മൂന്നാം ടെസ്റ്റ്‌; ഇന്ത്യന്‍ മുന്‍ നിര തകര്‍ന്നു, അശ്വിന്റെ രക്ഷാപ്രവര്‍ത്തനം

കെഎൽ രാഹുൽ ഒഴികെയുള്ള മുൻനിരക്കാരെല്ലാം നിരാശപ്പെടുത്തിയ ആദ്യദിനം അവസാനിക്കുമ്പോള്‍ അശ്വിൻ 75 റൺസോടെയും വൃദ്ധിമാൻ സാഹ 46 റൺസോടെയും ക്രിസീലുണ്ട്

മൂന്നാം ടെസ്റ്റ്‌; ഇന്ത്യന്‍ മുന്‍ നിര തകര്‍ന്നു, അശ്വിന്റെ രക്ഷാപ്രവര്‍ത്തനംസെന്റ് ലൂസിയ: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്‌ക്ക് മോശം തുടക്കം. അതിവേഗം 5 വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് അശ്വിന്റെ അര്‍ദ്ധ സെഞ്ച്വറിയാണ് രക്ഷയായത്. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്ന നിലയിലാണ് ഇന്ത്യ.


കെഎൽ രാഹുൽ ഒഴികെയുള്ള മുൻനിരക്കാരെല്ലാം നിരാശപ്പെടുത്തിയ ആദ്യദിനം അവസാനിക്കുമ്പോള്‍ അശ്വിൻ 75 റൺസോടെയും വൃദ്ധിമാൻ സാഹ 46 റൺസോടെയും ക്രിസീലുണ്ട്. 
പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 108 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനായി അൽസാരി ജോസഫ്, റോസ്റ്റൺ ചേസ് എന്നിവർ രണ്ടും ഗബ്രിയേൽ ഒരു വിക്കറ്റും വീഴ്ത്തി.


ഡാരെൻ സമി നാഷനൽ സ്റ്റേഡിയത്തിൽ ടോസ് കിട്ടിയ വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ ഇന്ത്യയെ ബാറ്റിങിനു ക്ഷണിക്കുകയായിരുന്നു. മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കാന്‍ ഇറങ്ങിയത്. ചേതേശ്വര്‍ പൂജാരയ്‌ക്ക് പകരം രോഹിത് ശര്‍മ്മയും, അമിത് മിശ്രയ്‌ക്ക് പകരം രവീന്ദ്ര ജഡേജയും ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍ കുമാറും ടീമിലെത്തി.


 ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ഈ മല്‍സരം ജയിക്കാനായാല്‍ ഇന്ത്യയ്‌ക്ക് പരമ്പര വിജയം ഉറപ്പാക്കാനാകും.

Read More >>