താനൂരിൽ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ നാലു മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെ കേസ്

ആക്രമണത്തില്‍ പരിക്കേറ്റ തിരൂര്‍ ഡി വൈ എസ് പി കെ വി സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

താനൂരിൽ  പോലീസിനെ ആക്രമിച്ച സംഭവത്തില്‍ നാലു മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെ കേസ്

മലപ്പുറം : താനൂർ ഉണ്യാലില്‍ ഡി വൈ എസ് പി ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിച്ച കേസില്‍ നാലു ലീഗു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു .കണ്ടാലറിയുന്ന ഇരുന്നൂറോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .തേവര്‍ കടപ്പുറം കൊണ്ടേരന്റെ പുരക്കല്‍ യൂനസ് (37 ) , ആലിഹാജിന്റെ പുരക്കല്‍ അമീര്‍ ( 24 ) ,ആലി ഹാജിന്റെ പുരക്കല്‍ നൗഫല്‍ ( 25) പറവണ്ണ അരയന്റെ പുരക്കല്‍ അസറുദീന്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ഡി വൈ എസ് പി യുടെ ചുമതല വഹിക്കുന്ന മലപ്പുറം നാര്‍ക്കോട്ടിക് ഡി വൈ എസ് പി ബാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത് . ആക്രമണത്തില്‍ പരിക്കേറ്റ തിരൂര്‍ ഡി വൈ എസ് പി കെ വി സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വീടുകള്‍ ആക്രമിച്ച സംഭവത്തില്‍ താനൂര്‍ പോലീസ് പത്തു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


ഞായറാഴ്ച്ച വൈകീട്ട് ഏഴുമണിയോടെയാണ് ലീഗുകാര്‍ പോലീസിനെ കൂട്ടമായി ആക്രമിച്ചത്.  സംഭവത്തില്‍ തിരൂര്‍ ഡി വൈ എസ് പി കെ വി സന്തോഷ്, താനൂര്‍ എസ് ഐ സുമേഷ് സുധാകര്‍, തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അലോഷ്യസ്, എ ആര്‍ ക്യാമ്പിലെ  ഡി കെ മധു, മനോജ് പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

നിറമരുതൂര്‍ മങ്ങാട്ട് ഞായറാഴ്ച്ച ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഗതാഗത നിയന്ത്രണത്തിനായി ഇവിടെ നില്‍ക്കുമ്പോഴാണ് ആലിന്‍ ചുവടില്‍ സംഘര്‍ഷം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. പോലീസിനെ കണ്ട ഉടന്‍ മുന്നൂറോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.  മൂന്ന് പോലീസ് വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു.

പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ മുസ്ലീംലീഗ്-സിപിഐഎം സംഘർഷത്തിൽ മുപ്പതോളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും അക്രമികൾ നശിപ്പിച്ചു.

Read More >>