അവധി ദിനത്തില്‍ കളക്ടറുടെ മിന്നല്‍ പരിശോധന; പിടികൂടിയത് 100 ലോഡ് അനധികൃത മണല്‍

ജില്ലയിലെ മണല്‍ മാഫിയയെക്കുറിച്ച് വ്യാപക പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ആണ് ഉദ്യോഗസ്ഥരെയോ മാധ്യമങ്ങളെയോ അറിയിക്കാതെ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ റെയ്ഡ് നടത്താന്‍ കളക്ടര്‍ തീരുമാനിച്ചത്.

അവധി ദിനത്തില്‍ കളക്ടറുടെ മിന്നല്‍ പരിശോധന; പിടികൂടിയത് 100 ലോഡ് അനധികൃത മണല്‍

കാസര്‍ഗോഡ്: പൊതു അവധിയായ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കാസർഗോഡ് കളക്ടര്‍ ജീവന്‍ ബാബു നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത് അനധികൃതമായി സൂക്ഷിച്ച 100 ലോഡ് മണല്‍. കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം മഞ്ചേശ്വരം, കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മഞ്ചേശ്വരം കൊറലമൊഗറുവില്‍ നിന്നാണ് അനധികൃതമായി സംഭരിച്ചിരുന്ന 100 ലോഡ് മണല്‍ പിടിച്ചെടുത്തത്.

ജില്ലയിലെ മണല്‍ മാഫിയയെക്കുറിച്ച് വ്യാപക പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെയോ മാധ്യമങ്ങളെയോ അറിയിക്കാതെ  റെയ്ഡ് നടത്താന്‍ കളക്ടര്‍ തീരുമാനിച്ചത്. ലോക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്കുപോലും റെയ്ഡിനെക്കുറിച്ച് അറിവുണ്ടായില്ല.

ഈയിടെ പരിശോധനക്കായി തളങ്കര കടവത്ത് പോയ പൊലീസുകാരെ മണല്‍ മാഫിയ പുഴയില്‍ തള്ളിയിട്ട സംഭവം പോലും ഉണ്ടായിരുന്നു. മണല്‍ മാഫിയക്കെതിരെ നിരന്തരമായ പരാതികള്‍ ഉയര്‍ന്നെങ്കിലും ആദ്യമായാണ് ജില്ലയില്‍ കടുത്ത നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്ത് വരുന്നത്.

Read More >>