നാദാപുരം കലാപങ്ങള്‍: കണ്ണടച്ച് ഇരുട്ടാക്കാനുള്ള പാഴ്ശ്രമങ്ങള്‍ക്കൊരു മറുപടി

''എന്റെ ലേഖനം അര്‍ദ്ധ സത്യങ്ങളും പെരും നുണകളുമാണെന്ന് ആക്ഷേപിച്ചു കൊണ്ട് എഴുതിയ മറുപടി ലേഖനത്തില്‍ പലയിടത്തും മുറം കൊണ്ട് സത്യത്തിന്റെ സൂര്യനെ മറയ്ക്കാനുള്ള പാഴ്ശ്രമം നടത്തുകയാണ് ജൂലിയസ്''

നാദാപുരം കലാപങ്ങള്‍:  കണ്ണടച്ച് ഇരുട്ടാക്കാനുള്ള പാഴ്ശ്രമങ്ങള്‍ക്കൊരു മറുപടി

ഷംസീർ

ഞാൻ നാരദാ ന്യൂസിൽ എഴുതിയ ലേഖനത്തെ, പെരും നുണയും അർദ്ധ സത്യങ്ങളും കുത്തിനിറച്ച വലുതു പക്ഷ പ്രചരണം എന്ന് വിശേഷിപ്പിച്ച് ജൂലിയസ് മിർഷാദ് എഴുതിയ കുറിപ്പ് വായിച്ചു. സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്ററുടേയും മുൻ എംഎൽഎ കെ കെ ലതികയുടെയും മകനായ ജൂലിയസിന്  പരിമിതികൾ കാണും. ഒരു പ്രവർത്തകൻ എന്ന നിലയിൽ  പാർട്ടിയെ പ്രതിരോധിക്കുക എന്ന അദ്ദേഹത്തിന്റെ ചുമതല ഉൾക്കൊണ്ടു തന്നെ ചില കാര്യങ്ങൾ വിശദമാക്കട്ടെ.


അദ്ദേഹം ഉന്നയിക്കുന്ന പ്രധാന വിമർശനങ്ങളിലൊന്നു ഞാൻ എൻഡിഎഫ് രൂപീകരണത്തെ ന്യായീകരിച്ചു എന്നാണ്. നാദാപുരത്തെ വർഗീയ കലാപങ്ങളുടെ ഉപോത്പന്നമായിരുന്നു എൻഡിഎഫ് എന്ന് സൂചിപ്പിച്ചാൽ അതെങ്ങനെ ന്യായീകരിക്കലാകും? എൻഡിഎഫിനേയോ അതിന്റെ ആശയങ്ങളേയോ കുറിച്ചല്ലായിരുന്നു ആ കുറിപ്പ്. വര്‍ഗീയാടിസ്ഥാനത്തില്‍ സംഘടിക്കപെട്ട ഒരു സംഘടനയുടെ  പിറവി, നാദാപുരം കലാപത്തില്‍ ഉണ്ടായി എന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കുക മാത്രമായിരുന്നു.

പിന്നീട് അദ്ദേഹം പറയുന്നത് വളയത്ത് വച്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ജന്മി - കുടിയാന്‍ സംഘര്‍ഷത്തില്‍ ഹിന്ദു ജന്മിയാല്‍ കൊല്ലപെട്ട ആലിക്കല്‍ കുഞ്ഞിരാമന്റെ പേര്  ഞാൻ ലേഖനത്തിൽ പരാമര്‍ശിച്ചില്ല എന്നതാണ്. ഞാനെഴുതിയ ലേഖനം നാദാപുരത്തെ കര്‍ഷക സംഘത്തിന്റെ ചരിത്രമോ,  കേരളം രൂപീകൃതമായതിന് ശേഷം നാദാപുരത്ത് നടന്ന കൊലകളുടെ ചരിത്രമോ, ജന്മി - കുടിയാന്‍ കലാപങ്ങളുടെ ചരിത്രമോ ആയിരുന്നില്ല. ഇക്കാര്യമെങ്കിലും മനസിലാക്കുക.

അസ്ലം എന്ന ചെറുപ്പക്കാരന്റെ കൊലയിലേക്ക് നയിച്ച രാഷ്ട്രീയവും വര്‍ണക്കടലാസില്‍ പൊതിഞ്ഞ നാദാപുരത്തെ വര്‍ഗ്ഗീയ കലാപങ്ങളുടെ  ചരിത്രവും വര്‍ത്തമാനവും ആയിരുന്നു പ്രതിപാദ്യ വിഷയം.

ഞാന്‍ ആലിക്കല്‍ കുഞ്ഞിരാമന്റെ പേര് പരാമര്‍ശിച്ചില്ല എന്ന് ജൂലിയസ് പരാതിപ്പെടുന്നുണ്ട്. എന്നാൽ  ജൂലിയസിന്റെ ലേഖനം അരിച്ച് പെറുക്കിയിട്ടും അതില്‍ ഏതൊരു പാശ്ചാത്തലത്തിലാണോ ഈ ലേഖനങ്ങള്‍ എഴുതിയത് അതിനെ കുറിച്ച് ഒരു പരാമര്‍ശം പോലും കണ്ടില്ല. ദരിദ്രനും  രണ്ട് സഹോദരിമാരുടേയും ഉമ്മയുടേയും ഏക ആശ്രയവുമായിരുന്ന അസ്ലം എന്ന ചെറുപ്പക്കാരന്‍ അതി ദാരുണമായി കൊല്ലപെട്ട സംഭവമാണല്ലോ ഇപ്പോഴത്തെ പശ്ചാത്തലം.

അതിനെ കുറിച്ച് ഒരു വാക്ക് പോലും ജൂലിയുടെ ലേഖനത്തില്‍ കണ്ടില്ല. സി പി ഐ (എം) നേതാക്കള്‍ ഇന്നോവയും വാടകയ്ക്ക് എടുത്തുകൊടുത്ത് വടിവാളും നാല് ഫുള്ളും വണ്ടിയില്‍ വച്ചു കൊടുത്ത് കൊല്ലാന്‍ പറഞ്ഞയച്ച ഗുണ്ടാസംഘത്തെ പരസ്യമായി ന്യായീകരിക്കാന്‍ പറ്റാത്തതിനാലാണോ അത്?  ഏത് കോടതി വെറുതെ വിട്ടാലും ഏത് മാളത്തില്‍ ഒളിച്ചാലും സിപിഐഎമ്മിന്റെ കോടതി വെറുതേ വിടില്ല എന്ന് ആക്രോശിച്ച ഏരിയാ സെക്രട്ടറി ചാത്തുവിനെ പോലെ പറയാന്‍, അസ്ലം പ്രതിചേര്‍ക്കപ്പെട്ട അതേ വകുപ്പുകൾ ചുമത്തി പ്രതിചേര്‍ക്കപെട്ട, ഏകദേശം  അസ്ലം ജയിലില്‍ കിടന്ന കാലയളവോളം ജയിലില്‍ കിടന്ന, അസ്ലം കുറ്റവിമുക്തനാക്കപ്പെട്ടത് പോലെ കോടതി കുറ്റവിമുക്തനാക്കിയ പി മോഹനന്‍ മാഷിന്റെ മകന് സാധിക്കില്ല എന്നതു കൊണ്ടോ ആയിരിക്കും.

അതെന്തോ ആകട്ടെ. എന്റെ ലേഖനം അര്‍ദ്ധ സത്യങ്ങളും പെരും നുണകളും ആണെന്ന് ആക്ഷേപിച്ച് കൊണ്ട് എഴുതിയ മറുപടി  ലേഖനത്തില്‍ പലയിടത്തും മുറം കൊണ്ട് സത്യത്തിന്റെ സൂര്യനെ മറയ്ക്കാനുള്ള പാഴ് ശ്രമം നടത്തുകയാണ് ജൂലിയസ്.

2001 ല്‍ നടന്ന കലാപത്തില്‍ മൊയ്തു ഹാജി കൊല്ലപ്പെട്ട കാര്യം പറഞ്ഞ ഷംസീര്‍ എന്തേ ഡി വൈ എഫ് ഐ നേതാവായിരുന്ന സന്തോഷ് കൊല്ലപ്പെട്ടത് പറയാതിരുന്നതെന്ന് ജൂലിയസ് ചോദിക്കുന്നുണ്ട്. മാത്രമല്ല ഒരു പ്രശ്‌നവും ഇല്ലാതിരുന്ന  പ്രദേശത്ത് സന്തോഷിനെ കൊന്ന് കലാപം സൃഷ്ടിക്കുകയായിരുന്നില്ലേ എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്. ഞാന്‍ മൊയ്തു ഹാജിയുടേതുള്‍പ്പെടെ ഒരു പേരും ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നില്ല. കൊലപാതകത്തിന്റെ ടാലിയും അവതരിപ്പിച്ചിരുന്നില്ല.  ബോധപൂര്‍വ്വം തന്നെ ചെയ്തതാണത്.

പക്ഷെ വെറും പതിനഞ്ച് കൊല്ലം മുന്‍പ്  നടന്ന 2001 ലെ കലാപത്തെ കുറിച്ചു പോലും പെരും നുണകള്‍ പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കുമ്പോൾ അന്നത്തെ പത്രങ്ങളും ഓര്‍മ്മകളും ഇന്നും അവശേഷിക്കുന്നുണ്ടെന്നെങ്കിലും ഓർക്കണമായിരുന്നു. സന്തോഷിന്റെ മരണത്തോടെ ആയിരുന്നു കലാപങ്ങളുടെ തുടക്കം എന്ന് ജൂലിയസ് പറഞ്ഞു. ജൂലിയസ് കണ്ണടച്ചാല്‍ ജൂലിയസിനെ ഇരുട്ടാകൂ. പാറക്കടവില്‍ നിന്ന് മോഷണം പോയ ലീഗ് കൊടിയെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കലാപത്തിന്റെ തുടക്കം.

ജൂലൈ നാലിന് പേരോട് ഉണ്ടായ സംഘര്‍ഷത്തില്‍ മീത്തലായില്‍ ഷമീര്‍ എന്ന ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമണമുണ്ടായി. ആ കലാപത്തിലാണ് സി പി ഐ (എം ) പ്രവര്‍ത്തകര്‍ ആദ്യമായ് വീടുകള്‍ ആക്രമിക്കുന്ന കലാപരിപാടിക്ക് തുടക്കമിട്ടത്.
മണിക്കൂറുകള്‍ക്കകം സി പി ഐ (എം) പ്രവര്‍ത്തകരായ കുളിര്‍മ്മാവില്‍ ചാത്തു, അരക്കണ്ടി കണ്ണന്‍ എന്നിവരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. പിറ്റേ ദിവസം സമാധാന കമ്മറ്റി ചേര്‍ന്നെങ്കിലും രാത്രി വീണ്ടും വീടുകള്‍ക്ക് നേരേ ആക്രമണമുണ്ടായി. തെയ്യുള്ളതില്‍ മുനീര്‍, തൊടുവയില്‍ സഫീര്‍ എന്നിവരുടെ വീട് ആക്രമിച്ച് സ്വർണമുൾപ്പെടെയുള്ള വസ്തുക്കൾ കൊള്ളയടിച്ചു.  നാദാപുരം കലാപങ്ങളിലെ ആദ്യത്തെ വീട്  കൊള്ള അതായിരുന്നു.

ഈ കലാപത്തില്‍ സന്തോഷിനും മുൻപ് കൊല്ലപ്പെട്ട ഒരു സി പി ഐ എം പ്രവര്‍ത്തകന്റെ പേര് ജൂലിയസ് ബോധപൂര്‍വ്വം പറയാതെ വിട്ടിട്ടുണ്ട്. വെള്ളാട്ട് ഹാരിസിന്റെ വീട് ആക്രമിക്കാനുള്ള ശ്രമത്തിനിടയില്‍ കയ്യിലിരുന്ന ബോംബ് പൊട്ടി മരിച്ച തട്ടാരത്ത് ജയന്റെ പേര്. തുടർന്ന് സംഘര്‍ഷം വ്യാപിച്ചു. അതിനും ശേഷമാണ് സന്തോഷ് കൊല്ലപ്പെടുന്നത്.

സ്വന്തം വീടിന് അഞ്ച് കിലോമീറ്ററപ്പുറത്തുള്ള  ലീഗുകാരന്റെ വീട് ആക്രമിക്കാന്‍ ചെന്ന സംഘത്തിലെ അംഗമായിരുന്നു  സന്തോഷ്.  അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ ആത്മരക്ഷാര്‍ത്ഥം വെടിവച്ച ഗൃഹനാഥനാലാണ് സന്തോഷ് കൊല്ലപ്പെടുന്നത്.

ആദ്യ ലേഖനത്തില്‍ ഇക്കാര്യങ്ങളൊന്നും വിശദമായി പ്രതിപാതിക്കാതിരുന്നത് നാദാപുരത്തെ കൊലപാതകങ്ങളുടെ കണക്കെടുപ്പായിരുന്നില്ല ഉദ്ദേശ്യം എന്നതിനാലാണ്.  അതുകൊണ്ടു തന്നെയാണ് വയോധികനായ മൊയ്തുഹാജിയെ വീടിനുള്ളില്‍ കയറി, കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് അതി ദാരുണമായി കഴുത്തറുത്ത് കൊന്ന കൊടും ക്രൂരതയെ കുറിച്ചും വിശദീകരിക്കാതിരുന്നത്. ഇതിന്റെയൊക്കെ തുടർച്ചയായി ഇരു ഭാഗത്തും വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്.

പിന്നെ ജൂലിയസ് പറഞ്ഞത് നാദാപുരത്ത് ലീഗ് വര്‍ഗീയമായി ആക്രമണങ്ങളില്‍ ഏർപ്പെടുമ്പോൾ സി പി ഐ എം രാഷ്ട്രീയമായി അതിനെ നേരിടുക മാത്രായിരുന്നുഎന്നാണ്.  ഒട്ടും വര്‍ഗീയമായിരുന്നില്ല എന്നാണ്.

എ കണാരന്‍ കൊല്ലപ്പെട്ടു എന്ന കിംവദന്തിയില്‍ 1988 സെപ്തംബര്‍ 17 നു കലാപം ആരംഭിച്ചു. ഒക്ടോബറില്‍ വാണിമേലില്‍ വച്ച് കൊല്ലപെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ താഴെ കണ്ടി മമ്മു, പിന്നീട് അതെ കലാപത്തില്‍ കൊല്ലപെട്ട നരിപറ്റയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അബ്ദുള്ള തുടങ്ങി  വിവിധ കാലഘട്ടങ്ങളില്‍ ഉണ്ടായ കലാപങ്ങളില്‍ കൊല്ലപെട്ട പലരുടേയും അരും കൊലകളും കഷ്ട നഷ്ടങ്ങളും സാക്ഷി. എക്കാലവും നാദാപുരം കലാപങ്ങള്‍ രാഷ്ട്രീയത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വര്‍ഗീയ കലാപങ്ങളായിരുന്നു.

തെരഞ്ഞെടുപ്പടുപ്പിച്ചാണ്  കലാപങ്ങളുണ്ടായിരുന്നതെന്നാണ് ജൂലിയസ് പറയുന്നത്.  സത്യമാണത്. പക്ഷേ ആ കലാപങ്ങള്‍ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മേഖലയില്‍ ജയിക്കുന്നത് സി പി ഐ എം അല്ലെങ്കില്‍ എല്‍ ഡി എഫ് കക്ഷികളാണെന്നത് കൂട്ടി വായിക്കുമ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത  കൈവരും.

അങ്ങനെ ഒരു വര്‍ഗീയ കലാപമുണ്ടാകാതെ നടന്ന ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സി പി ഐ എം പരാജയപെട്ടപ്പോള്‍ നാദാപുരത്ത് എല്‍ ഡി എഫ് കഷ്ടിച്ച് ജയിക്കുകയായിരുന്നു.  കലാപത്തിന്റെ ഗുണഭോക്താക്കള്‍ ആരായിരുന്നു എന്ന് ഇതില്‍ നിന്ന് തന്നെ മനസിലാകും. ബോധപൂര്‍വ്വമാണെങ്കിലും അല്ലെങ്കിലും.

ഞാന്‍ സി പി ഐ എം വര്‍ഗീയ കക്ഷിയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം  പെരും നുണകളും അര്‍ദ്ധ സത്യങ്ങളും വച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ചതിനാലാണ് ഇത്രയും വിശദീകരിച്ചത്.

എന്റെ ഏറ്റവും നല്ല സുഹൃത്തുക്കള്‍, ഏറ്റവും നല്ല അധ്യാപകര്‍, പരിചയമുള്ള സാമൂഹിക പ്രവര്‍ത്തകര്‍,  നല്ല നേതാക്കള്‍ തുടങ്ങി ഒട്ടനേകം പേരില്‍ എത്രയോ  കമ്യൂണിസ്റ്റുകളുമുണ്ട്. എന്നിരിക്കേ ഞാന്‍ എന്തിന് കമ്യൂണിസ്റ്റുകളോട് അന്ധമായ വിരോധം വച്ച് പുലര്‍ത്തണം. വിയോജിപ്പുകളും എതിരഭിപ്രായങ്ങളുമുണ്ട്.  അതൊക്കെ വിഷയബന്ധിതമാണ്.

ജൂലിയസിനെ പോലെ ഏതെങ്കിലും ഒരു സംഘത്തെ ന്യായീകരിക്കേണ്ട ഭാരം എന്റെ ചുമലുകളില്‍ ഇല്ല. നാദാപുരത്തെ സംബന്ധിച്ചിടത്തോളം എന്റെ അഭിപ്രായം ഇതാണ്.

നാദാപുരത്ത് സി പിഐഎമ്മിലും  ലീഗിലുമുള്ള  ഒരു വിഭാഗമെങ്കിലും  പിന്തുടരുന്നത് വര്‍ഗീയ രാഷ്ട്രീയമാണെന്ന് പകല്‍ പോലെ വ്യക്തമാണ്.  അത്  മനസിലാക്കാതെയും ഉള്‍ക്കൊള്ളാതെയും  ആ രാഷ്ട്രീയം തിരുത്തുവാനോ അതില്‍ നിന്ന് വ്യതിചലിക്കുവാനോ  സാധ്യമാകില്ല. മുസ്ലീം ലീഗായാലും സി പി ഐ എം ആയാലും വര്‍ഗീയപരമായി സംഘര്‍ഷങ്ങള്‍ ഏറ്റെടുക്കുന്ന സംഘങ്ങളാണ് ഇരു ഭാഗത്തും ഏറെയുള്ളത്.

കണ്ണടച്ച് ഇരുട്ടാക്കുന്ന സംവാദങ്ങളോട് താല്‍പര്യമില്ല. ആത്മാര്‍ത്ഥവും സത്യസന്ധവുമായ വിശകലനവും വിലയിരുത്തലുമാണ് വേണ്ടത്. ഇത് കേവലം വാദിച്ച് ജയിക്കേണ്ട ഒരു വിഷയമല്ല.  കഴിഞ്ഞ ഒരു തലമുറ കൈ വിട്ട സാഹോദര്യത്തിന്റേയും മതേതരത്വത്തിന്റേയും വീണ്ടെടുപ്പ് ആവശ്യപെടുന്ന ചര്‍ച്ചയായി കാണാനാണ് താല്‍പര്യം.

നാദാപുരത്തങ്ങാടിയില്‍ അലഞ്ഞ് തിരിഞ്ഞ് തക്കം കിട്ടിയാല്‍ ആളെ കടിക്കുന്ന അങ്ങാടിപ്പട്ടികളപ്പോലുള്ള മനുഷ്യരോ അത്തരം പട്ടികളുടെ എണ്ണം  കൂടുമ്പോഴുള്ള അഹങ്കാരമോ  അല്ല നിലനിര്‍ത്തപ്പെടേണ്ടത്.

രാഷ്ട്രീയം ഒരു സാമൂഹിക പ്രവര്‍ത്തനമായി പരിവര്‍ത്തിക്കപ്പെടാത്ത കാലത്തോളം പരസ്പരം പഴിചാരിയും മൂപ്പിളമത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടും കാലം കഴിക്കാം. കൊലകളും കലാപങ്ങളും ബോംബ് നിർമ്മാണവുമെല്ലാം അതിന്റെ ഒപ്പം നിലനിന്നു കൊള്ളും.

Read More >>