"അച്ഛന്‍ എന്നെ സിനിമാക്കാരനാക്കി"; അനുഭവങ്ങള്‍ പങ്കുവച്ച് പത്മരാജന്‍ രതീഷ്‌

ഫയര്‍മാന്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച പത്മരാജന്‍ നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നിന്നും..

"അച്ഛന്‍ എന്നെ സിനിമാക്കാരനാക്കി"; അനുഭവങ്ങള്‍ പങ്കുവച്ച് പത്മരാജന്‍ രതീഷ്‌

1977ല്‍ പുറത്തിറങ്ങിയ വേഴാമ്പല്‍ എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് എത്തിയ അതുല്യ പ്രതിഭയാണ് രതീഷ്‌.  കെ. ജി ജോര്‍ജ് അണിയിച്ചൊരുക്കിയ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച രതീഷ്‌ പിന്നീട് ഒരു മുഖം പല മുഖം, രാജാവിന്റെ മകന്‍, കമ്മിഷണര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. 2002ല്‍ ജീവന്‍ വെടിഞ്ഞ രതീഷിനെ മലയാള സിനിമ ലോകം വീണ്ടും കാണുകയാണ്, അദ്ദേഹത്തിന്റെ മക്കളിലൂടെ..


മകള്‍ പാര്‍വതി രതീഷ്‌ മധുര നാരങ്ങ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ മകന്‍ പത്മരാജന്‍ രതീഷ്‌ മലയാളത്തിലെ പ്രതിനായക വേഷങ്ങളില്‍ തിളങ്ങുകയാണ്. ഫയര്‍മാന്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച പത്മരാജന്‍ നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നിന്നും...

 • ചലച്ചിത്ര നടന്‍ പത്മരാജന്‍ രതീഷ്‌ എന്നതില്‍ ഉപരി വ്യക്തി എന്ന നിലയില്‍ പത്മരാജന്‍ സ്വയം എങ്ങനെ വിലയിരുത്തുന്നു?


ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം തമിഴ് നാട്ടിലാണ്. അച്ഛന് തേനി, കമ്പം ഭാഗങ്ങളില്‍ കൃഷിയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഇതുവരെയുള്ള ജീവിതത്തിന്റെ ഭൂരിഭാഗവും ജീവിച്ചത് തമിഴ് നാട്ടിലാണ്. പന്ത്രണ്ടാം വയസ് വരെ കമ്പത്തായിരുന്നു ജീവിച്ചത്, പിന്നീട് അച്ഛന്റെ മരണ ശേഷം കോയമ്പത്തൂരെത്തി. അവിടെയായിരുന്നു കോളേജ് വിദ്യാഭ്യാസം. ബിബിഎം പഠിച്ചിറങ്ങിയ ശേഷം മൂന്ന് വര്‍ഷത്തോളം അവിടെ ഒരു കമ്പനിയില്‍ ജോലിയും ചെയ്തു. ഇപ്പോള്‍ തിരുവനന്തപുരത്ത് എത്തിയിട്ട് മൂന്ന് വര്‍ഷമായി.

 • 'രതീഷിന്റെ മകന്‍' എന്ന ടാഗ് ലൈന്‍ സിനിമ പ്രവേശനത്തിന് സഹായിച്ചിരുന്നോ?


സിനിമ എന്നും എന്‍റെ സ്വപ്നം തന്നെയായിരുന്നു. പക്ഷെ സിനിമ തന്നെ വേണമെന്ന നിര്‍ബന്ധവും എനിക്കില്ലായിരുന്നു. അതു കൊണ്ട് തന്നെ ആരുടെ അടുത്തും അവസരം ചോദിച്ചു പോയിട്ടില്ല, പക്ഷെ മുന്‍പ് പലപ്പോഴും പല അഭിമുഖങ്ങളിലും എനിക്ക് ഒരു സിനിമ നടനാകണം എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ എന്‍റെ ഒരു അഭിമുഖം ശ്രദ്ധയില്‍ പെട്ടിട്ടാണ് ദീപു കരുണാകരന്‍ എന്നെ ഫയര്‍ മാനിലേക്ക് വിളിക്കുന്നത്. പിന്നെ ചില അവസരങ്ങളില്‍ രതീഷിന്റെ മകന്‍ എന്ന ടാഗ് ലൈനും എന്നെ സഹായിച്ചിട്ടുമുണ്ട്.

 • സിനിമയോടുള്ള താല്‍പര്യം 


ചെറുപ്പത്തില്‍ ഒരു സിനിമ നടനാവാണമെന്നൊന്നും എനിക്ക് യാതൊരു ആഗ്രഹവുല്ലായിരുന്നു. അച്ഛനാണ് എന്‍റെയുള്ളില്‍ അഭിനയമോഹം കൊണ്ട് വന്നത്. ഓരോ ദിവസം ഞാന്‍ സിനിമയില്‍ വരുന്നതിനെ കുറിച്ച് അച്ഛന്‍ സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധം പതിയെ എന്‍റെ ഉള്ളില്‍ ആ മോഹം വളര്‍ത്തി. സിനിമയില്‍ അഭിനയിക്കണമെന്നത് ഒരു സ്വപ്നമായി മാറിയപ്പോഴാണ് എന്നെ ഫയര്‍മാനിലേക്ക് ദീപു ചേട്ടന്‍ വിളിക്കുന്നത്.

അച്ഛന് എന്നെ സിനിമ നടനായി കാണണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു, എന്നാല്‍ പഠിത്തം കഴിഞ്ഞ് മതിവേറെയെന്തുമെന്നാണ് അമ്മ പറഞ്ഞത്.

 • ആദ്യ ചിത്രം ഫയര്‍മാന്‍, പിന്നീട് അച്ഛാ ദിന്‍. രണ്ടിലും നായകന്‍ മമ്മൂട്ടി. മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങള്‍...


അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മമ്മൂക്ക. അതുകൊണ്ട് തന്നെ തന്റെ ഉറ്റ ചങ്ങാതിയുടെ മകന്‍ എന്ന എല്ലാ പരിഗണനയും എനിക്ക് ലഭിച്ചു. ചെറുപ്പം തൊട്ടു അടുത്ത് അറിയുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ വലിയ ബുദ്ധിമുട്ട് ഒന്നും അനുഭവപ്പെട്ടില്ല. ഫയര്‍മാനിലെ ആദ്യ ദിവസം അല്‍പം ടെന്‍ഷന്‍ ഉണ്ടായിരുന്നു, പക്ഷെ പിന്നീട് മമ്മൂക്ക തന്നെ ആ ടെന്‍ഷന്‍ ഒക്കെ മാറ്റി തന്നു.

 • പത്മരാജന്‍ ഒരു നാണംകുണുങ്ങിയാണോ?


സോഷ്യല്‍ മീഡിയയിലൊന്നും ഞാന്‍ സജീവമല്ല. പിന്നെ നാണത്തെക്കാള്‍ ഉപരി എനിക്ക് ഭാഷ പ്രശ്നങ്ങള്‍ ഉണ്ട്. വളര്‍ന്നതും പഠിച്ചതും ഒക്കെ തമിഴ് നാട്ടിലായത് കൊണ്ട് എന്‍റെ മലയാളം അത്ര ശരിയല്ല. അതുകൊണ്ടാണ് പലപ്പോഴും ഞാന്‍ അല്‍പ്പം മാറി നില്‍ക്കുന്നത്.

 • ഫയര്‍മാന്‍ മുതല്‍ കരിങ്കുന്നംസിക്സസ് വരെ..കൂടെ അഭിനയിച്ചതില്‍ മിക്ക ആളുകളും വളരെ സീനിയറായിട്ടുള്ളവര്‍. അവരുടെ കൂടെ ചിലവഴിച്ച നിമിഷങ്ങള്‍..


ഓരോ സിനിമയും ഓരോ താരവും എനിക്ക് ഗുരുവാണ്. ഓരോരുത്തരില്‍ നിന്നും എന്തെങ്കിലും ഒക്കെ പഠിക്കാന്‍ ഉണ്ടാവും. കരിങ്കുന്നത്തില്‍ കൂടെ അഭിനയിച്ചവരില്‍ മിക്ക ആളുകളും ഒരുപാട് കാലത്തെ അഭിനയ സമ്പത്ത് ഉള്ളവരായിരുന്നു. അന്നത്തെയും ഇന്നത്തെയും സിനിമ എന്താ എന്ന് അവരുടെ വായില്‍ നിന്നും കേള്‍ക്കാന്‍ കഴിയുമായിരുന്നു.സിനിമയ്ക്ക് വന്ന മാറ്റം, അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ തുടങ്ങി അവരുടെ അനുഭവങ്ങളില്‍ നിന്നുംനമുക്കേറെ പഠിക്കാനുണ്ട്.

 • കരിങ്കുന്നതില്‍ മഞ്ജു വാരിയര്‍ക്കൊപ്പം...


വളരെ കെയറിംഗായിട്ടുള്ള ഒരു അഭിനേത്രിയാണ് മഞ്ജു ചേച്ചി. ഷൂട്ടിംഗ് കഴിഞ്ഞ ശേഷവും അവര്‍ മെസേജ് അയക്കും, വിശേഷങ്ങള്‍ അന്വേഷിക്കും, ആശംസകള്‍ നേരും എല്ലാം ചെയ്യും. അവരെ പോലെ ഇത്ര സീനിയറായിട്ടുള്ള ഒരു നടിക്ക് ഇതിന്‍റെ ഒന്നും ആവശ്യമില്ല. എങ്കിലും കൂടെ അഭിനയിക്കുന്നവരോട് നന്നായി പെരുമാറാന്‍ അവര്‍ മാക്സിമം ശ്രദ്ധിക്കും.

 • ബാബു ആന്റണിയോടൊപ്പം


വോളിബോളിന്റെ കഥ പറഞ്ഞ സിനിമയാണ് കരിങ്കുന്നം സിക്സസ്. ബാബു ആന്റണി പുണെ സര്‍വകലാശാല വോളിബോള്‍ ടീം നായകാനായിരുന്ന വ്യക്തിയാണ്. അതുകൊണ്ട്, അദ്ദേഹത്തിന് ഈ ചിത്രത്തിലെ ഓരോ ഷോട്ടും ഓരോ പരിശീലന മത്സരം പോലെയായിരുന്നു.

 • പത്മരാജനും കായിക രംഗവും തമ്മിലുള്ള ബന്ധം


ഞാന്‍ ബാസ്ക്കറ്റ് ബോള്‍ ദേശീയ തലത്തില്‍ കളിച്ചിട്ടുണ്ട്. വോളിബോള്‍ കളിക്കാന്‍ അറിയാം. അതു കൊണ്ട് ഷൂട്ടിംഗ് സമയത്ത് വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടില്ല. അതിലുപരി ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് ഞങ്ങള്‍ക്ക് വേണ്ടി ദേശീയ പരിശീലകന്‍ ഹരി ലാലിന്റെ കീഴില്‍ രണ്ടാഴ്ച പരിശീലനം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.

 • പുതിയ ചിത്രങ്ങള്‍


 ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ധം, ഹേമന്ത് മോനോന്‍ നായകനാകുന്ന കാതോര്‍ത്ത്, അതിന് ശേഷം ഒരു മേജര്‍ രവി ചിത്രം.

 • സിനിമകള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്


എനിക്ക് ചെയ്യാനുള്ളത് ഒരു ചെറിയ വേഷമാണെങ്കില്‍ പോലും കഴിയുന്നതും മുഴുവന്‍ കഥയും ഞാന്‍ കേള്‍ക്കാന്‍ ശ്രമിക്കാറുണ്ട്. വരുന്ന എല്ലാ സിനിമകളിലും അഭിനയിക്കാന്‍  താല്‍പര്യമില്ല, നല്ല ചിത്രങ്ങളുടെ ഭാഗമാകനാണ് താല്‍പര്യം, അത് എത്ര ചെറിയ വേഷമാണെങ്കില്‍ പോലും. പിന്നെ ദീപു ചേട്ടന്‍ (ദീപു കരുണാകരന്‍) വിളിച്ചാല്‍ കഥയും കഥാപാത്രവുമെന്താണ് എന്ന് പോലും ചോദിക്കില്ല. അദ്ദേഹത്തോട് എനിക്ക് അത്രയും സ്നേഹവും ബഹുമാനവുമുണ്ട്.