തട്ടിപ്പ് കുടിവെളളത്തിലും; വ്യാജ ഐഎസ്ഐ മുദ്ര പതിപ്പിച്ച കുടിവെളളം പിടികൂടി

സുരഭി, അക്വാ വര്‍ഷ, അക്വാ ഗോകുല്‍ ഡ്യൂ, പടൂര്‍ ഓ, ഹോളി അക്വ, സുരക്ഷ എച്ച്ടുഒ എന്നീ ബ്രാന്റുകളിലായിരുന്നു കുടിവെളളം വില്‍പ്പന നടത്തിയിരുന്നത്.

തട്ടിപ്പ് കുടിവെളളത്തിലും; വ്യാജ  ഐഎസ്ഐ മുദ്ര പതിപ്പിച്ച കുടിവെളളം പിടികൂടി

കൊച്ചി: പാലക്കാട് ജില്ലയിലെ കിനാശേരിയില്‍ വ്യാജ ഐഎസ്‌ഐ മുദ്ര പതിപ്പിച്ച കുടിവെള്ളം പിടികൂടി. സുരാ ഗോള്‍ഡ് എന്ന സ്ഥാപനത്തില്‍ നിന്നാണ് കുടിവെളളം പിടികൂടിയത്. 20 ലിറ്ററിന്റെ ജാറുകളില്‍ നിറച്ച നിലയിലാണ് കുടിവെളളം കണ്ടെത്തിയത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്‌സിന്റെ (ബിഐഎസ്) കൊച്ചി ഓഫീസ് നടത്തിയ പരിശോധനയിലാണ് വ്യാജ ഐഎസ്‌ഐ മുദ്ര പതിപ്പിച്ച കുടിവെള്ളം പിടികൂടിയത്.

ഫുഡ് സേഫ്റ്റി ആന്റ് സെക്ക്യൂരിറ്റി അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) യുടെ 2006ലെ ഉത്തരവ് പ്രകാരം നിയമപ്രകാരമുള്ള ഐഎസ്‌ഐ അംഗീകാരം ലഭിക്കാതെ കുടിവെള്ളം കുപ്പിയിലാക്കി വില്‍ക്കുന്നത് നിമയപരമായി വിലക്കിയിട്ടുണ്ട്. കുടിവെള്ളത്തിന്റെ നിലവാരം പരിശോധിച്ചതിനുശേഷം ബിഐഎസ് ആണ് ഐസ്‌ഐ മുദ്ര നല്‍കുന്നത്.


സുരഭി, അക്വാ വര്‍ഷ, അക്വാ ഗോകുല്‍ ഡ്യൂ, പടൂര്‍ ഓ, ഹോളി അക്വ, സുരക്ഷ എച്ച്ടുഒ എന്നീ ബ്രാന്റുകളിലായിരുന്നു കുടിവെളളം വില്‍പ്പന നടത്തിയിരുന്നത്. പരിശോധനയ്ക്കുശേഷം നിയമം ലംഘിച്ചതായി കണ്ടെത്തിയാല്‍ ശക്തമായ നടപടികളായിരിക്കും സ്ഥാപനത്തിനെതിരെ ഉണ്ടാവുക. അതേസമയം വ്യാജ ഐഎസ്‌ഐ മുദ്രയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ 0484-2341174 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് കൊച്ചി ബിഐഎസ് ഓഫീസ് തലവനായ കെ. കതിര്‍വേല്‍ പറഞ്ഞു.

ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ അതീവ ഗൗരവമേറിയതാണെന്നും, പൊതുജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും കതിര്‍വേല്‍ അറിയിച്ചു.