സർക്കാർ ഉത്തരവിലെ 'നിബന്ധനകൾ' സ്വതന്ത്ര സോഫ്റ്റ്‌വെയർ വിരുദ്ധമെന്ന് ആക്ഷേപം

സ്വതന്ത്ര സോഫ്റ്റ് വെയറുകൾ വ്യാപകമാക്കാൻ ഉദ്ദേശിച്ച് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് ഫലത്തിൽ സ്വതന്ത്ര സോഫ്റ്റ് വെയർ വിരുദ്ധമാകുകയാണ്. നിബന്ധനകളാണ് ഉത്തരവിനെ സോഫ്റ്റ് വെയർ വിരുദ്ധമാക്കുന്നത്.

സർക്കാർ ഉത്തരവിലെ

സർക്കാർ ഓഫീസുകളിൽ അനുമതി ഇല്ലാതെ പകർപ്പവകാശമില്ലാത്ത സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കാർ ഉത്തരവ് സ്വതന്ത്രസോഫ്റ്റ്‌വെയർ വിരുദ്ധമെന്ന് ആരോപണം. സർക്കാർ ഓഫീസുകളിലെ വ്യാജ സോഫ്റ്റ് വെയർ ഉപയോഗം തടയാനും സ്വതന്ത്ര ഫോസ്റ്റുവെയറുകൾ വ്യാപകമാക്കാനും വേണ്ടി ഇറക്കിയ ഉത്തരവാണ് ഫലത്തിൽ സ്വതന്ത്ര സോഫ്റ്റുവെയർ വിരുദ്ധമാകുന്നത്.

വ്യാജ സോഫ്റ്റുവെയറുകൾ ഉപയോഗിക്കുന്നത് മൂലം സർക്കാരിന്റെ വിവിധ വിവരസാങ്കേതിക 'ആസ്തികളെ' സുരക്ഷാഭീഷണിയിലേക്ക് തള്ളിവിടുകയാണെന്ന വാദം മുൻനിർത്തിയാണ്, 2015ലെ കേന്ദ്ര ഗവൺമെന്റിന്റെ സ്വതതന്ത്ര സോഫ്റ്റ് വെയർ നയം നടപ്പിലാക്കണമെന്ന് സംസ്ഥാന സർക്കാർ നിഷ്‌കർഷിക്കുന്നത്. അനുമതിയില്ലാതെ സോഫ്റ്റ് വെയറുകളുടെ ഉപയോഗം തടയുന്നതിന് ജൂലൈ മാസം ഇരുപത്തിയൊന്നിനാണ് സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത്.


ഈ ഉത്തരവിലെ സ്വതന്ത്ര സോഫ്റ്റ് വെയർ വിരുദ്ധ ചൂണ്ടിക്കാണിച്ചത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മുൻ സെക്രട്ടറിയും ഇൻഡിക് പ്രോജക്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അനിവർ അരവിന്ദാണ്. പകർപ്പവകാശമില്ലാത്ത സോഫ്റ്റ് വെയറുകൾ എന്ന ഉത്തരവിലെ പരാമർശം ഉൾപ്പെടെയുള്ള തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ് അനിവർ അരവിന്ദ് ഉത്തരവിലെ സ്വതന്ത്ര സോഫ്റ്റ് വെയർ വിരുദ്ധത ചൂണ്ടിക്കാണിക്കുന്നത്.

സ്വതന്ത്ര സോഫ്റ്റ് വെയറായാലും കുത്തക സോഫ്റ്റ് വെയറായാലും അവയ്ക്ക് അതാതിന്റെ പകർപ്പവകാശം ഉണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അനിവർ വ്യക്തമാക്കി.

സ്വാതന്ത്ര്യം നിർണ്ണയിക്കുന്നത് ലൈസൻസാണ്. രണ്ടിനും ലൈസൻസുണ്ട്. സ്വതന്ത്ര സോഫ്റ്റ്വെയർ പകർപ്പവകാശത്തോടൊപ്പം സ്വതന്ത്ര ലൈസൻസുകൾ ഉപയോഗിക്കുമ്പോൾ കുത്തക സോഫ്റ്റ്വെയർ എൻഡ് യൂസർ ലൈസൻസ് അഗ്രിമെന്റ് എന്ന കരാറിൽ ഉപഭോക്താവുമായി ഏർപ്പെടുകയാണ്. ഇത് മനസ്സിലാക്കാത്തതിന്റെ പ്രശ്‌നം ഓർഡറിൽ ഉണ്ടെന്നും അനിവർ പറയുന്നു.

ഉത്തരവിന്റെ ഭാഗമായി നൽകിയിരിക്കുന്ന നിബന്ധനകളിലാണ് സ്വതന്ത്ര സോഫ്റ്റ് വെയർ വിരുദ്ധത കടന്നു കൂടിയത്. സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗം വ്യാപമാക്കാനും പ്രോത്സാഹിപ്പിക്കാനും ചെയ്തതാണെങ്കിൽ ഭാവിയിൽ ഇത് സ്വതന്ത്ര സോഫ്റ്റ്‌വെയറിന് വിരുദ്ധമാകാൻ സാധ്യതയുണ്ടെന്നാണ് അനിവറിന്റെ വാദം.
 ഉദ്ദേശലക്ഷ്യം സ്വാഗതാർഹമാണെങ്കിലും ഉപയോഗിച്ച ടെർമിനോളജികളിലെ ആശയക്കുഴപ്പം കാരണം സ്വതന്ത്ര സോഫ്റ്റ്വെയറിനെതിരെ ഉപയോഗിയ്ക്കാൻ ഇടനൽകുന്നതാണ് ഇതിലെ പല കണ്ടീഷനുകളുമെന്നും അനിവർ പറഞ്ഞു.


free-software_anivar_2നിബന്ധനകളിലെ ആദ്യഭാഗം മുതൽതന്നെയുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ വിരുദ്ധത അനിവർ അരവിന്ദ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

സർക്കാർ ഓഫീസുകളിൽ ലൈസൻസ് ഉള്ള സോഫ്റ്റ് വെയർ ആവശ്യം വന്നാൽ ടെണ്ടർ മുഖാന്തിരം മാത്രമേ വാങ്ങാൻ സാധിക്കു എന്നാണ് സർക്കാർ ഉത്തരവിലെ ഒന്നാമത്തെ നിബന്ധന. ഇവിടെ ലൈസൻസ് ഉള്ള സോഫ്റ്റ്‌വെയർ എന്ന വ്യക്തതയില്ലാത്ത പ്രയോഗം സ്വതന്ത്ര സോഫ്റ്റ് വെയറിന് എതിരെ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അനിവർ ആരോപിക്കുന്നു. ടെണ്ടർ മുഖാന്തിരം വാങ്ങുന്നതിന് മുൻകൂർ അനുമതി വാങ്ങണം എന്ന നിബന്ധനയും സ്വതന്ത്ര സോഫ്റ്റ് വെയറിനെതിരെ ഉപയോഗിക്കപ്പെട്ടേക്കാമെന്നും അനിവർ വാദിക്കുന്നു.

ഉത്തരവിലെ രണ്ടാമത്തെ നിബന്ധനയും സ്വതന്ത്ര സോഫ്റ്റ് വെയർ വിരുദ്ധമാണെന്ന് അനിവർ വ്യക്തമാക്കുന്നു. സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ പ്രത്യേകത തന്നെ അനുമതിയില്ലാതെ വിതരണം ചെയ്യാനും പുനർനിർമ്മിച്ച് ഉപയോഗിക്കാനുമുള്ള സൗകര്യമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മൗലികചിന്തയെ ചോദ്യം ചെയ്യുന്നതാണ് '
അനുമതിയില്ലാതെ വിതരണം ചെയ്യാനോ പുനർനിർമ്മിച്ച് ഉപയോഗിയ്ക്കാനോ പാടില്ല
' എന്ന ഉത്തരവിലെ പ്രയോഗമെന്ന് അനിവർ അരവിന്ദ് വ്യക്തമാക്കുന്നു.

നിബന്ധനയിലെ നാലംഭാഗം 'അനധികൃതമായി പുനഃസൃഷ്ടിക്കുന്നതോ ആയ സോഫ്റ്റ്വെയറുകൾ സുരക്ഷാഭീഷണിയുണ്ടാക്കുന്നു' എന്ന പ്രയോഗം സർക്കാർ തല ഉപയോഗത്തിൽ ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ സോഴ്‌സ് കോഡ് കമ്പൈൽ ചെയ്യാനുള്ള സാധ്യതപോലും ഇല്ലാതാക്കുമെന്നും അനിവർ കുറ്റപ്പെടുത്തി. നിലവിൽ സ്വതന്ത്ര സോഫ്റ്റ് വെയറുകളിൽ ഭൂരിപക്ഷവും ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഡിക്‌സ് മീഡിയ വഴിയാണ് ഇൻസ്റ്റാൾ ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗം തീർത്തും അസാധ്യമാക്കുന്നതാണ് 'ഡിസ്‌ക്, മീഡിയ ഇന്റർനെറ്റ് ഉറവിടങ്ങൾ വഴിയുള്ള സോഫ്റ്റ്വെയർ ഉപയോഗം പാടില്ല' എന്ന നിബന്ധനയെന്നും അനിവർ ആരോപിക്കുന്നു.

Read More >>