ഒളിമ്പിക്സ് ഹോക്കി; ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവം

ജര്‍മ്മനിക്കെതിരെ അവസാന നിമിഷം തോല്‍വി വഴങ്ങിയ ക്ഷീണം മറന്നു കൊണ്ട് ഇന്ത്യക്ക് ഗംഭീര തിരിച്ചു വരവ്

ഒളിമ്പിക്സ് ഹോക്കി; ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവംറിയോ: ജര്‍മ്മനിക്കെതിരെ അവസാന നിമിഷം തോല്‍വി വഴങ്ങിയ ക്ഷീണം മറന്നു കൊണ്ട് ഇന്ത്യക്ക് ഗംഭീര തിരിച്ചു വരവ്. അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി.

മലയാളി താരവും ഇന്ത്യന്‍ നായകനുമായ എസ് ശ്രീജേഷിന്‍റെ മികവില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം കാഴ്ച വച്ചത്.  മണിപ്പൂരി താരം ചിന്‍ഗ്ലന്‍സാന കന്‍ഗുജത്തിലൂടെ എട്ടാം മിനിട്ടില്‍ മുന്നിലെത്തിയ ഇന്ത്യ, മറ്റൊരു മണിപ്പൂരി താരം കൊതജിത് ഖഡന്‍ഗ്‌ബാമിലൂടെ മൂന്നാം ക്വാര്‍ട്ടറില്‍ ലീഡുയര്‍ത്തി. എന്നാല്‍ ഗോണ്‍സാലോ പെല്ലറ്റിലൂടെ തിരിച്ചടിച്ച അര്‍ജന്റീന, അവസാന നിമിഷം വരെ സമനിലയ്‌ക്കായി കിണഞ്ഞു പരിശ്രമിച്ചു. അര്‍ജന്റീനയുടെ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്ത ഇന്ത്യ ഇടയ്‌ക്ക് പ്രത്യാക്രമണങ്ങളും സംഘടിപ്പിച്ചു.

ആദ്യ മല്‍സരത്തില്‍ അയര്‍ലന്‍ഡിനെ 2-1ന് തോല്‍പ്പിച്ച ഇന്ത്യ കഴിഞ്ഞദിവസം ഇതേ സ്‌കോറിന് നിലവിലെ ഒളിംപിക്സ് ജേതാക്കളായ ജര്‍മ്മനിയോട് തോറ്റിരുന്നു. രണ്ടു വിജയങ്ങള്‍ ഉള്‍പ്പടെ ആറു പോയിന്റുള്ള ഇന്ത്യ പൂള്‍ ബിയില്‍ രണ്ടാം സ്ഥാനത്താണ്. ആറു ടീമുകള്‍ മല്‍സരിക്കുന്ന ഒരു പൂളില്‍നിന്ന് നാലു ടീമുകളാണ് ക്വാര്‍ട്ടറിലെത്തുക. വ്യാഴാഴ്‌ച നെതര്‍ലന്‍ഡ്സിനെതിരെയും വെള്ളിയാഴ്‌ച കാനഡയ്ക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മല്‍സരങ്ങള്‍.