ഇന്ത്യന്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ഒരാമുഖം

1947 ഒക്‌ടോബർ 5 ന് കൽക്കത്ത കേന്ദ്രമാക്കി കൽക്കത്ത ഫിലിം സൊസൈറ്റി രൂപം കൊണ്ടു. സത്യജിത്‌റായി, ചിദാനന്ദദാസ് ഗുപ്ത തുടങ്ങിയവരായിരുന്നു അതിന്റെ നേതൃനിരയിൽ പ്രവർത്തിച്ചത്. വാണിജ്യ സിനിമയുടെ പുറത്തുള്ള പുറമ്പോക്കുകളിലായിപ്പോയ മഹത്തായ ലോക സിനിമയുടെ പ്രദർശനവും ചർച്ചകളും പഠനങ്ങളും ആയിരുന്നു അവർ ലക്ഷ്യമിട്ടിരുന്നത്. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെക്കുറിച്ചുള്ള ലേഖനപരമ്പരയിലെ ആദ്യലേഖനം. വി കെ ജോസഫ് എഴുതുന്നു.

ഇന്ത്യന്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ഒരാമുഖം

വി കെ ജോസഫ്

ജനകീയവൽക്കരണത്തിന്റെയും വിപുലീകരണത്തിന്റെയും സാധ്യതകളും പ്രശ്‌നങ്ങളും

സിനിമ ഗൗരവമുള്ള ഒരു കലാരൂപമായി വികസിക്കുന്നതിന്റെ പശ്ചാത്തലത്തിലുള്ള അന്വേഷണങ്ങളിൽ നിന്നും സൗന്ദര്യശാസ്ത്ര ചിന്തകളിൽ നിന്നുമാണ് ഫിലിം സൊസൈറ്റികൾ എന്ന ആശയം ജന്മമെടുത്തത്. പാരീസിൽ ജീവിച്ചിരുന്ന ഇറ്റാലിക്കാരനായ ചലച്ചിത്ര സൈദ്ധാന്തികൻ റിക്കിയോട്ടോ കനുഡോ (Ricciotto Canudo) ആണ് 1921 ൽ ലോകത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി രൂപീകരിച്ചതെന്ന് ദില്ലിയിലെ മുതിർന്ന പത്രപ്രവർത്തകനും ഫിലിംസൊസൈറ്റികളുടെ സഹൃത്തും ആയ വി.കെ. ചെറിയാന്റെ The Rise and Decline of the Film Society Movement of India എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ബ്രിട്ടനിൽ 1925 ൽ ഇടതുപക്ഷാഭിമുഖ്യമുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും നേതൃത്വത്തിൽ ഒരു ഫിലിം ക്ലബ്ബ് രൂപീകരിക്കപ്പെട്ടു. രാഷ്ട്രീയ കാരണങ്ങളാൽ പൊതു പ്രദർശനം അസാധ്യമായ ഐസൻസ്റ്റീന്റെ ബാറ്റിൽഷിപ്പ് പൊട്ടംകിൻ എന്ന റഷ്യൻ സിനിമയും മറ്റു ചില യൂറോപ്യൻ സിനിമകളും കാണാനുള്ള കൂട്ടായ്മയായാണ് ഈ ഫിലിം ക്ലബ്ബ് രൂപം കൊണ്ടത്.


ബർണാഡ്ഷാ, എച്ച്.ജി. വെൽസ് തുടങ്ങിയവരൊക്കെ അതിന്റെ സ്ഥാപകാഗംങ്ങളായിരുന്നു. ഏഴ് യുവതി യുവാക്കളാണ് ഇത് രൂപീകരിച്ച് ഒരു കൗൺസിലുണ്ടാക്കി പ്രവർത്തിച്ചത്. പിൽക്കാലത്ത് ഹിച്ച്‌കോക്കുമായി ചേർന്ന് ചലച്ചിത്ര നിർമ്മാണ കമ്പനി രൂപീകരിച്ച സിഡ്‌നി ബേൺസ്റ്റീൻ (Sidney Bernisteen), ചലച്ചിത്ര നിരൂപകൻ ഐവർ മൊണ്ടാഗു (Iver Montagu), അഡ്രിയൻ ബ്രൂണെൽ (Adrien Brunel), ചലച്ചിത്ര നിരൂപക ഐറിസ് ബാരി (Iris Barry), അഭിനേതാവായിരുന്ന ഹഗ് മില്ലർ (Hug Miller), ചലച്ചിത്ര നിരൂപകൻ വാൾട്ടർ മൈക്രോഫ്റ്റ് (Walter Microft), ഫ്രാങ്ക് ഡോബ്‌സൺ (Frank Dobson) എന്നിവരായിരുന്നു ഈ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിലുണ്ടായിരുന്നത്. കാലക്രമേണ യൂറോപ്പിലും ബ്രിട്ടനിലുമൊക്കെ ധാരാളം ഫിലിം സൊസൈറ്റികൾ രൂപം കൊണ്ടു.

നല്ല സിനിമയ്ക്കുവേണ്ടിയുള്ള അന്വേഷണങ്ങളും സൈദ്ധാന്തിക പഠനങ്ങളും സംവാദങ്ങളും കൊണ്ട് ഈ പ്രസ്ഥാനം ചരിത്രത്തിലെ നിർണായക സ്വാധീനമായി മാറി. സിനിമ വെറും കച്ചവടച്ചരക്കല്ലെന്നും മാനവികതയുടെ ചരിത്രത്തെ പ്രകാശമാനമാക്കുന്ന കലാരൂപമാണെന്നും അത് മനുഷ്യരുടെ ചരിത്രത്തിലും സംസ്‌ക്കാരത്തിലും പ്രധാന ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക രൂപമാണെന്നുമുള്ള നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അത് നല്ല സിനിമയ്‌ക്കൊപ്പം യാത്ര ചെയ്തു. ഈ പ്രസ്ഥാനത്തിൽ നിന്ന് ചലച്ചിത്രകാരന്മാരും തിരക്കഥാകൃത്തുക്കളും നിരൂപകരും ഗവേഷകരും ബുദ്ധിജീവികളും ഉയർന്നു വന്നു.

ഇന്ത്യയിൽ 1937 ൽ ബോംബെയിൽ ഒരു ഫിലിംസൊസൈറ്റി ഉണ്ടായി. അതിന്റെ പ്രദർശനങ്ങൾക്ക് പതിനാലോ ഇരുപതോ ആളുകളാണുണ്ടായിരുന്നത്. പക്ഷേ അവർ സിനിമ കാണുകയും ചർച്ചകളും പഠനങ്ങളും നടത്തുകയും ചെയ്തുകൊണ്ട് നല്ല സിനിമയുടെ ആശയത്തെ വളർത്തിക്കൊണ്ടിരുന്നു. 1947 ഒക്‌ടോബർ 5 ന് കൽക്കത്ത കേന്ദ്രമാക്കി കൽക്കത്ത ഫിലിം സൊസൈറ്റി രൂപം കൊണ്ടു. സത്യജിത്‌റായി, ചിദാനന്ദദാസ് ഗുപ്ത തുടങ്ങിയവരായിരുന്നു അതിന്റെ നേതൃനിരയിൽ പ്രവർത്തിച്ചത്. വാണിജ്യ സിനിമയുടെ പുറത്തുള്ള പുറമ്പോക്കുകളിലായിപ്പോയ മഹത്തായ ലോക സിനിമയുടെ പ്രദർശനവും ചർച്ചകളും പഠനങ്ങളും ആയിരുന്നു അവർ ലക്ഷ്യമിട്ടിരുന്നത്. സിനിമ ഒരു കലാരൂപമാണെന്നും അതിന് ദൃശ്യഭാഷയുടെ ഒരു പുതുവ്യാകരണം രൂപപ്പെടുന്നുണ്ടെന്നും മനസ്സിലാക്കിക്കൊണ്ട് കച്ചവടതാല്പര്യങ്ങളാൽ മലിനീകരിക്കപ്പെട്ടു പോകാത്ത സിനിമകളെ പ്രേക്ഷകർക്കും ചലച്ചിത്രകാരന്മാർക്കും പരിചയപ്പെടുത്തുന്ന ദൗത്യം എറ്റെടുക്കുകയാണ് ആ ചെറു സംഘം ചെയ്തത്.

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് മോചനം നേടിയ ഇന്ത്യ 1950 കളിൽ അതിന്റെ വികസനത്തിന്റെ പല വഴികളും അന്വേഷിച്ചുതുടങ്ങുകയും നിരവധി സാസ്‌കാരിക സ്ഥാപനങ്ങൾ രൂപീകരിക്കുകയും ചെയ്തു തുടങ്ങിയിരുന്നു. അത് വരെ സിനിമയെ ഒരു വെറും മൂന്നാംകിട വിനോദോപാധിയായും തേവിടിശ്ശിക്കലയായും മാത്രമാണ് പൊതു സമൂഹം കണ്ടിരുന്നത്. ജവഹർലാൽ നെഹൃവിന്റെ പക്വതയാർന്ന മതേതര ജനാധിപത്യ ബോധത്തിന്റെയും സാംസ്‌കാരിക നിലപാടുകളുടെയും സ്വാധീനം കലാസാംസ്‌കാരിക സ്ഥാപനങ്ങളുടെ രൂപീകരണത്തിനും ദിശാബോധത്തിനും കാരണമായിരുന്ന കാലമാണത്. സിനിമാ വ്യവസായത്തിന്റെ നയരൂപീകരണത്തിനും നല്ല സിനിമ സംസ്‌ക്കാരം രൂപപ്പെടുന്നതിനു വേണ്ടിയുള്ള നയരൂപീകരണത്തിനും സഹായമാകുന്ന നിർദ്ദേശങ്ങൾ പഠിച്ച് സമർപ്പിക്കുന്നതിനായി 1951 ൽ നെഹൃ ഒരു കമ്മിറ്റി രൂപീകരിച്ചു. എസ്.കെ. പാട്ടീൽ ചെയർമാനും, വി. ശാന്താറാം, ബി.എൽ.സർക്കാർ എന്നിവർ അംഗങ്ങളും ആയുള്ള ഒരു കമ്മിറ്റിയായിരുന്നു അത്. ഈ കമ്മിറ്റിയുടെ സമഗ്രമായ റിപ്പോർട്ടിനും നിർദ്ദേശങ്ങൾക്കും ശേഷമാണ് ഭരണകൂടം സിനിമയെ ഒരു സാസ്‌ക്കാരിക ഉൽപ്പന്നവും കലാരൂപവും ആയി പരിഗണിച്ചത്.

ഇതിന്റെ തുടർച്ചയാണ് ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII), പൂനയിൽ ആരംഭിച്ച നാഷണൽ ഫിലിം ആർക്കൈവ്‌സ് ഓഫ് ഇന്ത്യ (NFAI), ഫിലിം ഫൈനാൻസ് കോർപ്പറേഷൻ ((FFC), ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFK) തുടങ്ങിയവയൊക്കെ ആരംഭിക്കുന്നത്. 1952 ലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് പ്രേക്ഷകർ അന്നുവരെ കാണാത്ത ലോകസിനിമകൾ കണ്ടു തുടങ്ങിയത്. അത് പുതിയ ഒരു കാഴ്ചാസംസ്‌ക്കാരത്തിലേയ്ക്കും നല്ല സിനിമയെക്കുറിച്ചുള്ള ആഗ്രഹങ്ങളിലേക്കും പ്രതീക്ഷകളിലേയ്ക്കും ഒരു പുതിയ വാതിൽ തുറന്നു തന്നു. ഇതിൽ ചില സിനിമകളുമായി മദ്രാസ്, കൽക്കത്ത, ന്യൂദൽഹി എന്നിവിടളിൽ അന്താഷ്ട്ര ചലച്ചിത്രമേളകൾ ആ വർഷം തന്നെ സംഘടിപ്പിക്കപ്പെട്ടു. അത് സാസംസ്‌കാരിക രംഗത്ത് പുതിയ ഉണർവ്വുണ്ടാക്കി. നെഹ്റുവിന്റെ സാംസ്‌ക്കാരിക നയത്തിന്റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി, കേന്ദ്ര സംഗീത നാടക അക്കാദമി എന്നിവയൊക്കെ രൂപീകരിക്കപ്പെട്ടു. ഇതുപോലെ ഒരു ചലച്ചിത്ര അക്കാദമി രൂപീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ അതൊരിക്കലും പ്രാവർത്തികമാക്കിയില്ല.

ഇന്ദിരാഗാന്ധിയുടെ കാലത്ത് നിയോഗിക്കപ്പെട്ട ശിവരാമകാരന്ത് കമ്മിറ്റിയും പലനിർദ്ദേശങ്ങളും മുമ്പോട്ട് വെച്ചതിനൊപ്പം ചലച്ചിത്ര അക്കാദമി എന്ന ആശയം വീണ്ടും ഉന്നയിച്ചിരുന്നു. പക്ഷേ അതും നടത്തിയില്ലെന്ന് നമുക്കറിയാം. ഇന്ത്യയിൽ ആദ്യമായി ഒരു ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നത് കേരളത്തിലാണ്. (1998 ൽ നായനാർ സർക്കാരിന്റെ കാലത്ത് സാംസ്‌ക്കാരിക വകുപ്പുമന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണനാണ് ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നത്. കേരളത്തിലെ ഫിലിംസൊസൈറ്റി ഫെഡറേഷന്റെയും നല്ല സിനിമയെ സ്‌നേഹിക്കുന്നവരുടെയും നിരന്തര അഭ്യർത്ഥനകളെ മാനിച്ചാണ് ഈ തീരുമാനമെടുത്തത്) ബോംബെയിൽ നടന്ന ആദ്യത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ സ്വാധീനത്തിലും ആവേശത്തിലുമാണ് ഇന്ത്യയിൽ നവതരംഗ സിനിമ ആരംഭിക്കുന്നത്. പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ വിട്ടോറിയ ഡിസീക്കയുടെ ബൈസിക്കിൾ തീവ്‌സ് എന്ന ക്ലാസിക് സിനിമ, ഈ ഫെസ്റ്റിവലിലുണ്ടായിരുന്നു. ആ സ്വാധീനത്തിൽ നിന്നാണ് ബിമൽറോയിയുടെ ദോ ബിക്കാ സമീൻ പോലുള്ള യഥാതഥ സിനിമകളുടെ (Realistic Cinema) പിറവി.

1955 ൽ സത്യജിത്‌റായിയുടെ പഥേർപാഞ്ചാലി ഇന്ത്യയിലും വിദേശത്തും വൻ സ്വീകാര്യത നേടി. ഫിലിം സൊസൈറ്റികളുടെ വളരെ ചുരുങ്ങിയ പ്രേക്ഷകരും പ്രവർത്തകരും ആവേശഭരിതരായി. ഈ സമയത്താണ് ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ആശയപരമായ അടിത്തറയും ഊർജ്ജവും സമ്മാനിച്ച മേരി സെറ്റൺ (Marie Seton) നെഹൃവിന്റെയും വി.കെ. കൃഷ്ണമേനോന്റെയും അഭ്യർത്ഥന മാനിച്ച് ഇന്ത്യയിൽ എത്തുന്നത്.

മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ പല ഇന്ത്യൻ നഗരങ്ങളിലും ഫിലിം സൊസൈറ്റികൾക്കുവേണ്ടി ചലച്ചിത്രാസ്വാദന-പഠന പ്രഭാഷണങ്ങൾ നടത്താനായി മേരി സെറ്റണെ നിയോഗിച്ചു. മേരി സെറ്റൺ ആണ് സത്യജിത്‌റായിയുടെ പഥേർപഞ്ചാലി വിദേശ ചലച്ചിത്രമേളകളിലേക്കും അക്കാദമിക പഠനങ്ങളിലേക്കും പരിചയപ്പെടുത്തുകയും പ്രദർശിപ്പിക്കയും ചെയ്തുകൊണ്ട് ലോക സിനിമയുടെ മണ്ഡലത്തിലേയ്ക്ക് കൈപിടിച്ചുകൊണ്ടു പോയത്. മേരി സെറ്റണിന്റെ തുടർച്ചയായ പ്രഭാഷണ പരമ്പരകളും ക്ലാസുകളും പഥേർപഞ്ചാലിയുടെ വമ്പിച്ച സ്വീകാര്യതയും അംഗീകാരവും പുതിയ ആവേശമുണ്ടാക്കി. ഈ പശ്ചാത്തലത്തിലാണ് ഫിലിം സൊസൈറ്റികളുടെ ഒരു ഫെഡറേഷൻ എന്ന ആശയം ഉയർന്നു വന്നത്.

1959 ഡിസംബർ മാസത്തിൽ 6 സൊസൈറ്റികളുടെ ഫെഡറേഷനായി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (FFSI) കൽക്കത്തയിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. ഫെഡറേഷന്റെ ആദ്യ പ്രസിഡണ്ടായി സത്യജിത് റായി തെരഞ്ഞെടുക്കപ്പെട്ടു. അമ്മു സ്വാമിനാഥൻ (മദ്രാസ്), റോബർട്ട് ഹോക്കിൻസ് (ബോംബെ), എസ്. ഗോപാലൻ (ദൽഹി) എന്നിവർ വൈസ് പ്രസിഡണ്ടുമാരും വിജയ്മുലേ (ദൽഹി), ചിദാനന്ദദാസ് ഗുപ്ത തുടങ്ങിയവർ ജോയിന്റ് സെക്രട്ടറിമാരായും ചുമതലയേറ്റു. ഇന്ത്യയുടെ എല്ലാഭാഗത്തും. ഫിലിം സൊസൈറ്റികളുടെ പ്രവർത്തനം വ്യാപിച്ചപ്പോൾ ഫെഡറേഷന്റെ പ്രവർത്തനം നാലുമേഖലകളാക്കി തിരിച്ചു നിശ്ചയിച്ചു. ദൽഹി കേന്ദ്രമാക്കി വടക്കൻ മേഖല, കൽക്കത്ത കേന്ദ്രമാക്കി കിഴക്കൻ മേഖല, ബോംബെ കേന്ദ്രമാക്കി പടിഞ്ഞാറൻ മേഖല, മദ്രാസ് കേന്ദ്രമാക്കി തെക്കൻ മേഖല, എന്നിങ്ങനെ നാലു മേഖലകളായാണ് ഫിലിം സൊസൈറ്റികൾ പ്രവർത്തിച്ചിരുന്നത്.

ഓരോ മേഖലയ്ക്കും സെക്രട്ടറി, വൈസ് പ്രസിഡണ്ട്, റീജിയണൽ സെക്രട്ടറി, ട്രഷറർ, അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറി എന്നിവരടങ്ങുന്ന 15 അംഗ റീജിയണൽ കൗൺസിൽ ഉണ്ടാകും. 60 പേരടങ്ങുന്ന കേന്ദ്ര സമിതിയും 15 പേടങ്ങുന്ന സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. മരിക്കുന്നതുവരെ സത്യജിത് റായി പ്രസിഡണ്ടായിരുന്നു. പിന്നീട് മൃണാൾസെൻ, അനിൽ ചാറ്റർജി, വിജയ്മുലെ, ശ്യാംബെനഗൾ എന്നിവർ പ്രസിഡണ്ടായി പ്രവർത്തിച്ചു. ഇപ്പോൾ നിരൂപകനായ ഗൗതംകൗളാണ് ദേശീയ പ്രസിഡണ്ട്. നിരവധി പ്രശസ്തർ ഫിലിം സൊസൈറ്റി ഫെഡറേഷന്റെ ഭാരവാഹികളായി പ്രവർത്തിച്ചിട്ടുണ്ട്. വടക്കൻ മേഖലയുടെ വൈസ് പ്രസിഡണ്ടായി ഇന്ദിരാഗാന്ധിയും ഐകെ ഗുജ്‌റാളും പ്രവർത്തിച്ചിട്ടുണ്ട് എന്നുള്ളത് അക്കാലത്ത് സർക്കാറുകൾ ഫിലിംസൊസൈറ്റി എന്ന പ്രസ്ഥാനത്തെ എത്ര പ്രതീക്ഷയോടെയും ആദരവോടെയും കണ്ടിരുന്നത് എന്നുള്ളതിന്റെ സൂചനയാണ്.

ഋത്വിക്ഘട്ടക്, നിമായിഘോഷ്, സുബ്രതോമിത്ര, അരുണാ ആസിഫ് അലി എന്നിങ്ങനെ പലരും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

(തുടരും)

Read More >>