സലഫിസത്തിന്റെ സ്വാധീനം മുസ്ലീം യുവാക്കളെ വഴിതെറ്റിക്കുന്നു: അഷറഫ് കടയ്ക്കലിന്റെ പ്രസംഗം കേള്‍ക്കാം

''നിങ്ങളുടെ ബന്ധുക്കളില്‍ ഒരാള്‍ പിഴച്ച വിശ്വാസത്തിലേക്ക് നിങ്ങുന്നു എന്ന് കണ്ടാല്‍ ശരിയായ മാര്‍ഗം പറഞ്ഞു കൊടുക്കാന്‍ പള്ളിയിലെ മൊല്ലാക്കയെ അല്ല ഏല്‍പ്പിക്കേണ്ടത്. നിങ്ങള്‍ക്കോരോരുത്തര്‍ക്കും അതിനുത്തരവാദിത്തമുണ്ട്. എനിക്കുത്തരവാദിത്തമുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ട്. മത നേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്. സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ഈ പിഴച്ച വിശ്വാസം എന്നേയും നിങ്ങളേയും സംസ്‌കാരത്തേയും അപകടമാക്കുമെന്ന തിരിച്ചറിവുണ്ടാകണം''

സലഫിസത്തിന്റെ സ്വാധീനം മുസ്ലീം യുവാക്കളെ വഴിതെറ്റിക്കുന്നു: അഷറഫ് കടയ്ക്കലിന്റെ പ്രസംഗം കേള്‍ക്കാം

എംഎസ്എഫ് സംസ്ഥാന കോണ്‍ഫറന്‍സില്‍ അഷറഫ് കടയ്ക്കല്‍ നടത്തിയ പ്രസംഗം''ചരിത്രം വളരെ മനോഹരമായി രേഖപ്പെടുത്തിയ പാര്‍ട്ടിയുടെ താത്വികന്‍ എന്ന് ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എം.സി. വടകര, എന്റെ മറ്റു പ്രിയപ്പെട്ട എം.എസ്.എഫിന്റെ ഭാരവാഹികളെ, സഹോദരീ സഹോദരന്മാരെ,

ഞാന്‍ ഇവിടെ ആമുഖമായി സൂചിപ്പിച്ച പോലെ, ഈ സദസ്സിനോട്, അന്തർദേശീയ മുസ്ലിം രാഷ്ട്രീയ ചലനങ്ങളെ കുറിച്ച് കാര്യമായി സംസാരിക്കുന്നില്ല എന്ന് ആമുഖമായി തന്നെ പറയട്ടെ.  ഞാന്‍ വളരെ കുറച്ചു സമയത്തിനുള്ളില്‍ എം.എസ് എഫിന്റെ പ്രവര്‍ത്തകരും അല്ലാത്തവരുമൊക്കെയായ അനുയായികളായ വിദ്യാര്‍ത്ഥികളോട് ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇതിന്റെ പേരില്‍ അഷ്‌റഫ്‌ അലിയുടെ മേക്കിട്ടു കയറേണ്ട കാര്യവുമില്ല. എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായം.


നിങ്ങള്‍ സ്കൂള്‍ ക്യാമ്പസുകളില്‍ ഉള്ളവര്‍ ഉണ്ടാകാം, കോളേജ്  ക്യാമ്പസുകളിൽ അധ്യയനം നടത്തുന്നവര്‍ ഉണ്ടാകാം, സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദം, അതിനു മുകളില്‍ ഗവേഷണം എന്നീ മേഖലകളിൽ വ്യാപൃതരായ വിദ്യാർത്ഥികളായിരിക്കും എന്റെ മുമ്പിൽ ഇരിക്കുന്ന ഭൂരിഭാഗമാളുകളും.

നിരന്തരമായ നിങ്ങളുടെ കാഴ്ച, നിങ്ങളുടെ കേള്‍വി, നിങ്ങളുടെ അനുഭവം, ഇതെല്ലാം ചേര്‍ന്ന് വരുന്ന നിങ്ങളുടെ അറിവ്, ഇത് നിങ്ങളെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നു എന്ന ഒരു കാര്യം മാത്രമാണ് ഞാൻ നിങ്ങളോട് പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നത്. ടെലിവിഷന്‍ ചാനല്‍ തുറന്നാല്‍ നിങ്ങള്‍ കാണുന്ന വാര്‍ത്തകള്‍,  പ്രഭാത പത്രം, മാഗസിന്‍, മറ്റുതരത്തിലുള്ള മാധ്യമങ്ങള്‍ ഇതിലൂടെ നിരന്തരമായി നിങ്ങളുടെ മുന്നില്‍ എത്തുന്ന ദൃശ്യങ്ങളും വാര്‍ത്തകളും. നിങ്ങളുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോള്‍ എനിക്ക് മനസിലാകുന്നുണ്ട് ഇതിലോരോന്നിലും നിങ്ങള്‍ വ്യവഹരിക്കുന്ന, നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന, മേഖലകളിൽ ഉള്ളവരോട്‍ നിങ്ങള്‍ ഉത്തരം പറയാൻ‍ ബാധ്യസ്ഥരായി തീരുന്നു. ഒരു ചെറിയ ഉദാഹരണം പറയാം.

ആമിർഖാൻ ഇന്ത്യ കണ്ട പ്രഗത്ഭനായ ഒരു കലാകാരനാണ്. ഹിന്ദി‍ സിനിമാ രംഗത്ത് മാത്രമല്ല, ഏഷ്യയിലെമ്പാടും ലോകത്തെമ്പാടും ഇന്ത്യക്കാര്‍ക്കും, ഇന്ത്യക്കാരല്ലാത്തവര്‍ക്കും പ്രിയപ്പെട്ട നടന്‍. ഈ ആമിര്‍ ഖാനെ ഡല്‍ഹിയില്‍, ഇന്ത്യയിലെ വളരെ പ്രശസ്തമായ ഒരു‍ ടെലിവിഷൻ ചാനല്‍, അഭിമുഖം നടത്തുന്ന അവസരത്തില്‍ അദ്ദേഹത്തോട് ചോദിച്ചു, മനുഷ്യന്മാരെ നിരത്തി നിര്‍ത്തി കഴുത്തറക്കുന്ന ഐഎസിന്റെ കാടത്തം അതിനെ നിങ്ങള്‍ എങ്ങനെയാണ് കാണുന്നത്? അതിനെ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ആമിര്‍ഖാനിന് വ്യക്തി ജീവിതത്തില്‍ ഇസ്ലാം ഉണ്ടോ എന്ന്  എനിക്കറിയില്ല. എന്തായാലും അദ്ദേഹത്തിന്റെ പേരില്‍ ഒരു ചെറിയ ഇസ്ലാമിന്റെ ചിഹ്നം ഉണ്ട്. ആ പേര് പല അർത്ഥത്തിൽ , ആമിര്‍ എന്നോ യൂസഫ് എന്നോ പറയുന്നയാൾ ഈജിപ്റ്റിലേക്ക് ചെന്നാല്‍ അയാള്‍ കോപ്റ്റിക്ക് ക്രിസ്ത്യാനിയായിരിക്കും. ലെബനോനിലേക്ക് ചെന്നാല്‍ മാരിനേറ്റ് ക്രിസ്ത്യാനിയായി. അയാളുടെ പേര് യൂസുഫ് എന്നോ ഇബ്രാഹിം എന്നോ ആയിരിക്കും. ആമിര്‍ എന്ന പേരില്‍ ഇസ്ലാം ഉണ്ടെന്നു ഞാന്‍ ഇന്ത്യന്‍ കോൺടെക്സ്റ്റിൽ പറഞ്ഞെന്നു മാത്രം.

ആമിര്‍ ഖാനോട് ചോദിച്ചു , ഈ വിഷയത്തോടു‍ള്ള നിങ്ങളുടെ പ്രതികരണം എന്താണ്? ആമിര്‍ ഖാന്‍ വളരെ വൈകാരികമായ ഒരു മറുപടിയാണ് അതിനു നല്‍കിയത്. ആ മറുപടിയിലേക്ക് ഞാന്‍ കടക്കുന്നില്ല, പക്ഷെ അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ അവസാനഭാഗത്ത്‌ അദ്ദേഹം ചോദിച്ചു. ഇവിടെ ഭീകര പ്രവര്‍ത്തനം നടത്തുന്ന ഒരുപാട് പ്രസ്ഥാനങ്ങള്‍ ഉണ്ട്. ഏറ്റവും ഞെട്ടിക്കുന്ന ഭീകരപ്രവര്‍ത്തനം നടത്തിയത് എല്‍.ടി.ടി.ഇ ആണ്.  വിശ്വാസവും കര്‍മ്മപരവുമായ കാര്യങ്ങള്‍ കൊണ്ട് ഹിന്ദുമതത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരും ഹിന്ദു ചിഹ്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സംഘടനയാണ് എല്‍.ടി.ടി.ഇ. അവര്‍ ഇതുപോലെ എത്രയോ സ്ഫോടനങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. പോട്ടെ, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ ഉണ്ടല്ലോ, അദ്ദേഹം പേര് പറഞ്ഞില്ല. അദ്ദേഹം ഒരു പക്ഷെ ഉദ്ദേശിച്ചത് സംഝോധ എക്സ്പ്രസ്സ്‌ സ്ഫോടനവും മറ്റുമൊക്കെ ആയിരിക്കാം.  അസിമാനന്ദ അടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കാം, പ്രജ്ഞാസിംഗിന്റെ പ്രവര്‍ത്തനം ആയിരിക്കാം.

രണ്ടും രണ്ടു സംഭവങ്ങളാണ്. നാളിതു വരെ ഇങ്ങനെയൊരു ചോദ്യം അമിതാഭ് ബച്ചന്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ? ഹൃതിക് റോഷന്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ? ആമിര്‍ ഖാന്‍ അഭിമുഖീകരിക്കേണ്ടി വരുന്നു, ഷാരൂഖ്‌ ഖാന്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. അവരുടെയൊന്നും ജീവിതത്തിൽ അവരുടെ ഭാര്യമാര്‍ പോലും മുസ്ലീങ്ങൾ അല്ല. ഇതെന്തു പ്രതിസന്ധിയാണ്?

ഞാനതാണ് പറഞ്ഞത്, നിങ്ങള്‍ നിരന്തരമായി അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു സമൂഹത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ പരിമിതിയുണ്ട്, എനിക്ക് എന്റേതായ  ചില പരിമിതികളുണ്ട്. ഒരു സമുദായം എന്ന നിലയ്ക്ക്, ഒരു വിശ്വാസ ധാര എന്ന നിലയ്ക്ക് ഒരു സാംസ്കാരിക ധാര എന്ന നിലയ്ക്ക് എനിക്ക് എന്റേതായ ഒരുപാട് പരിമിതികള്‍ ഉണ്ട്. ഈ പരിമിതികള്‍ രൂപപ്പെടുന്നത് നിങ്ങളുടെയും, നിങ്ങളുടെ ഒപ്പമുള്ളവരുടേയും കാഴ്ച, നിങ്ങളുടെ കേള്‍വി, നിങ്ങളുടെ അനുഭവം. ഇത് രണ്ടും ചേര്‍ന്ന് രൂപപ്പെടുന്നതാണ്. ഇതിന്റെ അവസാനം എന്ന് പറയുന്ന അറിവ് എന്ന് പറയുന്ന വിവരം എന്ന് പറയുന്ന, പ്രതിച്ഛായ എന്ന് പറയുന്ന സംഗതി രൂപപ്പെടുന്നുണ്ട്. അവിടെയാണ്‌ ഞാനും നിങ്ങളും പ്രതിസന്ധിയിലാകുന്നത്. അമിതാഭ് ബച്ചനില്ലാത്ത പ്രതിസന്ധി ഷാരൂഖ്‌ ഖാനിനുണ്ടാകുന്നു. ഹൃതിക് റോഷനില്ലാത്ത പ്രതിസന്ധി ആമിര്‍ ഖാനുണ്ടാകുന്നത് അതുകൊണ്ടാണ്.

ഇവിടെ നിന്നാണ് ഞാന്‍ നിങ്ങളോട് ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നത്. കാരണം ഒരു അധ്യാപകന്‍ എന്ന നിലയില്‍ സര്‍വ്വകലാശാലയിലേക്ക് പോകുമ്പോള്‍ അടുപ്പമുള്ള സഹപ്രവര്‍ത്തകര്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. ഓരോ ദിവസത്തെയും പത്ര വാര്‍ത്തയില്‍ വരുന്ന വിഷയങ്ങളെ സംബന്ധിച്ച് ഞാന്‍ പ്രതികരിക്കണം. അവര്‍ക്ക് വിശദീകരണം കൊടുക്കണം. ഈ അനുഭവം എന്റെ സുഹൃത്തുകള്‍ക്കില്ല. അവര്‍ക്കത്‌ ഒരിക്കലും അഭിമുഖീകരിക്കേണ്ടി വരില്ല.

ഇതെങ്ങനെയുണ്ടാവുന്നു. ഇതെന്തുകൊണ്ടു നമ്മളോട് മാത്രം ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നു. നിങ്ങള്‍ മനസിലാക്കും എന്നാണ് എന്റെ ധാരണ. രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്നേ തിരുവനന്തപുരത്തെ ക്യാമ്പസുകളിലേക്ക് കുട്ടികള്‍ കടന്നു ചെല്ലുമ്പോള്‍ കാണുന്നത് ലവ് ജിഹാദിനെ കുറിച്ചുള്ള പോസ്റ്ററുകള്‍ ആയിരുന്നു. ക്യാമ്പസിലേക്ക് കടന്നു ചെല്ലുന്ന മുസ്ലിം വിദ്യാര്‍ത്ഥികള്‍ അവന്റെ സ്വത്വം, അവന്റെ ഐഡന്റിറ്റി, വല്ലാത്തൊരു പ്രതിസന്ധിയില്‍ ആവുകയാണ്. എന്റെ ഈ  ഐഡന്റിറ്റി ഞാന്‍ മറച്ചു വയ്ക്കേണ്ടതുണ്ടോ? അതോ എന്റെ സംസ്കാരത്തെ ഉയര്‍ത്തിപ്പിടിച്ചു നെഞ്ച് ഉയര്‍ത്തി പിടിച്ചു തല ഉയര്‍ത്തി പിടിച്ചു എനിക്ക് ഈ കാമ്പസില്‍ മുന്നോട്ട് പോകാന്‍ കഴിയുമോ?

വീടുകളില്‍ നിന്ന് കേള്‍ക്കുന്ന ഉപദേശം " വല്ലാണ്ട്..ചങ്ങാത്തം വേണ്ട.." ഇത് ഇന്ന് കേരളത്തിൽ ഡല്‍ഹിയില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട നല്ല ഒരു ബുദ്ധിജീവികളുടെ ഗ്രൂപ്പ്‌, കേരളത്തിലെമ്പാടും (ഞാനത് വ്യക്തമായി പറയുന്നില്ലെന്നു മാത്രം) നമ്മുടെ വീട്ടമ്മമാരെ വിളിച്ചുകൂട്ടി, നിങ്ങളുടെ മക്കളെ സൂക്ഷിച്ചുകൊള്ളണം കേട്ടോ… ഇങ്ങനെയൊരു മെസ്സേജ് പൊയ്ക്കൊണ്ടിരിക്കുന്നു. ഇന്നത്തെ പ്രതിസന്ധിയല്ല, എന്റെ മുന്നില്‍ ഇരിക്കുന്ന നിങ്ങള്‍ അനുഭവിക്കാന്‍ പോകുന്നത്,  ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകന്‍ അനുഭവിക്കാന്‍ പോകുന്നത്, നാളെ ഇങ്ങനെയുള്ള ഒരു പ്രതിസന്ധിയല്ല,  അത് വലുതാണ്‌.

ഈ പ്രതിസന്ധിക്ക് ഉത്തരവാദിയാരാണ്? നമ്മള്‍ ഇപ്പോഴും പറയാറുള്ളത് പോലെ ഇത് സാമ്രാജിത്വ സൃഷ്ടിയാണോ? ഇതെല്ലാം ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് സൃഷ്ടിച്ചു വിട്ട സംഗതികളാണോ? ഇതിലൊന്നും നമുക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലേ? രാഷ്ട്രീയ- മത നേതൃത്വത്തിന് ഇതിനൊന്നും ഉത്തരവാദിത്തം ഇല്ലേ? എന്തിന്, എനിക്കിതില്‍ ഉത്തരവാദിത്തം ഇല്ലേ? നമ്മുക്കൊരോരുത്തര്‍ക്കും ഇതില്‍ ഉത്തരവാദിത്തമില്ലേ?

കൃത്യമായി നമ്മൾ ആത്മപരിശോധന നടത്തേണ്ടുന്ന ഒരു സംഗതിയാണിത്. കാരണം ഉദ്യോഗസ്ഥരായ എന്റെ സുഹൃത്തുക്കള്‍ അവരുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ ഗുരുതരമായ ഒരു പ്രതിസന്ധിയെ അവര്‍ക്ക് നേരിടേണ്ടി വരുന്നു. ഒരുപാട് ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം പറയേണ്ടി വരുന്നു. ട്രെയിന്‍ യാത്രയ്ക്കിടയില്‍ മഫ്ത ധരിച്ച ഒരു സ്ത്രീയെ അടുത്തിരിക്കുന്ന ഒരു സ്ത്രീ വളരെ സംശയത്തോടെ മാത്രം വീക്ഷിക്കുന്ന‍ ഒരു അവസ്ഥ ഇപ്പോള്‍ സംജാതമായിരിക്കുന്നു. ഈ ഒരു അവസ്ഥ, ഈ ഒരു അകല്‍ച്ച, ഈ ഒരു വെറുപ്പ്, ഈ ഒരു ഇസ്ലാം ഭീതി നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നതല്ലാതെ കുറഞ്ഞു വരുന്നില്ല. അല്‍ ഖായിദ എന്ന ഒരു ദുര്‍ഭൂതം ഏതാണ്ട് കെട്ടടങ്ങി എന്ന് പ്രതീക്ഷിക്കുമ്പോള്‍, അതിനെക്കാള്‍ വലുത് മാളത്തില്‍ നിന്നിറങ്ങി വന്നിരിക്കുന്നു. ഐ.എസ് എന്ന് പറയുന്ന അതി ഭീകര ജീവി!

എന്താണ് ഈ ഐ.എസ് എന്ന് പറയുന്ന അതിഭീകര ജീവി എന്ന അന്വേഷണം നമ്മളെ എങ്ങും എത്തിക്കുന്നില്ല. ഞാന്‍ ഇന്ന് രാവിലെ കാസർ‍ഗോഡ്‌ ജില്ലയിലെ പടന്നയില്‍ എന്റെ ഫീല്‍ഡ് വിസിറ്റ് കഴിഞ്ഞിട്ടാണ് ഈ യോഗത്തിലേക്ക് വരുന്നത്. പുതിയ കുറച്ചു കാര്യങ്ങൾ കൂടി  ഞാൻ മനസ്സിലാക്കിയെന്നു മാത്രം. ആ കാര്യങ്ങൾ ഞാൻ ഈ സദസ്സുമായി പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ, ഞാന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ, എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിമാരെ, എന്റെ പ്രിയപ്പെട്ട കുഞ്ഞനുജന്മാരെ, നിങ്ങള്‍ ഒരുപാട് ഉത്തരവാദിത്വം നിർവഹിക്കേണ്ട ഒരു പ്രത്യേക ദശാസന്ധിയിലൂടെ കടന്നുപോയ്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ചുറ്റുവട്ടത്തുള്ള നിങ്ങളുടെ കുട്ടികള്‍, സുഹൃത്തുകള്‍ ഒരുപാട് പേര്‍ പല നിലയ്ക്കുള്ള വിശ്വാസത്തിന്റെ പ്രതിസന്ധി നേരിടുന്നുണ്ട്. നമ്മള്‍ ഇതുവരെ പറഞ്ഞുക്കൊണ്ടിരുന്നത് നമ്മുടെ സ്വത്വ പ്രതിസന്ധിയാണ്, നമ്മുടെ ഐഡന്റിറ്റി ക്രൈസിസ് എന്ന നിലയ്ക്ക്.

ഞാൻ മനസ്സിലാക്കിയത്, ഐഡന്റിറ്റി ക്രൈസിസല്ല, ഇന്നു മുസ്ലിം സമുദായം നേരിടുന്നത്. മുസ്ലിം സമുദായം, മുസ്ലീം സമുദായത്തിലെ പുതിയ തലമുറ, പുതിയ കുട്ടികൾ, നേരിടുന്നത്  സ്വത്വ പ്രതിസന്ധിയല്ല. ഇപ്പോൾ നേരിടുന്നത്  നിങ്ങളും ഞാനും പ്രതിനിധാനം ചെയ്യുന്ന വിശ്വാസ ധാരയുടെ ഒരു പ്രതിസന്ധിയാണ്. ഞാന്‍ ഇസ്ലാമിന്റെ പ്രതിസന്ധി എന്നല്ല അതിനെ വിശേഷിപ്പിക്കുന്നത്. നാം നമ്മുടെ തലമുറയ്ക്ക് പകര്‍ന്നു കൊടുത്ത ഒരു മതമുണ്ടല്ലോ… മതം എന്നത് കേവലം വിശ്വാസം മാത്രമല്ല. ഇസ്ലാം ദീന്‍ എന്നത് കേവലം വിശ്വാസത്തില്‍ അധിഷ്ടിതമായ ഒരു സംഗതി മാത്രമല്ല, അതൊരു സാംസ്കാരിക ധാര കൂടിയാണ്.  എങ്ങനെ പെരുമാറണം… നബി പഠിപ്പിച്ചിട്ടുണ്ടെല്ലോ… നിങ്ങളുടെ സഹോദരനെ കാണുമ്പോള്‍ ഒന്നു പുഞ്ചിരിച്ചേക്ക്. അത് സദക്കയാണ്.

വൈക്കം മുഹമ്മദ്‌ ബഷീര്‍ വളരെ മനോഹരമായ ഒരു കഥ എഴുതിയിട്ടുണ്ട് "തേന്മാവ്". നിങ്ങള്‍ തീര്‍ച്ചയായും ഈ കഥ വായിക്കണം. സമയം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അത് മുഴുവന്‍ പറയുമായിരുന്നു. ഒരു ഹദീസിന്റെ കഥാവിഷ്ക്കാരമാണ്. നമ്മുടെ ഉസ്താദുമാരൊക്കെ ഏഴു ദിവസം പാതിരാവിൽ സ്റ്റേജ് കെട്ടി വയള് പറഞ്ഞാല്‍ ഉണ്ടാകാത്ത ഒരു പ്രതിഫലനം ഒരു ആസ്വാദനം ഒരു അനുഭവം ഒന്നര പേജ് ഉള്ള ആ കഥ വായിച്ചാല്‍ നിങ്ങള്‍ക്കുണ്ടാകുമെന്നു എന്റെ അനുഭവത്തെ മുന്‍ നിര്‍ത്തി, എന്റെ കൊച്ചു മകന്റെ അനുഭവത്തെ മുന്‍നിര്‍ത്തി ഞാൻ നിങ്ങളോട് പറയുകയാണ്‌. നിങ്ങള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണം വൈക്കം മുഹമ്മദ്‌ ബഷീറിന്റെ തേന്മാവ് എന്ന ഒന്നര പേജ് വരുന്ന ഒരു കഥ.

നമ്മുടെ സുഹൃത്തുക്കളെയും, ബന്ധുക്കളെയും ഒക്കെ മരണപ്പെട്ടു കഴിഞ്ഞാല്‍ പള്ളിപ്പറമ്പില്‍ കൊണ്ടുപോകാറുണ്ട്. മയ്യത്ത് നമസ്ക്കരിക്കാറുണ്ട്. അതിനു ശേഷം ഖബര്‍ എടുത്തു അതിനകത്ത് മറമാടും. അവിടെ നിന്ന് ദുഅ ചെയ്യുന്നവര്‍ ഉണ്ട്… ദുഅ ചെയ്യാത്തവര്‍ ഉണ്ട്, അതുപോട്ടെ. അതു കഴിഞ്ഞിട്ട് രണ്ടു തലയ്ക്കും രണ്ടു ചെടിയുടെ കഷ്ണം മുറിച്ചു വയ്ക്കാറുണ്ട്. ഇതൊരു ഹദീസിന്റെ ആവിഷ്ക്കാരമാണ്. ഹദീസിന്റെ നിർദേശം അനുസരിച്ചാണ്.  ഭൂമിയില്‍ നിന്നും ഒരു ജീവന്‍ നീങ്ങി കഴിഞ്ഞാല്‍ നിങ്ങള്‍ ഒരു തൈ കൊണ്ട് അതിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്ന്. അതിനു പകരമാക്കുക എന്നത് ഒരു ഹദീസിന്റെ ആശയമാണ്. മനോഹരമായ ഈയൊരു ആശയത്തെയാണ് വൈക്കം മുഹമ്മദ്‌ ബഷീര്‍ തേന്മാവ് എന്ന കഥയിലൂടെ ആവിഷ്ക്കരിക്കുന്നത്‌.

അതുപോലെ നിര്‍ബന്ധമായും നിങ്ങള്‍ വായിക്കണം എന്ന് ഞാന്‍ നിർദേശിക്കുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ തന്നെ മറ്റൊരു പുസ്തകം ഞാൻ നിങ്ങലുടെ മുന്നിൽ വയ്ക്കുകയാണ്, അദ്ദേഹത്തിന്റെ ആത്മകഥ. ഓര്‍മ്മയുടെ അറകള്‍ എന്ന പുസ്തകം നിങ്ങൾ വായിക്കണം. ഓർമ്മയുടെ അറകൾ എന്ന പുസ്തകത്തിലെ ഒരു പതിനഞ്ചോളം പേജില്‍ ഇസ്ലാമിനെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. നിങ്ങള്‍ വായിക്കണം. നിങ്ങളുടെ സ്കൂളിലെ, നിങ്ങളുടെ കോളജിലെ നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിങ്ങൾ കൊടുക്കണം, നിങ്ങളുടെ സഹോദരൻ നിങ്ങളുടെ സഹോദരി, നിങ്ങളുടെ കൂട്ടുകാരി, ഇസ്ലാം മത വിശ്വാസിയാകട്ടെ, അല്ലാതിരിക്കട്ടെ, പക്ഷെ നിങ്ങളെല്ലാവരും നിർബന്ധിച്ച്, സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ച് അവരെക്കൊണ്ട് വായിപ്പിക്കണം. ഞാൻ വീണ്ടും പറയുന്നു, നമ്മുടെ ഉസ്താദുമാർ, ഏതാണ്ട്  പത്തും പതിനഞ്ചും വർഷം നിരന്തരമായി വയള് പറയുന്ന ഉസ്താദുമാരുണ്ട്. ഞാൻ വളരെ ബഹുമാനത്തോടുകൂടി പറയുന്നു, അവരുടെ പത്തോ ഇരുപതോ വർഷത്തെ വയളിനേക്കാള്‍ എത്ര പതിന്‍മടങ്ങ്‌ വിലപ്പെട്ട ഒരു സാധനമാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മയുടെ അറകളില്‍ ഇസ്ലാമിനെ അവതരിപ്പിച്ചു കൊണ്ടുള്ള മനോഹരമായ അക്ഷരപുഷ്പങ്ങള്‍.

പ്രിയപ്പെട്ട അനുജൻമാരേ അനുജത്തിമാരേ നിങ്ങള്‍ നിര്‍ബന്ധമായും ഈ രണ്ടു കാര്യങ്ങള്‍ വായിക്കണം. ഇത് പറയുന്നതിന്  മറ്റൊരു കാരണം കൂടിയുണ്ട്. നമ്മുടെ മതപഠനം എവിടെ വരെ എത്തിയിരിക്കുന്നു എന്ന് പറയാന്‍ കൂടിയാണ് ഞാന്‍ ഈ രണ്ട് സംഭവങ്ങൾ നിങ്ങൾക്ക് മുന്നിൽ വച്ചത്.

ഇന്ന് വയള് പറയാൻ എന്റെ നാട്ടില്‍ നിന്നും ഒരുപാട് പ്രാസംഗികന്മാര്‍ ഇങ്ങോട്ട് വരും. വയള് ജാമ്പൂരിയാണ്... വയള് ആഘോഷമാണ്… വയള് ഉത്സവമാണ്…  ഈ പറയുന്ന ആളുകളെല്ലാം എന്റെ സുഹൃത്തുക്കളാണ്. ഒരു ദിവസം പ്രസംഗിക്കുന്നതിനു അമ്പതിനായിരവും ഒരു ലക്ഷവും ഫീസ്‌ വാങ്ങുന്നുണ്ട്. ഞാന്‍ ചോദിക്കട്ടെ സഹോദരന്മാരെ… ഈ  അമ്പതിനായിരവും ഒരു ലക്ഷവും ഫീസ്‌ വാങ്ങി നിങ്ങള്‍ എന്ത് മതമാണ്‌ പ്രസംഗിക്കുന്നത്? അതിൽ നിന്ന് എന്ത് മതമാണ് നിങ്ങൾ ഉൾക്കൊള്ളുന്നത്. നിങ്ങള്‍ കൊടുക്കുന്ന ആളുകളുടെ കീശ വീര്‍ക്കും എന്നല്ലാതെ ആ  വയള് കൊണ്ട് എന്ത് സാംസ്കാരികമായ മാറ്റമാണ് ഇവിടെയുണ്ടാകുന്നത്?

ഒരു പള്ളി ദെറസിൽ 6-7 വര്ഷം ഓതി പഠിച്ച വിദ്യാര്‍ഥി എന്ന നിലയില്‍ എനിക്കത് ചോദിക്കാനുള്ള അവകാശമുണ്ട്‌. ഒരുപക്ഷെ, യൂത്ത് ലീഗിന്റെ സാദിക്ക് അലിക്ക് അത് ചോദിക്കാന്‍ കഴിയില്ല. ആ ഐഡന്റിറ്റിയില്‍ നിന്ന് കൊണ്ട്,  എന്റ സ്വത്വം ഉയര്‍ത്തി പിടിച്ചുകൊണ്ട് ഞാന്‍ പറയട്ടെ.. എന്ത് റസൂല്‍, എന്ത് ഇസ്ലാമാണ് അമ്പതിനായിരവും ഒരു ലക്ഷവും രണ്ടു ലക്ഷവും ഫീസ്‌ കൊണ്ട് ഈ മതപ്രഭാഷണ ആഘോഷങ്ങള്‍ ജാമ്പൂരികളായി നടത്തുന്നത് കൊണ്ട് ഇതാര്‍ക്ക് എന്ത് ഗുണം? എന്റെ നാട്ടില്‍ നിന്നാണ് എല്ലാം കെട്ടിയിറങ്ങിയിട്ടുള്ളത്. എന്റെ സുഹൃത്തുക്കളും തന്നെയാണ്.

ഇങ്ങനെ അമ്പതിനായിരം രൂപ കൊടുത്തുക്കൊണ്ട് രണ്ടു മണിക്കൂര്‍ എന്ത് ഇസ്ലാമാണ് നിങ്ങള്‍ പഠിക്കുന്നത്? ആ പ്രാസംഗികര്‍ ഒരു പക്ഷെ മതപ്രാസംഗികര്‍ ആയിരുന്നില്ല എങ്കില്‍ നല്ല ഒരു മിമിക്രി ആര്‍ട്ടിസ്റ്റ് ആയിരുന്നേനെ. അതിന്റെ കണ്ടെന്റിലേക്ക് നിങ്ങള്‍ ഒന്നു കണ്ണോടിക്കുക. ഞാന്‍ പറയുന്നത് ഇത്ര മാത്രമാണ്..നമ്മുടെ മതപഠനം എവിടെയോ വച്ചു വഴി പിഴച്ചു പോയിരിക്കുന്നു. അതിന് ഈ പാവപ്പെട്ട ഉസ്താദുമാരുടേയും  മുസലിയാര്‍മാരുടേയും മൗലവിമാരുടേയും  സംഘടകളുടേയും  മേല്‍ മെക്കിട്ടു കേറിയിട്ട് ഒരു കാര്യവുമില്ല. അതിനുത്തരവാദി നമ്മള്‍ ഓരോരോരുത്തരുമാണ്.

എന്താണ് ഈ ഉസ്താദുമാര്‍ ഓരോരുത്തര്‍ വന്നു നിന്ന് പ്രസംഗിക്കുന്നത്? ബഹുമാനപ്പെട്ട ഉമര്‍ (റ) ഇസ്രാ കൈസര്‍ ചക്രവര്‍ത്തിമാരെ കിടുകിടാ വിറപ്പിച്ച ഖലീഫാ ഉമര്‍ ഉണ്ടെല്ലോ, അദ്ദേഹം ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍, പനയോലയുടെ മുദ്രകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ പതിയുമായിരുന്നു. മരിക്കുന്നത് വരെ രണ്ടു നേരത്തെ ആഹാരം അദ്ദേഹം പൂര്‍ണ്ണമായി കഴിച്ചിട്ടില്ല, ആരാണു ആൾ? അന്നത്തെ രണ്ടു വന്‍ശക്തികളായ റോമന്‍ സാമ്രാജ്യത്തെയും, പേര്‍ഷ്യന്‍ സാമ്രാജ്യത്തെയും തകര്‍ത്തെറിഞ്ഞു കൊണ്ട് ലോകത്തെ ഏറ്റവും വലിയ പുതിയൊരു സാമ്രാജ്യത്തെ കെട്ടിപ്പടുത്ത ചക്രവര്‍ത്തി മരിക്കും വരെ രണ്ടു നേരവും ആഹാരം കഴിച്ച ഒരു ദിവസവും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല എന്ന്,  വന്നു പ്രസംഗിച്ചു പോകുന്ന ആ മുനുഷ്യന്‍ ഒരു ലക്ഷം രൂപയുടെ കവര്‍ പോക്കറ്റിലേക്ക് വാങ്ങിയിട്ട് 50 ലക്ഷം രൂപയുടെ കാറില്‍ കയറി പതിനയ്യായിരം രൂപയുടെ സ്യുട്ട് റൂമില്‍ താമസിക്കുന്നു.

നിങ്ങള്‍ പറയുന്ന ഇസ്ലാം ഇതല്ല. ഈ ഇസ്ലാം ഇവിടെ വച്ചു നിര്‍ത്തേണ്ട  കാര്യമാണ്. ഈ ഇസ്ലാമുമായി നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. ഇതല്ല ഇസ്ലാം. നിങ്ങള്‍ പറഞ്ഞ ഉമർ ഇബ്നു ഹത്താബ് (റ) ഇസ്ലാമിനെ തിരിച്ചു പിടിക്കേണ്ടുന്നത് നിങ്ങള്‍ ഈ അനുജന്മാരും അനുജത്തിമാരുമാണ്. ഇത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങൾ അങ്ങോട്ട് നോക്കി ഇങ്ങോട്ട് നോക്കി ഇത്തരത്തിലുള്ള ജാമ്പൂരികളിൽ നോക്കി ഇസ്ലാം പഠിക്കരുത് എന്ന വിനീതമായ ഒരു അഭ്യര്‍ത്ഥനയാണ് ഹൃദയത്തില്‍ തൊട്ടുകൊണ്ടു നിങ്ങളുടെ മുന്നില്‍ വയ്ക്കാനുള്ളത്.

നിങ്ങളുടെ ഇസ്ലാം പഠനം ഇത് കഴിഞ്ഞാല്‍ പിന്നെ പോകുന്നത് ഓണ്‍ലൈന്‍ ഇസ്ലാമിലേക്കാണ്. ഞാന്‍ ഇത് ഒന്നു കൂടി അരക്കിട്ട്  ഇട്ടു ഉറപ്പിക്കുന്നതിനു വേണ്ടിയാണ് കാസര്‍ഗോഡ്‌ ജില്ലയിലെ പടന്ന എന്ന മനോഹരമായ ഗ്രാമത്തില്‍ ഞാന്‍ രാവിലെ പോയത്. നിങ്ങള്‍ക്കറിയാമോ, മനോഹരമായ പടന്ന എന്ന ഗ്രാമം, നാളെ ഒരു പക്ഷേ ബട്കലിന്റെ അവസ്ഥ വന്നുകൂടായ്കയില്ല. അസംഗഡിന്റെ അവസ്ഥ വന്നു കൂടായ്കയില്ല.

ഡല്‍ഹിയില്‍ നാലര വർഷം താമസിച്ചു, രണ്ടു വർഷം പത്രപ്രവര്‍ത്തനം നടത്തിയിരുന്ന ഒരു വ്യക്തിയാണ്. ഏതാണ്ട് ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ഞാന്‍ സന്ദര്‍ശിച്ചിരുന്നു. കാശ്മീരില്‍ മാത്രം ഏതാണ്ട് ഒരാഴ്ച തങ്ങിയിരുന്നു. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ പറയുന്നു, എന്റെ സുഹൃത്തുക്കളില്‍ നിന്ന് ഇപ്പോഴും മനസിലാക്കുന്നു. അസംഗഡിൽ നിന്നും ഡല്‍ഹിയില്‍ വന്ന ഒരു മുസ്ലീം വിദ്യാര്‍ത്ഥിക്ക് അവിടെ ഹോസ്റ്റല്‍ റൂം ലഭിക്കില്ല, വാടകയ്ക്ക് താമസിക്കാന്‍ റൂം കിട്ടില്ല. കാരണം ഇന്ത്യയിലെ ടെററിസത്തിന്റെ ഫാക്ടറി പ്രവര്‍ത്തിക്കുന്നത് അസംഗഡിലാണ്.  ഇങ്ങു തെക്കേ ഇന്ത്യയിലേക്ക് വന്നാല്‍  ടെററിസത്തിന്റെ ഫാക്ടറി പ്രവര്‍ത്തിക്കുന്നത് ബട്കലിലാണ്.

നിങ്ങള്‍ ഈ അസംഗഡിലേക്ക് ഒന്നു പോയി നോക്കുക. എത്ര നിഷ്കളങ്കരായ മനുഷ്യര്‍ . മനുഷ്യനെ സ്നേഹിക്കാന്‍ മാത്രമറിയാവുന്നവര്‍. പക്ഷെ, അവിടെ ഒറ്റ കാര്യം മാത്രമേയുള്ളു, 100 ശതമാനം മുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലമാണ്‌. ഉത്തർപ്രദേശിൽ വിദ്യാഭ്യാസപരമായി ഏറ്റവും മുന്നിൽ നിൽക്കുന്ന പ്രദേശമാണ്. വിദ്യാഭ്യാസമെന്നാൽ , മത വിദ്യാഭാസവും മതേതര വിദ്യാഭ്യാസവുമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണത്. അവിടം ഇന്ത്യയില്‍ ഏറ്റവും അധികം ഭീകരവാദികളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയിരിക്കുന്നു.

നല്ല മിടുക്കന്മാരും മിടുക്കികളും ഉള്ള ബട്കൽ എന്ന സ്ഥലം. നിങ്ങൾ എത്ര പേർ അവിടം സന്ദർശിച്ചിട്ടുണ്ടെന്നറിയില്ല. പടന്നയിലെ ഹൃദയഭാഗത്ത് നില നില്‍ക്കുന്ന ക്ഷേത്രത്തിലെ ഉത്സവം ഇന്നും തുടങ്ങുന്നത് അവിടുത്തെ ഒരു മുസ്ലിം ഹാജിയാരുടെ അനുഗ്രഹത്തോട് കൂടിയാണ്, ആ കുടുംബത്തിന്റെ അനുഗ്രഹത്തോടു കൂടിയാണ്. ആ ഉത്സവപറമ്പില്‍, ഹിന്ദു - മുസ്ലിം എന്ന വിവേചനം ഇല്ലാതെ നാടിന്റെ ഉത്സവമായി ആഘോഷിക്കുന്നു. ഇന്ന് അല്ലേ നമ്മുക്ക് ഓണം ഹറാം ആയത്, ഇന്നല്ലേ നമുക്ക് ക്രിസ്തുമസ് ഹറാം ആയത്. കേരളത്തിലെ അറിയപ്പെടുന്ന ഒരു പണ്ഡിതന്റെ മകനാണ് ഞാന്‍. ഞാന്‍ എന്റെ അനുഭവം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ ഈ ദീന്‍ പഠിക്കാന്‍ പള്ളി ദെറസിൽ കുറെക്കാലം നിന്നിട്ടുണ്ട്.

ഞാന്‍ എന്റെ നാട്ടിലെ കടയ്ക്കല്‍ തിരുവാതിര ഉത്സവത്തിന് പത്താം ക്ലാസ് വരെ മുടങ്ങാതെ പോയിട്ടുണ്ട്. എന്നെ ഉത്സവത്തിന് കൊണ്ട് പോകുന്നത് ആരാണ് എന്ന് അറിയണ്ടേ? എന്റെ പിതാവിനൊപ്പം പള്ളി ദെറസിൽ  പഠിച്ചിരുന്ന ഹമീദ് മുസ്ലിയാര്‍. ആരാണ് ഹമീദ് മുസലിയാര്‍? ഞാന്‍ അദ്ദേഹത്തെ കുറിച്ച് പത്രത്തില്‍ മുന്നേ എഴുതിയിരുന്നു. ഞാന്‍ താമസിക്കുന്ന സ്ഥലം 100 ശതമാനം മുസ്ലിമുകള്‍ ഉള്ള സ്ഥലമാണ്. അതിനു തൊട്ടടുത്തു ഈഴവ സമുദായം ഭൂരിപക്ഷമുള്ള ഒരു സ്ഥലം. അവിടെ ഒറ്റ മുസ്ലിം വീട് മാത്രമേ ഉള്ളു. ആ മുസ്ലിം വീട്ടില്‍ ഉള്ള ഒരു വ്യക്തി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ആ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഭേദമെന്യേ, ഈഴവ സമുദായം ഒന്നടങ്കം ഈ വ്യക്തിക്ക് വോട്ട് ചെയ്തു.

ഞാന്‍ അന്വേഷിച്ചു. ഇങ്ങനെ വോട്ട് ചെയ്യാനുള്ള കാരണം എന്താണ് എന്ന്. അതിനു കാരണം ഹമീദ് മുസലിയാര്‍ എന്ന ആള്‍ ആ നാടിന്റെ അനുഗ്രഹം ആയിരുന്നു. സമ്പന്നനാണ് ഹമീദ് മുസലിയാര്‍. ഏഴ് വര്‍ഷം പള്ളിയില്‍ ഓതി പഠിച്ച ആളാണ്‌. പലവ്യഞ്ജന കച്ചവടമാണ്. അദ്ദേഹം മരിക്കുന്നത് വരെ കച്ചവടം ചെയ്തു. പക്ഷെ, അദ്ദേഹത്തിന്റെ സമ്പത്ത് ഇങ്ങനെ മെഴുകുതിരി പോലെ ഉരുകിയുരുകി തീര്‍ന്നതല്ലാതെ അത് വീര്‍ത്തുവീര്‍ത്തു വന്നില്ല. അതേസമയം അദ്ദേഹം ആ നാടിനെ ഊട്ടി. ആ നാടിന്റെ വിശപ്പ്‌ അദ്ദേഹം അടക്കി. ഈഴവ സമുദായം താമസിക്കുന്ന ആ പ്രദേശത്ത്, അദ്ദേഹത്തിന്റെ മരണം വരെ ആരും അവിടെ പട്ടിണി കിടന്നിട്ടില്ല. മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കടം ലക്ഷകണക്കിന് രൂപ വരുമായിരുന്നു. 10 വർഷമായി പൈസ തിരിച്ചു കൊടുത്തിട്ടില്ലാത്ത ഒരാള്‍ ചെന്നു വീണ്ടും ചോദിച്ചാല്‍ അദ്ദേഹം കൊടുക്കുമായിരുന്നു, അതായിരുന്നു ഹമീദ് മുസലിയാര്‍.

അദ്ദേഹത്തിന്റെ മകന്‍ ഏഴിലും എട്ടിലും എന്നോടൊപ്പം പഠിച്ചിരുന്നു. ഹമീദ് മുസലിയാരും അദ്ദേഹത്തിന്റെ മകന്‍, ഇളയ മകള്‍, ഞാന്‍ എന്നിങ്ങനെ അഞ്ചാറു കുട്ടികളെ കൊണ്ടായിരുന്നു അദ്ദേഹം കടയ്ക്കല്‍ തിരുവാതിരയ്ക്ക് , ഏറ്റവും കൂടുതൽ ആളുകൾ കൂടുന്ന ദിവസം, പോയ്ക്കൊണ്ടിരുന്നത്. ഉത്സവത്തിന് പോയി തിരിച്ചു വരുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. എന്റെ നാട്ടിൽ വന്ന് അന്വേഷിച്ചാൽ മനസിലാകും.

ഇന്ന് നിങ്ങള്‍ അങ്ങനെ പോകുന്ന രംഗം ഒന്നു ആലോചിച്ചു നോക്കു. ഞാന്‍ എന്റെ മകനെയും കൂട്ടി ഉത്സവത്തിന് പോയാല്‍ തിരിച്ചു വരുമ്പോള്‍ ഉസ്താദ് എന്റെ വീട്ടില്‍ എത്തിയിരിക്കും. അല്ലെങ്കില്‍ തന്നെ എനിക്ക് ഇന്ന് അവിടെ പോകാന്‍ പറ്റുമോ? അതു പറ്റില്ല. കാരണം കയ്യില്‍ ചരടുള്ള ആളുകള്‍ എന്നെ ഇങ്ങനെ രൂക്ഷമായി നോക്കും. ഇവെനെന്താ ഇവിടെ കാര്യം? ഇവന് അവിടെ കാര്യമുണ്ടായിരുന്നു. ഓരോ  ഉത്സവവും നാടിന്റെ ഉത്സവമായി ആഘോഷിച്ച ഒരു പാരമ്പര്യം ഉണ്ടായിരുന്നു. അവിടെ പോകുന്നത് തൗഹീദിന് ഭംഗം വന്നുതുകൊണ്ട് മറ്റേതെങ്കിലും തരത്തിലുള്ള ആരാധനാ കർമ്മം നിര്‍വ്വഹിക്കാന്‍ അല്ലെല്ലോ? അവിടെ കുട്ടികള്‍ ആയ ഞങ്ങള്‍ പോയി ബലൂണ്‍ വാങ്ങുന്നു, ഉഴുന്ന് വാങ്ങുന്നു, ഈത്തപ്പഴം വാങ്ങുന്നു.  ഇന്ന് ഈത്തപ്പഴം വാങ്ങിയെങ്കില്‍ മാത്രമേ ഇസ്ലാം ആവുകയുള്ളൂ എന്നാണല്ലോ.

ഈ പാരമ്പര്യം കേരളത്തിന്റെ മഹാ സൗഭാഗ്യമാണ്. ഈ മഹാ സൗഭാഗ്യം നമുക്ക് തന്നതില്‍ ശ്രീ നാരായണ ഗുരുവിന് പങ്കുണ്ട്. മഹാനായ ശ്രീനാരായണ ഗുരുവിനോടൊപ്പം ആശയങ്ങള്‍ പങ്കിട്ട മഹാനായ വക്കം അബ്ദുൾ ഖാദര്‍ മൗലവിയും അദ്ദേഹത്തിന്റെ പിതാവിനും ഒരു പക്ഷെ ഇതില്‍ പങ്കുണ്ടാകും. ഇതാണ് മഹത്തായ കേരളത്തിന്റെ പാരമ്പര്യം.

ഈ പാരമ്പര്യത്തെ ഉയര്‍ത്തി പിടിച്ചു കൊണ്ട് ഒരു കാര്യം കൂടി പറയട്ടെ, ബുധനാഴ്ച ദിവസം ഭാര്യ മരിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മരിക്കുന്നത് വരെ സുന്നത് നോമ്പ് പിടിച്ച വ്യക്തിയാണ് മുഹമ്മദ്‌ അബ്ദുൾ റഹ്മാന്‍ സാഹിബ്‌. സാഹിബിനോട് പലതു കൊണ്ടും രാഷ്ട്രീയമായി നമുക്ക് വിയോജിക്കാം. മുഹമ്മദ്‌ അബ്ദുൾ റഹ്മാന്‍ സാഹിബിന്റെ കെ എം സീതി സാഹിബിന്റെ രൂപം നിങ്ങള്‍ ഒന്നു മനസ്സില്‍ സങ്കല്‍പ്പിച്ചു നോക്കിക്കേ. അവരുടെ മനോഹരമായ മുഖം നിങ്ങളുടെ മനസ്സിലേക്ക് ഒന്നു എടുത്തു നോക്കിക്കേ. ഇപ്പോള്‍ ഇസ്ലാം ആകണം എങ്കില്‍ അറബി ചട്ട തന്നെ ഇടണം. ഈ അറബി ചട്ട മുട്ടില്‍ നിന്നും അല്പം താഴെ ഇറങ്ങി നില്‍ക്കണം. താടി താഴോട്ടു വരണം , ഈ അറബി ചട്ട മുകളിലോട്ടു കയറണം. ഇതാണ് ഇസ്ലാമിന്റെ അടയാളമായി നമ്മള്‍ മനസിലാക്കി വച്ചിരിക്കുന്നത്.

അള്ളാഹു ഭംഗിയെ ഇഷ്ടപ്പെടുന്നു എന്നുള്ളത് ഖുറാൻ വചനമാണ്. അതി മനോഹരങ്ങളായ വചനങ്ങള്‍ ആണത്. എത്ര മനോഹരമായി ദൈവത്തിന്റെ പ്രകാശത്തെ വര്‍ണിച്ചിരിക്കുന്നു. അതാണ്‌ വൈക്കം  മുഹമ്മദ്‌ ബഷീര്‍ വെളിച്ചത്തിനെന്തു വെളിച്ചം എന്നെല്ലാം പരിഭാഷപ്പെടുത്തിയത്.

ഓണ്‍ലൈന്‍ ഇസ്ലാമിന്റെ അപകടം കൂടി മുന്നോട്ടു വച്ചുക്കൊണ്ടു ഞാന്‍ നിങ്ങളോട് വിട വാങ്ങാം. ഇസ്ലാം പഠിക്കേണ്ടത് ഞാന്‍ നേരത്തെ പറഞ്ഞ ജാമ്പൂരിയില്‍ നിന്നല്ല എന്നത് പോലെ തന്നെ, അത്യന്തം അപകടകാരിയാണ് നിങ്ങള്‍ ഓണ്‍ലൈനില്‍ നിന്നും ഇസ്ലാം പഠിക്കാന്‍ ശ്രമിക്കുന്നത്. നിങ്ങൾക്കറിയുമോ കേരളത്തില്‍ നിന്ന് 21 പേര്‍ തിരോധാനം ചെയ്തു എന്ന് പറയുന്നു. ഈ തിരോധാനം ചെയ്തവര്‍ എങ്ങോട്ട് പോയി എന്നത് ഇന്നും ഐ.എസ് പോലെ ദുരൂഹമാണ്. അതിനെ സംബന്ധിച്ച് ആര്‍ക്കും അറിയില്ല. അവര്‍ പോയത് അഫ്ഗാനിസ്ഥാനിലേക്കാണോ യെമനിലേക്കാണോ, ഖുറാസാനിലെക്കാണോ? ഖുറാസാനിലേക്കാണ് എന്ന് പത്രങ്ങള്‍ എഴുതുന്നു. (ഖുറാസാന്‍ എന്നാല്‍ അഫ്ഗാനിസ്ഥനിന്റെ പഴയ പേരാണ്). സിറിയയിലേക്കാണോ ഇറാഖിലേക്കാണോ ഐ.എസിന്റെ മേഖലയിലേക്കാണോ? എ.കെ.47  മായി തിരിച്ചുവരുമോ? ഈ നാടിനെ കുട്ടിച്ചോറാക്കുമോ?

ആകെ സംശയമാണ് എല്ലാവര്‍ക്കും. വല്ലാത്ത ഭീതിയാണ്. നമ്മുടെ സഹപ്രവര്‍ത്തകര്‍ ഭീതിയിലാണ്. നിങ്ങള്‍ ഭീതിയിലാണ്, ഞാന്‍ ഭീതിയിലാണ്. ഈ ഭീതി സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും അരിച്ചിറങ്ങി കഴിഞ്ഞാല്‍ ഇത് വല്ലാത്ത അസമാധാനം ഉണ്ടാക്കും. ഈ അസമാധാനം ആണ് സംഘര്‍ഷത്തിലേക്ക് നയിക്കുന്നത്. ഈ മാനസികമായ അകല്‍ച്ചയാണ് വല്ലാത്ത സംഘര്‍ഷത്തിലേക്ക് നയിക്കുന്നത്. അത് ഈ നാടിനെ ഇല്ലാതാക്കും. ഈ നാടിന്റെ പാരമ്പര്യം ഇല്ലാതാക്കും. ഈ നാട്ടിൽ നിലനിൽക്കുന്ന  ശാന്തിയും സമാധാനവും തകര്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും . ഇങ്ങനെ പരസ്പരം വിശ്വസിക്കാത്ത, അയൽപക്കത്ത് താമസിക്കുന്നവര്‍, ഒരു ക്ലാസില്‍ ഇരുന്നു പഠിക്കുന്നവര്‍ തമ്മില്‍ വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലെക്ക് നമ്മള്‍ പോകുന്നു എന്ന് നിങ്ങള്‍ ആശങ്കയോടെ നിങ്ങള്‍ നെഞ്ചത്ത് കൈ വച്ചു ആലോചിക്കേണ്ട കാര്യമാണ്.

ഇതെന്തു കൊണ്ട് സംഭവിക്കുന്നു എന്ന് ചോദിച്ചാൽ എന്റെ അന്വേഷണത്തില്‍ മനസിലാക്കിയത് ഇവരെല്ലാം ഇസ്ലാമിനെ പഠിച്ചതും, മനസിലാക്കിയതും, പഠിച്ചുക്കൊണ്ടിരിക്കുന്നതും ആധികാരികമായി ഇസ്ലാം മനസിലാക്കിയ ഏതെങ്കിലും പണ്ഡിതന്റെ അടുക്കല്‍ നിന്നല്ല. ഞാന്‍ ഒരു പാട് രക്ഷാകര്‍ത്താക്കളെ നേരിട്ട് കണ്ടു അഭിമുഖം നടത്തി. അവര്‍ക്കെല്ലാം ഒരുപാട് കഥകള്‍ പറയാനുണ്ട്‌. നിങ്ങളുടെ പ്രായത്തില്‍ ഉള്ള അവരുടെ മക്കള്‍ പഠനം നിര്‍ത്തിയിരിക്കുന്നു. ഞാന്‍ നേരില്‍ കണ്ടിട്ടുള്ള ചില കുട്ടികള്‍, എൻട്രെന്‍സില്‍ നൂറില്‍ താഴെ റാങ്ക് വാങ്ങിയവര്‍, എഞ്ചിനീയറിംഗും, മെഡിസിനും രണ്ടാം വര്‍ഷത്തില്‍ പഠനം നിര്‍ത്തിയിരിക്കുന്നു. എന്താ അവര്‍ മനസ്സിലാക്കിയത്? അവര്‍ കോളേജില്‍ പോകാന്‍ പാടില്ല. കോളേജില്‍ പോയാല്‍ തൊട്ടടുത്തിരിക്കുന്ന പെണ്‍കുട്ടി പര്‍ദ്ദ അല്ല ധരിച്ചിരിക്കുന്നത്‌. അവരുടെ മുഖം എനിക്ക് കാണാം. അവരുടെ കൈ എനിക്ക് കാണാം. അവരുടെ ശബ്ദം എനിക്ക് കേള്‍ക്കാം. അവിടെ പഠിപ്പിക്കാന്‍ വരുന്ന അധ്യാപികയുടെ ശബ്ദം ഞാന്‍ കേള്‍ക്കേണ്ടി വരുന്നു. അവരുടെ മുഖം ഞാന്‍ കാണേണ്ടി വരുന്നു.

എന്തിനേറെ, ഈ രാജ്യത്ത് നിങ്ങൾക്ക് ഇവിടെ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കയറാന്‍ പറ്റില്ല. ഇന്ത്യന്‍ റെയില്‍വേ നിങ്ങൾക്ക് ഗതാഗതത്തിനു ഉപയോഗിക്കാന്‍ പറ്റില്ല. നിങ്ങളുടെ വീട്ടിലെ വാഹനത്തില്‍ സഞ്ചരിക്കാന്‍ പറ്റുമോ? പറ്റില്ല. കാരണം വാഹനം ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്. ആ ഇന്‍ഷുറന്‍സ് എന്ന് പറയുന്നത് ഹറാം ആണ്. ബാങ്ക് ലോണിൽ നിങ്ങളുടെ വാപ്പയെടുത്ത കാറില്‍ നിങ്ങൾക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല. അതുക്കൊണ്ട് ഈ ഹറാമായ ഈ ചുറ്റുപാടില്‍ നിന്നും എനിക്ക് മോചനം കിട്ടണം. എന്റെ ആഹിറം രക്ഷപ്പെടണമെങ്കില്‍, ജന്നത്തുൽ ഫിർദൗസ് കടക്കണമെങ്കില്‍, ഹൂറികളെ കിട്ടണമെങ്കില്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂ, ദാറുൽ കുഫ്റിൽ (അവിശ്വാസികളുടെ നാട് )നിന്ന് ദാറുൽ ഇസ്ലാമിലേക്ക് (വിശ്വാസികളുടെ നാട്) ഹിജറ പോവുക. അങ്ങനെ ദാറുൽ കുഫ്റിൽ നിന്ന് ദാറുൽ ഇസ്ലാമിലേക്ക് ഹിജറ പോയ കാഴ്ചാണ് നാം ഈ കണ്ടു കൊണ്ടിരിക്കുന്നത്.

മക്ക ഫത്തഹിന്  ശേഷം ഹിജറയില്ലെന്ന് മുഹമ്മദ്‌ നബി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴും ഈ വിശ്വാസവും പേറി നടക്കുന്ന 21 പേരല്ല, കേവലം 21 പടന്നയിലെ സുഹൃത്തുക്കള്‍ അല്ല,  ഈ വിശ്വാസവും പേറി നടക്കുന്നത് എന്ന് ഞാന്‍ ഞെട്ടലോടെ മനസിലാക്കിയ ഒരു കാര്യമാണ്. കാരണം, ഇതേ ആശയം ഉള്ളില്‍ വഹിക്കുന്ന കുട്ടികള്‍ അവരുടെ പഠനം നിര്‍ത്തിയിരിക്കുന്നു. അവര്‍ മനസിലാക്കിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും നല്ല ഇസ്ലാമിക പരിസ്ഥിതിയുള്ള മനോഹരമായ ഈ കേരള തീരം എന്നത്  ദാറുല്‍ കുഫ്‌റാണ്. ഇവിടെ ഇസ്ലാമിക് പരിസ്ഥിതിയില്ല. അതുകൊണ്ട് അങ്ങനെ ഒരു ഇസ്ലാമിക്‌ പരിസ്ഥിതി ഉണ്ടാക്കാന്‍ താലിബാനില്‍ പോകണം. എന്നും റോക്കെറ്റുമായി നില്‍ക്കുന്ന, ഇപ്പോഴും അമേരിക്കയുടെ ഡ്രോണ്‍ വിമാനങ്ങളെ ഭയന്നു ജീവിക്കുക സഹോദരീ സഹോദരന്മാര്‍ ഉള്ള അഫ്ഗാനില്‍ എത്തണം. അല്ലെങ്കില്‍ സിറിയയില്‍ എത്തണം, അല്ലെങ്കില്‍ ഇറാക്കില്‍ എത്തണം. അവിടെ മാത്രമേ ദാറുല്‍ ഇസ്ലാം ഉള്ളു. ഈ ഇസ്ലാം അവര്‍ എവിടെ നിന്ന് പഠിച്ചു?

ഞാന്‍ ഒന്നു രണ്ടു കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കി. അപ്പോള്‍ അവര്‍ എന്നെ തിരിച്ചു   കൗണ്‍സലിംഗ് ചെയ�