കേരള പൊതുബോധം ഇടതുപക്ഷമല്ല; വർഗീയമാണ്!

വാർത്തകൾക്ക് എളുപ്പത്തിൽ ശ്രദ്ധ കിട്ടുവാനും വിപണി ഉറപ്പിക്കുവാനും മുസ്ലിം, മുസ്ലിം മൌലികവാദം എന്നി വാക്കുകൾ സമർത്ഥമായി ഉപയോഗിച്ചു വിജയിപ്പിച്ചെടുക്കാൻ പാകത്തിന് കേരളത്തിലെ പൊതുബോധം പാകപ്പെട്ടിരിക്കുന്നു. രാജ്യത്ത് സാംസ്‌കാരിക രാഷ്ട്രീയ പരിസരങ്ങൾക്ക് ഭീഷണിയായ സംഘപരിവാര ഭീഷണിക്കെതിരെ അവരുടെ അതിക്രമങ്ങൾക്കും ക്രൂരതകൾക്കുമെതിരെ തന്ത്രപരമായ മൌനം പാലിക്കുന്നവരാണു മുസ്ലിം മതമൌലികവാദം വിറ്റ് ഉപജീവനം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. പി കെ നൗഫൽ എഴുതുന്നു.

കേരള പൊതുബോധം ഇടതുപക്ഷമല്ല; വർഗീയമാണ്!

പി കെ നൗഫൽ

ഇടതുപക്ഷ പൊതുബോധമെന്നൊക്കെ പലരും വിളിക്കുന്ന കേരള പൊതുബോധം എത്രമാത്രം സവർണ്ണവും മുസ്ലിം വിരുദ്ധവും ഏകമുഖവുമാണെന്ന ആശങ്ക പലരും പങ്കുവെച്ചിട്ടുണ്ട്. ഈ നിരീക്ഷണത്തെ അരക്കിട്ടുറപ്പിക്കും വിധമാണ് സമീപകാലത്ത് കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ. ഒരു വാർത്ത ആഘോഷിക്കപ്പെടാനും തമസ്‌ക്കരിക്കപ്പെടാനും വാർത്തയുടെ മതപരവും രാഷ്ട്രീയവുമായ അസ്ഥിത്വത്തിനു വലിയ പങ്കുണ്ട് എന്ന രീതിയിലാണ് വിഷയങ്ങൾ അവതരിക്കപ്പെടുന്നത്.


ചില സമീപകാല ഉദാഹരണങ്ങളിലേക്ക് കണ്ണോടിക്കാം. യുവകഥാകൃത്തായ ജിംഷാർ അക്രമിക്കപ്പെട്ടെന്ന വാർത്ത പുറത്തുവരുന്നു. അക്രമിക്കപ്പെട്ടെന്നു ജിംഷാർ തന്നെയാണ് വെളിപ്പെടുത്തുന്നത്. തന്നെ അക്രമിച്ചത് പോപ്പുലർ ഫ്രണ്ട് തീവ്രവാദികളാണെന്നും, അക്രമത്തിനു കാരണം പുതിയ കഥയുടെ പേരാണെന്നും ജിംഷാർ വെളിപ്പെടുത്തുന്നു. ഇതോടെ ഈ പൊതുബോധം സടകുടഞ്ഞെണീറ്റു. ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളായ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയുമൊക്കെ 'മതമൗലീകവാദികൾ അക്രമിച്ച ജിംഷാറീനു ഐക്യദാർഢ്യം' പ്രകടിപ്പിച്ചുകൊണ്ട് ധർണ്ണയും സമ്മേളനവും നടത്തുന്നു. കോൺഗ്രസിലെ യുവതുർക്കിയും തൃത്താല എംഎൽഎയുമായ വിടി ബൽറാം തന്റെ എഫ്ബി പോസ്റ്റിലൂടെ അക്രമത്തിനും അക്രമികളെന്ന് ജിംഷാർ പറഞ്ഞവർക്കുമെതിരെ ആഞ്ഞടിക്കുന്നു. സോഷ്യൽ മീഡിയയിൽ കൊലവിളികൾ. ഓൺലൈൻ പോർട്ടലുകളിൽ തുടർ വാർത്തകൾ. എല്ലാ വാർത്തകൾക്കും ഒരേ സ്വരം, ഒരേ ശൈലി.

പക്ഷേ ആരും വാർത്തയുടെ നിജസ്ഥിതി അന്വേഷിച്ചില്ല. പോലീസ് റിപ്പോർട്ട് പരിശോധിച്ചില്ല. അക്രമ വാർത്ത വന്ന പ്രത്യേക പശ്ചാത്തലം ആരും പരിഗണിച്ചില്ല. എല്ലാവരും ഒരേസ്വരത്തിൽ പറഞ്ഞത് ഒന്ന് മാത്രം. 'ജിംഷാർ മതമൗലിക വാദികളാൽ അക്രമിക്കപ്പെട്ടു'. ഇതിലേക്ക് മൂവാറ്റുപുഴയിൽ ജോസഫിനെതിരെ നടന്ന അക്രമവാർത്തയും കൂട്ടിച്ചേർത്തു വിഷയത്തിനു എരിവും പുളിയും നൽകി. അപലപനക്കാരിൽ സംഘപരിവാര പ്രവർത്തകർ ഉണ്ട്, സിപിഎം പ്രവർത്തകർ ഉണ്ട്, സോഷ്യൽ മീഡിയയിൽ മാത്രം കാണുന്ന യുക്തിവാദികൾ ഉണ്ട്. ഇവരൊക്കെയും ഉന്നയിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളികൾ. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് ആധികാരികമായി പറയുവാൻ സംഘപരിവാരത്തിനും സിപിഎമ്മിനുമുള്ള സവിശേഷമായ അധികാരം അവർ ആവശ്യത്തിലധികം ഉപയോഗിച്ചു.

പക്ഷേ അല്പ നിമിഷങ്ങൾക്കകം അക്രമം പുറംലോകത്തെ അറിയിച്ച ജിംഷാർ തന്നെ തന്റെ ആദ്യമൊഴിയിൽ നിന്ന് പുറകോട്ടു പോയി. ആരോപണവിധേയരായ സംഘടനകൾ ജിംഷാറിനെതിരെ നിയമനടപടികൾക്ക് തുടക്കം കുറിച്ചതോടെ അക്രമിച്ചത് എസ്‍ഡിപിഐ/പോപ്പുലർ ഫ്രണ്ടുകാരാണെന്ന് പറഞ്ഞിട്ടില്ലെന്നായി ജിംഷാർ. അക്രമികളുടെ മുഖം പോലും കണ്ടില്ലെന്നായിരുന്നു പിന്നീടുള്ള മൊഴി. പിന്നെ എന്തടിസ്ഥാനത്തിലാണു അക്രമിച്ചത് എസ്ഡിപിഐ/പോപ്പുലർ ഫ്രണ്ടുകാരാണെന്ന് പറഞ്ഞത് എന്ന ചോദ്യത്തിനു ഇനിയും ഉത്തരം കിട്ടിയിട്ടില്ല.

പക്ഷേ ഈ അക്രമവാർത്തക്ക് പിന്നാലെ ചില അനുബന്ധ വാർത്തകൾ കൂടെ പുറത്തുവന്നു. ഒന്ന്, ഈ സംഭവം നടക്കുന്നതിന്റെ ഒരാഴ്ച കഴിഞ്ഞാൽ ജിംഷാറിന്റെ പുതിയ കഥയുടെ പ്രകാശനം നടക്കേണ്ടതുണ്ട്. രണ്ട്, ആ കഥ പ്രസിദ്ധീകരിക്കുന്നവരുമായി ബന്ധപ്പെട്ടവരാണ് ജിംഷാറിനെതിരെ അക്രമം നടന്നു എന്ന വാർത്ത പ്രചരിപ്പിക്കാൻ മുന്നിൽ നിന്നത്. അക്രമ വാർത്തക്കൊപ്പം പ്രസിദ്ധീകരിക്കാൻ പോകുന്ന പുസ്തകത്തിന്റെ പരസ്യവും ഉണ്ടായിരുന്നു. മൂന്ന്, ജിംഷാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഊർജ്ജിതമായി കേസ് അന്വേഷിക്കുകയും ജിംഷാർ സൂചന നൽകിയ ചില വ്യക്തികളടക്കം അറുപതോളം പേരെ വിഷദമായി ചോദ്യം ചെയ്‌തെങ്കിലും ജിംഷാറിന് മർദ്ദനമേറ്റെന്ന ആരോപണത്തെ സാധൂകരിക്കുന്ന ഒരു തെളിവും പോലീസിനു ലഭിച്ചില്ല. എന്നു മാത്രമല്ല ഈ കേസ് കെട്ടിച്ചമച്ചതാണോ എന്ന ബലമായ സംശയവും പോലീസ് ഉന്നയിച്ചു. അതായത് ജിംഷാറിന്റെ പുതിയ കഥയുടെ പബ്ലിസിറ്റിയുമായി ബന്ധപ്പെട്ടു ജിംഷാറിനെ മുന്നിൽ നിർത്തി കഥ പ്രസിദ്ധീകരിക്കുന്നവർ നടത്തിയ സമർത്ഥമായ കാമ്പയിനായിരുന്നു ഈ അക്രമവാർത്തയും അതേ തുടർന്നുള്ള വിവാദങ്ങളും എന്ന് ന്യായമായും സംശയിക്കാവുന്ന നിലക്കാണു അക്രമവാർത്തയും അതിന്റെ തുടർച്ചയായ വിവാദകോലാഹലങ്ങളും.

അതിനവർ ഉപയോഗപ്പെടുത്തിയത് കേരളത്തിൽ പാകപ്പെട്ടു വരുന്ന മുസ്ലിം വിരുദ്ധ പൊതുബോധത്തെയും. അക്രമവാർത്തയെ തുടർന്നു ജിംഷാറിന്റെ പുതിയ കഥയും അതിന്റെ പ്രസിദ്ധീകരണവും വ്യാപകമായി ചർച്ചചെയ്യപ്പെട്ടു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഒറ്റപ്പെട്ട സംഭവമല്ല ഇത്. ജിംഷാറ് മർദ്ദനമേറ്റെന്നു പറഞ്ഞതിനു മാസങ്ങൾക്ക് മുൻപാണ് കണ്ണൂർ ജില്ലയിൽ ദുരൂഹ സാഹചര്യത്തിൽ മുസ്ലിം നാമധാരിയുടെ കച്ചവട സ്ഥാപനം കത്തിനശിക്കുന്നത്. സ്ഥാപനം കത്തിച്ചത് ഇസ്ലാമിക മതമൌലികവാദികളാണെന്ന് സ്ഥാപന ഉടമ ആരോപിക്കുന്നു. കാരണമായി പറഞ്ഞത് പ്രാദേശിക വാട്‌സ്ആപ് ഗ്രൂപ്പിൽ അദ്ദേഹം നടത്തിവരുന്ന ഇസ്ലാമിക വിമർശനത്തിനെതിരെ മതമൌലികവാദികൾ നടത്തിയ പ്രതികാരം ആണു തന്റെ ഉപജീവനമാർഗ്ഗം കത്തിക്കലിലേക്ക് എത്തിയത് എന്നാണ്. ഇതോടെ അദ്ദേഹത്തിനു ചുറ്റും ഐക്യദാർഢ്യവും ഇസ്ലാമിക മതമൌലികവാദത്തിനെതിരെ ആക്രോശവുമായി സാംസ്‌ക്കാരിക കേരളം ഒന്നിച്ചു. സോഷ്യൽ മീഡിയയിലും പുറത്തും ഇസ്ലാമിക മൌലികവാദത്തിനെതിരെ ആക്രോശങ്ങൾ, അസഭ്യവർഷങ്ങൾ. ഇതിനിടയിൽ കത്തിപ്പോയ സ്ഥാപനത്തിനു വേണ്ടി വ്യാപകമായ പണപ്പിരിവും നടന്നു. ആരോപണ വിധേയർ ഇസ്ലാമിക മതമൌലകവാദികളായതുകൊണ്ടു തന്നെ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു.

islamophobia_media_news-room-muslim_1പക്ഷേ സംഭവം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞു, കോൺഗ്രസ് ഭരണവും മാറി ചങ്കൂറ്റമുള്ള പിണറായി വിജയന്റെ പോലീസ് വന്നു. എന്നിട്ടും സ്ഥാപനം കത്തിച്ച പ്രതികളെ പിടിക്കാൻ സാധിച്ചില്ല. അക്രമികൾ വാട്‌സ്അപ് ഗ്രൂപ്പിലുള്ളവരാണെന്ന അദ്ദേഹത്തിന്റെ ആദ്യമൊഴി അനുസരിച്ചു കേസ് അന്വേഷിച്ചാൽ തന്നെ സ്ഥാപനം കത്തിച്ചവരെ കണ്ടെത്തേണ്ടതായിരുന്നു. അതേസമയം സ്ഥാപനം പുറത്തു നിന്നുള്ളവർ കത്തിച്ചതല്ലെന്നും. കത്തുന്നതിനു മുന്നേ സ്ഥാപനത്തിലെ വിലപ്പെട്ട ഉപകരണങ്ങൾ പുറത്തുകൊണ്ടുപോയിരുന്നു എന്നുള്ള റിപ്പോർട്ടുകൾ ഇതിനിടെ പലരും പങ്കുവെച്ചിരുന്നു. മാത്രമല്ല കത്തിനശിച്ച സ്ഥാപനത്തിന്റെ യഥാർത്ഥ വിപണിവിലയുടെ ഇരട്ടിയോളം വ്യാപകമായി നടന്ന പിരിവിലൂടെ ലഭിച്ചതായും റിപ്പോർട്ടുകൾ വന്നു. അതെന്തായാലും പോലീസ് അന്വേഷണം തുടരുന്നതിലുള്ള ആദ്യത്തെ ആവേശം സ്ഥാപന ഉടമയ്ക്ക് പോലുമില്ലെന്നാണ്
അദ്ദേഹത്തിന്റെ പുതിയ പ്രതികരണങ്ങളിൽ
നിന്നും വ്യക്തമാകുന്നത്. ഈ ആരോപണം ഉന്നയിക്കപ്പെട്ടതിലൂടെ ഉണ്ടായ ബഹളവും ആക്രോശവും പണപ്പിരിവും മാത്രം ബാക്കിയായി എന്നു ചുരുക്കം.

കേരളത്തിൽ ആഴത്തിൽ വേരൂന്നിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ പൊതുബോധത്തെ ചിലർ സ്വന്തം ആവശ്യങ്ങൾക്കായി സമർത്ഥമയി ഉപയോഗിക്കുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. വാർത്തകൾക്ക് സ്വീകാര്യതയും ജനശ്രദ്ധയും ലഭിക്കാൻ സംഭവങ്ങൾക്കൊപ്പം മുസ്ലിം അല്ലെങ്കിൽ മുസ്ലിം മതമൌലികവാദം എന്നൊരു വിശേഷണം കൂടെ ചേർത്താൽ മതി. പിന്നെ മാധ്യമ ശ്രദ്ധയായി ബഹളമായി സാംസ്‌കാരിക കേരളത്തിന്റെ മുറവിളിയായി, പണപ്പിരിവായി, കച്ചവടമായി.

ഇതിന്റെ ഒടുവിലത്തെ ഉദാ!ഹരണമാണ് തൊടുപുഴയിൽ ബൈക്ക് അപകടത്തിൽ പെട്ടു പുഴയിൽ വീണ ദമ്പതികളെ പട്ടാളക്കാരൻ രക്ഷിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം. അപകടത്തിൽ പെട്ടത് മുസ്ലിം ദമ്പതികൾ. അപകട സമയത്ത് സ്ഥലത്തെത്തിയ പട്ടാളക്കാരൻ ദമ്പതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു. ഇതിനിടയിൽ അപകടത്തെ അതിജീവിച്ച് സുരക്ഷിതയായിരുന്ന യുവതി രക്ഷിക്കാൻ വന്ന പട്ടാളക്കാരനോട് നടത്തിയ  സ്വഭാവികവും നിർദ്ദോഷകരവുമായ പ്രതികരണത്തെ കേരളത്തിലെ പൊതുബോധം കൊണ്ടാടിയത് മറ്റൊരു നിലയ്ക്കായിരുന്നു. ഈ വാചകത്തിലേക്ക് സ്വന്തം ഭാവനയും വർഗ്ഗീയതയും കച്ചവട താല്പര്യം കുത്തിക്കയറ്റി അവർ ഇത് ആഘോഷിച്ചു. ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിലും രക്ഷിക്കാൻ വന്ന അന്യമതസ്ഥനായ പട്ടാളക്കാരനോട് ഇക്കയല്ലാതെ മറ്റാരും എന്നെ തൊടരുതെന്ന് യുവതി ആക്രോശിച്ചു എന്ന നിലയ്ക്കായിരുന്നു പ്രചാരണങ്ങളും ആഘോഷങ്ങളും.

മുഖ്യധാര മാധ്യമങ്ങളും ഒട്ടും വിശ്വസ്യതയില്ലാത്ത ചില മറുനാടൻ ഓൺലൈൻ മാധ്യമങ്ങളുമായിരുന്നു പ്രചരണങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നത്. അപകടകരമായ വിഷയം എന്തെന്നാൽ ചില ഓൺലൈൻ മീഡീയകൾ 'മുസ്ലിം ടാഗ്' ചേർത്താണ് ഈ വാർത്തക്ക് പ്രചരണം നൽകിയിരുന്നത്. നുണപ്രചരണം അതിരുകടക്കുന്നു എന്ന് കണ്ടപ്പോൾ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ പട്ടാളക്കാരൻ തന്നെ ഈ വാർത്തകൾ നിഷേധിച്ചുകൊണ്ട് രംഗത്ത് വരേണ്ടിവന്നു. ഇതിനും ശേഷമാണ് നുണപ്രചരണം അവസാനിച്ചത്.

ഇതിന്റെ യഥാർത്ഥ അപകടം മറ്റൊരു തരത്തിലാണ് പ്രവർത്തിക്കുന്നത്. ഒരുവശത്ത് മുസ്ലിം മതമൌലികവാദം മാധ്യമ ആഘോഷമാണെങ്കിൽ മറുവശത്ത് തമസ്‌ക്കരണമാണ് എന്നതാണ്. മുസ്ലിം പശ്ചാത്തലത്തിൽ ബോംബ് എന്നു തോന്നിക്കുന്നത് പോലും മാരകായുധങ്ങളും എൻഐഎ അന്വേഷണത്തിനും യുഎപിഎ ഭീകരനിയമത്തിനും കാരണമാകുന്ന വാർത്തകളാണെങ്കിൽ മുസ്ലിമേതര പശ്ചാത്തലത്തിൽ ബോംബ് നിർമ്മാണമോ നിർമ്മാണത്തിനിടെയുള്ള അപകടമരണമോ ക്രൂരമായ കൊലപാതകമോ കൂടിവന്നാൽ ഒരു ദിവസത്തേക്കുള്ള സാധാരണ വാർത്ത മാത്രമാണ്. അവിടെ ഭീകരതയില്ല, മതമൌലികതയില്ല. ചാനലുകളിലെ തുടർ ചർച്ചകളില്ല, സാംസ്‌ക്കാരിക കേരളത്തിന്റെ ആശങ്കകളോ, അപലപനമോ ഇല്ല. എൻഐഎ അന്വേഷണത്തിനും യുഎപിഎക്കുമുള്ള മുറവിളികൾ ഇല്ല. എല്ലാം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടത് പോലെ മിതമായി അവതരിപ്പിക്കപ്പെടുന്നു. കുറ്റാരോപിതർ മനോരോഗികളാകുന്നു, സൂക്ഷിച്ചുള്ള വാക്കുകളിലൂടെ പ്രതികരണങ്ങൾ നടത്തി എല്ലാവരും പിരിഞ്ഞുപോകുന്നു.

മതപരിവർത്തനത്തെ കുറിച്ചുള്ള വാർത്തകളിലും ഈ ഇരട്ടത്താപ്പ് കാണാം. മുസ്ലിം സ്ത്രീകളെ പ്രണയിച്ച് മതം മാറ്റി വിവാഹം ചെയ്യുവാൻ പരസ്യമായി ആഹ്വാനം ചെയ്യുന്ന ഹിന്ദുത്വ സംഘടനകൾ കേരളത്തിൽ സജീവമാണു. കേരളത്തിലെ പല ജില്ലകളിലും പരസ്യമായും രഹസ്യമായും ഈ ലക്ഷ്യത്തോടെയുള്ള ഹിന്ദുത്വ സ്ഥാപനങ്ങൾ നിലവിലുണ്ട്. കേരളത്തിലെ മുസ്ലിം പശ്ചാത്തലത്തിൽ നിന്ന് ധാരാളം പെൺകുട്ടികളും ഈ ലക്ഷ്യത്തോടെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നുണ്ട്. അതെല്ലാം സംഘപരിവാര പ്രവർത്തകർ ആവേശപൂർവം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ റമദാൻ കാലത്ത് പോലും തൃശൂർ ജില്ലയിലെ ചാവക്കാട് മേഖലയിൽ നിന്ന് നാലു മുസ്ലിം പെൺകുട്ടികളാണ് സംഘപരിവാർ പ്രവർത്തകർക്കൊപ്പം അമ്പലത്തിലും ഇതര കേന്ദ്രങ്ങളിലും വെച്ച് വിവാഹിതരായത്.

പക്ഷേ ഈ പ്രകോപനപരമായ ആഹ്വാനങ്ങളും പ്രണയം നടിച്ചുള്ള മതപരിവർത്തനങ്ങളും സംഘപരിവാര പ്രവർത്തകരുടെ ആഘോഷങ്ങളുമൊന്നും? പൊതുബോധത്തിനു വിഷയങ്ങളല്ല. അധികാരികൾക്ക് നടപടിയെടുക്കാനുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളുമല്ല. ഒരു ദിവസത്തെ വാർത്തകൾ പോലുമല്ല ഇതൊന്നും. ഏതെങ്കിലും മാതാപിതാക്കൾ കാണാതായ കുട്ടികളെ വിട്ടുകിട്ടാൻ കോടതിയെ സമീപിച്ചാൽ 'പെൺകുട്ടിയുടെ ഇഷ്ടം അനുസരിച്ച് കാമുകന്റെ കൂടെ പോകുവാൻ കോടതി അനുമതി നൽകി' എന്ന് ആഘോഷിക്കും. സ്വന്തമായി ആശയം തെരഞ്ഞെടുക്കാനുള്ള അവകാശത്തിനു വേണ്ടി അവർ നിലപാടെടുക്കും.

അതേസമയം ഈ മതപശ്ചാത്തലം ഒന്ന് മാറിയാൽ വാർത്തകളുടെ രൂപവും ഘടനയും മാത്രമല്ല, സർക്കാർ അധികാരികളുടെ പെരുമാറ്റവും മാറും. അതായത് മതം മാറുന്നത് ഇസ്ലാം മതത്തിലേക്കാണെങ്കിൽ പിന്നെ മതമൌലികവാദമായി, അന്യായ തടങ്കലായി, പ്രണയം നടിച്ചുള്ള ആസൂത്രിത മതംമാറ്റമായി, ഭീകരവാദത്തിനുള്ള റിക്രൂട്ട്‌മെന്റായി.അനുബന്ധമായി എൻഐഎ അന്വേഷണവും യുഎപിഎ ഭീകരനിയമവും എത്തും. ഇത്തരം വിഷയങ്ങളിൽ വ്യാപകമായും സംഘടിതമായും നടപ്പാക്കപ്പെടുന്ന സംഘപരിവാർ പ്രചരണം മാധ്യമങ്ങളെ മാത്രമല്ല, ജുഡിഷ്വറി അടക്കമുള്ള അധികാര കേന്ദ്രങ്ങളെയും സ്വാധിനിക്കുന്നുവെന്നാണ് ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു വരുന്ന വിചിത്രങ്ങളായ ചില തീർപ്പുകളിൽ നിന്നും മനസ്സിലാകുന്നത്.

ലോകപ്രശസ്ത ഇസ്ലാമിക പ്രഭാഷകനായ സാക്കിർ നായിക്കിനെയും മഞ്ചേരിയിലെ സത്യസരണിയെയും തിരുവനന്തപുരം സലഫി സെന്ററിനെയുമൊക്കെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഈ പൊതുബോധം ആഴത്തിൽ ഊട്ടിയുറപ്പിക്കപ്പെട്ടതിന്റെ ഭാഗമാണ്. ആദ്യം സംഘപരിവാർ വക നുണപ്രചരണം. അതിന്റെ അകമ്പടിയായി മാധ്യമ പ്രചാരണം. ഇതെല്ലാം സാധൂകരിക്കുന്ന നിലക്ക് അധികാരികളുടെ നിലപാടുകൾ. സംഘപരിവാര പ്രത്യയശാസ്ത്ര ബന്ധമുള്ളവർ മാത്രമല്ല ഇടതുപക്ഷ ആശയമുള്ളവരും ഈ നീക്കങ്ങളിൽ പരസ്പരം സഹകരിക്കുന്നു എന്നതാണു ഗൌരവമായ വസ്തുത. കേരളത്തിൽ ഇസ്ലാമിലേക്കുള്ള മതപരിവർത്തനങ്ങൾ വിവാദമാക്കുന്നതും വാർത്തയാക്കുന്നതും ഭരണകൂട നടപടികൾക്ക് വിധേയമാക്കപ്പെടുന്നതും ഇടതുപക്ഷ ഭരണകാലത്താണു എന്നത് ശ്രദ്ധേയമാണ്. ഇടതുപക്ഷ സർക്കാരിന്റെ അനുകൂല നിലപാടുകൾ സംഘപരിവാര ആരോപണങ്ങൾക്കും അതിക്രമ ശ്രമങ്ങൾക്കും ഊർജ്ജം കൊടുക്കുന്നുണ്ട്. ലൗ ജിഹാദ് ആരോപണം കേരളസമൂഹത്തിൽ പ്രചരിപ്പിച്ചതും വിജയിപ്പിച്ചെടുത്തതും ഇടതുപക്ഷ ഭരണകാലത്തായിരുന്നു.

ചുരുക്കത്തിൽ വാർത്തകൾക്ക് എളുപ്പത്തിൽ ശ്രദ്ധ കിട്ടുവാനും വിപണി ഉറപ്പിക്കുവാനും മുസ്ലിം , മുസ്ലിം മൌലികവാദം എന്നി വാക്കുകൾ സമർത്ഥമായി ഉപയോഗിച്ചു വിജയിപ്പിച്ചെടുക്കാൻ പാകത്തിൽ കേരളത്തിലെ പൊതുബോധം പാകപ്പെട്ടിരിക്കുന്നു. രാജ്യത്ത് സാംസ്‌കാരിക രാഷ്ട്രീയ പരിസരങ്ങൾക്ക് ഭീഷണിയായ സംഘപരിവാര ഭീഷണിക്കെതിരെ അവരുടെ അതിക്രമങ്ങൾക്കും ക്രൂരതകൾക്കുമെതിരെ തന്ത്രപരമായ മൌനം പാലിക്കുന്നവരാണു മുസ്ലിം മതമൌലികവാദം വിറ്റ് ഉപജീവനം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.