ദുബായ് വിമാനാപകടം; സാധനങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന ഇന്ത്യക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മലയാളി പെണ്‍കുട്ടി

വിമാനം അപകടത്തില്‍പെട്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ യാത്രക്കാരുടെ പ്രതികരണം നേരിട്ട് കണ്ടതാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രേരിപ്പിച്ചതെന്ന് റിയ പറയുന്നു.

ദുബായ് വിമാനാപകടം; സാധനങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന ഇന്ത്യക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മലയാളി പെണ്‍കുട്ടി

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനം അപകടത്തെ തുടര്‍ന്ന് ദുബായില്‍ അടിയന്തരമായി ഇറക്കിയതും നൂറ് കണക്കിന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടതുമായിരുന്നു കഴിഞ്ഞയാഴ്ച്ചത്തെ പ്രധാന വാര്‍ത്ത. എന്നാല്‍ ആ വാര്‍ത്തയേക്കാള്‍ ചര്‍ച്ചചെയ്യപ്പെട്ടത് മരണത്തെ മുഖാമുഖം നേരിടുമ്പോഴും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ ബാഗുകളും സാധനങ്ങളും എടുക്കാന്‍ പരിഭ്രാന്തരായി ഓടുന്ന മലയാളികളടക്കമുള്ള യാത്രക്കാരുടെ വീഡിയോ ആയിരുന്നു.


ജീവന്‍ അപകടത്തില്‍പെട്ടിരിക്കുമ്പോഴും സ്വന്തം സാധനങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന ഇന്ത്യക്കാരെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കിലടക്കം നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലും മലയാളികളുടെ നെട്ടോട്ടം മൊബൈലില്‍ പകര്‍ത്തിയതാരാണെന്ന് ആരുമറിഞ്ഞില്ല.

യുഎസില്‍ താമസിക്കുന്ന മലയാളി തന്നെയായ റിയ ജോര്‍ജ് എന്ന പതിനേഴുകാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനം അപകടത്തില്‍പെട്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ യാത്രക്കാരുടെ പ്രതികരണം നേരിട്ട് കണ്ടതാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രേരിപ്പിച്ചതെന്ന് റിയ പറയുന്നു.'ആ നിമിഷം വളരെ പ്രധാനപ്പെട്ടതായിരുന്നു. മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടത്തിലാക്കി സ്വാര്‍ത്ഥരായ യാത്രക്കാര്‍ സ്വന്തം സാധനങ്ങള്‍ എടുക്കാനുള്ള വെപ്രാളത്തിലായിരുന്നു പലരും.'

'വിമാനത്തില്‍ തീപടര്‍ന്ന കാര്യം പല യാത്രക്കാരും അറിഞ്ഞിരുന്നില്ലെന്ന് മനസ്സിലാക്കാം. പക്ഷേ, അപകടകരമായ ലാന്റിംഗിന് ശേഷവും പെട്ടെന്ന് പുറത്തിറങ്ങാതെ സാധനങ്ങള്‍ എടുക്കുന്നത് വളരെ ഗൗരവകരമായ കാര്യമാണ്'.

'വിമാനം പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് പുറത്തിറക്കണമായിരുന്നു. മിനുട്ടുകള്‍ക്ക് പോലും അത്രയേറെ
വിലയുണ്ടായിരുന്ന നിമിഷം'. റിയ പറയുന്നു.

ഇന്ത്യന്‍ യാത്രക്കാര്‍ മെരുക്കാന്‍ കഴിയാത്ത കൂട്ടമാണെന്നും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാതെയാണ് അവര്‍ പെരുമാറിയതെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രധാന ആക്ഷേപം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന് കരുതിയിരുന്നില്ലെന്ന് റിയ പറയുന്നു.

'മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ വാട്ടര്‍മാര്‍ക്ക് വെച്ചിരുന്നില്ല. ഒരുപാട് പേര്‍ വീഡിയോ ഷെയര്‍ ചെയ്തു.'

ആറ് വര്‍ഷമായി യുഎസില്‍ താമസിക്കുന്ന റിയ മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം അവധിക്ക് നാട്ടിലെത്തി തിരിച്ചു പോകുന്ന വഴിയാണ് അപകടമുണ്ടായത്. ദുബായില്‍ നിന്ന് മറ്റൊരു വിമാനത്തില്‍ യുഎസിലേക്ക് മടങ്ങുകയായിരുന്നു റിയയും കുടുംബവും.

വിമാനം അപകടത്തിലാണെന്നും സാധനങ്ങള്‍ ഉപേക്ഷിച്ച് എത്രയും വേഗം പുറത്ത് കടക്കണമെന്നും വിമാനത്തിലെ ജീവനക്കാര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ചിലര്‍ സാധനങ്ങള്‍ക്കായി നെട്ടോട്ടമോടിയത്.

അപകടത്തില്‍പെട്ട വിമാനം സുരക്ഷിതമായി താഴെയിറക്കിയ പൈലറ്റിനേയും റിയ അനുസ്മരിക്കുന്നു.

ഓഗസ്റ്റ് 3 നാണ് രാവിലെ 10.19 ന് തിരുവന്തപുരത്ത് നിന്ന് പുറപ്പെട്ട ഇകെ 521 (ബോയിങ് 777300) വിമാനം ദുബായ് വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ടത്. ഏഴ് കുട്ടികളടക്കം 282 യാത്രക്കാരും 18 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 226 പേരും ഇന്ത്യക്കാരായിരുന്നു. അതില്‍ ഏറെയും മലയാളികളും.

ദുബായ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയ വിമാനം മിനുട്ടുകള്‍ക്കകം കത്തിച്ചാമ്പലാവുകയായിരുന്നു. അതിന് മുമ്പ് യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തെത്തിയിരുന്നു.

Read More >>