ജി മാധവൻ നായർ: തകരുന്നത് മധ്യവർഗ മലയാളിയുടെ അഭിമാന ബിംബം

പദ്മവിഭൂഷൺ ലഭിച്ച് രണ്ട് വർഷത്തിനുള്ളിൽ തന്നെ സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും നോട്ടപ്പുള്ളിയായി മാധവൻ നായർ. ഇന്ത്യൻ സ്പേസ് സ്റ്റാബ്ലിഷ്‌മെന്റിന്റെ വ്യാപാര ശാഖയായ മെട്രിക്സിന്റെ തലപ്പത്തിരിക്കെ 2005ൽ ക്രമക്കേട് കാട്ടി എന്ന കണ്ടെത്തലിനെത്തുടർന്ന് മാധവൻ നായരുടെ ജീവിതത്തിലെ രണ്ടാം പർവ്വം ആരംഭിച്ചു.

ജി മാധവൻ നായർ: തകരുന്നത് മധ്യവർഗ മലയാളിയുടെ അഭിമാന ബിംബം

ആൻട്രിക്സ് - ദേവാസ് ഇടപാടിൽ ഐഎസ്ആർഒ മുൻ മേധാവി ജി മാധവൻ നായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിക്കുമ്പോൾ തകരുന്നത് ജി മാധവൻ നായർ എന്ന മധ്യവർഗമലയാളിയുടെ അഭിമാനം കൂടിയാണ്. ഐഎസ്ആർഒ എന്ന ശാസ്ത്ര സ്ഥാപനത്തിന്റെ തലപ്പത്തേക്ക്‌ ജി മാധവൻ നായർ എത്തിയപ്പോൾ മലയാളികളും കേരളീയ മാധ്യമങ്ങളും ആഘോഷിക്കുകയായിരുന്നു. 2010ൽ രാഷ്ട്രം അതിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ നൽകി മാധവൻ നായരെ  ആദരിച്ചതോടുകൂടി കേരളം ഏറ്റവും ആദരണീയനായ മലയാളി ശാസ്ത്രജ്ഞൻ എന്ന ആദരവ് കൂടി മാധവൻ നായർക്ക് നൽകി.


തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട് എപിജെ അബ്ദുൾ കലാമിനെ കൊണ്ടാടുമ്പോൾ മലയാളികൾ മാധവൻ നായരെ ആഘോഷിക്കുകയായിരുന്നു. മധ്യവർഗ മലയാളി ജി മാധവൻ നായരെ റോൾ മോഡലാക്കി വാഴ്ത്തി. ഗാന്ധിജിക്കും വിവേകാനന്ദനും ഒപ്പം പല വിദ്യാലയങ്ങളിലും മാധവൻ നായരുടെ ചിത്രവും സ്ഥാനം പിടിച്ചു. സ്‌കൂളുകളിലും കോളേജുകളിലും കരയോഗം മീറ്റിംഗുകളിലും വിശിഷ്ടാഥിതിയായും ഉത്‌ഘാടകനായും മാധവൻ നായർ നിറഞ്ഞു നിന്ന കാലം.


എല്ലാം അവസാനിക്കാൻ ഏറെ കാലമൊന്നും വേണ്ടി വന്നില്ല. പദ്മവിഭൂഷൺ ലഭിച്ച് രണ്ട് വർഷത്തിനുള്ളിൽ തന്നെ സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും നോട്ടപ്പുള്ളിയായി മാധവൻ നായർ. ഇന്ത്യൻ സ്പേസ് സ്റ്റാബ്ലിഷ്‌മെന്റിന്റെ വ്യാപാര ശാഖയായ മെട്രിക്സിന്റെ തലപ്പത്തിരിക്കെ 2005ൽ ക്രമക്കേട് കാട്ടി എന്ന കണ്ടെത്തലിനെത്തുടർന്ന് മാധവൻ നായരുടെ ജീവിതത്തിലെ രണ്ടാം പർവ്വം ആരംഭിച്ചു. ഇന്ത്യൻ ഉപഗ്രഹങ്ങളുടെ എസ് ബാൻഡ് സ്പെക്ട്രം ഉപയോഗിക്കാനുള്ള അനുമതി ബെംഗളൂരു ആസ്ഥാനമായുള്ള അമേരിക്കൻ കമ്പനി ദേവാസ് മീഡിയക്ക് നൽകിയതിൽ ക്രമക്കേടുണ്ടെന്നായിരുന്നു കണ്ടെത്തൽ. 12 വർഷത്തേക്കാണ് കരാർ നൽകിയത്.


തൊണ്ണൂറുകളിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ പിടിച്ചു കുലുക്കിയ ചാരക്കേസിന് ശേഷം ഐഎസ്ആർഒ നേരിട്ട വിവാദമായിരുന്നു ആൻട്രിക്സ് - ദേവാസ് ഇടപാട്. രണ്ട് കേസുകളിലെയും മലയാളി സാന്നിധ്യം പല ദേശീയ മാധ്യമങ്ങളും വാർത്തയാക്കി. പലപ്പോഴും ജി മാധവൻ നായർക്കെതിരെ കടുത്ത പരാമര്ശങ്ങളൊന്നും നടത്താതെയായിരുന്നു മലയാള മാധ്യമങ്ങളുടെ റിപ്പോർട്ടിങ്. 2 ജി സ്പെക്രത്തിനു പിന്നാലെ എസ് ബാൻഡ് സ്പെക്ട്രം ദേശീയ മാധ്യമങ്ങൾ ആഘോഷിച്ചു.


കരാറിലൂടെ ഐ.എസ്.ആര്‍.ഒയ്ക്ക് 578 കോടിരൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി. കണ്ടത്തുകയും സ്‌പേസ് കമ്മിഷന്‍ കരാര്‍ റദ്ദാക്കുകയും ചെയ്തു. മാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ളവരെ കരിമ്പട്ടികയിൽ പെടുത്തി സർക്കാർ പദവികളിൽ നിയമിക്കരുതെന്ന് തീരുമാനമെടുക്കുകയും ചെയ്തു. അപ്പോഴും തന്റെ ഭാഗം മാധവൻ നായർ ന്യായീകരിക്കുകയും ശാസ്ത്ര-സാംസ്കാരിക പരിപാടികളിൽ പങ്കെടുത്തുകൊണ്ട് കേരളത്തിൽ തന്റെ പൊതു സാന്നിധ്യം നിലനിർത്തുകയും ചെയ്തു.


മാധവൻ നായരെ പ്രതിയാക്കിക്കൊണ്ട് സിബിഐ കുറ്റപത്രം സമർപ്പിക്കുമ്പോൾ തുടക്കമാവുന്നത് ഒരു നിയമ പോരാട്ടത്തിന് കൂടിയാണ്. പതിറ്റാണ്ടുകൾക്കിപ്പുറത്ത് നമ്പി നാരായണൻ ചാരക്കേസിൽ നേടിയ വിജയം പോലെ ഒന്ന് മാധവൻ നായർക്കും ഉണ്ടാകുമെന്ന് ആഗ്രഹിക്കുന്ന മലയാളികൾ ഉണ്ടെങ്കിലും ആൻട്രിക്സ് കേസിൽ അങ്ങനെയൊന്ന് ഉണ്ടാവില്ല എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ. ശക്തവും സുവ്യക്തവുമായ തെളിവുകൾ മാധവൻ നായർക്കെതിരെ സിബിഐ ശേഖരിച്ചു കഴിഞ്ഞു. അഴിമതിയുടെയും കൈക്കൂലിയുടെയും പേരിൽ ആഗോള കുപ്രസിദ്ധി നേടിക്കഴിഞ്ഞ ഇന്ത്യക്ക്, പരമോന്നത ശാസ്ത്രജ്ഞർ കൂടി അഴിമതിക്കേസിൽ പെടുന്നത് വൻ നാണക്കേട് തന്നെയാണ് ഉണ്ടാക്കുക.


ഏതായാലും മധ്യവർഗ മലയാളിയുടെ ഒരു ബിംബം കൂടി തകർന്നു വീഴുകയാണ്. രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ മലയാളി കെ.ആർ നാരായണന് ലഭിക്കാത്ത പരിരാളനങ്ങൾ ഏറ്റുവാങ്ങിയ സവർണ ബിംബം എന്ന നിലയിലാവും ഇനി ജി മാധവൻ നായരുടെ സ്ഥാനം.