"കലക്കി അച്ചായാ കലക്കി... ഇല്ലെങ്കില്‍ ഇതു നമ്മള് കലക്കും”: നാരദാ ന്യൂസിന് ആ പേരു കിട്ടിയ കഥ!

കൂടിയിരുന്നവരാരും സ്വന്തം മക്കള്‍ക്ക്‌ പേരിടാന്‍ പോലും ഇത്രയ്ക്കു ചിന്തിച്ചിട്ടുണ്ടാകില്ല. അതൊക്കെ ജന്മം നല്‍കുന്ന സ്ത്രീയുടെ ഉത്തരവാദിത്തമാക്കി തലയൂരിയവരാണ് ഞങ്ങള്‍. ഇങ്ങനെയുള്ള ഒരു കൂട്ടമിരുന്നു ചിന്തിച്ചാൽ എന്തുണ്ടാകാനാണ്?

"കലക്കി അച്ചായാ കലക്കി... ഇല്ലെങ്കില്‍ ഇതു നമ്മള് കലക്കും”: നാരദാ ന്യൂസിന് ആ പേരു കിട്ടിയ കഥ!

രാജധാനിയിലെ തണുപ്പുള്ള ഒരു സന്ധ്യ. ഈ എളിയവന്റെ വീടിനു സമീപമുള്ള ഒരു ചെറിയ ഹോട്ടല്‍ മുറിയില്‍ ഞങ്ങള്‍ ഒത്തുകൂടി. ആരംഭിക്കാനിരിക്കുന്ന പുതിയ വെബ്‌സൈറ്റിന് ഒരു നല്ല പേര് കണ്ടെത്തണം. അതിനാണീ മഹത്തായ യോഗം. അഭിപ്രായങ്ങളും നിർദേശങ്ങളും അനര്‍ഗ്ഗളനിര്‍ഗ്ഗളം പ്രവഹിച്ചു. പക്ഷെ ഒന്നും മനസ്സിനു പിടിക്കുന്നില്ല.

കൂടിയിരുന്നവരാരും സ്വന്തം മക്കള്‍ക്ക്‌ പേരിടാന്‍ പോലും ഇത്രയ്ക്കു ചിന്തിച്ചിട്ടുണ്ടാകില്ല. അതൊക്കെ ജന്മം നല്‍കുന്ന സ്ത്രീയുടെ ഉത്തരവാദിത്തമാക്കി തലയൂരിയവരാണ് ഞങ്ങള്‍. ഇങ്ങനെയുള്ള ഒരു കൂട്ടമിരുന്നു ചിന്തിച്ചാൽ എന്തുണ്ടാകാനാണ്? അന്നത്തെ ചര്‍ച്ച എങ്ങുമെത്തിയില്ല. രണ്ടാം ദിവസവും ചർച്ച ചൂടുപിടിപ്പിക്കാനുള്ള സാധനം അപ്രത്യക്ഷമായതു മിച്ചം. പക്ഷെ മൂന്നാം ദിവസം സന്ധ്യയായി, ഉഷസ്സായി, പ്രഭാതമായി. കാഹളനാദത്തോടും കൊമ്പുവിളികളോടും കൂടി ഞങ്ങളുയർത്തെഴുന്നേറ്റു; ഒരു പുതിയ പേരുമായി. എങ്ങനെയാണ് എന്നല്ലേ?


ചർച്ച ചൂടുപിടിപ്പിക്കുന്ന സഞ്ജീവനിയുടെ പ്രവർത്തനഫലമായിരുന്നിരിക്കണം, രണ്ടാം ദിവസം രാത്രി എനിക്ക് വിചിത്രമായ ഒരു സ്വപ്നമുണ്ടായി - ഒരു മരച്ചുവട്ടില്‍ ആലോചനാവിലോചനനായി ഇരുന്ന എന്റെ തലയിലേക്ക് നന്നായി പഴുത്ത ഒരു ചക്ക വീഴുന്നു; ചക്ക ഛിന്നഭിന്നമായി, ചക്കക്കുരു പല ഷോട്ടുകളായി തെറിച്ചു പോയെങ്കിലും, ചക്കാഭിഷിക്തമായ തല സുരക്ഷിതമായിരിക്കുന്നു. അതായിരുന്നു ആ സ്വപ്നം!

പിടഞ്ഞെഴുന്നേറ്റ എനിക്ക് പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഐസക്ക് ന്യുട്ടണിന്റെ തലയില്‍ വീണത് ആപ്പിളായതു കൊണ്ട് പുള്ളിക്ക് അതു പത്തുപേരോടു പറയാന്‍ പറ്റി. എന്റെ തലയിൽ വീണത് കൂഴച്ചക്കയും! ആരോടെങ്കിലും പറയാൻ കൊള്ളാമോ, സ്വന്തം ഭാര്യയോടു പോലും? അതുകൊണ്ട് ആരോടും മിണ്ടിയില്ല. മുറി തുറന്നു പുറത്തിറങ്ങി.

ഇരുട്ടില്‍ പരതി നടന്ന എന്റെ നേരെ ബോള്‍ട്ട് കുതിച്ചെത്തി (എല്ലാ വാക്സിനും കൃത്യമായി എടുപ്പിച്ചു, കഴുത്തില്‍ ബെല്‍റ്റുമിട്ട് ഞങ്ങള്‍ ഓമനിച്ചു വളര്‍ത്തുന്ന നായയാണു ബോള്‍ട്ട്). അവനോടു കാര്യങ്ങള്‍ പറഞ്ഞു, അവനു കാര്യങ്ങൾ ഏറെക്കുറെ ബോധ്യമായെന്നുറപ്പായപ്പോൾ ഞാന്‍ ചെന്നു ലാപ്ടോപ് തുറന്നു, ഇനി ഇന്റർനെറ്റേ ശരണം!

സൗത്ത് ആഫ്രിക്കയിൽ തുടങ്ങി യൂറോപ്യൻ യൂണിയനും കടന്ന് രണ്ട് അമേരിക്കയും താണ്ടി വീണ്ടും കറങ്ങിത്തിരിഞ്ഞ് ഇന്ത്യയില്‍ എത്തി. മനസ്സില്‍ തടയുന്ന പേരുകൾ ഒന്നും കിട്ടുന്നില്ല. പേരുകള്‍ക്ക് ഈ ലോകത്ത് ഇത്ര ക്ഷാമമോ? ചില പേരുകള്‍ ശ്രദ്ധേയമായി തോന്നിയെങ്കിലും, എന്തോ ഒരു പൂര്‍ണതയില്ലാത്തതു പോലെ. ഒന്നുങ്കില്‍ മതപരമായ ഒരു അര്‍ത്ഥം, അല്ലെങ്കില്‍ ആ പേരുകളില്‍ പല ചിത്രങ്ങള്‍ മനസിലെത്തി.

ഒരു മണിവീണയുമെടുത്ത് ലോകം മുഴുവന്‍ നിമിഷനേരത്തിനുള്ളില്‍ സഞ്ചരിക്കുവാന്‍ കഴിയുന്ന നാരദമുനിയില്‍ എന്റെ നോട്ടം ഉടക്കി. പിന്നെ ആ കഥാപാത്രത്തെ തേടി ഞാന്‍ ഇന്റർനെറ്റ്‌ ലോകത്തില്‍ അടുത്ത മുങ്ങാംകുഴിയിട്ടു.

തകർപ്പൻ കഥാപാത്രം... നല്ല ന്യൂസ്‌ സെന്‍സ് ഉള്ള ഒരു മാന്യൻ, ലോകമെങ്ങും വാര്‍ത്തകള്‍ കൈമാറുകയാണ് പ്രധാന ദൗത്യം. അല്പം പൊടിപ്പും തൊങ്ങലും ചേര്‍ക്കുമെന്നല്ലാതെ വാര്‍ത്തകള്‍ അദ്ദേഹം ഒരിക്കലും വളച്ചൊടിക്കില്ല. കേള്‍വിക്കാരന്റെ താല്പര്യം മനസിലാക്കി സത്യസന്ധമായ റിപ്പോര്‍ട്ടിംഗ് നടത്തുന്ന അദ്ദേഹം അർപ്പിച്ചിരിക്കുന്ന കർമ്മം നല്ല ധാരണയോടെ പൂര്‍ത്തിയാകുന്നു.

നാരദ മുനിയെ ഞാൻ മനസ്സാ നമിച്ചു. ഇദ്ദേഹത്തിന്റെ ഒരു പിൻതുടര്‍ച്ചക്കാരനാണ് ഞാനും! "അങ്ങ് എന്നെ അനുഗ്രഹിക്കണം."!

മൂന്നാം ദിവസത്തെ മഹാമഹയോഗത്തില്‍ ഞാന്‍ പേരു മുന്നോട്ട് വച്ചു -
"നമുക്ക് വെബ്‌സൈറ്റിന് 'നാരദാന്യൂസ്' എന്നു പേരു കൊടുത്താലോ?”

പല പുരികങ്ങളും ചുളിഞ്ഞു. ഞാന്‍ മൈൻഡു ചെയ്തില്ല.
"ലോകത്തിലെ ആദ്യത്തെ പത്രപ്രവർത്തകൻ നാരദനാണ്, ഈ പേര് ഒരു വെബ്‌സൈറ്റും ഇതുവരെ ഉപയോഗിച്ചിട്ടുമില്ല,” ഞാൻ വാദിച്ചു.

സുഹൃത്തുക്കൾ തലങ്ങും വിലങ്ങും എന്നെ കടിച്ചുകീറി… നാരദൻ ഇന്ത്യൻ പുരാണത്തിലെ ഒരു നെഗറ്റീവ് കഥാപാത്രം ആണ്, പരദൂഷണക്കാരന്‍ എന്നാണ് കുപ്രസിദ്ധി. അതേതായാലും പറ്റില്ല.

ഒന്നോ രണ്ടോ പേർ തീര്‍ത്തും നിശബ്ദരായിരുന്നു. അതില്‍ ജെയ്‌മോന്‍ എന്ന ഒരു കഥാപാത്രവും ഉണ്ട്. (അക്കഥ ഞാന്‍ ഒടുവിലെ ഐസ് ക്യൂബില്‍ പറയാം.)
നമ്മുക്ക് എന്തു കൊണ്ടു നെഗറ്റീവ് പേര് ഇട്ടൂടാ... പോസിറ്റീവ് ആയിട്ടു നമ്മൾ പ്രവർത്തിച്ചു ന്യൂസ് കൈകാര്യം ചെയ്താൽ പോരെ..?

തെളിവുകള്‍ നിരത്തി ഞാന്‍ സമർത്ഥിച്ചു.

സ്റ്റീവ് ജോബ്‌സ്, മകിന്റോഷ് കണ്ടുപിടിച്ച ശേഷം, ആപ്പിൾ എന്ന പേരും നല്‍കി, ഒരറ്റം കടിച്ച ആപ്പിളിന്റെ ചിത്രമുള്ള ഒരു ലോഗോ കൊടുത്തു. ക്രൈസ്തവ പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ എഴുപതു ശതമാനമുള്ള അമേരിക്കയിൽ ഇതിനെതിരെ രൂക്ഷമായ പടയൊരുക്കം നടന്നു. ആരാധനകളിൽ സുവിശേഷഘോഷകർ പരസ്യമായി "ആദം കടിച്ച ആപ്പിൾ" ചിഹ്നമാക്കിയ ആപ്പിൾ പ്രോഡക്ട് വിശ്വാസികൾ തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ടു.

സ്റ്റീവ് ജോബ്‌സ് കൊടുത്ത മറുപടി ചരിത്രപ്രസിദ്ധമാണ്:
"നിങ്ങൾ ചിഹ്നവും പേരും മറന്നേക്കൂ. ഇതിൽ കയറിനോക്കൂ, സാധനം എങ്ങനെ ഉണ്ട് എന്നു സ്വയമേ വിലയിരുത്തിയതിനു ശേഷം ഈ വിമര്‍ശനങ്ങള്‍ തുടരാം. ഒന്നുകില്‍ നിങ്ങൾക്കു തള്ളാം അല്ലെങ്കിൽ കൊള്ളാം… നിങ്ങളാണ് എന്റെ രാജാവ്‌, ഞാൻ ഒരു ഭൃത്യന്‍ മാത്രം".

അടുത്ത സംശയം, ഒരു ഹിന്ദു ദൈവത്തിന്റെ പേര് നമ്മള്‍ വാണിജ്യവല്‍ക്കരിച്ചാൽ മറ്റുള്ളവർ നമ്മളെ മറ്റൊരു രീതിയില്‍ ചിത്രികരിക്കില്ലേ എന്നായിരുന്നു. നാരദ ഹൈന്ദവനാണോ, ഇസ്ലാം ആണോ, ജൂതനാണോ എന്നൊക്കെ വായനക്കാരന്‍ തന്നെ തീരുമാനിക്കട്ടെയെന്ന് ഞാൻ.

ഒടുവില്‍ പേര് എല്ലാവരും അംഗീകരിച്ചു. അങ്ങനെ നാരദ പിറന്നു. അങ്ങനെ നിങ്ങളുടെ ഇന്റർനെറ്റ്‌ സ്ക്രീനില്‍ നാരദയും...

പിന്നീട് ഒരു സോഷ്യൽ മീഡിയ സുഹൃത്ത് എനിക്കൊരു മെസേജ് അയച്ചു, ഞങ്ങളുടെ നാരായണ സ്വാമിയുടെ പേരു കളയാന്‍ ഇറങ്ങിയിരിക്കുന്ന ദ്രോഹി, നിന്നെ കാണിച്ചു തരാം… നോക്കിക്കോ...

എന്റെ മറുപടി ഇത്ര മാത്രം: "നാരായണ നാരായണ"!

ഐസ് ക്യൂബ്സില്‍ നിന്ന് രണ്ടു കഷണം കൂടി.

സൈറ്റുകൾക്കു പേരിടുമ്പോൾ ആളുകൾ ആദ്യം പരിഗണിച്ചിരുന്നത് രണ്ടു സില്ലബിൾ ഉള്ള പേരുകളായിരുന്നു. അങ്ങനെയാണ് യാഹൂവിന് ആ പേരു കിട്ടിയത്. രണ്ടു സിലബിൾ മാത്രമാകുമ്പോൾ ഓർമ്മയിലെത്താൻ എളുപ്പമാണ് എന്നതാണതിന്റെ ഗുണം. അത്തരം പേരുകളൊന്നും തന്നെ ഇന്നു ലഭ്യമല്ല. എടുക്കാവുന്നത്രയും ആദ്യപഥികർ എടുത്തുകഴിഞ്ഞു. ഇനിയുണ്ടെങ്കിൽ തന്നെ അവ ഗവേഷണം ചെയ്തു കണ്ടുപിടിച്ചുവരിക എന്നത് ഭഗീരഥ പ്രയത്നം ആവശ്യപ്പെടുന്ന പരിപാടിയാണ്. വേറെ മാർഗ്ഗം നോക്കുകയേ നിവൃത്തിയുള്ളൂ.

ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്നു ചോദിച്ചത് കഥയൊക്കെ എഴുതുന്ന, ആ 'പാലാക്കാരൻ നസ്രാണി'യാണ്. അതൊരു ഒന്നൊന്നര ചോദ്യമാണ്. ക്ലിക്ക് ആകുന്ന ബ്രാൻഡ് നെയിം എന്നതു പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്ന കാര്യമാകും. എന്നാലും വലിയ വലിയ ബുദ്ധിരാക്ഷസന്മാർക്കു പറ്റിയ പണിയല്ല, അത്. ടാർഗറ്റ് ഗ്രൂപ്പിനെ നിശ്ചയിച്ചു കഴിഞ്ഞാൽ അവരുമായി റിലേറ്റ് ചെയ്യാൻ കഴിയുന്ന പേരുവേണം ഇടാൻ.

പുതിയ സംരംഭത്തെ കുറിച്ചുള്ള ആദ്യ ആലോചനയിൽ തന്നെ അതൊരു ബഹുഭാഷാ സംരംഭമാകും എന്നുറപ്പാക്കിയിരുന്നു. ഇന്ത്യയിലെ വൈവിധ്യമാർന്ന ഭാഷാ സമൂഹങ്ങൾക്ക് ഒരേപോലെ അപ്പീലിങ് ആയ പേരു വേണം. സാധാരണക്കാരന് മനസ്സിലാകുന്ന പേരുമായിരിക്കണം. അതിന് ഈ പുരാണ കഥാപാത്രത്തേക്കാൾ പറ്റിയ ഓപ്ഷനേതുണ്ട്?എന്നാൽ ബുദ്ധി കൂടുതലുള്ളവർക്ക് അതിൽ നൂറു കുറ്റം കണ്ടുപിടിക്കാനുണ്ടാകും.

പൊക്കമില്ലാത്തതാണ് എന്റെ പൊക്കം എന്നു പണ്ടു കുഞ്ഞുണ്ണിമാഷ് പറഞ്ഞതുകണക്കേ, ബുദ്ധിയില്ലാത്തതാണ് എന്റെ ബുദ്ധി എന്ന് ഈയുള്ളവൻ പറയും. കാര്യങ്ങളെ ലളിതമായി സമീപിക്കേണ്ടിടത്ത് അങ്ങനെ സാധിക്കുന്നത് വലിയ ബുദ്ധിയില്ലാത്തതുകൊണ്ടാണ്. അതൊരു കുറവല്ല. മറിച്ച് അനുഗ്രഹമാണ്. നല്ല പത്രക്കാരാരും ബുദ്ധിയുള്ളതുകൊണ്ടല്ല, അങ്ങനെയായത്. ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കാനും ചിന്തിക്കാനും കഴിയുന്നതുകൊണ്ടാണ്.

ആലോചനായോഗത്തിലെ ബുദ്ധിരാക്ഷസന്മാർ നിർദ്ദേശിച്ച പേര് thenexthashtag എന്നായിരുന്നു. ഇടയിടാതെ നാല് ഇംഗ്ലീഷ് വാക്കുകൾ കൂട്ടിവച്ചത് വായിക്കാൻ നിങ്ങൾ ബുദ്ധിമുട്ടിയെങ്കിൽ ഞങ്ങളുടെ ഒരു സന്ദർശകയെ/നെ ഞങ്ങൾക്കു നഷ്ടമായി എന്നാണർത്ഥം. വായിക്കാൻ കഴിഞ്ഞവരാവട്ടെ, അതിന്റെ അർത്ഥാന്തരങ്ങളിലേക്കാവും ഊളിയിടുക. നാരദാന്യൂസ് എന്ന പേരിൽ ഈ ബുദ്ധിമുട്ടൊന്നുമില്ല. ഇന്ത്യൻ ഡയസ്പോറയ്ക്ക് - അവരേതു ഭാഷക്കാരാണെങ്കിലും - അത്യധികം കമ്മ്യൂണിക്കേറ്റീവ് ആണു താനും.

പതിനാറാം നൂറ്റാണ്ടില്‍ ന്യൂട്ടൺ ചിന്തിച്ചത് എന്തുകൊണ്ടാണ് ആപ്പിള്‍ മുകളിലേക്കു പോകാഞ്ഞത് എന്നായിരുന്നെങ്കില്‍ 21ാം നൂറ്റാണ്ടില്‍ ഞാൻ ചിന്തിച്ചത് എന്തുകൊണ്ടാണ് ആ ചക്ക വീഴ്ചയില്‍ ഛിന്നഭിന്നമായി പോയത് എന്നാണ്. വാസ്തവത്തിൽ എന്റെ തലയായിരുന്നില്ലേ പിഞ്ഞിപ്പോവേണ്ടിയിരുന്നത്? അതും ഗവേഷണവിഷയം ആക്കേണ്ടതല്ലേ, മാന്യരേ?

ഭാവി വെബ്‌സൈറ്റിന് എന്തെങ്കിലും പേര് നിർദേശിക്കാന്‍ നിയുക്ത CEO ജെയ്‌മോൻ മാത്യു വര്‍ഗ്ഗീസിനോട് ഞാന്‍ ആവശ്യപ്പെട്ടു. അവന്റെ മറുപടി
"അച്ചായന്‍ എന്തു കുന്തം വേണമെങ്കിലും ഇട്ടോ..."

"എന്നാല്‍ പിന്നെ നമ്മുക്ക് www.kunthamnews.com എന്നിട്ടാലോ?"എന്റെ ചോദ്യം
"കലക്കി അച്ചായാ, കലക്കി. ഇല്ലെങ്കില്‍ ഇതു നമ്മള് കലക്കും"

വലിയ ആ ശരീരത്തിലെ ചെറിയ മനസ്സില്‍ നിഷ്കളങ്കത മാത്രമായിരുന്നു. എങ്ങനെയുണ്ട് നാരദയുടെ ഈ CEO എന്നും നിങ്ങള്‍ തന്നെ വിലയിരുത്തുന്നതാണ് നല്ലത്.

ഒന്നിനും നമ്മളില്ലേ...
(ചിത്രം: നാരദാ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെയ്‌മോൻ മാത്യു വർഗീസും)