മാർ റാഫേല്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയെന്ന് പറഞ്ഞിട്ടില്ല; കലാകൗമുദിയും ജന്മഭൂമിയും പ്രസിദ്ധീകരിച്ചത് തെറ്റായ വാര്‍ത്ത; സിസ്റ്റര്‍ ജെസ്മിക്ക് പറയാനുള്ളത്

മദറിന്റെ മുന്‍പില്‍ വെച്ച് പിതാവു ചോദിച്ച തമാശയാണ് ഇത്തരത്തില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. "കണ്ടിട്ട് എത്ര നാളായി ജെസ്മീ, സ്വപ്നം കണ്ടിട്ടു വയ്യ," എന്നാണ് പിതാവ് പറഞ്ഞത്. തന്റെ മാറിടത്തിലേക്ക് നോക്കി പിതാവ് നിന്നുവെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ മുറിയിലേയ്ക്ക് വിളിച്ചു വരുത്തിയെന്നത് തെറ്റായ കാര്യമാണ്. മാര്‍ തട്ടിലിന് തന്നോട് നീരസമുണ്ടെന്നും ജെസ്മി വ്യക്തമാക്കി.

മാർ റാഫേല്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയെന്ന് പറഞ്ഞിട്ടില്ല; കലാകൗമുദിയും ജന്മഭൂമിയും പ്രസിദ്ധീകരിച്ചത് തെറ്റായ വാര്‍ത്ത; സിസ്റ്റര്‍ ജെസ്മിക്ക് പറയാനുള്ളത്

"യേശുവിനെ അവര്‍ സഭയ്ക്കു പുറത്ത് നിര്‍ത്തിയിരിക്കുന്നു. അച്ചന്‍മാര്‍ എന്തു തെറ്റു ചെയ്താലും അവരുടെ മുദ്രപോകില്ല. കന്യാസ്ത്രീകള്‍ എന്ത് തെറ്റു ചെയ്താലും അവരെ എളുപ്പത്തില്‍ പുറത്താക്കും"

കത്തോലിക്കാ സഭയോട് കലഹിച്ച് തിരുവസ്ത്രം ഉപേക്ഷിച്ച് സഭവിട്ടിറങ്ങിയ സിസ്റ്റര്‍ ജെസ്മിയുടെ വാക്കുകളാണിത് . വര്‍ഷം ഏഴു പിന്നിട്ടിട്ടും സിസ്റ്റര്‍ ജെസ്മിയുടെ വാക്കുകളിലെ മൂര്‍ച്ച തെല്ലും കുറയുന്നില്ല.
"ഇത് എന്റെ ദൈവവിളിയാണ് . എന്റെ നാവ് ചലിക്കുന്നിടത്തോളം തെറ്റായ ഇത്തരം പ്രവണതകള്‍ക്കെതിരെ ഞാന്‍ ശബ്ദമുയര്‍ത്തും. ഞാന്‍ സത്യം വിളിച്ചു പറയുക തന്നെ ചെയ്യും."

നാരദാ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സിസ്റ്റര്‍ ജെസ്മി പറയുന്നു.

തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ റാഫേല്‍ തട്ടില്‍ പലതവണ പ്രേമാഭ്യാര്‍ഥന നടത്തിയെന്നും രാത്രിയില്‍ തന്നെ സ്വപ്നം കണ്ടാണ് അദ്ദേഹം ഉറങ്ങുന്നതെന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞതായി കേരള കൗമുദിയിലും ജന്മഭൂമിയിലും വാര്‍ത്ത വന്നിരുന്നു. സഭയിലെ കന്യാസ്ത്രീകളെ 'പരിശുദ്ധ വേശ്യ'കള്‍ എന്ന്  സിസ്റ്റര്‍ വിശേഷിപ്പിച്ചതായും വാര്‍ത്തയുണ്ടായിരുന്നു. ഈ മാദ്ധ്യമ വാര്‍ത്തകളാണ് ജെസ്മിയെ വീണ്ടും വിവാദ നായികയാക്കിയത്.

സഭയിലും വൈദികരിലും ചെറിയ തെറ്റുകുറ്റങ്ങളൊക്കെ ഉണ്ടാകും, അതൊക്കെ ക്ഷമിച്ചു കൂടേ, അവരും മനുഷ്യരല്ലേ എന്ന്  പറയുന്നവരോടും സിസ്റ്ററിന് വ്യക്തമായ മറുപടിയുണ്ട്. പവിത്രമായ സ്ഥലത്ത് ചെറിയ ഒരു തെറ്റു വന്നാല്‍ അതൊരു വലിയ തെറ്റു തന്നെയാണ്. കള്ളന്‍ മോഷ്ടിക്കുന്നത്  പോലെയല്ല പുണ്യാളന്‍ കട്ടാല്‍.  അതൊരു ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റു തന്നെയാണ്. സിസ്റ്റര്‍ ജെസ്മി പറയുന്നു.

'നഗ്‌ന മേനി മോഹിച്ച പാതിരി'; റാഫേല്‍ തട്ടിലിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചത്

കലാകൗമുദിയിലും ജന്മഭൂമിയിലും വന്ന വാര്‍ത്തകള്‍ തീര്‍ത്തും തെറ്റിദ്ധാരണ വളര്‍ത്തുന്നതായിരുന്നു. മാര്‍ റാഫേല്‍ തട്ടില്‍ തന്നോടു പ്രണയാഭ്യര്‍ത്ഥന നടത്തിയെന്ന വാര്‍ത്തകളില്‍ തെല്ലും സത്യമില്ല. മദറിന്റെ മുന്‍പില്‍ വച്ച് പിതാവു ചോദിച്ച തമാശയാണ് ഇത്തരത്തില്‍ തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയത്. "കണ്ടിട്ട് എത്ര നാളായി ജെസ്മി, സ്വപ്നം കണ്ടിട്ടു വയ്യ," എന്നാണ് പിതാവ് പറഞ്ഞത്. തന്റെ മാറിടത്തിലേക്ക് നോക്കി പിതാവ് നിന്നുവെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ മുറിയിലേയ്ക്ക് വിളിച്ചു വരുത്തിയെന്നത് തെറ്റായ കാര്യമാണ്. മാര്‍ തട്ടിലിന് തന്നോട് നീരസമുണ്ടെന്നും ജെസ്മി വ്യക്തമാക്കി.

[caption id="attachment_38140" align="alignleft" width="240"]bishop
മാർ റാഫേൽ തട്ടിൽ[/caption]

മെത്രാന്‍ റാഫേല്‍ തട്ടില്‍ പലതവണ പ്രേമാഭ്യര്‍ത്ഥന നടത്തിയെന്നും പ്രേമപരവശമായ കണ്ണുകളുമായാണ് ബിഷപ്പ് ഇടപഴകിയതെന്നും ജെസ്മി പറഞ്ഞതായാണ് ജന്മഭൂമി വാര്‍ത്ത നല്‍കിയത്. പല പുരോഹിതരും പ്രേമാഭ്യര്‍ത്ഥനയുമായി ജെസ്മിക്ക്  മുന്നില്‍ വന്നിട്ടുണ്ടെന്നും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പോയിരുന്ന സമയത്ത് ജസ്മിയെ സ്വകാര്യ മുറിയിലേയ്ക്ക് വിളിപ്പിക്കാറുണ്ടെന്നും വാര്‍ത്ത വന്നു. ഗോപസ്ത്രീകളായ ചില കന്യാസ്ത്രീകള്‍ തട്ടിലിനെ പോലുളള ഉണ്ണികൃഷ്ണനെ പ്രണയിക്കുന്നത് ഭാഗ്യമായി കരുതുന്നുവെന്ന് സിസ്റ്റര്‍ പറഞ്ഞതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്തകളില്‍ സത്യമില്ലെന്ന് സിസ്റ്റര്‍ ജെസ്മി പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോണ്‍ ബ്രിട്ടാസ് കൈരളി ടിവിക്ക് വേണ്ടി നടത്തിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു എന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു. കൈരളി ചാനല്‍  ഒന്നും എഡിറ്റ് ചെയ്തു കളഞ്ഞിട്ടില്ല. സെമിനാരിക്കാര്‍ക്ക് ക്ലാസ് എടുക്കാന്‍ ചെന്നപ്പോള്‍ കുറച്ചു സമയം പിതാവ് എന്റെ മാറിടത്തിലേക്ക് തുറിച്ചു നോക്കി എന്നും അതറിഞ്ഞ മറ്റൊരു സിസ്റ്റര്‍ അവര്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു.  തന്റെ ഭാര്യയ്ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഒരു ഭർത്താവും പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം സ്വകാര്യ സംഭാഷണത്തിനിടെ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. മഠം വിട്ട തനിക്കെതിരെ  അദ്ദേഹം പരാമര്‍ശങ്ങള്‍  നടത്തിയിരുന്നത് ഞാന്‍ അറിഞ്ഞു. എനിക്ക് പ്രത്യേക തരം ഭ്രാന്ത് ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.  ഒരു സ്ത്രീയെയും ഒരു ബിഷപ്പിനെയും കുറിച്ച് കള്ളങ്ങള്‍ പറഞ്ഞ് അപമാനിക്കുന്നതിന് ഒരു പരിധിയില്ലേ എന്നും ജെസ്മി ചോദിച്ചു.

ഞങ്ങളുടെ കൈകള്‍ ചങ്ങലയ്ക്കിട്ടിരിക്കുന്നുവെന്ന് വിലപിക്കുന്ന പത്രപ്രവര്‍ത്തകര്‍ തനിക്കെതിരെ കള്ളക്കഥകള്‍ ചമയ്ക്കുന്നു


വസ്തുതകളെ വളച്ചൊടിക്കുന്നതോ സത്യത്തില്‍ മായം കലര്‍ത്തി അസത്യമാക്കി, അസ്ഥാനത്ത്, അനവസരത്തില്‍ പ്രസിദ്ധീകരിക്കുന്നതോ അല്ല പത്രധര്‍മ്മം. ചില സത്യങ്ങള്‍ എന്നോടു ചോദിക്കുന്നവരോട് ഫോണിലൂടെയും അല്ലാതെയും ഞാന്‍ പറഞ്ഞിട്ടുണ്ട്. അതിങ്ങനെ വളച്ചൊടിച്ച് എന്നെയും ബിഷപ്പിനേയും ക്രൂശിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവര്‍ക്ക് ബിഷപ്പിനോട് ശത്രുത ഉണ്ടെങ്കില്‍ അതു തുറന്നെഴുതണം. അല്ലാതെ ഭീരുത്വം കാട്ടുകയല്ല വേണ്ടത്.  എന്നെ എന്തിന്, അതിനു ബലിയാടാക്കണം? ഞാന്‍ പറഞ്ഞെന്നു പറഞ്ഞ്, അവര്‍ പൊടിപ്പും തൊങ്ങലും കൂട്ടി എഴുതിപ്പിടിപ്പിച്ചതിന് അവരുടെ പക്കല്‍ തെളിവുണ്ടോ?

കോഴിക്കോടും തൃശൂരും കന്യാസ്ത്രീകള്‍ ഗര്‍ഭിണിയായ കാര്യം അതാതിടങ്ങളിലെ പത്രപ്രവര്‍ത്തകര്‍ തന്നെയാണ് എന്നെ വിളിച്ച് അറിയച്ചത്. റിപ്പോര്‍ട്ട് ചെയ്യാന്‍ അവര്‍ക്ക് അനുവാദം ഇല്ലാത്തതിനാല്‍ 'സിസ്റ്റര്‍ ഇക്കാര്യം വെളിവാക്കണം' എന്നാണു എന്നോട് അവര്‍ പറഞ്ഞത്. കോഴിക്കോട് അച്ചനെ ഞാന്‍ ഫോണില്‍ വിളിച്ചു എന്നെഴുതിയതൊക്കെ ശുദ്ധ നുണയാണ്. തിരുവനന്തപുരത്ത് 'ഹേ ഫെസ്റിവലി'ല്‍ പങ്കെടുക്കുമ്പോള്‍ എനിക്കു ചുറ്റും നിന്ന പതിനഞ്ചോളം പത്രപ്രവര്‍ത്തകര്‍ എന്നോടു പറഞ്ഞത്  സെന്റ് ജോസഫ് പ്രസ്സിലെ ഒരു വൈദികന്റെ ബ്ലൂ ഫിലിം കിട്ടിയെന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ അധികാരികള്‍ അനുവദിക്കുന്നില്ലെന്നുമാണ്. 'ഞങ്ങളുടെ കൈകള്‍ ചങ്ങലയ്ക്കിട്ടിരിക്കുന്നു. സിസ്റ്റര്‍ ഇത് വെളിച്ചത്ത് കൊണ്ടുവരണം' എന്നുമാണ് അവര്‍ പറഞ്ഞത്. അവരുടെ ഭീരുത്വം കൊണ്ടാണോ അവര്‍ക്ക് പറയാനുള്ളത് അവര്‍ എന്റെ മേല്‍ വെച്ചുകെട്ടി അവതരിപ്പിക്കുന്നത്?  സിസ്റ്റര്‍ ജെസ്മി നുണ പറയില്ല. ആ ഒരൊറ്റ ഗുണമേ എന്നില്‍ എല്ലാവരും അംഗീകരിക്കുന്നതുള്ളൂ. അതു നില നിലനിർത്തണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.

'വിശുദ്ധ വേശ്യകള്‍' അന്നും ഇന്നും സഭയില്‍ ഉണ്ടായിട്ടുണ്ടെന്ന പരാമര്‍ശം പച്ചക്കള്ളം; പരിശുദ്ധ വേശ്യകള്‍ എന്ന പ്രയോഗം എന്റേതല്ല


കന്യാസ്ത്രീകള്‍ മുഴുവന്‍ പരിശുദ്ധ വേശ്യകളാണ് എന്ന പ്രയോഗത്തിന്റെ കര്‍ത്താവ് ഞാനല്ല. വിശുദ്ധ വേശ്യകള്‍ അന്നും എന്നും സഭയില്‍ ഉണ്ടായിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ആരെയും കൂസാത്ത മനോഭാവമുള്ള കന്യാസ്ത്രീകള്‍, വൈദികരുമായി വഴിവിട്ട ബന്ധം പുലര്‍ത്തുന്നവര്‍, ഇപ്പോഴും ഉണ്ട്. അവര്‍ ആരെയും കൂസാതെ പുറത്തു പോകും. എന്നാല്‍ പാവങ്ങളായ കന്യാസ്ത്രീകള്‍ ഇതൊക്കെ ചെയ്താല്‍ നടപടിയുണ്ടാകും. കോഴിക്കോടു ഭാഗത്ത് ഒരു മഠത്തില്‍ സിസ്റ്റര്‍ അച്ചനില്‍ നിന്നും ഗര്‍ഭിണിയായി. അച്ചനോട് കാര്യം അന്വേഷിച്ച ബിഷപ്പ് ഒടുവില്‍ ഒതുക്കിത്തീര്‍ക്കാന്‍ പറഞ്ഞുവെന്നും അവര്‍ പറഞ്ഞിരുന്നു. ആ സിസ്റ്ററിനെ പുറത്താക്കി. അവരെ വീട്ടുകാര്‍ പോലും തിരിഞ്ഞു നോക്കിയില്ല. രഹസ്യമായി പ്രസവിക്കാന്‍ എങ്ങോട്ടോ മാറ്റിയെന്നാണ് കേട്ടത്. അവള്‍ പോവുന്നെങ്കിൽ പോകട്ടെ എന്റെ മുദ്രയൊന്നും പോകില്ലെന്നായിരുന്നു ബിഷപ്പ് വൈദികനോട് പറഞ്ഞത്.

കന്യാസ്ത്രീകള്‍ അടിമപ്പണിക്കു വേണ്ടിയുള്ളവര്‍; സഭയിലെ അല്‍മായ പ്രാതിനിധ്യം ഏട്ടിലെ പശു


പെസഹാ വ്യാഴാഴ്ച  കാലു കഴുകുന്ന ചടങ്ങില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് കത്തോലിക്കാ സഭയുടെ പാരമ്പര്യമെന്നാണ് സീറോ മലബാര്‍ സഭാ വക്താവ് പോള്‍ തേലക്കാട്ടച്ചന്‍ ചാനല്‍ ചര്‍ച്ചയില്‍ വിളിച്ചു പറഞ്ഞത്. ദൈവമാതാവിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സഭയാണത്രെ കത്തോലിക്കാസഭ. ജീവിക്കുന്ന സ്ത്രീകളെ ആദരിക്ക് അച്ചോ എന്നായിരുന്നു എന്റെ മറുപടി.

തിരുപ്പട്ടം ദിവ്യകൂദാശയാണ്. കന്യാസ്ത്രീകള്‍ക്ക് അങ്ങനെയല്ല. അതൊരു കൂദാശയല്ല. അത് പട്ടമല്ല. കുറെ പെണ്ണുങ്ങള്‍ കൂടി ജീവിക്കുന്നു എന്നേയുള്ളു.  അച്ചന്മാരുടെ മുദ്ര എളുപ്പത്തില്‍ പോകില്ല.

സഭയില്‍ ഇപ്പോഴുള്ളതില്‍ ഒരു ശതമാനം മാത്രമേ സത്യസന്ധ്യമായ ദൈവവിളിയുള്ളൂ. ബാക്കിയെല്ലാവരും ചുമ്മാ ഉടുപ്പുമിട്ട് സഭയ്ക്ക് കളങ്കം വരുത്തുന്നവരാണ്. അവരെ കണ്ടുപടിച്ച് പറഞ്ഞുവിട്ടാല്‍ തീരാവുന്ന പ്രശ്നമേ ഇപ്പോള്‍ നിലവില്‍ സഭയ്ക്കുള്ളു.

ജെസ്മി ഇങ്ങനെ തുടങ്ങിയാല്‍ സഭാപുരോഹിതരുടെ എണ്ണം കുറയില്ലേ എന്നാണ് തേലക്കാട്ടച്ചന്‍ എന്നോടു പറഞ്ഞത്. ക്വാണ്ടിറ്റി എന്തിനാണ്, ക്വാളിറ്റിയാണ് വേണ്ടതെന്നായിരുന്നു എന്റെ മറുപടി.

[caption id="attachment_38141" align="alignleft" width="300"]paul ഫാ. പോൾ തേലക്കാട്ട്[/caption]

വൈദികരെക്കാള്‍ ചൈതന്യമുളള അല്‍മായര്‍ കത്തോലിക്കാ സഭയിലുണ്ട്. ഞങ്ങള്‍ അല്‍മായര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലേ എന്ന് അച്ചന്‍മാര്‍ വീറോടെ വിളിച്ചു പറയുന്നുണ്ടാകും. എന്നാല്‍ എവിടെയാണ് ഇത്തരം പ്രാതിനിധ്യം ഉള്ളത്?  അല്‍മായരുടെ പ്രാതിനിധ്യം എന്നു പറയുന്നത് ഇപ്പോഴും ഏട്ടിലെ പശുവാണ്. ജീവിതത്തില്‍ ഒരു സന്ന്യാസിയെ ജനിക്കുന്നുള്ളുവെന്നായിരുന്നു എനിക്ക് ബഹുമാനമുള്ള ഒരു പരോഹിതന്‍ പറയാറുള്ളത്. പുരോഹിതരായാല്‍ ജോലി കിട്ടാന്‍ ബുദ്ധിമുട്ടില്ലാത്തതും  മനസാക്ഷിയില്ലാത്തവരാണെങ്കില്‍ ഇഷ്ടം പോലെ പണം ചെലവാക്കാമെന്നതുമാകും ഇത്തരക്കാരെ വൈദിക വൃത്തിയിലേയ്ക്ക് ആകര്‍ഷിക്കുന്നത്. അച്ചന്‍മാര്‍ ഉടുപ്പ് ഊരിയിട്ട് പ്രസംഗിച്ചാല്‍ കേള്‍ക്കാന്‍ ആരും ഉണ്ടാകില്ല. കുപ്പായമുള്ളതു കൊണ്ടാണ് ഈ പൊട്ടത്തെറ്റൊക്കെ ഭവ്യതയോടെ ജനം ക്ഷമിക്കുന്നത്.

കൂടുതല്‍ പേര്‍ കത്തോലിക്കാ സഭയില്‍ നിന്ന് ഇറങ്ങി വന്ന് സത്യം വിളിച്ചു പറയാന്‍ ധൈര്യം കാണിക്കുന്നുണ്ട്

പുരോഹിതരെയും സഭയെയും ചോദ്യം ചെയ്യാതിരുന്ന പുരാതന കാഴ്ചപ്പാടൊക്കെ ഇന്ന് ഏറെക്കുറേ മാറിയിട്ടുണ്ട്. പുരോഹിതരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ലെന്ന ബോധ്യം സമൂഹത്തില്‍ വളരുന്നത് ആശാജനകമാണ്. സഭാവസ്ത്രം ഉപേക്ഷിക്കാനാകാതെ സഭയ്ക്കുള്ളില്‍ വീര്‍പ്പുമുട്ടിക്കരയാതെ, പുറത്തു വന്നു സത്യം വിളിച്ചു പറയാന്‍ ചിലരെങ്കിലും തയ്യാറാകുന്നുണ്ട്. കൂടുതല്‍ പേര്‍ കത്തോലിക്കാ സഭയില്‍ നിന്നും പുറത്തിറങ്ങി കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ധൈര്യം കാട്ടുന്നുണ്ട്.

ഒരു പുരോഹിതന്‍  മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെയുളള കാര്യങ്ങള്‍ 40 വര്‍ഷത്തെ സന്യാസ ജീവീതം ഉപേക്ഷിച്ച് പുറത്തിറങ്ങിയ സിസ്റ്റര്‍ മേരി ചാണ്ടിയും വെളിപ്പെടുത്തിയിരുന്നു. അശ്ലീല ചിത്രങ്ങളുള്ള പുസ്തകങ്ങള്‍ കന്യാസ്ത്രീകളില്‍ ചിലര്‍ സ്ഥിരമായി വായിക്കാറുണ്ട്. അവര്‍ക്ക് എങ്ങനെ അതു തൊടാന്‍ കഴിയുന്നുവെന്ന് ചിന്തിച്ചിട്ടുണ്ട്. ഇതൊക്കെ ആരാണ് എത്തിച്ചു കൊടുക്കുന്നതെന്നും ചിന്തിച്ചിട്ടുണ്ട്. പുരോഹിതരെ വിവാഹം ചെയ്യാന്‍ അനുവദിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞുവെന്നും മേരി ചാണ്ടി പറഞ്ഞിരുന്നു.

അപവാദ പ്രചരണവും മാനസിക പീഡനവും സഹിക്കാന്‍ കഴിയാതെ സിസ്റ്റര്‍ മേരി സെബാസ്റ്റ്യൻ സഭ വിട്ടതും വന്‍ ചര്‍ച്ചയായിരുന്നു. സഭാവസ്ത്രം ഉപേക്ഷിക്കാന്‍ അനുമതി തേടിയപ്പോള്‍ ബാലികാ സദനത്തിലെ കുട്ടികളെ ഉപദ്രവിച്ചുവെന്നു കാണിച്ച് മഠം അധികാരികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് പരാതി നല്‍കിയിരുന്നു. സഭാധികാരികളുടെയും സഹവാസികളുടെയും അവഹേളനവും അവഗണനയും പീഡനവും മടുത്തുവെന്നും കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ വെളിപ്പെടുത്തിയിരുന്നു. സഭയ്ക്കെതിരെ സംസാരിക്കുന്നവരെ പീഡിപ്പിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് ഇന്നു നടക്കുന്നത്. പുരോഹിതരുടെ ലൈംഗിക പീഡനത്തിന് ഇരയായവരുടെ അനുഭവങ്ങളും ഉദാഹരണങ്ങളും നമുക്കു മുന്‍പിലുണ്ട്. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സഭയ്ക്ക് അകത്തുനിന്നു തന്നെയുണ്ടാകണം.

പിതാവിന്റെ ഏകീകൃത സിവിൽ കോഡിനെ പിന്താങ്ങല്‍ മലക്കം മറിയുമോ; 'മുക്കുവന്മാരെ' തള്ളിപ്പറഞ്ഞ പിതാവിന്റെ വാക്കുകള്‍ ആരും മറന്നിട്ടില്ല

ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ പരമാര്‍ശങ്ങള്‍ സത്യത്തില്‍ മാര്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ പിന്താങ്ങുന്നതായിരുന്നു. മേലും കീഴെ നോക്കാതെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചതിനെ മാത്രമേ ഞാന്‍ വിമര്‍ശിച്ചിരുന്നുള്ളു. ആലഞ്ചേരി പിതാവ് ആകെ വെട്ടിലായിരിയ്ക്കുകയാണല്ലോ. ഇന്ത്യ ഒരു തെയോക്രാറ്റിക്ക് രാജ്യമല്ല പിന്നെയോ ഡെമോക്രാറ്റിക് രാജ്യമാണെന്ന നിലയില്‍ ഏതിനാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് ബുദ്ധിയും വിവേകവും രാഷ്ട്രീയ ബോധവും ഉള്ളവര്‍ കണ്ടെത്തട്ടെ. പിതാവിന്റെ ഏകീകൃത നിയമ പിന്താങ്ങല്‍ മലക്കം മറിയുമോ എന്തോ എന്നായിരുന്നു എന്റെ പരാമര്‍ശം. മേല്‍ കീഴ് ചിന്തിക്കാതെ പിതാവ് ഏക സിവില്‍ കോഡിനു 'റാന്‍ ' മൂളിയതിന്റെ ഗുട്ടന്‍സും പിടികിട്ടുന്നില്ല. പണ്ട് മുക്കുവന്മാരെ തള്ളിപ്പറഞ്ഞ് ഇറ്റലിക്കാരെ പിന്താങ്ങിയ പിതാവിന്റെ വാക്കുകള്‍ പലരും മറന്നിട്ടില്ലെന്നായിരുന്നു എന്റെ പരാമര്‍ശം.

തന്റെ പരാമര്‍ശങ്ങള്‍ പലതും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നുവെന്ന പരിഭവമാണ് സിസ്റ്റര്‍ ജെസ്മിക്കുളളത്. തന്റെ പേരില്‍ കഥകള്‍ ചമച്ച് വാര്‍ത്തയാക്കാനും വിറ്റുവരവ് ഉണ്ടാക്കാനുമാണ് പലര്‍ക്കും താത്പര്യം. പല കാര്യങ്ങളും നിര്‍ഭയം വിളിച്ചു പറയുന്ന തന്നെ കരിവാരി തേക്കാനുള്ള ശ്രമങ്ങള്‍ തീര്‍ത്തും തന്നെ നിരാശപ്പെടുത്തുന്നതാണ്.
സിസ്റ്റര്‍ ജെസ്മി കളവു പറയുന്നവളല്ല. ആര്‍ജ്ജവത്തോടെയാണ് ഞാന്‍ കാര്യങ്ങള്‍ വിളിച്ചു പറഞ്ഞിട്ടുള്ളത്.

സന്ന്യാസത്തിനോ സഭയ്ക്കോ എതിരെയല്ല എന്റെ പോരാട്ടം. സഭയ്ക്കുള്ളിലെ പുഴുക്കുത്തുകള്‍ക്കെതിരെയാണ്. അത് നീക്കം ചെയ്ത് സഭയെ നവീകരിക്കാന്‍ സാധിക്കണം. യേശുവിനെ തിരിച്ചുവിളിച്ചു പ്രതിഷ്ഠിച്ചാൽ സഭ നന്നാകും. ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. സഭയിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ ഞാന്‍ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും,

സിസ്റ്റർ ജെസ്മി പറഞ്ഞുനിർത്തി.