ആറന്മുളയില്‍ കുമ്മനം നായകനല്ല; വിമാനത്താവളത്തിനെതിരെയുള്ള സമരത്തില്‍ കുമ്മനത്തിന്റെ കടന്നുവരവ് സഹായിച്ചത് കെജിഎസ് ഗ്രൂപ്പിനെ: ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എജി ഉണ്ണിക്കൃഷ്ണന്‍ നാരദ�

അന്ന് കേന്ദ്രത്തില്‍ ബിജെപി പ്രതിപക്ഷത്തിരിക്കുന്ന സമയമാണ്. എന്നാല്‍ ഇന്ന് ബിജെപിയാണ് ഇന്ത്യ ഭരിക്കുന്നത്. ഇന്ന് അതേ കുമ്മനം ബിജെപിയുടെ സംസ്ഥാന അധ്യക്ഷനുമായി. ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വളരെയേറെ സാധിക്കുന്ന ഒരു വ്യക്തികൂടിയാണ് അദ്ദേഹം. എന്നാല്‍ അത് കുമ്മനത്തിന് കഴിയുന്നില്ല. എന്താണ് അദ്ദേഹത്തിന്റെ പരിമിതിയെന്നുള്ളത് വ്യക്തമാക്കിയിട്ടുമില്ല. അദ്ദേഹം പറയുന്നത് വിമാനത്താവള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകില്ല എന്നു മാത്രമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് എന്നുള്ളതാണ് വാസ്തവം....

ആറന്മുളയില്‍ കുമ്മനം നായകനല്ല; വിമാനത്താവളത്തിനെതിരെയുള്ള സമരത്തില്‍ കുമ്മനത്തിന്റെ കടന്നുവരവ് സഹായിച്ചത് കെജിഎസ് ഗ്രൂപ്പിനെ: ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എജി ഉണ്ണിക്കൃഷ്ണന്‍ നാരദ�

ആറന്മുള വിമാനത്താവളത്തിരെയുള്ള സമരത്തില്‍ നായകനായി ഉയര്‍ത്തപ്പെട്ട കുമ്മനം രാജശേഖരന്‍ ഇന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാണ്. ആറന്മുള വിഷയത്തില്‍ തുടക്കം മുതല്‍ സമരമുഖത്ത് അണിനിരന്ന ബിജെപിയുടെ സംസ്ഥാന സെക്രട്ടറി എജി ഉണ്ണിക്കൃഷ്ണന്‍ കുമ്മനത്തിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഇടതുപക്ഷ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ പത്തനംതിട്ട റാന്നിയില്‍ സംഘടിപ്പിച്ച യുവസാഗരം പരിപാടിയിലാണ് ഉണ്ണിക്കൃഷ്ണന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ആറന്മുള വിമാനത്താവള വിഷയത്തില്‍ കുമ്മനം രാജശേഖരന്‍ കെജിഎസ് ഗ്രൂപ്പിന്റെ ഏജന്റായിരുന്നുവെന്നുള്ള ആരോപണം അക്ഷരാര്‍ത്ഥത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു.


പ്രസ്തുത വിഷയങ്ങളെപ്പറ്റി എജി ഉണ്ണിക്കൃഷ്ണന്‍ നാരദാ ന്യൂസിനോട് സംസാരിക്കുന്നു.

ഇടതുപക്ഷ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ ആഗസ്റ്റ് 15ന് സംഘടിപ്പിച്ച യുവസാഗരത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയായിരുന്ന താങ്കള്‍ പങ്കെടുക്കുകയുണ്ടായി. അതിന്റെ അടുത്ത ദിവസം താങ്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി വാര്‍ത്തയും വന്നിരുന്നു. ഇതു പ്രതീക്ഷിച്ചുതന്നെയായിരുന്നോ താങ്കള്‍ ഡിവൈഎഫ്‌ഐയുടെ പരിപാടിയില്‍ പങ്കെടുത്തത്?

എന്നെ ബിജെപിയില്‍ നിന്നും പുറത്താക്കിയെന്നു കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി ആസ്ഥാനത്തു നിന്നും പ്രസ്താവനയുണ്ടായത്. അത് പത്രങ്ങളിലും വന്നിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഞാന്‍ പാര്‍ട്ടിക്ക് രാജി സമര്‍പ്പിച്ചുവെന്നുള്ളതാണ് സത്യം. ഈ പാര്‍ട്ടിയുമായി എനിക്ക് തുടര്‍ന്നുപോകാന്‍ കഴിയില്ലെന്ന് കാണിച്ച് അന്നത്തെ സംഘടനാ സെക്രട്ടറി ഉമാകാന്തന് ഞാന്‍ ഇ-മെയില്‍ അയച്ചിരുന്നു. പിന്നെ ഇപ്പോള്‍ എന്നെ പറുത്താക്കിക്കൊണ്ട് ബിജെപി എടുത്ത നടപടി അവരുടെ മുഖം രക്ഷിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചതുകൊണ്ടാണല്ലോ ഞാന്‍ ഒരു ഇടതുപക്ഷ യുവജന സംഘടനയുടെ പരിപാടയില്‍ പങ്കെടുത്തത്. മാസങ്ങള്‍ക്ക് മുമ്പ് ബന്ധം അവസാനിപ്പിച്ച എന്നെ വീണ്ടും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നാണ് ബിജെപി ഇപ്പോള്‍ പറയുന്നത്.


ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യുവസാഗരം പരിപാടിയില്‍ പങ്കെടുത്തതും ആറന്മുള വിഷയത്തില്‍ ഞാന്‍ ഉന്നയിച്ച സത്യങ്ങളുമാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. രാജിക്കത്ത് ഞാന്‍ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയതിന്റെ തെളിവ് എന്റെ കൈയിലുണ്ട്. താങ്കള്‍ പ്രസിഡന്റായ രീതി ശരിയല്ലെന്നും ഒരു സ്‌റ്റേറ്റ് ഭാരവാഹിയായ ഞാന്‍ ഉള്‍പ്പെടുന്ന ഒരു യോഗത്തിലും താങ്കള്‍ പ്രസിഡന്റായ സാഹചര്യം പാര്‍ട്ടി വിശദീകരിച്ചിട്ടില്ലെന്നും കാണിച്ച് 2015 സെപ്തംബര്‍ മാസത്തില്‍ ഞാന്‍ സംസ്ഥാന പ്രസിഡന്റിന് അയച്ച കത്തിന്റെ കോപ്പിയും എന്റെ കൈയിലുണ്ട്. അക്കാര്യങ്ങളെല്ലാം മറച്ചുവെച്ച് ഇപ്പോള്‍ എന്നെ പുറത്താക്കിയ നടപടി അപഹാസ്യമെന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാകില്ല.


ഡിവൈഎഫ്‌ഐയുടെ പരിപാടയില്‍ പങ്കെടുത്ത് താങ്കള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ ആഞ്ഞടിച്ചിരുന്നു. ആറന്മുള വിമാനത്താവള വിഷയത്തില്‍ കുമ്മനം പ്രവര്‍ത്തിച്ചത് കെജിഎസ് ഗ്രൂപ്പിന്റെ ഏജന്റായിട്ടായിരുന്നുവെന്നും താങ്കള്‍ ആരോപണം ഉന്നയിച്ചല്ലോ. അക്കാര്യത്തെപ്പറ്റി കൂടുതല്‍ വ്യക്തമാക്കാമോ?

ആറന്മുള വിമാനത്താവളത്തിന് എതിരായുള്ള പ്രക്ഷോഭം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ആ സമയം മുതല്‍ ഞാന്‍ ഉള്‍പ്പെടുന്ന ബിജെപി പ്രവര്‍ത്തകര്‍ സമരത്തില്‍ പൂര്‍ണ്ണമായും ഉണ്ടായിരുന്നു. പ്രസ്തുത സമരത്തിന്റെ അവസാനഘട്ടത്തിലാണ് കുമ്മനം രാജശേഖരന്‍ ഇതില്‍ ചേരുന്നത്. അദ്ദേഹം ആദ്യഘട്ട സമരത്തില്‍ ഒന്നും പങ്കെടുത്തിട്ടില്ല. ആറന്മുള വിമാനത്താവള സമരം ഒരു വലിയ മൂവ്‌മെന്റായി കേരളം മുഴുവന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോഴാണ് കുമ്മനം ഇതിനുള്ളിലേക്ക് കടന്നുവന്നത്. ആ കടന്നുവരവ് ഏതു തരത്തിലാണ് സംഭവിച്ചുവെന്നുള്ളത് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്നും അറിയില്ല. എന്നാല്‍ അക്കാര്യത്തില്‍ ഞങ്ങള്‍ പരാതി ഉന്നയിച്ചതുമില്ല.


അന്ന് കേന്ദ്രത്തില്‍ ബിജെപി പ്രതിപക്ഷത്തിരിക്കുന്ന സമയമാണ്. എന്നാല്‍ ഇന്ന് ബിജെപിയാണ് ഇന്ത്യ ഭരിക്കുന്നത്. ഇന്ന് അതേ കുമ്മനം ബിജെപിയുടെ സംസ്ഥാന അധ്യക്ഷനുമായി. ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വളരെയേറെ സാധിക്കുന്ന ഒരു വ്യക്തികൂടിയാണ് അദ്ദേഹം. എന്നാല്‍ അത് കുമ്മനത്തിന് കഴിയുന്നില്ല. എന്താണ് അദ്ദേഹത്തിന്റെ പരിമിതിയെന്നുള്ളത് വ്യക്തമാക്കിയിട്ടുമില്ല. അദ്ദേഹം പറയുന്നത് വിമാനത്താവള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകില്ല എന്നു മാത്രമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് എന്നുള്ളതാണ് വാസ്തവം.


ഈ അടുത്ത് കുമ്മനത്തിന്റെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പറഞ്ഞത് ഈ പദ്ധതിയില്‍ കേരളത്തിന്റെ താല്‍പര്യമനുസരിച്ച് ഞങ്ങള്‍ മുന്നോട്ടു പോകുമെന്നാണ്. അതിനര്‍ത്ഥം കേന്ദ്രത്തിന് ഈ പദ്ധതിയോട് എതിര്‍പ്പൊന്നുമില്ല എന്നു തന്നെയല്ലേ? സംസ്ഥാനത്തിന്റെ താല്‍പര്യത്തിനനുസരിച്ച് നിലപാട് സ്വീകരിക്കുമെന്ന് ഒരു കേന്ദ്രമന്ത്രി ബിജെപിയുടെ കേരള അധ്യക്ഷന്റെ സാന്നിദ്ധ്യത്തിലാണ് പറയുന്നതെന്നുള്ള കാര്യമാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.


വിമാനത്താവളം പോലുള്ള പദ്ധതികളില്‍ പൂര്‍ണ്ണമായും തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തന്നെയാണ്. കേരളത്തിന് ഇക്കാര്യത്തില്‍ വലിയ റോള്‍ ഒന്നുമില്ല. സമ്പൂര്‍ണ്ണമായി കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു പദ്ധതി ഒഴിവാക്കുന്നതിന് കുമ്മനത്തിന് എന്തുകൊണ്ട് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാകുന്നില്ല. ഏകദേശം ഒരു വര്‍ഷമാകുന്നു അദ്ദേഹം സംസ്ഥാന പ്രസിഡന്റായിട്ട്. എന്നിട്ടും അദ്ദേഹത്തിന് കഴിയുന്നില്ല എന്നുള്ളത് ഞാന്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിവയ്ക്കുകയാണ്.


ഇപ്പോള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആറന്മുളയില്‍ പരിസ്ഥിതി ആഘാത പഠനത്തിന് വേണ്ടി അനുമതി കൊടുത്തിരിക്കുന്നു. ഈ നീക്കത്തെ ന്യായീകരിച്ചുകൊണ്ട് കുമ്മനം പറഞ്ഞിരിക്കുന്നത് വളരെ ഗുരുതരമായ ആരോപണമാണ്. കേന്ദ്രസര്‍ക്കാരിനെ കെജിഎസ് ഗ്രൂപ്പ് തെറ്റിദ്ധരിപ്പിച്ചാണ് പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള അനുമതി വാങ്ങിയതെന്നാണ് കുമ്മനം പറഞ്ഞത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനേയും അവരുടെ മന്ത്രിമാരേയും കെജിഎസ് ഗ്രൂപ്പ് തെറ്റിദ്ധരിപ്പിച്ചുവെന്ന് അതേ പാര്‍ട്ടിയുടെ ഒരു സംസ്ഥാന അധ്യക്ഷന്‍ പറയുന്നത് എത്ര ഗുരുതരമായ കാര്യമാണെന്ന് നോക്കു. ഒരു വില്ലേജ് ഓഫീസില്‍ വരെ പൂര്‍ണ്ണ രേഖകള്‍ കാട്ടിയാല്‍ മാത്രമേ ഒരു കരം തീര്‍ന്ന രസീത് വരെ കിട്ടുകയുള്ളു എന്നിരിക്കേ കെജിഎസ് ഗ്രൂപ്പ് കേന്ദ്രസര്‍ക്കാരിന് തെറ്റായ രേഖകള്‍ കാണിച്ച് അത് സ്വന്തമാക്കിയെന്നല്ലേ കരുതേണ്ടത്. അങ്ങനെ കേന്ദ്രസര്‍ക്കാര്‍ അത് നല്‍കിയെങ്കില്‍ ഒരു സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ പ്രതിഷേധ സൂചകമായി കുമ്മനം ഒരു ചെറുശബ്ദം പോലും ഉയര്‍ത്തിയിട്ടില്ല എന്നുള്ളതും വിമാനത്താവളത്തിനോടുള്ള അദ്ദേഹത്തിന്റെ അനുകൂല മനോഭാവമാണ് കാണിക്കുന്നത്.


കേന്ദ്രസര്‍ക്കാരിനെ കെജിഎസ് ഗ്രൂപ്പ് തെറ്റിദ്ധരിച്ചിരിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ വലിയ വീഴ്ചയാണ് വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ എനിക്ക് ഇനി മുന്നോട്ടുപോകാനാകില്ല എന്ന് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷപദം രാജിവച്ച് കുമ്മനം ആറന്മുളയിലെ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം അതിന് തയ്യാറല്ല. അതുകൊണ്ടുതന്നെ ആറന്മുളയില്‍ വിമാനത്താവളത്തിന് എതിരെ രംഗത്തിറങ്ങിയ ജനങ്ങള്‍ മുഴുവന്‍ കുമ്മനത്തെ സംശയത്തോടെയാണ് കാണുന്നത്. ഇക്കാര്യത്തില്‍ ഒരിക്കലും ജനങ്ങളെ കുറ്റം പറയാനും കഴിയില്ല.


കുമ്മനം ബിജെപി സംസ്ഥാന പ്രസിഡന്റാണ്, കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ്, വിമാനത്താവളത്തിന് പച്ചക്കൊടി വീശുന്നത് അതേ ബിജെപി സര്‍ക്കാരാണ്. വകുപ്പ് മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്നും വിമാനത്താവളത്തിന് അനുകൂലമായ പേപ്പറുകള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം പൂര്‍ണ്ണമായ അര്‍ത്ഥം എന്തെന്നാല്‍, കുമ്മനം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിട്ടിരിക്കുകയാണെങ്കില്‍ ആറന്മുള വിമാനത്താവളം വരികതന്നെ ചെയ്യും എന്നുള്ളതാണ്.


സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിയെ എതിര്‍ക്കുകയാണെങ്കില്‍?

ഏകദേശം പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരിന്റെ അധീനതിയലുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നുള്ളതാണ് സത്യം. എന്നിരുന്നാലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എതിര്‍പ്പുണ്ടാകുമെന്ന് കരുതുന്നു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അതുചെയ്യുമെന്നു തന്നെയാണ് എന്റെ വിശ്വാസം. ആറന്മുളയില്‍ വിമാനത്താവളം പാടില്ല എന്ന അഭിപ്രായം ഇടതുപക്ഷത്തിന് ഉണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.


കുമ്മനം രാജശേഖരന്‍ പ്രസിഡന്റായതിനെതിരെ ബിജെപിയില്‍ ഉയര്‍ന്ന എതിര്‍പ്പിന്റെ കൂടി ഭാഗമായിട്ടാണല്ലോ താങ്കള്‍ പുറത്തുപോയത്. അപ്പോള്‍ അക്കാര്യത്തില്‍ ഇനിയും സംസ്ഥാനത്ത് എതിര്‍പ്പുകളുണ്ടെന്നാണോ താങ്കള്‍ പറയുന്നത്?

തീര്‍ച്ചയായും. ബിജെപി എന്നുപറയുന്നത് ഒരു ഭരണഘടനാധിഷ്ഠിതമായ പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയുടെ ഘടനയെപ്പറ്റി വ്യക്തമായ സൂചനകളുമുണ്ട്. അതിനൊക്കെ അതീതമായി പാര്‍ട്ടിയുടെ പ്രഥമിക അംഗത്വം പോലുമില്ലാത്ത വ്യക്തികളെ ചുമതലകളില്‍ കൊണ്ടുവരികയും പത്തുമുപ്പതു വര്‍ഷം പ്രവര്‍ത്തിച്ചവരെ പുറത്തേക്കു തള്ളുകയും ചെയ്യുന്നത് ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ ശരിയല്ല. ആ ഒരു കാര്യത്തിലുള്ള വിയോജിപ്പ് ഞാന്‍ തുറന്നു പറഞ്ഞു. ഇത് എന്റെമാത്രം വിയോജിപ്പല്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിനു പേരുടെ വിയോജിപ്പ് കൂടിയാണ്. ഞാന്‍ മാത്രമേ അത് പറഞ്ഞുള്ളു, മറ്റാരും ഇക്കാര്യം പറഞ്ഞില്ല എന്ന കാരണത്താല്‍ അനീതി, അനീതി അല്ലാതാകുന്നില്ല. എന്തായാലും ബിജെപി സംസ്ഥാന ഘടകത്തില്‍ ഒരു വന്‍ സ്‌ഫോടനമാണ് നടക്കാന്‍ പോകുന്നത്. പാര്‍ട്ടി നേതൃത്വം കരുതുന്നതിനേക്കാള്‍ ഭീകരമായിരിക്കുമത്.


സര്‍വ്വ ജാതിമത അനുഭാവികളേയും ഒത്തൊരുമിപ്പിച്ചുള്ള ഒരു സംഘടനയായിരുന്നു ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമരത്തില്‍ കുമ്മനം രാജശേഖരന്‍ രൂപം നല്‍കിയത് എന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അതിന്റെ അവസാനം ബിജെപി പോലുള്ള ഒരു പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായി അദ്ദേഹം മാറി. അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്‍ ആയിരുന്നോ?

ആറന്മുള സമരനായകന്‍ എന്ന പേരെടുത്ത കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായതിനോട് ഒരു വ്യക്തി എന്ന നിലയില്‍ ഞാനുള്‍പ്പെടെയുള്ളവര്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ അദ്ദേഹം പ്രസിഡന്റായ രീതി എതിര്‍ക്കപ്പെടേണ്ടതാണ്. ബിജെപിയില്‍ അംഗത്വവും സജീവ അംഗത്വവും എടുത്ത ശേഷമല്ല അദ്ദേഹം സംസ്ഥാന നേതൃത്വത്തിലേക്ക് വന്നത്. നാട്ടിലെ ഒരു ചെറിയ ക്ലബില്‍ പോലും അംഗത്വമില്ലാതെ ആരെയും പ്രസിഡന്റാക്കുന്നില്ല. തിരുവോണക്കാലത്ത് മുളച്ചു പൊന്തുന്ന ക്ലബില്‍പോലും അതാണ് സ്ഥിതിയെന്നിരിക്കേ ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് വരുന്നതിന് ഒരു മാനദണ്ഡവുമില്ലെന്ന് പറഞ്ഞാല്‍ അതാണ് എതിര്‍ക്കപ്പെടേണ്ടത്.


ആറന്മുള സമരനായകന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായപ്പോള്‍ ആറന്മുള നിവാസികളുടെ നിലപാട് എന്തായിരുന്നു?

ആറന്മുളക്കാര്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ആ സമയത്തായിരിക്കും. കാരണം വിമാനത്താവളത്തിന് അനുമതി നല്‍കേണ്ട കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കേരള സംസ്ഥാന അദ്ധ്യക്ഷനായി വിമാനത്താവള സമരത്തിന് നേതൃത്വം നല്‍കുന്നയാള്‍ തന്നെ എത്തുന്നത് സന്തോഷമുള്ള കാര്യം തന്നെയല്ലേ. ആറന്മുളക്കാര്‍ അക്കാര്യത്തില്‍ വളരെ സന്തോഷത്തിലുമായിരുന്നു. എന്നാല്‍ ഇന്ന് അവരെല്ലാം നിരാശരാണ്. വിമാനത്താവളം വരില്ല എന്ന് കുമ്മനത്തിന് ഉറപ്പു പറയാന്‍ പറ്റുന്നില്ല എന്നുള്ളതുതന്നെ കാരണം.


ബിജെപിയില്‍ നിന്നും രാജിവെച്ച ശേഷം താങ്കള്‍ ഇടതുപക്ഷം തെരഞ്ഞെടുത്തതിന്റെ കാരണം?

ജനങ്ങളുമായി അടുത്തിടപഴകുന്ന ഒരു വ്യക്തിയാണ് ഞാന്‍. മുഴുവന്‍ സമയവും ജനങ്ങളോടൊപ്പം നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉള്‍ക്കൊള്ളാന്‍ എനിക്കാവില്ല. കാരണം അവര്‍ പൂര്‍ണ്ണമായും ജനങ്ങളില്‍ നിന്നും അകന്നുകഴിഞ്ഞു. എന്നാല്‍ ഞാന്‍ ഇടതുപക്ഷത്തേക്ക് പോകുന്നുണ്ടോ എന്ന തീരുമാനം പൂര്‍ണ്ണമായും എടുത്തിട്ടില്ല. ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞ് ഇടതുപക്ഷ നേതാക്കള്‍ എന്നെ സമീപിച്ചിട്ടുണ്ട്. അതിനിടയിലുള്ള ആശങ്കകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. എന്തായാലും ബിജെപിയുമായുള്ള എല്ലാ ബന്ധങ്ങളും ഞാന്‍ ഉപേക്ഷിച്ചുകഴിഞ്ഞു.


താങ്കളുടെ ബിജെപിയിലേക്കുള്ള കടന്നുവരവ്?

വളരെ ചെറിയ പ്രായത്തില്‍ തന്നെ ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു ഞാന്‍ ബിജെപിയുമായി അടുത്തത്. 1977 ല്‍ അടിയന്തരാവസ്ഥയ്ക്കു ശേഷമാണ് ഞാന്‍ ആര്‍എസ്എസ് ശാഖയില്‍ പോയി തുടങ്ങുന്നത്. അന്നെനിക്ക് 10 വയസ്സുമാത്രമേയുള്ളൂ. ഒരു പത്തു വയസ്സുകാരന്റെ തിരിച്ചറിവ് മാത്രമുണ്ടായിരുന്ന കാലം. അങ്ങനെ തിരിച്ചറിവില്ലാത്ത കാലത്ത് ഈ പാര്‍ട്ടിയില്‍ എത്തപ്പെട്ട ഒരു വ്യക്തിയാണ് ഞാന്‍. എന്നാല്‍ ആത്മാര്‍ത്ഥമായിത്തന്നെ ജനങ്ങളോട് ചേര്‍ന്നു നിന്നുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അന്നും ഇന്നും. 1987 വരെ ആര്‍എസ്എസ് മണ്ഡല ചുമതലയുണ്ടായിരുന്നു. 1987 മുതല്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നു. ബിജെപി പഞ്ചായത്ത് സെക്രട്ടറിയില്‍ തുടങ്ങി സ്‌റ്റേറ്റ് സെക്രട്ടറി വരെയെത്തി. കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഞാന്‍ രാജിവെയ്ക്കുന്നതു വരെയുള്ള ആറ് വര്‍ഷം സ്‌റ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.


ബിജെപിയുടെ സാധാരണ പ്രവര്‍ത്തകനില്‍ നിന്നും പലഘട്ടങ്ങള്‍ കടന്നാണ് ഞാന്‍ സ്‌റ്റേറ്റ് സെക്രട്ടറി പദവിയിലെത്തിയത്. സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാളാണ് ഞാന്‍. പാര്‍ട്ടിയില്‍ ഇല്ലെങ്കിലും ഇപ്പോഴും അങ്ങനെതന്നെ. വരുന്ന കാലത്തും അങ്ങനെതന്നെയാകണം.


ആറന്മുളയുമായി ബന്ധപ്പെട്ടാണ് താങ്കളുടെ പ്രവര്‍ത്തനമെന്നതിനാല്‍ അതുമായി ബന്ധപ്പെട്ട് ഒരു ചോദ്യം. വളരെ വിവാദമുണ്ടായ സ്ഥാനാര്‍ത്ഥിത്വമായിരുന്നു ആറന്മുളയില്‍ വീണാജോര്‍ജിന്റേത്. സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്നുവരെ എതിരാളികള്‍ പ്രചരണം നടത്തിയിരുന്നു. പ്രധാനമായും ബിജെപി. എന്നാല്‍ വീണ അവിടെ വിജയിക്കുകയും ചെയ്തു. ഈ ആരോപണങ്ങളും വിവാദങ്ങളും തെറ്റായിരുന്നോ?

ആറന്മുളയില്‍ വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് സിപിഐ(എം) നിലപാട് ശരിയായിരുന്നു. അത് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതുമാണ്. യുഡിഎഫിന്റെ ശക്തമായ കോട്ട, രണ്ടു തവണയായി കോണ്‍ഗ്രസിന്റെ ശിവദാസന്‍ നായര്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലം- അവിടെ മികച്ച ഭൂരിപക്ഷത്തിനാണ് വീണ ജയിച്ചത്.


ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ആറന്മുള. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപിക്ക് കിട്ടിയ ഭൂരിപക്ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. വീണയ്ക്ക് എതിരെയുള്ള അവരുടെ പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നുള്ളതിന്റെ സൂചനയാണത്. മതം എന്ന വിഷയം ആറന്മുള മണ്ഡലത്തില്‍ ഒരര്‍ത്ഥത്തിലും സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് കൂടെ ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നുണ്ട്. വീണാ ജോര്‍ജിന് സഭക്കാരുടെ മുഴുവന്‍ വോട്ടും കിട്ടിയെങ്കില്‍ ഭൂരിപക്ഷം ഇതിലും കൂടേണ്ടതാണല്ലോ.


ശിവദാസന്‍ നായരുടെ തോല്‍വിക്ക് പ്രധാന കാരണം കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ തന്നെയാണ്. പത്തനംതിട്ട നഗരസഭയിലടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫിനാണ് വോട്ട് ചെയ്തത്. അത് കഴിഞ്ഞ കാലങ്ങളില്‍ ബിജെപിക്കും കിട്ടിയിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായില്ല.

Story by
Read More >>