കലഹം തീര്‍ത്തു, ഇനി കളത്തില്‍ കാണാം... പ്രതീക്ഷയോടെ ഇന്ത്യന്‍ ടെന്നീസ് ടീം റിയോയിലേക്ക്

റിയോ ഒളിമ്പിക്സിന് തയ്യാറെടുക്കുന്നതിനിടെയും ടെന്നീസ് ടീമിലും ഫെഡറേഷനിലും തര്‍ക്കം ഉടലെടുത്തിരുന്നു. റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ ഡബിള്‍സ് ടെന്നീസിന് രോഹന്‍ ബൊപ്പണ്ണയായിരുന്നു ഒളിമ്പികിസ് യോഗ്യത നേടിയത്. തനിക്കൊപ്പം ആര് കളിക്കണമെന്ന കാര്യത്തില്‍ ബൊപ്പണ്ണയ്ക്ക് നിര്‍ദ്ദേശിക്കാമായിരുന്നു. എന്നാല്‍ പേസിനൊപ്പം കളിക്കില്ലെന്ന് ബൊപ്പണ്ണ ഫെഡറേഷനോട് തര്‍ക്കിച്ചു

കലഹം തീര്‍ത്തു, ഇനി കളത്തില്‍ കാണാം... പ്രതീക്ഷയോടെ ഇന്ത്യന്‍ ടെന്നീസ് ടീം റിയോയിലേക്ക്

നിരഞ്ജന്‍

ഇന്ത്യയുടെ സമീപകാല ഒളിമ്പിക് നേട്ടങ്ങള്‍ക്കും ഉയര്‍ച്ചയ്ക്കും മെഡല്‍ നേട്ടത്തിനും നാം ടെന്നീസ് ടീമിനോട് നന്ദി പറയേണ്ടിയിരിക്കുന്നു. കാരണം, 1980ല്‍ അവസാനിച്ച ഇന്ത്യന്‍ മെഡല്‍ വേട്ട, പിന്നീട് 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചത് ടെന്നീസ് കോര്‍ട്ടിലൂടെയാണ്. ഹോക്കി ടീമിന്റെ പ്രതാപകാലം അസ്തമിച്ചശേഷം രാജ്യം പിന്നീട് എന്നും മെഡല്‍ പ്രതീക്ഷിച്ചത് റാക്കറ്റേന്തിയ കൈകളിലായിരുന്നു. ടെന്നീസ് സിംഗിള്‍സില്‍ 1996ല്‍ അറ്റ്ലാന്റയില്‍ ലിയാന്‍ഡര്‍ പേസ് നേടിയ വെങ്കലമായിരുന്നു ഒളിമ്പിക്സിലെ മെഡല്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ടത്. പിന്നീടൊരിക്കലും ഒരു മെഡലെങ്കിലും നേടാതെ രാജ്യത്തിന് തലകുനിച്ച് ഒളിമ്പിക് ഗ്രാമം വിടേണ്ടിവന്നിട്ടില്ല. ഇന്ത്യന്‍ കായിക രംഗത്തിന് പുതിയ തുടക്കം നല്‍കിയ അറ്റ്ലാന്റയിലെ ആ വെങ്കലത്തിന് സ്വര്‍ണ്ണത്തേക്കാള്‍ ശോഭയുണ്ട്. അറ്റ്ലാന്റയിലെ വെങ്കലം, 2012ല്‍ ലണ്ടനില്‍ എത്തിയപ്പോഴേക്കും രണ്ടു വെള്ളിയും നാല് വെങ്കലവും എന്ന നിലയില്‍ ആറു മെഡലുകള്‍ നേടുന്നവിധത്തില്‍ ഉണര്‍വേകി. ഇതിനിടെ 2008ല്‍ ബെയ്ജിംഗില്‍ അഭിനവ് ബിന്ദ്രയിലൂടെ ഒരു സ്വര്‍ണ്ണവും അണിഞ്ഞു. ഇക്കുറി റിയോയിലേക്ക് തിരിക്കുമ്പോഴും ടെന്നീസ് ടീമിന് മേല്‍ രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയുണ്ട്.
കലഹമുണ്ട്, കളിയില്‍ കാണരുത്

ഇന്ത്യന്‍ ടെന്നീസില്‍ കലഹം ഒരു പുത്തരിയല്ല. ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയും അവരുടെ രക്ഷിതാക്കളും തമ്മിലുള്ള തര്‍ക്കവും അതേത്തുടര്‍ന്ന് ഡബിള്‍സ് ടെന്നീസില്‍ നിന്നുള്ള താരങ്ങളുടെ വേര്‍പിരിയലും രാജ്യത്തിന് കണ്ണീര്‍ സമ്മാനിച്ചിട്ടുണ്ട്. റിയോ ഒളിമ്പിക്സിന് തയ്യാറെടുക്കുന്നതിനിടെയും ടെന്നീസ് ടീമിലും ഫെഡറേഷനിലും തര്‍ക്കം ഉടലെടുത്തിരുന്നു. റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ ഡബിള്‍സ് ടെന്നീസിന് രോഹന്‍ ബൊപ്പണ്ണയായിരുന്നു ഒളിമ്പികിസ് യോഗ്യത നേടിയത്. തനിക്കൊപ്പം ആര് കളിക്കണമെന്ന കാര്യത്തില്‍ ബൊപ്പണ്ണയ്ക്ക് നിര്‍ദ്ദേശിക്കാമായിരുന്നു. എന്നാല്‍ പേസിനൊപ്പം കളിക്കില്ലെന്ന് ബൊപ്പണ്ണ ഫെഡറേഷനോട് തര്‍ക്കിച്ചു. 125-ആം റാങ്കുകാരനായ സാകേത് മൈനേനിനെയാണ് ബൊപ്പണ്ണ പകരം നിര്‍ദ്ദേശിച്ചത്. ഈ തര്‍ക്കം ടെന്നീസിനെ അറിയുന്നവര്‍ക്ക് മാത്രമല്ല രാജ്യത്തിനാകെ സമ്മാനിച്ചത് ആശങ്കയായിരുന്നു. ഒടുവില്‍ മെഡല്‍ സാദ്ധ്യത പരിഗണിച്ച് ഫെഡറേഷന്റെ തീരുമാനം ബൊപ്പണ്ണ അംഗീകരിച്ചതോടെ ലിയാന്‍ഡര്‍ പേസിന് ഏഴാമത്തെ ഒളിമ്പിക്സിനായി റിയോയിലേക്ക് തിരിക്കാമെന്നായി. രാജ്യത്തിന് മറ്റൊരു സുവര്‍ണ്ണ പ്രതീക്ഷ കൂടിയാണിത്.

ലിയാന്‍ഡറും ബൊപ്പണ്ണയും

ബാംഗ്ലൂര്‍ക്കാരനായ രോഹന്‍ ബൊപ്പണ്ണ എ.ടി.പി ടെന്നീസ് റാങ്കിംഗില്‍ പത്താം സ്ഥാനം നേടിയതോടെയാണ് റിയോ ഒളിമ്പിക്സിന് നേരിട്ട് പ്രവേശനം നേടിയത്. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഫ്ളോറിന്‍ മെര്‍ഗിയയുമൊത്ത് കാഴ്ചവച്ച മികച്ച പ്രകടനമാണ് നേരിട്ടുള്ള ഒളിമ്പിക്സ് പ്രവേശനത്തിന് ബൊപ്പണ്ണയെ തുണച്ചത്. ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ വരെയെത്തിയ ബൊപ്പണ്ണ കരിയറിന്റെ തുടക്കകാലത്ത് പാകിസ്താന്‍ താരം ഐസം ഖുറേഷിയുമായിട്ടായിരുന്നു കളം പങ്കിട്ടിരുന്നത്. പേസിന്റെയും തന്റെയും കളിശൈലി വ്യത്യസ്തമാണെന്ന് പറഞ്ഞ് സാകേതിനൊപ്പം കളിക്കാനാണ് താത്പര്യമെന്നാണ് ആദ്യം ബൊപ്പണ്ണ അറിയിച്ചത്. പിന്നീട് ഫെഡറേഷന്റെ തീരുമാനം ഈ 36 കാരന്‍ അംഗീകരിച്ചതോടെ ആശങ്കകള്‍ക്ക് അവസാനമായി.

പേസിനൊപ്പം കളിക്കില്ലെന്ന് പറഞ്ഞെങ്കിലും അതിനു കാരണം മറ്റൊരു അഭിപ്രായവ്യത്യാസവും അല്ലെന്ന് ബൊപ്പണ്ണ വിശദീകരിച്ചത് കളത്തില്‍ നല്ലരീതിയില്‍ പ്രതിഫലിക്കുമെന്ന് തന്നെ കരുതാം. തങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. യാതൊരു പ്രശ്നവും പേസുമായില്ല. എന്നാല്‍ കളിശൈലി വ്യത്യസ്തമാണ്. ഇത് ഒന്നിച്ചുചേര്‍ക്കുന്നത് വിഷമകരമാണ് എന്നായിരുന്നു ബൊപ്പണ്ണയുടെ വിശദീകരണം. ഇതിനുശേഷം നടന്ന ഡേവിസ് കപ്പില്‍ ഇരുവരും തമ്മില്‍ നല്ല ഒത്തിണക്കത്തോടെ കളിച്ചത് ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് ശക്തി പകരുന്നുണ്ട്.

43 വയസുകാരനായ ലിയാന്‍ഡര്‍ അഡ്രിയാന്‍ പേസ് പ്രായം തളര്‍ത്താത്ത മനസോടെയാണ് തന്റെ ഏഴാം ഒളിമ്പിക്സിന് തയ്യാറെടുക്കുന്നത്. 24 വര്‍ഷം മുന്‍പ് 1992ല്‍ ബാഴ്സലോണയില്‍ രമേശ് കൃഷ്ണനോടൊപ്പം തന്റെ 18-ആം വയസില്‍ പങ്കെടുത്ത ശേഷം നടന്ന എല്ലാ കായിക മാമാങ്കവേദികളിലും പേസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇതിനിടെ 1996ല്‍ അറ്റ്ലാന്റയില്‍ സ്വര്‍ണ്ണത്തിളക്കമുള്ള വെങ്കലവും നേടി. 92ല്‍ തന്നെ രമേശ് കൃഷ്ണന്‍ - പേസ് സഖ്യം ക്വാര്‍ട്ടറില്‍ എത്തിയിരുന്നു. 96ല്‍ സിംഗിള്‍സ് സെമിയിലെത്തിയ പേസ് അന്നത്തെ ലോക ഒന്നാം നമ്പര്‍ താരമായ അന്ദ്രെ അഗാസിയോട് പൊരുതിതോല്‍ക്കുകയായിരുന്നു. മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ബ്രസീലിന്റെ ഫെര്‍ണാണ്ടോ മെലിഗെനിയെ തറപറ്റിച്ചായിരുന്നു വെങ്കലം കരസ്ഥമാക്കിയത്. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഡബിള്‍സ് കളിക്കാരില്‍ ഒരാളായ പേസിന് കളത്തില്‍ ഇപ്പോഴും ആ പോരാട്ടവീര്യം പുറത്തെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഇന്ത്യന്‍ ആരാധകരുടെയും പ്രതീക്ഷ. കളിമികവും ഭാഗ്യവും ഒത്തുചേര്‍ന്നാല്‍ ബൊപ്പണ്ണ - പേസ് സഖ്യം രാജ്യത്തിന് ഒരു മെഡല്‍ സമ്മാനിക്കുമെന്നുറപ്പ്.

boppanna

ഒന്നല്ല, മൂന്നെണ്ണം...!

റിയോ ഒളിമ്പിക്സിന് പോകുന്ന ടെന്നീസ് പുരുഷ ഡബിള്‍സ് ടീമില്‍ മാത്രമല്ല, ബൊപ്പണ്ണയും സാനിയ മിര്‍സയും അടങ്ങുന്ന മിക്സഡ് ഡബിള്‍സ് ടീമിലും വനിതാ ഡബിള്‍സില്‍ സാനിയ - പ്രാര്‍ത്ഥന തോംബാര്‍ ടീമിലും രാജ്യത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്. ഒരുപക്ഷെ, പുരുഷ ടീമിനേക്കാള്‍ മെഡല്‍ പ്രതീക്ഷ മിക്സഡ് ഡബിള്‍സ് ടീമിനാണെന്ന് പറയാം. ഏറെക്കാലമായി സാനിയയും രോഹന്‍ ബൊപ്പണ്ണയും ഒരുമിച്ച് കളിക്കുന്നത് തന്നെയാണ് മിക്സഡ് ഡബിള്‍സില്‍ കൂടുതല്‍ പ്രതീക്ഷ പകരുന്നത്. എന്തുതന്നെയായാലും തളര്‍ന്നു കിടന്ന ഇന്ത്യന്‍ ഒളിമ്പിക് പ്രതീക്ഷകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയ ടെന്നീസ് സംഘം മെഡലുകള്‍ രാജ്യത്തെത്തിക്കുമെന്ന് തന്നെ പ്രത്യാശിക്കാം, പ്രതീക്ഷിക്കാം.

Read More >>