ജിംനാസ്റ്റിക്സിലും മിക്സഡ് ഡബിള്‍സിലും മെഡൽ തേടി ഇന്ത്യ ഇന്ന് റിയോയില്‍

വീനസ് വില്യംസ് - രാജീവ് രാം സഖ്യത്തോട് പരാജയപ്പെട്ട സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് ഇനി വെങ്കലമെഡലിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് പ്രതീക്ഷ

ജിംനാസ്റ്റിക്സിലും മിക്സഡ് ഡബിള്‍സിലും മെഡൽ തേടി ഇന്ത്യ ഇന്ന് റിയോയില്‍

നിരഞ്ജൻ

റിയോ: 1 20 കോടി വരുന്ന ജനതയ്ക്കായി ഒരു മെഡല്‍ എന്ന സ്വപ്നവുമായി റിയോയിലെത്തിയ ഇന്ത്യന്‍ സംഘത്തിന് ഇന്ന് പ്രതീക്ഷകളുടെ ദിനം. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ഫൈനല്‍സിലെത്തിയ ദീപ കര്‍മ്മാക്കറും ബാഡ്മിന്റണില്‍ പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തിന് സൈന നേവാളും പി.വി. സിന്ധുവും ശ്രീകാന്തും ഇറങ്ങും. മാരത്തണില്‍ മലയാളി താരം ഒ.പി. ജയ്ഷയും കവിത റൗത്തും ഇറങ്ങുന്നതും പ്രതീക്ഷയാണ്. ബോക്സിംഗില്‍ മനോജ് കുമാറും ഷൂട്ടിംഗില്‍ ശേഷിക്കുന്ന മത്സരത്തില്‍ ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കലമെഡല്‍ ജേതാവ് ഗഗന്‍ നരംഗും ചെയിന്‍ സിംഗും ഇന്നിറങ്ങും.


ഇന്നലെ രാത്രി നടന്ന സെമിയില്‍ അമേരിക്കന്‍ സഖ്യമായ വീനസ് വില്യംസ് - രാജീവ് രാം സഖ്യത്തോട് പരാജയപ്പെട്ട സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് ഇനി വെങ്കലമെഡലിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് പ്രതീക്ഷ. ചെക്ക് താരങ്ങളെയാണ് മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ സാനിയക്കും രോഹനും നേരിടാനുള്ളത്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ഈ മത്സരം. സെമിയില്‍ അമേരിക്കന്‍ സഖ്യത്തോട് പൊരുതിത്തോറ്റെങ്കിലും ഒരു വെങ്കലം എങ്കിലും പ്രതീക്ഷിക്കുകയാണ് ഒന്നാം സീഡായ സാനിയയില്‍ നിന്നും 15-ആം സീഡായ രോഹനില്‍ നിന്നും രാജ്യം.

[caption id="attachment_36437" align="alignleft" width="300"]deep ദീപ കർമാകർ[/caption]

മെഡല്‍പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊന്നാണ് ദീപ കര്‍മ്മാര്‍ക്കറുടെ മത്സരം. ഇന്ത്യന്‍ സമയം രാത്രി 11.15ന് നടക്കുന്ന വനിതകളുടെ വോള്‍ട്ട് ഫൈനലില്‍ ദീപയോടൊപ്പം അമേരിക്കയുടെ സിമോണി ബൈല്‍സ്, റഷ്യയുടെ മരിയ പസേക, സ്വിസ് താരമായ ഗ്വില സ്‌റ്റൈന്‍ഗ്രബര്‍, ചൈനയുടെ യാന്‍ വാങ്, ഉസ്ബെക്കിസ്ഥാന്റെ ഒക്സാന ചുസോവിനിറ്റ, കാനഡയുടെ ഷാലോണ്‍ ഓസ്ലന്‍, കൊറിയയുടെ ജോങ് ഹോങ് ഉന്‍ എന്നിവരാണ് മെഡലിനായി മത്സരിക്കുന്നത്.

സൈന നേവാളിന്റെ രണ്ടാം മത്സരം ഉക്രൈന്റെ മരിയ ഉള്‍ട്ടിനോയുമായിട്ടാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 5.25നാണ് മത്സരം. സ്വീഡന്റെ ഹെന്റി ഹര്‍സ്‌കൈനനുമായാണ് കെ. ശ്രീകാന്തിന്റെ മത്സരം. വൈകീട്ട് 7.10നാണ് മത്സരം. പി.വി. സിന്ധു വൈകീട്ട് 7.45ന് കാനഡയുടെ മിഖേല ലീയെയാണ് നേരിടുക.

ബോക്സിംഗില്‍ മനോജ് കുമാര്‍ ഉസ്ബെക്കിസ്ഥാന്റെ ഫസ്ലിദ്ദിന്‍ ഗൈബ്നസറോവിനെയാണ് നേരിടുന്നത്. വൈകീട്ട് 9.45നാണ് മത്സരം. ഗഗന്‍ നരംഗും ചെയിന്‍ സിംഗും 50 മീറ്റര്‍ റൈഫിള്‍സ് പൊസിഷനില്‍ മത്സരിക്കുന്നത് വൈകീട്ട് 5.30നാണ്.

Read More >>