അവയവദാനമടക്കമുള്ള ശസ്ത്രക്രിയകളുടെ നിരക്കുകള്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

കച്ചവട മനോഭാവത്തോടെയാണ് സ്വകാര്യ ആശുപത്രികള്‍ ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യുന്നതെന്നും ഇതിനൊരറുതി വരുത്താന്‍ വേണ്ടിയാണ് നിരക്കുകള്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

അവയവദാനമടക്കമുള്ള ശസ്ത്രക്രിയകളുടെ നിരക്കുകള്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്


കൊച്ചി:സ്വകാര്യ ആശുപത്രികളില്‍ നടത്തുന്ന അവയവദാനമടക്കമുള്ള ശസ്ത്രക്രിയകളുടെ നിരക്ക് ഏകീകരിക്കുന്നു. ഇതേസംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഇടതു സര്‍ക്കാര്‍ ഉത്തരവ് ഇറക്കിക്കഴിഞ്ഞു.റിപ്പോര്‍ട്ട് തയ്യാറാക്കാനായി ഏഴംഗ സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നടപടിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയകളും അവയവങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനുളള ശസ്ത്രക്രിയകള്‍ക്കും ഈടാക്കുന്ന ചെലവ് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ മാര്‍ഗനിര്‍ദേശങ്ങളൊന്നും നല്‍കിയിരുന്നില്ല. കച്ചവട മനോഭാവത്തോടെയാണ് സ്വകാര്യ ആശുപത്രികള്‍ ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യുന്നതെന്നും ഇതിനൊരറുതി വരുത്താന്‍ വേണ്ടിയാണ് നിരക്കുകള്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍  തീരുമാനമായതെന്നും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ട് രണ്ടു മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിന് മുന്‍പാകെ സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഓരോ ശസ്ത്രക്രിയകള്‍ക്കും ഈടാക്കാവുന്ന പരമാവധി നിരക്കുകള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കേണ്ടതുണ്ട്. കരള്‍ മാറ്റിവെക്കല്‍,മസ്തിഷ്‌കാഘാതമേറ്റയാളുടെ അവയവങ്ങള്‍ എടുക്കല്‍, ഇവ മറ്റൊരാളില്‍ പിടിപ്പിക്കല്‍, ഹൃദയത്തില്‍ കൃത്രിമ വാല്‍വ് ഘടിപ്പിക്കല്‍, ആന്‍ജിയോ പ്ലാസ്റ്റി, ഇന്‍ വിട്രൊ ഫെര്‍ട്ടിലൈസേഷന്‍ എന്നീ ശസ്ത്രക്രിയകള്‍ക്കുളള നിരക്കാണ് സമിതി നിശ്ചയിക്കുക.

തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പാല്‍ ഡോ.തോമസ് മാത്യു, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ.ഡി. നാരായണന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ.ജേക്കബ് തോമസ്, ഹൃദ്രോഗ വിഭാഗം പ്രഫ. ഡോ. ജോര്‍ജ് കോശി, കോട്ടയം ഗവ.മെഡിക്കല്‍ കോളെജിലെ കാര്‍ഡിയോ സര്‍ജറി വിഭാഗം തലവന്‍ ഡോ.ടി.കെ. ജയകുമാര്‍, കാസര്‍കോട് ഗവ.കോളെജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവി പ്രഫ.ഹരികുറുപ്പ്, സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ മുന്‍ കണ്‍സല്‍ട്ടന്റ് അരുണ്‍ ബി നായര്‍ എന്നിവരാണ് സമിതിയിലുളളത്.

Read More >>