കലാഭവന്‍ മണിയുടെ മരണം: കുടുംബത്തിന്റെ പരാതി മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിനു കൈമാറി

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിലെ അപാകത സംബന്ധിച്ച പരാതികള്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപിക്ക് കൈമാറി.

കലാഭവന്‍ മണിയുടെ മരണം: കുടുംബത്തിന്റെ പരാതി മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിനു കൈമാറി

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിലെ അപാകത സംബന്ധിച്ച പരാതികള്‍ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഡി.ജി.പിക്ക് കൈമാറി. മണിയുടെ ഭാര്യ നിമ്മിയും സഹോദരന്‍ രാമകൃഷ്ണനും സമര്‍പ്പിച്ച പരാതികളാണ് ചൊവ്വാഴ്ച തൃശൂരില്‍ നടന്ന സിറ്റിങ്ങില്‍ കമ്മീഷനംഗം കെ മോഹന്‍കുമാര്‍ കൈമാറിയത്. സിബിഐയെ കേസ് എല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് കേസിനെ കുറിച്ച് ഇപ്പോള്‍ വിശദീകരണം നല്‍കുന്നത് ശരിയല്ലന്ന് കമ്മീഷന്‍ വ്യക്തമാക്കി.


മണിയുടെ മരണം ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് കണ്ടെത്താന്‍ പൊലീസിന് ഇതു വരെ കഴിഞ്ഞില്ലെന്നും ഈ കേസില്‍ പലരെയും രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചിട്ടുണ്ടെന്നുമാണ് ബന്ധുകളുടെ പരാതി. മരണത്തിനു ശേഷം മണി താമസിച്ചിരുന്ന പാടിയിലെ തെളിവുകള്‍ മുഴുവനായി നശിപ്പിക്കപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നുള്ള പരാതികള്‍ സംസ്ഥാന പൊലീസ് മേധാവിയെ അറിയിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

മാര്‍ച്ച് ആറാം തീയ്യതിയാണ് കലാഭവന്‍ മണി കൊച്ചിയിലെ ആശുപത്രിയില്‍ വച്ച് അന്തരിച്ചത്. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അബോധാവസ്ഥയിലാണ് മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. തുടക്കം മുതല്‍ തന്നെ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിയിലായിരുന്നു ബന്ധുക്കള്‍. ഗുരുതരമായ കരള്‍രോഗ ബാധിതനായിരുന്ന മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റെയും സാന്നിദ്ധ്യം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ സുഹുത്തുക്കള്‍ക്കെതിരെ സംശയം ഉന്നയിച്ചതും വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇടവരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും മരണ കാരണം കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല.

മരണവുമായി ബന്ധപ്പെട്ട് ആറ് സഹായികളെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ ചാലക്കുടി ഫസ്ററ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് മണിയുടെ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സഹായികളായ മുരുകന്‍, വിബിന്‍, അരുണ്‍, അനീഷ് എന്നിവരെ നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു.

കേന്ദ്ര സംസ്ഥാന ലാബുകളില്‍ മണിയുടെ ആന്തരിക അവയവങ്ങള്‍ പരിശോധിച്ചതില്‍ വ്യത്യസ്ത ഫലങ്ങളാണ് പുറത്തു വന്നത്. ശരീരത്തില്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെയും മീഥേല്‍ ആല്‍ക്കഹോളിന്റെയും സാന്നിദ്ധ്യം കണ്ടെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നുവെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മണിയുടെ മരണം സംബന്ധിച്ച അന്വേഷണം വഴിമുട്ടിയതിനെ തുടര്‍ന്നാണു സി.ബി.ഐയെ കേസ് എല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

Read More >>