ബാഡ്മിന്റൺ ഒളിമ്പിക് മെഡൽ: വിജയിച്ചത് ഭാരതമല്ല; ഈ നേട്ടം പുല്ലേല ഗോപീചന്ദിന്റേത്; പൂർത്തിയാവുന്നത് ഒരു മധുരപ്രതികാരം 

ഈ വിജയത്തില്‍ പി വി സിന്ധുവിനോളം തന്നെ അഭിമാനിക്കാവുന്ന ഒരാളുണ്ടെങ്കില്‍ അത് പരിശീലകന്‍ ഗോപിചന്ദാണ്. ഗോപിചന്ദിനെ സംബന്ധിച്ചിടത്തോളം ഇതൊരു മധുര പ്രതികാരം കൂടിയാണ്.

ബാഡ്മിന്റൺ ഒളിമ്പിക് മെഡൽ: വിജയിച്ചത് ഭാരതമല്ല; ഈ നേട്ടം പുല്ലേല ഗോപീചന്ദിന്റേത്; പൂർത്തിയാവുന്നത് ഒരു മധുരപ്രതികാരം 


പിവി സിന്ധു എന്ന ചെറുപ്പക്കാരിയിലൂടെ ബാഡ്മിന്റണിൽ നേടിയ ആദ്യ ഒളിമ്പിക് വെള്ളി മെഡൽ ഭാരതത്തിന്റെയോ ഒരു കളിക്കാരിയുടെയോ വിജയമല്ല. 'ഈ സ്വർണം യഥാർത്ഥത്തിൽ അവകാശപ്പെട്ടത് പുല്ലേല ഗോപീചന്ദ് എന്ന പരിശീലകനാണ്'. സുവർണ്ണ നേട്ടത്തോടെ ഗോപീചന്ദ് പൂർത്തീകരിക്കുന്നത് ഒരു മധുരപ്രതികാരം കൂടിയാണ്.


2001ലെ 'ആൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാപ്യൻഷിപ്' നേടിയതോടെയാണ് പുല്ലേല ഗോപീചന്ദ് എന്ന ചെറുപ്പക്കാരനെ രാജ്യം ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നീട് അർജുന, ദ്രോണാചാര്യ. പദ്മഭൂഷൺ അവാർഡുകൾ നേടിയ ഗോപീചന്ദ് ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായി. താൻ സ്ഥാപിച്ച 'ഗോപീചന്ദ് ബാഡ്മിന്റൺ അക്കാദമി'യിലൂടെയും ലോകത്തിന് നിരവധി പ്രതിഭകളെ സമ്മാനിക്കാൻ ഗോപീചന്ദിന് കഴിഞ്ഞു. ലോകമറിയുന്ന കായിക താരങ്ങളെ വാര്‍ത്തെടുത്ത പരിശീലകന്‍ എന്ന പേരിലാകും ഗോപിചന്ദ് കൂടുതല്‍ അറിയപ്പെടുക. പി വി സിന്ധുവിന്റെ ഒളിമ്പിക്സ് വിജയത്തോടെ അത് വ്യക്തമായി കഴിഞ്ഞു.


2006 മുതൽ ഗോപീചന്ദിന്റെ അക്കാദമിയിൽ പരിശീലനം നേടിയ സൈന നെഹ്‌വാൾ ഒളിമ്പിക്സ് വെങ്കല മെഡൽ ഉൾപ്പെടെ അനേക നേട്ടങ്ങളാണ് കൊയ്തെടുത്തത്. എന്നാൽ 2014ൽ നാടകീയമായി സൈന ബംഗളുരുവിലെ മലയാളിയായ വിമൽ കുമാറിന്റെ കീഴിലേക്ക് കൂടു മാറി. താമസം പോലും ബംഗളുരുവിലേക്ക് മാറ്റി. ഇന്ത്യൻ ബാഡ്മിന്റൺ രംഗത്തെ രണ്ട് അതികായരാണ് ഗോപീചന്ദ് അക്കാദമിയും പ്രകാശ് പദുക്കോൺ അക്കാദമിയും. പ്രകാശ് പദുക്കോൺ അക്കാദമിയിലെ പരിശീലകനായ വിമൽകുമാറിന്റെ ചിറകിനടിയിലേക്ക് സൈന നടത്തിയ കൂടുമാറ്റം വലിയ വാർത്തയായി. ഗോപീചന്ദിന്റെ പരിശീലനം മോശമാണെന്നും പരിശീലന രീതികൾ ശരിയില്ലെന്നുമൊക്കെ പിന്നണി ചർച്ചകൾ നടന്നു. വിവാദങ്ങൾക്ക് മുഖം കൊടുക്കാതെ ഗോപീചന്ദ് നിശ്ശബ്ദനായിരുന്നു.


വിമൽകുമാറിന്റെ ശിക്ഷണത്തിൽ സൈന ലോക ഒന്നാം നമ്പർ താരമായി മാറിയപ്പോൾ ഗോപീചന്ദിന്റെ കാലം അവസാനിക്കുന്നു എന്നുപോലും സ്പോർട്സ് ലോകത്തെ പാണന്മാർ പാടി നടന്നു. ഇവിടെയാണ് മധുര പ്രതികാരത്തിന്റെ കഥ കിടക്കുന്നത്. പി വി സിന്ധുവിന്റെ മെഡല്‍ നേട്ടം എങ്ങനെയാണ് ഗോപിചന്ദിന്റെ മധുര പ്രതികാരമാകുന്നത് എന്ന സംശയത്തിന്
സൈന നെഹ്‍വാളിനെതിരെ ഉയരുന്ന പരിഹാസങ്ങള്‍
ശ്രദ്ധിച്ചാല്‍ മതി.


Gopichand-Badminton-Academy


മാധ്യമങ്ങൾക്കു മുന്നിൽ നിശ്ശബ്ദനായിരുന്നെങ്കിലും എല്ലാ വിവാദങ്ങൾക്കും മറുപടിയായി രണ്ട് വജ്രായുധങ്ങളെ തന്റെ അക്കാദമിയിൽ ഒരുക്കുകയായിരുന്നു ഗോപീചന്ദ്. ശ്രീകാന്ത് കിഡംബിയും പിവി സിന്ധുവും ഗോപിചന്ദിന്റെ ആയുധശേഖരത്തിലെ രണ്ട് വജ്രായുധങ്ങളായി മാറി. കഠിനമായ പരിശീലനത്തിലൂടെ രണ്ട് താരങ്ങളെ വാർത്തെടുക്കുകയായിരുന്നു ഗോപീചന്ദ്. ശ്രീകാന്തിന്റെയും സിന്ധുവിന്റെയും സിരകളിലേക്ക് ബാഡ്മിന്റൺ ലഹരി പകർന്നു. ഏറ്റവും ഒടുവിൽ എല്ലാ വിവാദങ്ങൾക്കും മറുപടിയായി സിന്ധു വെള്ളി മെഡൽ നേടിയിരിക്കുന്നു.


തീർച്ചയായും ഈ മെഡൽ ഭാരതത്തിന്റെയോ സിന്ധുവിന്റെയോ പോലുമല്ല, ഗോപീചന്ദിന്റേതു തന്നെയാണ്. സിന്ധു ആയുധം മാത്രം. കളികഴിഞ്ഞു കളിക്കളവും അഭിനന്ദന പ്രവാഹവും ഒഴിയുമ്പോഴേക്കും പുല്ലേല ഗോപീചന്ദ് എന്ന ഈ നാല്പത്തിരണ്ടുകാരൻ വീണ്ടും തിരക്കിലേക്ക് കടക്കും. പുതിയ ബാഡ്മിന്റൺ ബ്രഹ്‌മാസ്‌ത്രങ്ങളെ വാർത്തെടുക്കാൻ. വരാനിരിക്കുന്ന ഒളിമ്പിക്സിൽ ബാഡ്മിന്റൺ സ്വർണം ഉറപ്പിക്കാൻ ശിഷ്യരുമായി ഗോപീചന്ദ് എത്തും, തീർച്ച.