'ഗോത്രസാരഥിക്ക്' വഴി തെറ്റുന്നു; ആദിവാസി കുട്ടികള്‍ക്ക് സ്‌കൂള്‍ യാത്ര ദുരിതം

മുന്‍വര്‍ഷങ്ങളില്‍ ഗോത്രസാരഥിക്കായി വാഹനമോടിയതിന്റെ കുടിശിക ലഭിച്ചാലേ ഈ അദ്ധ്യയന വര്‍ഷം സര്‍വീസ് നടത്തുകയുള്ളൂ എന്ന തീരുമാനത്തിലാണ് വാഹനമുടമകള്‍. വിവിധ ജില്ലകളിലായി കോടിക്കണക്കിന് രൂപയാണ് കുടിശ്ശികയിനത്തില്‍ നല്‍കാനുള്ളത്. ഏറ്റവുമധികം തുക ലഭിക്കാനുള്ളത് വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ്. വയനാട്ടില്‍ 1 കോടി 19 ലക്ഷവും കണ്ണൂരില്‍ 65 ലക്ഷവും.

കണ്ണൂര്‍: മലയോര പഞ്ചായത്തായ ഉദയഗിരിയിലെ പട്ടിക ജാതിക്കോളനികളിലെ കുട്ടികള്‍ക്ക് കൃത്യമായി സ്‌കൂളിലെത്താന്‍ കഴിയുന്നില്ല. പലരും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമാണ് സ്‌കൂളില്‍ പോകുന്നത്. കാരണം മറ്റൊന്നുമല്ല, വനാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കോളനികളില്‍ നിന്നും സ്‌കൂളിലേക്കെത്താന്‍ അഞ്ച് മുതല്‍ പത്ത് കിലോമീറ്റര്‍ വരെ നടക്കണം. ആദിവാസിക്കുട്ടികളെ സ്‌കൂളിലേക്കെത്തിക്കാന്‍ നടപ്പിലാക്കുന്ന 'ഗോത്രസാരഥി' പദ്ധതി പ്രകാരമുള്ള വാഹന സൗകര്യം ഈ വര്‍ഷം മുതല്‍ ലഭിക്കാത്തതാണ് ഉദയഗിരിയിലെ കുട്ടികളുടെ പഠനം മുടക്കുന്നത്.


Gothra sarathi in SSA report

ഇത് ഉദയഗിരിയിലെ മാത്രം സ്ഥിതിയല്ല. ദേശീയശ്രദ്ധ നേടിയ ഗോത്രസാരഥി പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാനമൊട്ടാകെ താളം തെറ്റിയിരിക്കുകയാണ്. 2014-15 അദ്ധ്യയന വര്‍ഷത്തെ സര്‍വശിക്ഷാ അഭിയാന്റെ ദേശീയ വിശകലന റിപ്പോര്‍ട്ടില്‍ കേരളം വിദ്യാര്‍ത്ഥികളുടെ ഉയര്‍ന്ന ഹാജര്‍നിലയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ്. ഇതിനു കാരണങ്ങളില്‍ ഒന്നായി  എസ്എസ്എ ചൂണ്ടിക്കാട്ടിയ മികച്ച പദ്ധതിയാണ് ഗോത്രസാരഥി.
മുന്‍വര്‍ഷങ്ങളില്‍ ഗോത്രസാരഥിക്കായി വാഹനമോടിയതിന്റെ കുടിശിക ലഭിച്ചാലേ ഈ അദ്ധ്യയന വര്‍ഷം സര്‍വീസ് നടത്തുകയുള്ളൂ എന്ന തീരുമാനത്തിലാണ് വാഹനമുടമകള്‍. വിവിധ ജില്ലകളിലായി കോടിക്കണക്കിന് രൂപയാണ് കുടിശ്ശികയിനത്തില്‍ നല്‍കാനുള്ളത്. ഏറ്റവുമധികം തുക ലഭിക്കാനുള്ളത് വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ്. വയനാട്ടില്‍ 1 കോടി 19 ലക്ഷവും കണ്ണൂരില്‍ 65 ലക്ഷവും.

ഇതില്‍ ഭാഗികമായ തുക ഇപ്പോള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും ഈ തുക പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിന് പര്യാപ്തമല്ല. പണമില്ലാത്തതിനാല്‍ ഉദയഗിരിയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ പദ്ധതി പുതുതായി നടപ്പാക്കാനോ തുടരാനോ കഴിയാത്ത സ്ഥിതിയിലാണ്. ഉദയഗിരിയില്‍ ഐടിപിസി ഓഫീസറുടെ നിര്‍ദേശപ്രകാരം കുട്ടികളുടെ വിവരശേഖരണം നടത്തിയിരുന്നെങ്കിലും ഗോത്രസാരഥി പദ്ധതി നടപ്പിലാക്കിയിട്ടില്ല. അദ്ധ്യയന വര്‍ഷം ആരംഭിച്ച് മാസം ഒന്നുകഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടിയും ഇല്ല. മുന്നൂറിലധികം എസ്ടി കുട്ടികള്‍ പഠിക്കുന്ന പഞ്ചായത്തിലെ നാല് സ്‌കൂളുകളില്‍ ഉടനടി പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കാര്‍ത്തികപുരം ലോക്കല്‍ കമ്മിറ്റി പട്ടിക ജാതി ക്ഷേമ മന്ത്രി എകെ ബാലന് നിവേദനം നല്‍കിയിട്ടുണ്ട്.

Read More >>