ആരോഗ്യം കളഞ്ഞുള്ള സന്തോഷം വേണോ ?

നമ്മള്‍ അറിഞ്ഞു കൊണ്ട് സൃഷ്ടിക്കുന്ന രോഗങ്ങളെയെങ്കിലും പടിക്ക് പുറത്തുനിര്‍ത്താന്‍ ശ്രമിക്കാം.

ആരോഗ്യം കളഞ്ഞുള്ള സന്തോഷം വേണോ ?

അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ടു ചെന്നെയിലെ ആശുപത്രിയില്‍ എത്തിയ ബാങ്ക് മാനേജര്‍ ശിവദാസ് തന്‍റെ കോളേജ് സുഹൃത്തായ ഷാജനെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്നത് അവിടെ വച്ചാണ്‌. ബിസിനസ് രംഗത്ത് ഒരു കാലത്ത് സ്വന്തമായി ഒരിടം കണ്ടെത്തിയ ഷാജന്‍ ഇപ്പോള്‍ വിവിധ ചികിത്സകളുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ ആശുപത്രിവാസവുമായി കഴിയുന്നത്‌. കോളേജില്‍ വച്ചു പോലും ഫിസിക്കല്‍ ഫിട്നെസ്സ് നന്നായി ശ്രദ്ധിക്കുമായിരുന്ന ഷാജന്‍റെ ഇന്നത്തെ രൂപം ശിവദാസിനെ അതിശയിപ്പിക്കുന്നതായിരുന്നു. അതിലുപരിയായി മാനസികമായ നിരാശയും.


ആധുനിക ജീവിത ശൈലിയും അധിക ആത്മവിശ്വാസവും തകര്‍ക്കുന്ന ഇന്നത്തെ മുതിര്‍ന്ന യുവതലമുറയുടെ ഒരു പ്രതിനിധി മാത്രമാണ് ഷാജന്‍. ഞാന്‍ ഇപ്പോഴും സുരക്ഷിതനാണ് എന്ന ചിന്തയില്‍ സ്വയം വിളിച്ചു വരുത്തുന്ന രോഗങ്ങളെ കുറിച്ച് മലയാളികള്‍ ഇനിയും അവബോധരാകേണ്ടതുണ്ട്. ആരോഗ്യം കളഞ്ഞുള്ള സന്തോഷം വേണോ എന്ന് ഒന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും.

മലയാളികള്‍ക്ക് ഇന്ന് ശീലമായിരിക്കുന്ന ചില രോഗങ്ങള്‍:

1. ഹൃദയ സംബന്ധമായ രോഗങ്ങള്‍:

Heart-health-graphic

ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം മരണത്തിന് ഇടയാക്കുന്ന അവസ്ഥയാണ് ഹൃദയസംബന്ധമായ രോഗങ്ങള്‍. ഇത് അധികമായി നശിപ്പിക്കുന്നത് 35 മുതല്‍ 65 വയസ്സുവരെയുള്ള ജീവിതങ്ങളെയാണ്‌ എന്ന് പറയുമ്പോള്‍, സാമൂഹികപരമായും സാമ്പത്തികപരമായും ഉള്ള നഷ്ടം എത്രയാണ് എന്ന് ഓര്‍ക്കണം. കുടുംബത്തില്‍ ഇവ സൃഷ്ടിക്കുന്ന മാനസിക പ്രയാസങ്ങല്ക്കുപരി, പലപ്പോഴും ചികിത്സിക്കുവാനുള്ള തത്രപാട് കൂടി അവര്‍ക്ക് പ്രദാനം ചെയ്യപ്പെടുകയാണ്.
ശരിയായ ആഹാരചിട്ടയും, സ്ഥിരമായ വ്യായാമവും നല്ലൊരു പരിധി വരെ ഈ രോഗാവസ്ഥ വരാതിരിക്കാന്‍ സഹായിക്കുന്നു.

2. കരള്‍ രോഗങ്ങള്‍:

Restrictive_Lung_Diseases_

കേടായ ഭാഗത്തെ സ്വയം റിപ്പയര്‍ ചെയ്യാനുള്ള കഴിവ് കരളിനുണ്ട് എന്ന ഒരു അറിവിനെ വികലമായ മുതലാക്കി കരളിനെ നശിപ്പിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. അപ്രതീക്ഷിത മരണം നടന്ന പല പ്രശസ്തരുടെയും മരണത്തിനു ഇടയാക്കിയത് കരള്‍ രോഗമാണ് എന്നുള്ളതും ശ്രദ്ധേയം. എന്തിനാണ് കരളിനോടു ഇത്ര വാശി? കേടു വന്ന ഭാഗങ്ങള്‍ സ്വാഭാവികമായി പുനരുല്‍പ്പാദിപ്പിക്കുവാന്‍ കരളിനുള്ളതിലും അധികമായ ഭാരമാണ് ഇന്നത്തെ ജീവിത ശൈലി സമ്മാനിക്കുന്നത്.
മദ്യപാനവും പുകവലിയും നിയന്ത്രവിധേയമാക്കുക എന്നതിലും കവിഞ്ഞു ഈ ഒരു രോഗാവസ്ഥയ്ക്ക് മറ്റൊരു പ്രഥമ പരിഹാരം നിര്‍ദേശിക്കുവാന്‍ ഇല്ല.

3. സ്ട്രോക്ക്:

stroke

ശരീരത്തിന്‍റെ ഒരു ഭാഗമോ, ചിലപ്പോള്‍ ശരീരം മുഴുവനായോ തളര്‍ന്നു പോകുന്ന രോഗാവസ്ഥ ഇന്ന് അപൂര്‍വമല്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അത് സാധാരണം ആയിരിക്കുന്നു. മാനസിക സമ്മര്‍ദം, രക്തസമ്മര്‍ദം എന്നുള്ള കാരണങ്ങളാണ് ഇക്കാര്യത്തിലെ പ്രധാന വില്ലന്‍. ഇതിനു കാരണമാകുന്നതോ ജീവിതശൈലിയും. ഇന്ത്യയില്‍ ഏറ്റവും അധികം മരണം സൃഷ്ടിക്കുന്ന മൂന്നാമത്തെ കാരണമാണ് സ്ട്രോക്ക്. ചെലവേറിയ ചികിത്സ രീതികള്‍ക്കും ശേഷം സുഖപ്പെടും എന്ന് ഉറപ്പില്ലാത്ത സ്ട്രോക്ക് ഒഴിവാക്കാന്‍ ശരീരഭാരം നിയന്ത്രിക്കുകയും, ശരിയായ ഡയറ്റിലുള്ള ഭക്ഷണം കഴിക്കുകയും ചെയ്യണം. സമ്മര്‍ദ്ദം ഒഴിവാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുക.

4. ഡയബറ്റിക്സ്‌ (പ്രമേഹം)

diabetes

ഒരു രോഗാവസ്ഥയ്ക്ക് ഉപരിയായി ഇന്ന് ഒരു സോഷ്യല്‍ സ്റ്റാറ്റസ് ആയി മാറിയിരിക്കുകയാണ് ഡയബറ്റിക്സ്‌. സ്ത്രീ പുരുഷ ഭേദമെന്യയും, മുതിര്‍ന്നവര്‍ എന്നോ കുട്ടികള്‍ എന്നോ വ്യത്യാസം ഇല്ലാതെയാണ് പ്രമേഹം ഇത്ര വ്യാപകമാകുന്നത്. ഇതിനെ ഗുരുതരമായ ഒരു രോഗാവസ്ഥ എന്ന് പറയാന്‍ കഴിയില്ലെങ്കിലും മറ്റു പല രോഗങ്ങളുടെയും കാഠിന്യയത്തെ മൂര്‍ച്ചിപ്പിക്കുവാന്‍ ഇതിനു സാധിക്കുന്നു.

കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുകയും, കാര്‍ബോഹൈഡ്രേറ്റും നാരുകളും അധികമുള്ളവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ് പ്രമേഹത്തെ തടഞ്ഞു നിര്‍ത്തുവാന്‍ ശ്രമിക്കാവുന്ന ഒരു പ്രധാന മാര്‍ഗ്ഗം. ശരീരഭാരവും നിയന്ത്രണ വിധേയം ആയിരിക്കണം.

ഒരു ഇന്‍ഷുറന്‍സിനും, മരുന്നുകള്‍ക്കും ആരോഗ്യത്തെ പരിപാലിക്കാന്‍ കഴിയില്ലെന്ന് ഓര്‍ക്കുക. നമ്മള്‍ അറിഞ്ഞു കൊണ്ട് സൃഷ്ടിക്കുന്ന രോഗങ്ങളെയെങ്കിലും പടിക്ക് പുറത്തുനിര്‍ത്താന്‍ ശ്രമിക്കാം.