തെരുവ് നായ്ക്കളുടെ 'കേരളം'

നമ്മുടെ സാമൂഹിക സാമ്പത്തികാവസ്ഥ അനുസരിച്ച് തെരുവ് നായ്ക്കളുടെ പ്രശ്നത്തില്‍ പല തലത്തിലുള്ള ഇടപെടലുകൾ ആവശ്യമാണ്. അതിൽ പ്രധാനപ്പെട്ടത് എണ്ണം കുറയ്ക്കുക എന്നതാണ്. ദയാവധം അതിനുള്ള കോസ്റ്റ് ഇഫക്ടീവ് ആയ ഒരു മാര്‍ഗ്ഗമാണ്. അതുകൊണ്ട് മാത്രമായില്ല. പ്രജനന നിയന്ത്രണവും, വാക്സിനേഷനും, ദത്തെടുക്കലും അല്ലാതെയുള്ള സംരക്ഷണ മാർഗ്ഗങ്ങളും അവലംബിക്കാം. ഡോ ദീപു സദാശിവൻ എഴുതുന്നു.

തെരുവ് നായ്ക്കളുടെ

ഡോ: ദീപു സദാശിവൻ

തെരുവ് നായ്ക്കളുടെ കാര്യത്തിൽ കേരളം ഇപ്പോൾ രണ്ട് തട്ടിലാണ്. കേന്ദ്രവും ഇടപെടുന്നത് കൊണ്ട് മലയാളികൾ രണ്ട് തട്ടിലെന്ന് പറയാനാവില്ല. തെരുവ് നായ്ക്കളെ കൊല്ലണോ വേണ്ടയോ എന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ട്. അതിനിടയിലും തെരുവ് നായ്ക്കളുടെ ആക്രമണം നിർബാധം തുടരുന്നു. കൂട്ടത്തിൽ ഞെട്ടിച്ച സംഭവങ്ങളിലൊന്നാണ് നൂറോളം തെരുവ് നായ്ക്കള്‍ കൂട്ടംകൂടി ഒരു മദ്ധ്യവയസ്കയെ ആക്രമിച്ചു കൊന്നത്. ഈ ദാരുണ സംഭവം പലരെയും ഞെട്ടിച്ചിട്ടുണ്ടാവും, എന്നാല്‍ കേരളത്തിലെ തെരുവുകളിലൂടെ യാത്ര ചെയ്തിട്ടുള്ള ഒരാള്‍ക്ക്‌ (വാഹനങ്ങളില്‍ മാത്രം യാത്ര ചെയ്തു ശീലിച്ചവര്‍ക്ക് ബാധകമല്ല) ഇത് അപ്രതീക്ഷിതമായിരിക്കില്ല.


തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി പെരുകുകയും അത് ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഉണ്ടായ ചർച്ചകളിൽ ഈ അഭിപ്രായ വ്യത്യാസം പ്രകടമാണ്. തെരുവ് നായ് ശല്യം എങ്ങനെ ഒഴിവാക്കാം എന്ന ചർച്ചയിലുടനീളം 'വിരുദ്ധാഭിപ്രായങ്ങളുടെ' ഉണ്ടായിരുന്നല്ലോ!

നായശല്യം  ദിവസും നേരിടേണ്ടി വരുന്ന ബഹുഭൂരിപക്ഷ ജനങ്ങൾ ഒരു വശത്തും നായ സ്നേഹികൾ എതിർചേരിയിലും നിന്നാണ് ചർച്ച നടത്തുന്നത്. ജനങ്ങൾ നായ്ക്കളെ കൊല്ലുന്നതിനെ അനുകൂലിക്കുകയും അത് നടപ്പിലാക്കാത്ത സർക്കാരിനെതിരെ തിരിയുകയും ചെയ്തിരിക്കുന്നു. എന്നാൽ അതിനെതിരെ പ്രതികരിക്കാനും ആളുണ്ട്. അവർക്ക് കേന്ദ്രമന്ത്രി മനേക ഗാന്ധി പോലുള്ളവരുടെ പിന്തുണയുമുണ്ട്. 2001 വന്ന കേന്ദ്ര നിയമം മുന്‍ നിര്‍ത്തിയാണ് തെരുവ് നായകളെ കൊല്ലാന്‍ പാടില്ലെന്ന് ഇക്കൂട്ടർ വാദിക്കുന്നത്. ഇതിനെ ചൊല്ലി സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടക്കുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ നടന്ന
Hate ക്യാമ്പെയ്ന്റെ
പശ്ചാത്തലത്തില്‍ വിഷയത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാം.

തെരുവ് നായശല്യം -സ്ഥിതിവിവരക്കണക്കുകള്‍

*ഇന്ത്യയില്‍ ഏകദേശം 25-30 ലക്ഷം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

*ഇവയില്‍ 2.5 ലക്ഷം കേരളത്തില്‍ ആണത്രേ!

*ഇവയില്‍ ചേരികളിലും മറ്റും ഉള്ളവര്‍ വളര്‍ത്തുകയും തെരുവില്‍ കാണപ്പെടുകയും ചെയ്യുന്ന നായ്ക്കളും, മനുഷ്യന്റെ പരിപാലനമില്ലാതെ തെരുവില്‍ വിഹരിക്കുന്ന “Feral dogs” എന്നറിയപ്പെടുന്ന മറ്റൊരു വിഭാഗവും പെടുന്നു.

*കേരളത്തില്‍ പ്രതിവര്‍ഷം ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ നായ്ക്കളുടെ ആക്രമണം മൂലം ചികിത്സ തേടുന്നുണ്ടെന്നാണ് കണക്കുകള്‍. നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനം തിരുവനന്തപുരത്തിനു തന്നെയാണ്.

*ലോകത്ത് ഏറ്റവും കൂടുതല്‍ പേപ്പട്ടി വിഷബാധ മരണം ഉണ്ടാവുന്നത് ഇന്ത്യയിലാണ്; പ്രതിവര്‍ഷം 20000ത്തോളം!

തെരുവ് നായ്ക്കള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍

പേ വിഷബാധ

പേ വിഷബാധ ഉള്ള നായ്ക്കളെ തിരിച്ചറിയുന്നത്‌ എളുപ്പമാണോ? രോഗബാധയുടെ തുടക്കത്തില്‍ കുറച്ചു നാളുകളിൽ ലക്ഷണങ്ങള്‍ അത്ര എളുപ്പത്തില്‍ തിരിച്ചറിയില്ല, എന്നാല്‍ രോഗം പകര്‍ത്തുകയും ചെയ്യും.

*രോഗപ്പകര്‍ച്ച ഉണ്ടാകാന്‍ പേപ്പട്ടി "കടിക്കണ"മെന്നില്ല. നായ്ക്കളുടെ നക്കല്‍ പോലും ചില സാഹചര്യങ്ങളില്‍ രോഗകാരണമാവും. പലരും ഇത്തരമൊരു പേവിഷ സാധ്യത തന്നെ മനസ്സില്‍ കാണാത്തതിനാല്‍ ചികിത്സ തേടാതിരിക്കുകയും ഒടുവില്‍ ഗുരുതരാവസ്ഥയിൽ എത്തുകയും ചെയ്യും.

*പേപ്പട്ടി നാട്ടിലും കാട്ടിലുമുള്ള മറ്റു പല മൃഗങ്ങള്‍ക്കും പേവിഷം പകര്‍ത്താം. ഉദാ: പൂച്ച, കന്നുകാലികള്‍, വൌവ്വാലുകള്‍, കുറുക്കന്‍, കുരങ്ങുകള്‍.

*പലരുടെയും ധാരണ പേപ്പട്ടി കടിച്ചാലെന്ത്, പ്രതിരോധ കുത്തിവെയ്പ്പ് ഉണ്ടല്ലോ. അതുകൊണ്ട് പ്രശ്നം തീര്‍ന്നില്ലേ എന്നാണു! അത്രയ്ക്ക് ലാഘവത്തോടെ കാണാവുന്ന ഒന്നല്ല പേവിഷബാധ.  ചിലപ്പോലെങ്കിലും ചികിത്സയില്‍ വെല്ലുവിളികള്‍ ഉണ്ടാകാം.

സൗമ്യനായി വന്ന് ഒരു കടി തന്നിട്ട് പോകുകയല്ല പേപ്പട്ടി ചെയ്യുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ വൈറസ് ബാധിക്കുന്നതോടെ സ്വഭാവം മാറുന്ന പേപ്പട്ടി മുന്നില്‍ കാണുന്ന ജന്തുക്കളെ (മനുഷ്യൻ ഉൾപ്പെടെ) വന്യമായ ക്രൌര്യത്തോടെ ആക്രമിക്കുകയാണ്‌ ചെയ്യുന്നത്.

പേപ്പട്ടിയുടെ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ സഹിക്കേണ്ടിവരുന്നത് കുട്ടികളാണ്. ആകെ നടക്കുന്ന ആക്രമണങ്ങളിൽ 60%ത്തിലും 15 വയസ്സില്‍ താഴെ ഉള്ള കുട്ടികളാണ് ഇരകൾ. ചെറിയ കുട്ടികളെ നായ കടിച്ചു കൊന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

*കടി മൂലം മാരകമായ പരുക്കുകള്‍ ഉണ്ടാവാം, മറിഞ്ഞു വീഴുന്ന വ്യക്തിയുടെ മര്‍മ്മ പ്രധാന ഭാഗങ്ങളില്‍ കടിയേൽക്കാം. ഇതുകൊണ്ട് ദീര്‍ഘകാല അടിസ്ഥാനത്തില്‍ അംഗഭംഗമോ മറ്റസുഖങ്ങളോ ഉണ്ടാകാം.

*പേവിഷ ബാധയുടെ ചികിത്സയില്‍ ശരീരത്തിന്റെ ഏത് ഭാഗത്ത്/എത്ര ആഴത്തില്‍/ എത്ര മാരകമായ കടിയാണ് ഏറ്റത് എന്നതിനൊക്കെ പ്രാധാന്യമുണ്ട്. റേബിസ് വൈറസ് നാഡികളില്‍ കൂടി പടരുന്നതും തലച്ചോറിനെ ബാധിക്കുന്നതുമായതിനാല്‍ ശരീരത്തില്‍ നാഡികള്‍ കൂടുതലുള്ള ഭാഗങ്ങളിലും തലയിലും മറ്റുമേൽക്കുന്ന കടികൾ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് രോഗപ്പകര്‍ച്ച വേഗത്തിലാക്കുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ  വാക്സിനെടുത്താല്‍ പോലും രോഗമുണ്ടാവാനുള്ള സാധ്യത ഉണ്ട്.

*കടിയേൽക്കുന്നത് ആശുപത്രിയുടെ മുന്നില്‍ വെച്ച് ആയിക്കൊള്ളണം എന്നില്ലല്ലോ. കുത്തിവെയ്പ്പ് എടുക്കാന്‍ താമസിച്ചാല്‍ പേവിഷ ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു.

* മാരകമായ കടിയേല്‍ക്കുമ്പോള്‍ സാധാരണയുള്ള വാക്സിന്റെ കൂടെ നല്‍കേണ്ട ഇമ്മുനോ ഗ്ലോബുലിന്‍ പോലുള്ള കുത്തി വെയ്പ്പ് മേജര്‍ ആശുപത്രികളില്‍ മാത്രമാണ് ലഭ്യം (ലഭ്യതക്കുറവും നേരിട്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.)

*ഇമ്മുനോ ഗ്ലോബുലിന്‍ പോലുള്ള കുത്തി വെപ്പിന് ചിലരിലെങ്കിലും മാരകമായ പ്രതി പ്രവര്‍ത്തനം (അലര്‍ജി) ഉണ്ടാക്കാറുണ്ട്. അതിനാല്‍ ഇത് ചെറിയ ആശുപത്രികളില്‍ വെച്ച് നല്‍കാനും കഴിയില്ല. ഇത്തരം അലര്‍ജി ഉള്ള ഒരു വ്യക്തിക്ക് പേവിഷ ബാധ തടയാന്‍ പ്രയാസമാകും.

*ചില രോഗങ്ങള്‍/ശാരീരിക അവസ്ഥകള്‍ മൂലം രോഗ പ്രതിരോധ സംവിധാനം തകരാറില്‍ ആയ വ്യക്തികള്‍ക്ക് വാക്സിന്റെ ഫല സാധ്യത കുറയുന്നു.

*ഇതെല്ലാം കണക്കിലെടുത്താല്‍ പേപ്പട്ടിയുടെ കടിയേല്‍ക്കാതെയുള്ള പ്രതിരോധ മാർഗ്ഗമാണ് ഏറ്റവും ഉചിതമെന്ന് ബോധ്യമാകും.

നായ മനുഷ്യരിലേക്ക് പകര്‍ത്തുന്ന മറ്റു രോഗങ്ങള്‍

പേവിഷം മാത്രമാണ് തെരുവ് നായ്ക്കള്‍ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നം എന്ന നിലയില്‍ ചര്‍ച്ചകള്‍ ചുരുങ്ങാറുണ്ട്! മറ്റു പല ആരോഗ്യ/സാമൂഹിക പ്രശ്നങ്ങള്‍ തെരുവ് നായ്ക്കളുടെ വ്യാപനം കൊണ്ട് ഉണ്ടാവുന്നുണ്ട്. ഇത് കാര്യമായി ചർച്ച ചെയ്യപ്പെടാറില്ല.

*റേബിസ് കൂടാതെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അനേകം രോഗങ്ങളുടെ പകർച്ചയില്‍ നായ്ക്കള്‍ പങ്കു വഹിക്കുന്നുണ്ട്.

ചില ഉദാഹരണങ്ങള്‍: ചില പരാദ രോഗങ്ങള്‍, നായ നാടവിര, round worms, എലിപ്പനി, Cryptosporidosis, Giardiasis, Salmonellosis,ചെള്ള് പരത്തുന്ന രോഗങ്ങള്‍ (കരിമ്പനി, ലൈംസ് ഡിസീസ് etc) എന്നിവ http://www.canismajor.com/dog/zoonot.html

തെരുവ് നായ ശല്യം-സാമൂഹിക വശങ്ങള്‍

*തെരുവ് നായ്ക്കള്‍ പെരുകുന്നതിനു ഏറ്റവും അനുകൂലമായ ഘടകമാണ് മാലിന്യ സംസ്കരണത്തിലുള്ള അപാകതകള്‍. പൊതു സ്ഥലത്ത് ഉപേക്ഷിക്കപ്പെടുന്ന ഭക്ഷ്യമാലിന്യങ്ങള്‍ നായകള്‍ക്ക് ഭക്ഷണമാവുന്നു. വ്യക്തി ശുചിത്വത്തില്‍ അഹങ്കരിക്കുന്ന മലയാളികള്‍ പൊതു ശുചിത്വത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന അലംഭാവം വലിയ സാമൂഹിക പ്രശ്നമാണ്. പൊതുമാലിന്യ സംസ്കരണ സംവിധാനങ്ങളും പരാജയമാവുന്നത് തെരുവ് നായകളുടെ വര്‍ദ്ധനവിന് കാരണമാവുന്നു.

*നായകള്‍ കൂട്ടംകൂടുമ്പോഴാണ് കൂടുതൽ അപകടകാരിയാകുന്നത്. അപ്പോൾ  വഴിയാത്രികര്‍ക്കും ഇരുചക്ര യാത്രികര്‍ക്കും പ്രായമേറിയവര്‍ക്കും കൊച്ചു കുട്ടികള്‍ക്കുമൊക്കെ അപകട സാധ്യത കൂടുന്നു (എല്ലാവർക്കും കാറിൽ യാത്ര ചെയ്ത് ഈ അപകട സാധ്യത ഒഴിവാക്കി രക്ഷപെടാന്‍ ആവില്ലല്ലോ).

നിയന്ത്രണ നടപടികള്‍

ചര്‍ച്ച ചെയ്യപ്പെടുന്ന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

 1. തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കല്‍

 2. നായ്ക്കളുടെ വന്ധ്യംകരണം

 3. ഫലപ്രദമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം

 4. തെരുവ് നായ്ക്കള്‍ക്ക് റേബിസ് വാക്സിനേഷന്‍ നല്‍കല്‍

 5. തെരുവ് നായ്ക്കളെ ദത്തെടുക്കലും സംരക്ഷിക്കലും


പരിണാമ സിദ്ധാന്തം രൂപീകരിക്കാന്‍ ഡാര്‍വിനു പ്രചോദനമായ ഗാലപ്പഗോസ് ദ്വീപുകളെക്കുറിച്ച് ചിലരെങ്കിലും കേട്ടുകാണുമല്ലോ. ഗാലപ്പഗോസ് ദ്വീപുകളില്‍ 1950കളോടെ മുക്കുവര്‍ കുറച്ചു ആടുകളെ ഇറക്കി വിട്ടു. 1970ളോടെ ആടുകളുടെ എണ്ണം 40,000 വരെ എത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇവ മറ്റു ദ്വീപുകളിലേക്കു കൂടി വ്യാപിച്ചു. ഇവിടങ്ങളിലെ പരിസ്ഥിതിയെ തന്നെ ഇവ മാറ്റി മറിച്ചു. പുല്ലും ചെടികളും തിന്നുതീർത്ത ആടുകൾ ജൈവ വൈവിധ്യത്തെ തകര്‍ക്കുന്ന അവസ്ഥയെത്തി. ഇതുകൂടാതെ എലികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ്‌ ഉണ്ടായി.

അവസാനം എലികളെയും ആടുകളെയും ഉൻമൂലനം ചെയ്യാൻ തന്നെ തീരുമാനിച്ചു. വംശനാശ ഭീഷണി നേരിടുന്ന ഗാലപ്പഗോസ് ആമകളെ സംരക്ഷിക്കാൻ ഇതല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു. ആമകളുടെ ഭക്ഷ്യവ്യവസ്ഥ ആടുകള്‍ ഇല്ലാതാക്കി, എലികളാവട്ടെ ആമകളുടെ മുട്ടകള്‍ ഭക്ഷിക്കാനും തുടങ്ങി. ഒടുക്കം 1997-2006 വരെയുള്ള കാലയളവില്‍ ലക്ഷത്തോളം ആടുകളെ ഹെലികോപ്ടറില്‍ വന്നു “ചറപറ” വെടി വെച്ച് കൊന്നു. കോടിക്കണക്കിന് എലികളെയും  കൊന്നു.

മനുഷ്യനായി തുടങ്ങി വെച്ച ശല്യം മനുഷ്യനായി തന്നെ അവസാനിപ്പിച്ചതോടെ ഒടുവില്‍ നൂറു വര്‍ഷത്തിനു ശേഷം പുതിയ ആമക്കുഞ്ഞുങ്ങള്‍ ദ്വീപില്‍ ഉണ്ടായി.

http://phenomena.nationalgeographic.com/2013/08/09/galapagos-week-when-conservation-means-killing/

ലോക ചരിത്രം നോക്കിയാല്‍ മൃഗങ്ങളെ (നായ ഉള്‍പ്പെടെ) മനുഷ്യര്‍ കൊന്നു തിന്നാറുണ്ട്. എക്കോസിസ്റ്റം തന്നെ ആ നിലയ്ക്കാണ് സന്തുലിതാവസ്ഥ നില നിര്‍ത്തുന്നത്. കടുവകള്‍ ഇല്ലാതായാല്‍ മാനുകള്‍ പെറ്റുപെരുകി കാട് തന്നെ നശിക്കും എന്ന് പറയപ്പെടുന്നു. നായ ഒരു വംശനാശം നേരിടുന്ന ജീവി അല്ല. ക്രമാതീതമായി തെരുവ് നായ്ക്കള്‍ പെരുകുമ്പോള്‍ അത്തരം ഹിംസയും വേണ്ടി വന്നേക്കാം, എല്ലാ ഹിംസയും ക്രൂരത ആണെന്ന് തീര്‍പ്പ് കല്‍പ്പിക്കാനാവില്ല. അസാധാരണ സാഹചര്യങ്ങള്‍ അസാധാരണമായ നടപടികള്‍ വിളിച്ചു വരുത്തുന്നു.

തെരുവ് നായ്ക്കളുടെ ദയാവധം

*നിലവിലെ ഏറ്റവും വലിയ തർക്കവിഷയം ഇതാണ്. തെരുവുകളിലൂടെ നടക്കേണ്ടി വരുന്നവർ വൈകാരികമായാണ് ഇതിൽ പ്രതികരിക്കുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായി ഇത് ഉന്നയിക്കപ്പെടുന്നു. ആനപ്പുറത്തു ഇരിക്കുന്നവര്‍ക്ക് പട്ടിയെ പേടിക്കേണ്ട എന്നൊരു പഴംചൊല്ല് തന്നെയുണ്ടല്ലോ! ഈ ഗണത്തില്‍ പെടുന്ന ഉപരിവര്‍ഗ്ഗ പ്രതിനിധികളാണ് നായ്ക്കളെ കൊല്ലുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് എന്നാണു ബഹുഭൂരിപക്ഷത്തിന്റെയും വാദം.

*വേറിട്ട അഭിപ്രായവും, മിണ്ടാപ്രാണികള്‍ക്ക് വേണ്ടിയുള്ള വാദവും നല്ലതുതന്നെ. തെരുവിൽ കഴിയേണ്ടി വരുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് മതിയായ സാമൂഹിക സുരക്ഷ കൊടുക്കാന്‍ കഴിയാത്ത വികസ്വര രാജ്യമാണ് ഇന്ത്യ. തെരുവ് നായ്ക്കള്‍ മൂലം ഉള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നതും സമൂഹത്തില്‍ താഴേക്കിടയില്‍ ഉള്ളവരാണ്. അതുകൊണ്ടുതന്നെ അവരുടെ പ്രശ്നങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടത്.

*നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നത് കൊണ്ട് മാത്രം തെരുവ് നായ്ക്കളുടെ എണ്ണം എന്നന്നേക്കുമായി കുറയ്ക്കാന്‍ കഴിയില്ല. രണ്ടു നായ്ക്കള്‍ മാത്രം പ്രജനനം നടത്തിയാല്‍ മൂന്നു വർഷം കൊണ്ട് നൂറു കണക്കിന് കുഞ്ഞുങ്ങള്‍ ഉണ്ടാവാം എന്നാണു കരുതപ്പെടുന്നത്.

വിവിധ തലത്തിലുള്ള നടപടികളുടെ യോജിച്ച കര്‍മ്മപദ്ധതിയാവും ഫലപ്രദമാവുക.

*നിയന്ത്രണ മാര്‍ഗ്ഗമായി പേവിഷബാധ ഉള്ള തെരുവ് നായ്ക്കളെ മാത്രം കൊല്ലാം എന്നൊരു വാദമുണ്ട്. 


ലക്ഷക്കണക്കിന്‌ നായ്ക്കളെ നിരന്തരം നിരീക്ഷിച്ച് അവയിൽ പേബാധ കാണുന്ന മാത്രയില്‍ തന്നെ കൊല്ലണം. പേബാധ ഉണ്ടായ നായ മനുഷ്യരെയോ മറ്റു മൃഗങ്ങളെയോ ആക്രമിക്കുന്നതിന് മുന്‍പ് അവയെ പിടികൂടി കൊല്ലാനുള്ള സംവിധാനം നമ്മുടെ നാട്ടില്‍ ഉണ്ടാക്കുക എന്നത് അപ്രായോഗികമാണ്. പേ ഉള്ളവയെ നോക്കിയിരുന്ന് കണ്ടെത്തി പതുക്കെ നിയന്ത്രിക്കാമെന്നുള്ള നിലപാട് അപകടകരമാണ്.

അനുകൂല വാദങ്ങള്‍

 1. നായ്ക്കളെ കൊല്ലുന്നതു cost effective (ചിലവാക്കുന്ന കാശ്നു ഫലപ്രദമായ) മാര്‍ഗ്ഗമാണ്. ഒരു വികസ്വര രാജ്യം എന്ന നിലയില്‍ ചെലവ് കുറഞ്ഞ പെട്ടെന്ന് നടപ്പാക്കാന്‍ പറ്റുന്ന പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക എന്നതാണ് പ്രധാനം.

 2. നായ്ക്കള്‍ വംശനാശം നേരിടുന്ന ഒരു ജീവി അല്ല. • മറ്റു മാര്‍ഗ്ഗങ്ങള്‍ ചിലവേറിയതും ഫലപ്രദമായി നടപ്പിലാക്കാന്‍ സമയമെടുക്കുന്നതുമാണ്.


നമ്മുടെ സാമൂഹിക സാഹചര്യങ്ങളല്ലാത്ത രാജ്യങ്ങളിലെപ്പോലും മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖകള്‍ ഇന്റര്‍നെറ്റിൽ ലഭ്യമാണ് (മൃഗ സ്നേഹികളുടെ അംഗീകാരം ഉള്ളത്). അതില്‍ ഒക്കെ ദയാവധം തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നായി പറഞ്ഞിട്ടുണ്ട്. (അന്തര്‍ദേശീയ മാര്‍ഗ്ഗരേഖകളില്‍ ഒന്ന് കോപ്പി ചെയ്യുന്നു)

The control measures could be implemented according to the national context, resources, facilities and local circumstances. Euthanasia of dogs, when used alone, is not an effective control measure. If used, it should be done humanely and in combination with other measures to achieve effective long term control.)

http://web.oie.int/eng/normes/mcode/en_chapitre_1.7.7.htm

പ്രതികൂല വാദങ്ങള്‍

 1. ഈ ഒറ്റ മാര്‍ഗ്ഗം കൊണ്ട് മാത്രം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫലപ്രദമായി നായ്ക്കളുടെ എണ്ണം കുറയ്ക്കാന്‍ കഴിയില്ല. കുറച്ചു നായ്ക്കളെ കൊന്നു കഴിയുമ്പോള്‍ അവിടേയ്ക്ക് വേറെ ഒരു കൂട്ടം നായ്ക്കള്‍ വരുന്നത് തുടരും.


2,തെരുവ് നായ്ക്കളുടെ വന്ധ്യംകരണം

അനുകൂല വാദം

 1. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിലൂടെ അവയുടെ എണ്ണം കുറയ്ക്കാം.

 2. അവ അക്രമണകാരി ആവാനുള്ള സാധ്യത കുറയുന്നു എന്ന് ചിലര്‍ വാദിക്കുന്നു.


പ്രതികൂല വാദങ്ങള്‍

 1. ഈ ഒറ്റ മാര്‍ഗ്ഗം കൊണ്ട് മാത്രം എണ്ണം കുറയ്ക്കുന്നത് കാല ദൈര്‍ഘ്യം വളരെയേറെ എടുക്കുന്ന പ്രക്രിയ ആണ്. മുംബൈ മുന്‍സിപ്പാലിറ്റി അധികൃതരുടെ ഭാഷ്യം ശരിയാണെങ്കില്‍ ഒരു ലക്ഷം നായ്ക്കളെ വന്ധ്യംകരിക്കാന്‍ 13 വർഷമെങ്കിലും എടുക്കുമത്രേ!

 2. പണച്ചിലവുള്ള ഒന്നാണ് ഈ പ്രക്രിയ. ഒരു നായയെ വന്ധ്യംകരിക്കാന്‍ കുറഞ്ഞത്‌ 1000 രൂപ എങ്കിലും ചിലവാകും. മാനവശേഷിയും ശസ്ത്രക്രിയ സംവിധാനങ്ങളുമൊക്കെ പരിമിതമായ ഇന്ത്യയിലെ കാര്യമാണ് നാം പറയുന്നത് എന്ന് ഓര്‍ക്കണം! • ലക്ഷം നായ്ക്കളെ പരിചരിക്കുന്നതിനു ചിലവാക്കുന്ന കാശ് ഉണ്ടെങ്കില്‍ ആയിരക്കണക്കിന് തെരുവുകുട്ടികളെ പരിരക്ഷിക്കാനാവും എന്ന് ചിന്തിച്ചു പോവുന്നതില്‍ അപാകതയുണ്ടോ? 1. വന്ധ്യംകരണത്തിലൂടെ അക്രമവാസന കുറയുന്നു എന്നതിന് വേണ്ടത്ര ശാസ്ത്രിയ അടിത്തറ ഇല്ലാത്ത ഒന്നാണ് എന്ന് വാദമുണ്ട്.


3,ഫലപ്രദമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം

നായ ശല്യം മാത്രമല്ല പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും പകര്‍ച്ചവ്യാധികള്‍ തടയാനും അതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പാക്കിയേ മതിയാവു. ഇതിനു അധികാരികള്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. രാഷ്ട്രീയവും ഭരണപരവുമായ പ്രതിബദ്ധത ഉണ്ടാവാന്‍ പൊതുജനങ്ങളും സമ്മര്‍ദ്ദം ചെലുത്തണം.

4,തെരുവ് നായ്ക്കള്‍ക്ക് റേബിസ് വാക്സിനേഷന്‍ പദ്ധതി

പേ വിഷബാധ നിയന്ത്രിക്കുന്നതില്‍ ഇത് ഫലപ്രദമാണ്. മറ്റു മാര്‍ഗ്ഗങ്ങളിലൂടെ നായ്ക്കളുടെ എണ്ണം കുറയ്ക്കുന്നതോടൊപ്പം ഇതും ചെയ്യേണ്ടതുണ്ട്.

5,തെരുവ് നായ്ക്കളെ ദത്തെടുക്കലും സംരക്ഷിക്കലും

നായ സ്നേഹികള്‍ക്ക് ഏറ്റവും അധികം ഇടപെടാവുന്ന ഒരു മേഖലയാണ് ഇത്.

തെരുവ് നായ്ക്കളുടെ നിയന്ത്രണം പലതലത്തിലുള്ള ഏകീകൃത നടപടികള്‍ വേണ്ടതാണ്. നിലവിലുള്ള രീതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പുകളുടെ തലത്തില്‍ അല്ല മറിച്ചു വിവിധ മാര്‍ഗങ്ങള്‍ ഒരേ സമയം സംയോജിപ്പിച്ചുള്ള സംസ്ഥാനതലത്തിലുള്ള ഒരു പദ്ധതിയാണ് വേണ്ടത്.

നമ്മുടെ സാമൂഹിക സാമ്പത്തികാവസ്ഥ അനുസരിച്ച് തെരുവ് നായ്ക്കളുടെ പ്രശ്നത്തില്‍ പല തലത്തിലുള്ള ഇടപെടലുകൾ ആവശ്യമാണ്. അതിൽ പ്രധാനപ്പെട്ടത് എണ്ണം കുറയ്ക്കുക എന്നതാണ്. ദയാവധം അതിനുള്ള കോസ്റ്റ് ഇഫക്ടീവ് ആയ ഒരു മാര്‍ഗ്ഗമാണ്. അതുകൊണ്ട് മാത്രമായില്ല. പ്രജനന നിയന്ത്രണവും, വാക്സിനേഷനും, ദത്തെടുക്കലും പരിഹാര മാർഗ്ഗങ്ങളാണ്. അല്ലാതെയുള്ള സംരക്ഷണ മാർഗ്ഗങ്ങളും അവലംബിക്കാം.