ക്രമവിരുദ്ധമായി ഉമ്മൻചാണ്ടി ഡിജിപിയാക്കിയവർക്ക് പിണറായിയുടെയും അംഗീകാരം; ചെലവു ചുരുക്കൽ ഗീർവാണങ്ങൾക്ക് ഇനിയെന്തു വില?

ബാർ കോഴയും പാറ്റൂർ, കടകംപള്ളി ഭൂമി തട്ടിപ്പുകളും സോളാർ കേസുമൊക്കെ സർക്കാരിനെ വേട്ടയാടിയ കാലത്ത് ഇവരിലാരെയും വിജിലൻസ് ഡയറക്ടറാക്കാനുളള ധൈര്യം ഉമ്മൻചാണ്ടിയ്ക്കുണ്ടായിരുന്നില്ല. തങ്ങളുടെ വിശ്വസ്തനായ ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിക്കുന്നതിനു വേണ്ടി യുഡിഎഫ് സർക്കാർ നാലുപേർക്ക് സ്ഥാനക്കയറ്റം നൽകുകയായിരുന്നു.

ക്രമവിരുദ്ധമായി ഉമ്മൻചാണ്ടി ഡിജിപിയാക്കിയവർക്ക് പിണറായിയുടെയും അംഗീകാരം; ചെലവു ചുരുക്കൽ ഗീർവാണങ്ങൾക്ക് ഇനിയെന്തു വില?

ബാർ കോഴയിലെ വിവാദനായകൻ ശങ്കർ റെഡ്ഡിയടക്കം നാല് എഡിജിപിമാർക്ക് കഴിഞ്ഞ യുഡിഎഫ് സർക്കാർ ഡിജിപി സ്ഥാനത്തേയ്ക്കു നൽകിയ ക്രമവിരുദ്ധമായ ഉദ്യോഗക്കയറ്റത്തിന് ഇടതുസർക്കാരിന്റെ പച്ചക്കൊടി. ഇതോടെ സംസ്ഥാനത്ത് എട്ടു ഡിജിപിമാരായി. സർവീസ് ചട്ടം അനുസരിച്ച് രണ്ടു ഡിജിപിമാരും രണ്ട് എക്സ് കേഡർ പോസ്റ്റുമാണ് കേരളത്തിനുള്ളത്. നാലു ഡിജിപിമാരുടെ സ്ഥാനത്താണ് എട്ടുപേരെ നിയമിച്ചിരിക്കുന്നത്. ചട്ടങ്ങൾ മറികടന്ന് യുഡിഎഫ് സർക്കാർ നൽകിയ സ്ഥാനക്കയറ്റത്തിന് ഇതുവരെ കേന്ദ്രസർക്കാരിന്റെയും അക്കൌണ്ടൻറ് ജനറലിന്റെയും അംഗീകാരം ലഭിച്ചിരുന്നില്ല.


അക്കാലത്ത് ടി പി സെൻകുമാറിനു പുറമെ ഡിജിപിയുടെ പദവിയുണ്ടായിരുന്നത് ജേക്കബ് തോമസ്, ഋഷിരാജ് സിംഗ്, ലോക്നാഥ് ബഹ്റ എന്നിവർക്കായിരുന്നു. ബാർ കോഴയും പാറ്റൂർ, കടകംപള്ളി ഭൂമി തട്ടിപ്പുകളും സോളാർ കേസുമൊക്കെ സർക്കാരിനെ വേട്ടയാടിയ കാലത്ത് ഇവരിലാരെയും വിജിലൻസ് ഡയറക്ടറാക്കാനുളള ധൈര്യം ഉമ്മൻചാണ്ടിയ്ക്കുണ്ടായിരുന്നില്ല. തങ്ങളുടെ വിശ്വസ്തനായ ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിയമിക്കുന്നതിനു വേണ്ടി യുഡിഎഫ് സർക്കാർ  നാലുപേർക്ക് സ്ഥാനക്കയറ്റം നൽകുകയായിരുന്നു.

ശങ്കർ റെഡ്ഡിയ്ക്കു പുറമെ ഹേമചന്ദ്രൻ, രാജേഷ് ദിവാൻ, മുഹമ്മദ് യാസിൻ എന്നിവരാണ് ഡിജിപിമാരായത്. ഈ സ്ഥാനക്കയറ്റത്തിനെതിരെ ആഭ്യന്തര, ധന വകുപ്പുകൾ ശക്തമായ നിലപാടു സ്വീകരിച്ചുവെങ്കിലും വിലപ്പോയില്ല.

പുതിയ സർക്കാർ ഇവരുടെ സ്ഥാനക്കയറ്റം അസാധുവാക്കുമെന്നാണ് കരുതിയിരുന്നത്. കേന്ദ്രസർക്കാരും എജിയും അംഗീകരിക്കാത്ത നാലുപേരുടെ കാര്യം തീരുമാനിക്കാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തുകയാണ് പുതിയ മന്ത്രിസഭ ചെയ്തത്. അനർഹമായി സ്ഥാനക്കയറ്റം കിട്ടിയവരെ തരംതാഴ്ത്തുന്നത് ഉയർന്ന ഉദ്യോഗസ്ഥരുടെ ധാർമ്മികവീര്യം കെടുത്തുമെന്നും സ്ഥാനക്കയറ്റം അംഗീകരിക്കാമെന്നും കാണിച്ച് ഉപസമിതി റിപ്പോർട്ടു നൽകി. എന്നാൽ ക്രമവിരുദ്ധമായ സ്ഥാനക്കയറ്റങ്ങൾക്ക് സർക്കാർ വഴങ്ങുന്നത് മറ്റു ജീവനക്കാരുടെ ധാർമ്മികവീര്യത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ എന്ന കാര്യം ഉപസമിതി അന്വേഷിച്ചിട്ടുമില്ല.

വലിയ സാമ്പത്തിക ബാധ്യതയാണ് ഇതുവഴി സർക്കാർ ഏറ്റെടുക്കേണ്ടി വരുന്നത്. വെറും നാലുപേരിൽ ഒതുങ്ങി നിൽക്കുന്ന സ്ഥാനക്കയറ്റത്തിനല്ല സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഈ ക്രമവിരുദ്ധത താഴേത്തട്ടുവരെ പ്രതിഫലിക്കും. അതുവഴി കോടികളുടെ ബാധ്യത ഖജനാവ് ഏറ്റെടുക്കേണ്ടി വരും.

നിലവിൽ ഡിജിപിയ്ക്ക് പ്രതിമാസം ഏകദേശം രണ്ടേകാൽ ലക്ഷം രൂപയോളമാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ലഭിക്കുക. എഡിജിപിയ്ക്ക് രണ്ടുലക്ഷം രൂപയും. ഈ രണ്ടു പദവികൾ തമ്മിൽ ഈ വ്യത്യാസമേയുള്ളൂവെങ്കിലും നാല് എഡിജിപിമാർ ഡിജിപിമാരാകുന്നതോടെ വരുന്ന ഒഴിവിലേയ്ക്ക് നാലു ഐജിമാർക്കു പ്രമോഷൻ ലഭിക്കും. ഐജിയുടെ ശമ്പളം പ്രതിമാസം ഒരുലക്ഷത്തി നാൽപതിനായിരം രൂപയോളമാണ്. വേതനത്തിൽ അറുപതിനായിരത്തോളം രൂപ ഒറ്റയടിക്ക് വർദ്ധിക്കുന്ന നാലു സ്ഥാനക്കയറ്റങ്ങളാണ് തൊട്ടുപിന്നാലെ ഉണ്ടാകാൻ പോകുന്നത്. ആനുകൂല്യങ്ങളുടെ കാര്യത്തിൽ ശുക്രനുദിക്കുന്നത് അവർക്കായിരിക്കും. ഐപിഎസ് കേഡറിന്റെ ഏറ്റവും താഴേത്തട്ടുവരെ ഈ ക്രമവിരുദ്ധമായ സ്ഥാനക്കയറ്റത്തിന്റെ സാമ്പത്തികബാധ്യത പ്രതിഫലിക്കും.

അതുകൊണ്ടാണ് കേന്ദ്ര പേഴ്സണൽ മന്ത്രാലയവും അക്കൌണ്ടന്റ് ജനറലും ഉമ്മൻചാണ്ടി സർക്കാരിന്റെ തീരുമാനം അംഗീകരിക്കാത്തത്. എക്സ് കേഡർ പോസ്റ്റുകൾ സംസ്ഥാനങ്ങൾ തോന്നിയതുപോലെ വർദ്ധിപ്പിക്കുന്നതിനെതിരെ സുപ്രിംകോടതിയുടെ വിധിയും നിലവിലുണ്ട്. അതുകൊണ്ടുതന്നെ പുതിയ നാലു ഡിജിപിമാരെ വാഴിക്കാനുളള പുതിയ സർക്കാരിന്റെ തീരുമാനത്തിനും അംഗീകാരം ലഭിക്കാൻ സാധ്യതയില്ല. പക്ഷേ ഈ ക്രമവിരുദ്ധതയ്ക്ക് പച്ചക്കൊടി കാട്ടുക വഴി മറ്റു ജീവനക്കാർക്കിടയിൽ സർക്കാരിന്റെ പ്രതിച്ഛായ മോശമായിട്ടുണ്ട്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ന്യായവിരുദ്ധമായ ആവശ്യങ്ങൾ വകവെച്ചുകൊടുക്കുന്നവരാണ് പുതിയ മന്ത്രിമാരുമെന്ന പ്രതിച്ഛായയാണ് ഫലത്തിൽ സൃഷ്ടിക്കപ്പെട്ടത്.

ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർക്കു മാത്രം ലഭിക്കുന്ന നിയമവിരുദ്ധമായ സ്ഥാനക്കയറ്റങ്ങൾക്കും സാമ്പത്തികാനുകൂല്യങ്ങൾക്കും മന്ത്രിസഭാതലത്തിൽ ലഭിക്കുന്ന അംഗീകാരം മുഴുവൻ ജീവനക്കാരിലും അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഏതാനും ചിലർക്കു മാത്രം നിയമവും ചട്ടവും കോടതിവിധികളും ബാധകമല്ലെന്നാണ് താഴേത്തട്ടിലേയ്ക്ക് ലഭിക്കുന്ന സന്ദേശം. സിവിൽ സർവീസിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ഒരു വശത്ത് തകർത്തുവെച്ചു പ്രസംഗിക്കുമ്പോൾ മറുവശത്ത് ഇത്തരം ക്രമക്കേടുകൾക്ക് അംഗീകാരം നൽകുകയാണ്.

Read More >>