120 കോടിക്ക് വേണ്ടി 120 പേർ, രാജ്യത്തിന് വേണം ഒരു ഒളിമ്പിക് ഹീറോ; ഇന്നത്തെ ഇന്ത്യന്‍ പ്രതീക്ഷകള്‍

ലാറ്റിനമേരിക്കയിൽ ഒളിമ്പിക്‌സ് തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴും ഇന്ത്യൻ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാതെ അവശേഷിക്കുന്നു. 120 കോടിയിലേറെ വരുന്ന ജനതയ്ക്ക് വേണ്ടി റിയോയിലേക്ക് തിരിച്ച 120 അംഗ സംഘത്തിൽ ആരു നേടും ഒരു മെഡൽ. ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക് സംഘത്തിന് ഇതുവരെയും നേട്ടങ്ങളൊന്നും കൈയെത്തിപ്പിടിക്കാനായിട്ടില്ല. പ്രതീക്ഷകളോടെയാണ് ഓരോ ദിവസവും ഇറങ്ങുന്നതെങ്കിലും രാജ്യത്തിന് റിയോ ഒളിമ്പിക്‌സിന്റെ ഹീറോ ആയി ഉയർത്തിക്കാട്ടാൻ ഒരാളെ വേണം... ഒരു മെഡലിസ്റ്റിനെ വേണം.

120 കോടിക്ക് വേണ്ടി 120 പേർ, രാജ്യത്തിന് വേണം ഒരു ഒളിമ്പിക് ഹീറോ; ഇന്നത്തെ ഇന്ത്യന്‍ പ്രതീക്ഷകള്‍

ഇന്നിറങ്ങുന്ന ഇന്ത്യൻ താരങ്ങൾ

തുഴച്ചിലിൽ ക്വാർട്ടർ ഫൈനലിൽ എത്തിയ ദത്തു ബാബൻ ബോകാനലിനെയാണ് ഇന്ന് രാജ്യം ശ്രദ്ധിക്കുന്ന താരം. ക്വാർട്ടർ ഫൈനലിൽ ഇറങ്ങുന്ന ദത്തുവിന്റെ മത്സരം ഇന്ത്യൻ സമയം വൈകീട്ട് അഞ്ചിനാണ്. ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യ - ഓഷ്യാനിയ ഭൂഖണ്ഡപ്പോരാട്ടത്തിൽ മികച്ച പ്രകടനത്തിലൂടെ ഒളിമ്പിക് യോഗ്യത നേടിയ ദത്തു മികച്ച സമയം കണ്ടെത്തി സെമിയിലെത്തിയാൽ ഒരു മെഡൽ പ്രതീക്ഷയുണ്ട്.

ഷൂട്ടിംഗിലെ വനിതാ പ്രതീക്ഷയായ ഹീന സിദ്ദു 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഇറങ്ങുന്നുണ്ട്. വൈകീട്ട് 5.30ന് നടക്കുന്ന മത്സരത്തിൽ മികവ് പ്രകടിപ്പിക്കാൻ കഴിഞ്ഞാൽ സെമിയിലേക്ക് കടക്കാം. ഇന്നലെ നിർഭാഗ്യം കൊണ്ടു മാത്രം ജർമ്മനിയോട് അടിയറവ് പറഞ്ഞ ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇന്ന് അർജന്റീനയെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. അർജന്റീനയെ തോൽപ്പിച്ചാൽ മാത്രമേ ക്വാർട്ടർ പ്രവേശനം എളുപ്പമാകൂ. ശക്തരായ ഹോളണ്ടിനെയും കാനഡയെയുമാണ് ഇനി പ്രാഥമിക റൗണ്ടിൽ ശ്രീജേഷിനും സംഘത്തിനും നേരിടാനുള്ളത്. അതിനുമുൻപേ കാര്യങ്ങൾ സുഗമമാക്കിയാൽ മാത്രമേ പുരുഷ ഹോക്കി ടീമിന് ക്വാർട്ടർ ബർത്ത് ഉറപ്പിക്കാനാകൂ.


ബോക്‌സിംഗിൽ ലോക റാങ്കിംഗിൽ 75 കിലോ ഭാരത്തിൽ 13-ആം സ്ഥാനക്കാരനായ വികാസ് കൃഷ്ണൻ യാദവ് അമേരിക്കയുടെ കോൺവെല്ലിനെ നേരിടും. രാത്രി 2.45നാണ് റിംഗിലെ പോരാട്ടം നടക്കുന്നത്. ഈ മത്സരത്തിൽ വിജയിച്ചാൽ ക്വാർട്ടർ ബർത്ത് ഉറപ്പിക്കാം. അമ്പെയ്ത്തിൽ പുരുഷൻമാരുടെ വ്യക്തിഗത വിഭാഗത്തിൽ അഥാനു ദാസും ഇന്ന് ഇറങ്ങുന്നുണ്ട്. അവസാന 32ൽ എത്തുന്നതിനായുള്ള മത്സരത്തിൽ നേപ്പാളിന്റെ ജീത്ബഹദൂർ മുക്താനെയാണ് ദാസ് നേരിടുക. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം.

Read More >>