നീന്തല്‍ക്കുളത്തില്‍ മലയാള മത്സ്യം, പ്രതീക്ഷയോടെ കേരളം, ഹോക്കിയിലും ഷൂട്ടിംഗിലും ഇന്ത്യന്‍ പ്രതീക്ഷ

10 മീറ്റര്‍ എയര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണവും മറ്റൊരു വെങ്കലവും ഒളിമ്പിക്സില്‍ സമ്മാനിച്ച രണ്ട് താരങ്ങള്‍ ഇന്നിറങ്ങുന്നുവെന്നതാണ് ഏറ്റവും വലിയ പ്രതീക്ഷ. വൈകീട്ട് 5.30ന് യോഗ്യതാ റൗണ്ടും രാത്രി 8.30ന് ഫൈനല്‍സും നടക്കുന്ന 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സുവര്‍ണ്ണ താരമായ 2008 ബെയ്ജിങ് ഒളിമ്പിക്സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയും 2012 ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് ഗഗന്‍ നരംഗും മത്സരിക്കുന്നത് മെഡല്‍ പ്രതീക്ഷയോടെയാണ് രാജ്യം നോക്കുന്നത്

നീന്തല്‍ക്കുളത്തില്‍ മലയാള മത്സ്യം, പ്രതീക്ഷയോടെ കേരളം, ഹോക്കിയിലും ഷൂട്ടിംഗിലും  ഇന്ത്യന്‍ പ്രതീക്ഷ

നിരഞ്ജന്‍

രാജ്യത്തിന് അമിത പ്രതീക്ഷ നല്‍കി റിയോയില്‍ എത്തിയ ഇന്ത്യന്‍ അത്ലറ്റുകള്‍ക്കെല്ലാം അടിപതറി. ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് സംഘവും പുരുഷ - വനിതാ ഡബിള്‍സ് ടെന്നീസ് ടീമും ഷൂട്ടിംഗില്‍ ഹീന സിദ്ദുവും ജീത്തു റായിയും എല്ലാം ഒളിമ്പിക്സിന് മുന്‍പേ പ്രതീക്ഷ നല്‍കിയവരാണ്. എന്നാല്‍ ദീപം തെളിഞ്ഞ് മൈതാനം ഉണര്‍ന്നപ്പോള്‍ പ്രതീക്ഷ നല്‍കിയവരില്‍ പലരും അണഞ്ഞു. എരിതിരിയാകുമെന്ന് പ്രതീക്ഷിച്ച ചിലര്‍ ആളിക്കത്തി. ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഇന്നലെ ജപ്പാനോട് സമനില പിടിച്ചത് ഉള്‍പ്പെടെയുള്ള പ്രകടനങ്ങള്‍ അപ്രതീക്ഷിത നേട്ടമായി മാത്രമേ നമുക്ക് കാണാനാകൂ. ഇതേസമയം പ്രതീക്ഷ നല്‍കിയ പലരും രാജ്യത്തേക്ക് തലകുനിച്ച് മടങ്ങി. ലോക കായിക വേദിയില്‍ ഇന്നലെകളിലെ റെക്കോര്‍ഡുകള്‍ക്ക് അമിത സ്ഥാനമില്ല. ലോക റാങ്കിംഗില്‍ ഏറെ മുന്നിലുള്ള താരങ്ങള്‍ റിയോയില്‍ മുട്ടുമടക്കുന്നതിന് കാരണവും ഇത് തന്നെ. രാജ്യത്തിന്റെ പ്രതീക്ഷാ ഭാരം താങ്ങാനാകാതെ സമ്മര്‍ദ്ദത്തിന് വഴങ്ങി നാട്ടിലേക്ക് മടങ്ങിയവരെ തത്കാലത്തേക്ക് മറക്കാം. ലോക കായിക ഭൂപടത്തിലെത്തിയ പുതുനാമ്പുകളെയും പ്രതീക്ഷകളെയും കുറിച്ച് മാത്രം ഓര്‍ക്കാം...


ഇന്നത്തെ പ്രതീക്ഷ

10 മീറ്റര്‍ എയര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണവും മറ്റൊരു വെങ്കലവും ഒളിമ്പിക്സില്‍ സമ്മാനിച്ച രണ്ട് താരങ്ങള്‍ ഇന്നിറങ്ങുന്നുവെന്നതാണ് ഏറ്റവും വലിയ പ്രതീക്ഷ. വൈകീട്ട് 5.30ന് യോഗ്യതാ റൗണ്ടും രാത്രി 8.30ന് ഫൈനല്‍സും നടക്കുന്ന 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സുവര്‍ണ്ണ താരമായ 2008 ബെയ്ജിങ് ഒളിമ്പിക്സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയും 2012 ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് ഗഗന്‍ നരംഗും മത്സരിക്കുന്നത് മെഡല്‍ പ്രതീക്ഷയോടെയാണ് രാജ്യം നോക്കുന്നത്. ശരീരത്തിലൂടെ വൈദ്യുതി കടത്തിവിടുന്ന അപൂര്‍വ പരിശീലനത്തിന് വരെ വിധേയനായി റിയോയിലേക്ക് തിരിച്ച അഭിനവില്‍ രാജ്യം ഒരു മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഗഗനും രാജ്യത്തിന്റെ പ്രതീക്ഷ കാക്കുമെന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്.

വനിതാ അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങളും ഇന്ന് ഇറങ്ങും. വൈകീട്ട് 6.10ന് നടക്കുന്ന മത്സരത്തില്‍ ബോംബെയ്ലാ ദേവി, ഓസ്ട്രിയയുടെ ലോറന്‍സ് ബാല്‍ഡോഫിനെ നേരിടും. സ്ലൊവാക്യയുടെ അലക്സാന്‍ഡ്ര ലോംഗോയെ 7.30ന് ലക്ഷ്മിറാണി മാജിയും നേരിടും. ദീപിക കുമാരി പുലര്‍ച്ചെ 1.27ന് നടക്കുന്ന മത്സരത്തില്‍ ജോര്‍ജിയയുടെ ക്രിസ്റ്റീന്‍ എസേബുവയെയും നേരിടും. വനിതാ ടീം വീഭാഗത്തില്‍ റഷ്യയെ നേരിട്ട ഇന്ത്യന്‍ അമ്പെയ്ത്ത് സംഘം പരാജയപ്പെട്ടത് നിരാശ നല്‍കുന്നുണ്ടെങ്കിലും വ്യക്തിഗത മികവില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരിയെങ്കിലും അടുത്ത റൗണ്ടിലേക്ക് കടക്കാനാകുമെന്നാണ് കരുതുന്നത്.

ആദ്യമത്സരത്തില്‍ അയര്‍ലണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇന്ത്യന്‍ ഹോക്കി ടീം ഇന്ന് രണ്ടാം മത്സരത്തില്‍ ജര്‍മ്മനിക്കെതിരെ ഇറങ്ങും. കരുത്തരായ ജര്‍മ്മനിയെ സമനിലയിലെങ്കിലും തളയ്ക്കുകയാണ് ഇന്ത്യന്‍ തന്ത്രം. എങ്കില്‍ മാത്രമേ ക്വാര്‍ട്ടറില്‍ കാര്യങ്ങള്‍ ശ്രീജേഷിന്റെ സംഘത്തിന് എളുപ്പമാകൂ. സമനിലയക്ക് അപ്പുറം ഇന്ന് ഹോക്കി ടീം ജര്‍മ്മനിയെ അട്ടിമറിക്കുകയാണെങ്കില്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ കഴിയും. ഇന്ന് രാത്രി 7.30നാണ് ഇന്ത്യ - ജര്‍മ്മനി ഹോക്കി മത്സരം. വനിതാ ഹോക്കി ടീം ഇന്ന് രാത്രി 2.30ന് ബ്രിട്ടനെതിരെയും ഇറങ്ങുന്നുണ്ട്.

മലയാളി കോച്ച് പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ മലയാളി താരം സജന്‍ പ്രകാശും ശിബാനി കട്ടാരിയയും ഇന്ന് നീന്തല്‍ കുളത്തില്‍ ഇറങ്ങുന്നത് കേരളം പ്രതീക്ഷയോടെയാണ് കാണുന്നത്. അത്ഭുതം സൃഷ്ടിക്കുമെന്ന് പറയുന്നില്ലെങ്കിലും മികച്ച സമയം കുറിച്ച് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കുകയാണ് 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ വിഭാഗത്തില്‍ സജന്റെ ലക്ഷ്യം. ഇന്ത്യന്‍ സമയം രാത്രി പത്തിനാണ് സജന്റെ പുരുഷവിഭാഗം മത്സരം. 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ 12 വര്‍ഷത്തിന് ശേഷം രാജ്യത്ത് നിന്നും ആദ്യമായി ഇറങ്ങുന്ന വനിതയായ ശിബാനിയുടെ മത്സരം 9.30നാണ്.

സജന്‍ പ്രകാശ് കേരളത്തിന്റെ സുവര്‍ണ്ണമത്സ്യം

തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസില്‍ ആറു സ്വര്‍ണ്ണവും രണ്ടു വെള്ളിയും. നീന്തല്‍ക്കുളത്തില്‍ പൊന്നുവാരുന്ന മലയാളത്തിന്റെ സുവര്‍ണ്ണ മത്സ്യം സജന്‍ പ്രകാശ്. റിയോ ഒളിമ്പിക്സില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഏക പുരുഷ താരം ഇന്ന് കളത്തിലിറങ്ങുമ്പോള്‍ പ്രതീക്ഷകളേറെ. റിയോയിലേക്ക് തിരിക്കുന്നതിന് മുമ്പ് സജന്‍ തന്റെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയുണ്ടായി... എന്റെ സ്വപ്നങ്ങളില്‍ മെഡലില്ല, എന്നാല്‍ നല്ല സമയം കുറിച്ച് സെമിയിലെങ്കിലും എത്തിയാല്‍ അത് നേട്ടമാകും.

ഓസ്ട്രേലിയയുടെയും അമേരിക്കയുടെയും സ്വര്‍ണ്ണമത്സ്യങ്ങള്‍ വിളയാടുന്ന ലോക നീന്തല്‍ക്കുളത്തില്‍ ഒരു മലയാളി സാന്നിദ്ധ്യം അറിയിച്ചത് തന്നെ രാജ്യത്തിനൊട്ടാകെ നേട്ടം. അവിടെ മെഡല്‍ പ്രതീക്ഷിക്കുന്നത് അത്യാഗ്രഹമാകും. എന്നാല്‍ സജന്‍ അത് പ്രതീക്ഷിച്ചതുമില്ല. വേണ്ടത്, നല്ല സമയം. ആ സമയം അവന് തെളിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

ഫുഡ് സപ്ലിമെന്റുകള്‍ക്ക് ചെലവഴിക്കാന്‍ പണമില്ലാതെ സ്വന്തം സ്‌കൂട്ടറില്‍ സ്പോണ്‍സര്‍മാരെ തേടിനടന്ന താരത്തിന് റിയോ ഒരു സ്വപ്നമാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ഒടുവില്‍ സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യമാണ് റിയോയിലേക്ക് വഴികാട്ടിയത്. തമിഴ്നാടും കര്‍ണ്ണാടകയും വച്ചുനീട്ടിയ പ്രലോഭനങ്ങള്‍ തള്ളി ദേശീയ ഗെയിംസില്‍ മലയാളത്തോട് കൂറ് കാണിച്ച സജന്‍ അത് അര്‍ഹിക്കുന്നുവെന്നത് മറ്റൊരു കാര്യം.

200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ രണ്ടുമിനിറ്റില്‍ താഴെ നീന്തിത്തീര്‍ന്ന രാജ്യത്തെ ആദ്യ താരമാണ് സജന്‍. വീര്‍ധവാല്‍ ഖാഡെയെയും സുപ്രിയ മോണ്ഡലിനെയും പിന്തള്ളിയ പ്രകടനത്തോടെ റിയോയിലേക്ക് തിരിച്ച ഈ 22 കാരനില്‍ നിന്നും രാജ്യം അതിനാല്‍ അത്ഭുതം തന്നെ പ്രതീക്ഷിക്കുന്നു. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ യു.എസ് ഇതിഹാസ താരം മൈക്കല്‍ ഫെല്‍പ്സിനെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കയുടെ ചാഡ്ലെ ക്ലോസിന്റെ പരിശീലകന്‍ ഗ്രഹാം ഹില്‍ സജനെ പരിശീലിപ്പിക്കാമെന്ന് ഏറ്റിരുന്നു. എന്നാല്‍ അതിന്റെ സാമ്പത്തിക ഭാരം സജന്‍ പ്രകാശ് തന്നെ ചുമക്കണമെന്നായി. ബസവനഗുഡിയിലെ ഗ്രാമവീഥിയിലൂടെ സ്‌കൂട്ടറില്‍ ചുറ്റിക്കറങ്ങുന്ന ദരിദ്രതാരം എങ്ങനെ ലോക നിലവാരമുള്ള കോച്ചിനെ തീറ്റിപ്പോറ്റും. ഗ്രഹാം ഹില്ലിന് നോ താങ്ക്്സ് പറഞ്ഞ് റിയോയിലേക്ക് തിരിച്ച സജന്‍ മെഡല്‍ അണിയട്ടെ പ്രതീക്ഷയോടെ മലയാളത്തിനും കാത്തിരിക്കാം.