ് ചരിത്രം പോലും അറിയില്ലെങ്കില്‍ ആ തലയില്‍ തക്കാളി കൃഷി നടത്തുന്നതാകും നല്ലതെന്നും ജനയുഗം പരിഹസിക്കുന്നു. രക്തക്കൊടിയുടെ വര്‍ഗവികാരത്തണലില്‍ മണിവീണ മീട്ടാന്‍ മോഹിച്ച മാണിയെന്ന പേരില്‍ എഴുതിയ ലേഖനത്തിലാണ് എം സ്വരാജിനെതിരെ രൂക്ഷ വിമര്‍ശനമുളളത്.


ചെങ്കൊടിയെ പീറത്തുണിയെന്ന് അസഭ്യവര്‍ഷം ചൊരിഞ്ഞ ഈ മാര്‍ക്‌സിറ്റ് സാമാജികന്റെ പൂര്‍വചരിത്രവും ഇതിഹാസതുല്യമാണെന്നും ജനയുഗം പറയുന്നു. മാധ്യമ പ്രവര്‍ത്തകരെ പിതൃശൂന്യരെന്നു സെക്രട്ടേറിയറ്റു പടിക്കല്‍ മൈക്കുവച്ചു പുലയാട്ടു നടത്തിയപ്പോള്‍ അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു. അദ്ദേഹം അന്നുപറഞ്ഞ വാക്കുകള്‍ ഓര്‍മവരുന്നു. നിങ്ങള്‍ അതൊന്നും കാര്യമാക്കേണ്ടതില്ല. തന്തയില്ലാത്തവര്‍ മറ്റുള്ളവര്‍ക്കും തന്തയില്ലെന്നു പറഞ്ഞു നടക്കുന്നത് ഒരു നാട്ടുനടപ്പല്ലേയെന്നും അച്യുതാനന്ദനും എം സ്വരാജും തമ്മിലുണ്ടായ പ്രശ്‌നങ്ങളെയും ലേഖനം ഓര്‍മ്മിപ്പിക്കുന്നു.

അച്യുതാനന്ദന്റെ തലവെട്ടി ഉത്തരകൊറിയന്‍ മോഡല്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടപ്പാക്കണമെന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ആവശ്യപ്പെട്ട കപ്പലണ്ടി കമ്മ്യൂണിസ്റ്റാണ് സിപിഐയുടെ കൊടിയെ പീറത്തുണിയെന്നു വിശേഷിപ്പിച്ചതെന്നും ലേഖനം പറയുന്നു. അന്ന് പട്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് കുലപതികളില്‍ ഒരാളായിരുന്ന എ ബി ബര്‍ധന്‍ 'ജനയുഗ'ത്തിനു നല്‍കിയ അഭിമുഖം ഓര്‍മവരുന്നു. സിപിഎം ല്‍ നിന്ന് സിപിഐയിലേക്കോ മറിച്ചോ വരുന്നവരെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യണം. അവര്‍ക്ക് ചെങ്കൊടിപുതപ്പിച്ച് തന്നെ വിട നല്‍കണം. അവര്‍ മൂവര്‍ണക്കൊടിയോ കാവിക്കൊടിയോ പുതച്ച് വിടചൊല്ലുന്ന ദുരന്തമുണ്ടാകരുതെന്ന് ബര്‍ധന്‍ പറഞ്ഞതിന്റെ അര്‍ഥതലങ്ങള്‍ അറിയാനുള്ള ഗ്രാഹ്യശക്തിയും ഈ വ്യാജ മാര്‍ക്സിസ്റ്റിനില്ലാതെ പോയതുകൊണ്ടാകണമല്ലോ ചെങ്കൊടി പീറത്തുണിയെന്ന് പുലയാട്ടുനടത്തിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഇത്തരം ജാരസന്തതികളെ കണ്ടെത്തി തൂത്തെറിഞ്ഞില്ലെങ്കില്‍ അതൊരു മഹാദുരന്തം ആകുമെന്ന മുന്നറിയിപ്പോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ഉദയംപേരൂരില്‍ സിപിഐഎം വിട്ടുവന്ന വിമതരെ സ്വീകരിച്ച് സിപിഐ ലയനസമ്മേളനം നടത്തിയത് മുതലാണ് എറണാകുളം ജില്ലയില്‍ സിപിഐ-സിപിഐഎം തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്.ജീവിതത്തില്‍ ആദ്യമായി ഒരു സിപിഐക്കാരനെ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണെന്ന് കഴിഞ്ഞ ദിവസം എം.സ്വരാജ് പറഞ്ഞിരുന്നു. നാളിതുവരെ ഒരു സിപിഐ ഓഫീസില്‍ പോകണ്ട ആവശ്യം വന്നിട്ടില്ലെന്നും സിപിഐഎമ്മില്‍ ഗ്രൂപ്പിസവും വ്യക്തിപൂജയുമാണെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് താന്‍ സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസില്‍ വന്നുപറഞ്ഞുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിന്റെ പ്രസ്താവന പച്ചക്കളളമാണെന്നും എം സ്വരാജ് പറഞ്ഞു. പച്ചക്കളളം പറയുന്നവരാണ് സിപിഐയെ ജില്ലയില്‍ നയിക്കുന്നതെങ്കില്‍ ദേശീയ ജനാധിപത്യ വിപ്ലവം ഏത്രയും വേഗം ജില്ലയില്‍ സാധ്യമാകുമെന്നും എം സ്വരാജ് പറഞ്ഞിരുന്നു.

രക്തക്കൊടിയുടെ വര്‍ഗവികാരത്തണലില്‍ മണിവീണ മീട്ടാന്‍ മോഹിച്ച മാണി

(ജനയുഗത്തില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണരൂപം)

മോഹങ്ങള്‍ക്കു നികുതി ചുമത്താന്‍ ഒരു വകുപ്പുണ്ടായിരുന്നെങ്കില്‍ ഈ രാജ്യം എന്നേ പടുകുഴിയില്‍ നിന്ന് കരകയറിപ്പോകുമായിരുന്നു എന്ന് ആശിച്ചുപോയിട്ടുണ്ട്. അതില്ലാത്തതുകൊണ്ട് ആര്‍ക്കുവേണമെങ്കിലും മോഹങ്ങള്‍ നെയ്യാം. സ്വപ്നനികുതിയും മോഹനികുതിയും ഒന്നുമില്ലാത്ത ഭൂമിമലയാളമായതിനാല്‍ മുന്‍ധനമന്ത്രി കെ എം മാണിയും മണിക്കിനാവുകള്‍ നെയ്യുന്നു. മോഹങ്ങളുടെ മണിവീണ മീട്ടുന്നു.
ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സഹകരണസംഘത്തോടു നിസഹകരിച്ച് സ്വതന്ത്രക്കുപ്പായവുമായി പുറത്തിറങ്ങുമ്പോഴും കുപ്പായത്തിനുള്ളില്‍ ഇടതുമുന്നണിയിലോ ബിജെപി സംഘപരിവാറിലോ കയറിപ്പറ്റാനുള്ള ത്വര അങ്ങനെ കിടന്നു താളം പിടിക്കുകയായിരുന്നു. അങ്ങിങ്ങുനിന്നു ചില കടക്കണ്ണേറുകള്‍ കൂടിയായപ്പോള്‍ മാണി നാണംപൂണ്ട നവവധുപോലെയായി. പക്ഷേ അപ്പോഴല്ലേ സ്വപ്നത്തിലെ കട്ടുറുമ്പുപോലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒരു വരവ്! കൂട്ടരേ ഈ പെണ്ണിനെ വിശ്വസിക്കരുത്. പല കെട്ടുനടത്തിയവളാണ്, ഇപ്പോഴും ജാരസംസര്‍ഗമുള്ളവളാണ്, ഇവളെ വാഴ്ത്തപ്പെട്ടവളാക്കി കല്യാണം ചെയ്താല്‍ നാട്ടുകാരോടു നാമെന്തു സമാധാനം പറയും എന്നെല്ലാം കാനം പറഞ്ഞുനോക്കി. എന്നിട്ടും മാണിപ്പെണ്ണിന്റെ ചട്ടയും മുണ്ടും ശൃംഗാരഭാവവുമെല്ലാം കണ്ടപ്പോള്‍ ചിലര്‍ക്കൊക്കെ എന്തോ ഒരു ഇത്! അവളോടു പ്രശ്‌നാധിഷ്ഠിത സംബന്ധമായാലോ എന്നൊരു വകുപ്പും എടുത്തിട്ടു. ജനത്തെ വേളികഴിച്ച ഇടതുമുന്നണി ചെക്കന് അവളെവഞ്ചിച്ച് ഇങ്ങനെയൊരു സംബന്ധമെന്ന അസംബന്ധം വേണ്ടെന്ന് കാനത്തിന് ഒരേവാശി!

തന്റെ സംബന്ധമോ രഹസ്യവേഴ്ചപോലുമോ തകര്‍ത്ത കാനത്തോടും സിപിഐയോടും ഉറഞ്ഞു തുള്ളുന്ന മാണിപ്പെണ്ണിനെയാണ് പിന്നെ മാലോകര്‍ കണ്ടത്. പതിമൂന്നു ബജറ്റു വിറ്റവകയിലും കോടിയുടെ ബാര്‍ക്കോഴ ഇനത്തിലും പൂത്ത പണമുള്ള തന്നെ ഇടതുമുന്നണി ചെക്കന്‍ വേള്‍ക്കുന്നതില്‍ കാനത്തിനും സിപിഐക്കും എന്തേയിത്ര വിറളിയെന്ന് മാണിയുടെ ശാപവചനങ്ങള്‍.

ഇതിനിടെയാണ് മാണിപ്പെണ്ണിനുമേല്‍ നട്ടുച്ചയ്ക്കുവെള്ളിടി വീണത്. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്നും മാണിയെ പുണ്യാളനാക്കാന്‍ ഉമ്മന്‍ചാണ്ടി മാര്‍പ്പാപ്പയുടെ തിരുകാര്‍മികത്വത്തില്‍ നശിപ്പിച്ച തെളിവുകളെല്ലാം പുറത്തുകൊണ്ടുവരണമെന്നുള്ള കോടതി ഉത്തരവ്. ഉമ്മന്‍ചാണ്ടി പോപ്പിന്റെ കപ്യാരായിരുന്ന മുന്‍വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയും അകത്താവുമെന്ന ലക്ഷണം.

'കഷ്ടകാലം വന്നീടുകില്‍ കൗപീനവും പാമ്പായ് വന്നുകടിച്ചീടാം' എന്ന് പണ്ടാരോ പറഞ്ഞ ചൊല്ലിനെ ഉദ്ധരിച്ച് മുമ്പൊരിക്കല്‍ ദേവിക പറഞ്ഞതുപോലെ മാണിയെ ഭൈമീകാമുകരെല്ലാം കയ്യൊഴിയുന്ന രംഗങ്ങളായിരുന്നു പിന്നാലെ. പണ്ടേ അഴിമതിക്കാരനാണു മാണിയെന്നു തങ്ങള്‍ക്കറിയാമായിരുന്നുവെന്നും അതിനാല്‍ മാണിയുമായി ബിജെപിക്ക് ഒരു ബന്ധവും വേണ്ടെന്ന് കുമ്മനംജി. കോടികളുടെ അഴിമതിയുടെ കയത്തില്‍ കിടന്നു മുങ്ങാംകുഴിയിടുന്ന വെള്ളാപ്പള്ളി നടേശന്‍പോലും വെള്ളത്തിനടിയില്‍ നിന്നു രണ്ടു വിരലുകള്‍ പൊക്കിക്കാട്ടി മാണിക്കെതിരായ എന്ത് അഴിമതി യുദ്ധത്തിനും കലവറയില്ലാത്ത പിന്തുണ വാഗ്ദാനം ചെയ്തു. തോട്ടണ്ടി കുംഭകോണത്തില്‍ കോടികള്‍ തട്ടിയ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ സര്‍ക്കാരിനു പിന്തുണ അറിയിച്ച് ഒരു 'ഇണ്ടക്കുവേല' പോടി!

മാണിക്ക് രക്തക്കൊടിയുടേയും അതിന്റെ തണലില്‍ വിടരുന്ന വര്‍ഗവികാരത്തിന്റെയും പൊരുളറിയില്ല. രക്തസാക്ഷിസഹസ്രങ്ങളുടെ ചോരയില്‍ കുതിര്‍ന്ന് പാടീരശോഭ പകര്‍ന്ന് വിണ്ണില്‍ പാറിക്കളിക്കുന്ന ചെങ്കൊടി നല്‍കുന്നത് ഒരു യുഗസന്ദേശമാണ്. ഇരുളലകള്‍ നീന്തിക്കയറി അരുണോദയത്തിലേക്ക് മുന്നേറാനുള്ള ആഹ്വാനം. ആ കൊടിയുടെ തണലില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് പ്രബുദ്ധ കേരളം ഇടതുമുന്നണിയെ അധികാരത്തിലേറ്റിയത്. ആ കൊടിത്തണല്‍ തന്റെ ഇടത്താവളമാക്കാമെന്ന പൂതിയൊന്നും വേണ്ട.

ഇതുപറഞ്ഞപ്പോഴാണ് നാലു വര്‍ഷം മുമ്പ് പട്‌നയില്‍ നടന്ന സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച് ഓര്‍ത്തുപോയത്. ഏഴും എട്ടും വയസായ കുട്ടികള്‍ മുതല്‍ കോളേജ് സര്‍വകലാശാലാ വിദ്യാര്‍ഥികളും ഗവേഷണ വിദ്യാര്‍ഥികളുംവരെ റെഡ് വോളണ്ടിയര്‍മാരായി സമ്മേളനനഗരിയിലുടനീളം ആര്‍ഷണകേന്ദ്രങ്ങളാവുന്നു. 'ചോരതുടിക്കും ചെറുകയ്യുകളേ പേറുക വന്നീപന്തങ്ങള്‍' എന്ന ഇവരെക്കുറിച്ചുള്ള ഒരു ആവേശോജ്ജ്വലമായ വാര്‍ത്ത 'ജനയുഗ'ത്തില്‍ വന്നതോര്‍ക്കുന്നു. അന്നത്തെ ചുവപ്പു വോളണ്ടിയര്‍മാരടങ്ങുന്ന വിദ്യാര്‍ഥിസംഘമാണ് ഈ വര്‍ഷം എഐഎസ്എഫിന്റെ നേതൃത്വത്തില്‍ പട്‌ന സര്‍വകലാശാല യൂണിയന്‍ ഭരണം പിടിച്ചെടുത്തത്. അന്ന് പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയില്‍ ചുവപ്പു വോളണ്ടിയറായിരുന്ന കനയ്യ കുമാര്‍ നയിച്ച എഐഎസ്എഫ് തന്നെയാണ് ഡല്‍ഹി ജെഎന്‍യുവിലും വെന്നിക്കൊടിപാറിച്ചത്.

അവര്‍ ചെങ്കൊടിയുടെ ചെന്നിണമാര്‍ന്ന സംഗ്രാമചരിത്രം കുട്ടികളായിരിക്കുമ്പോള്‍ തന്നെ ഹൃദിസ്ഥമാക്കിയവര്‍. രക്തക്കൊടിയുടെ സന്ദേശം പ്രയാണവഴികളാക്കിയവര്‍. അവര്‍ക്കു രക്തപതാക പകരുന്നത് ഹൃദയമന്ത്രം. അവര്‍ക്കു ചെങ്കൊടി പീറത്തുണിയല്ല. ഇക്കഴിഞ്ഞ ദിവസം ഒരു വിദ്വാന്‍ പറയുന്നതു കേട്ടു, സിപിഐയുടെ രക്തപതാക തനിക്കു വെറുമൊരു പീറത്തുണിയാണെന്ന്! പട്‌നയിലെ കുട്ടികള്‍ കമ്മ്യൂണിസം തങ്ങളുടെ ജീവിതസിദ്ധാന്തമാക്കിയപ്പോള്‍ ഇയാള്‍ക്ക് സിപിഐയും കമ്മ്യൂണിസവും അജ്ഞാതം. നല്ല കുടുംബത്തില്‍ അസുരവിത്തും പിറക്കുമല്ലോ എന്നു സമാധാനിക്കാനൊക്കുമോ? തന്റെ കമ്മ്യൂണിസത്തെക്കുറിച്ച് ഈ അസുരവിത്ത് ഗ്വാഗ്വാ വിളിക്കുമ്പോള്‍ ''കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്നു ഗര്‍ദ്ദഭം'' എന്നു പറഞ്ഞാല്‍ കഴുത അഭിമാനിക്കും; തലയില്‍ ആളുതാമസമില്ലാത്ത ഒരാളെ കൂട്ടിനുകിട്ടിയല്ലോ എന്ന്.

ഇയാള്‍ ജനിക്കുന്നതിനും തൊട്ടു മുമ്പാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മധുരസൗമ്യദീപ്തമായിരുന്ന സിപിഐ നേതാവ് പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി കേരളം ഭരിച്ചിരുന്നത്. അതിനു ശേഷമുള്ള ചരിത്രം പോലും അറിയാത്ത ഈ കമ്മ്യൂണിസ്റ്റ് ഗര്‍ദ്ദഭത്തിന് ഈ നാല്‍പതാം പക്കത്തും ബുദ്ധിമുളച്ചില്ലെങ്കില്‍ ആ തലയില്‍ തക്കാളിക്കൃഷി നടത്തുന്നതാവും നന്ന്.
ചെങ്കൊടിയെ പീറത്തുണിയെന്ന് അസഭ്യവര്‍ഷം ചൊരിഞ്ഞ ഈ മാര്‍ക്ക്‌സിസ്റ്റ് സാമാജികന്റെ പൂര്‍വചരിത്രവും ഇതിഹാസതുല്യം! മാധ്യമ പ്രവര്‍ത്തകരെ പിതൃശൂന്യരെന്നു സെക്രട്ടേറിയറ്റു പടിക്കല്‍ മൈക്കുവച്ചു പുലയാട്ടു നടത്തിയപ്പോള്‍ അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു. അദ്ദേഹം അന്നുപറഞ്ഞ വാക്കുകള്‍ ഓര്‍മവരുന്നു. ''നിങ്ങള്‍ അതൊന്നും കാര്യമാക്കേണ്ടതില്ല. തന്തയില്ലാത്തവര്‍ മറ്റുള്ളവര്‍ക്കും തന്തയില്ലെന്നു പറഞ്ഞു നടക്കുന്നത് ഒരു നാട്ടുനടപ്പല്ലേ!''

ഈ വ്യാജ മാര്‍ക്ക്‌സിസ്റ്റിന്റെ പിതാവ് മുട്ടിലിഴഞ്ഞു പാമ്പിനെപിടിക്കാനോടുന്ന കാലത്ത് സിപിഐയില്‍ നിന്ന് ഇറങ്ങിവന്ന് ഇഎംഎസിനും ബി ടി രണദിവെയ്ക്കും പി സുന്ദരയ്യയ്ക്കും ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനുമൊപ്പം സിപിഎം രൂപീകരിച്ചവരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് അച്യുതാന്ദന്‍. ആ അച്യുതാനന്ദന്റെ തലവെട്ടി ഉത്തരകൊറിയന്‍ മോഡല്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടപ്പാക്കണമെന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ആവശ്യപ്പെട്ട കപ്പലണ്ടി കമ്മ്യൂണിസ്റ്റാണ് സിപിഐയുടെ കൊടിയെ പീറത്തുണിയെന്നു വിശേഷിപ്പിച്ചത്.

അന്ന് പട്‌ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് കുലപതികളില്‍ ഒരാളായിരുന്ന എ ബി ബര്‍ധന്‍ 'ജനയുഗ'ത്തിനു നല്‍കിയ അഭിമുഖം ഓര്‍മവരുന്നു. സിപിഎം ല്‍ നിന്ന് സിപിഐയിലേക്കോ മറിച്ചോ വരുന്നവരെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യണം. അവര്‍ക്ക് ചെങ്കൊടിപുതപ്പിച്ച് തന്നെ വിട നല്‍കണം. അവര്‍ മൂവര്‍ണക്കൊടിയോ കാവിക്കൊടിയോ പുതച്ച് വിടചൊല്ലുന്ന ദുരന്തമുണ്ടാകരുതെന്ന് ബര്‍ധന്‍ പറഞ്ഞതിന്റെ അര്‍ഥതലങ്ങള്‍ അറിയാനുള്ള ഗ്രാഹ്യശക്തിയും ഈ വ്യാജ മാര്‍ക്ക്‌സിസ്റ്റിനില്ലാതെ പോയതുകൊണ്ടാകണമല്ലോ ചെങ്കൊടി പീറത്തുണിയെന്ന് പുലയാട്ടുനടത്തിയത്. മാര്‍ക്ക്‌സിസ്റ്റ് പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറി ആ മഹത്തായ സന്ദേശത്തിന് ശോഭകേടുണ്ടാക്കുന്ന ഈ കള്ളനാണയങ്ങളെ തിരിച്ചറിയേണ്ടത് ബന്ധപ്പെട്ട നേതൃത്വമാണെന്നേ ദേവികയ്ക്കു പറയാനുള്ളു. കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചാരസന്തതികളെയും ജാരസന്തതികളെയും കണ്ടെത്തി തൂത്തെറിഞ്ഞില്ലെങ്കില്‍ അതൊരു മഹാദുരന്തമാകും.



ഞാൻ പറഞ്ഞതെന്ത്? സിപിഐ കേട്ടതെന്ത്? – ജനയുഗം ലേഖനത്തിന്
എം സ്വരാജിന്റെ മറുപടി ഇവിടെ വായിക്കാം







Read More >>