'പതിനാല് സെക്കന്റിനെ പരിഹസിക്കുന്നവരേ; പതിമൂന്നര സെക്കന്റും പതിനാല് മണിക്കൂറും നീളുന്ന തുറിച്ചു നോട്ടങ്ങളാല്‍ മുറിവേറ്റു ജീവിക്കുന്നവരാണ് ഞങ്ങള്‍; അതു മറക്കരുത്... '

ചര്‍ച്ചകളെല്ലാം 'പതിനാല് സെക്കന്റ്' എന്ന കേവല സമയത്തില്‍ ചുറ്റിത്തിരിയുമ്പോള്‍ ജോലി സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീകള്‍ നേരിടുന്ന ലൈംഗികചുവയുള്ള 'ആണ്‍ തുറിച്ചു നോട്ടം' തിരശീലയ്ക്കു പിന്നിലാകുന്നു.


ഋഷിരാജ് സിംഗിന്റെ പതിനാല് സെക്കന്റ് പ്രസ്താവനയ്ക്കുമീതെ  ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണല്ലോ. അനുകൂലിച്ചും പ്രതികൂലിച്ചും ഏറെപ്പേര്‍ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു. ഋഷിരാജ് സിംഗിന്റെ പരാമര്‍ശം ജനങ്ങള്‍ക്ക് അരോചകമാണെന്ന വാദവുമായി വ്യവസായ മന്ത്രി ഇപി ജയരാജന്‍ വരെ രംഗത്തെത്തി. എന്നാല്‍ ചര്‍ച്ചകളെല്ലാം 'പതിനാല് സെക്കന്റ്' എന്ന കേവല സമയത്തില്‍ ചുറ്റിത്തിരിയുമ്പോള്‍ ജോലി സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീകള്‍ നേരിടുന്ന ലൈംഗികചുവയുള്ള 'ആണ്‍ തുറിച്ചു നോട്ടം' തിരശീലയ്ക്കു പിന്നിലാകുന്നു.

പതിനാല് സെക്കന്റിലേറെ നേരം തുറിച്ചു നോക്കിയതായി സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ കേസെടുക്കാന്‍ നിയമമുണ്ടെന്നായിരുന്നു ഋഷിരാജ് സിംഗ് പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. കൃത്യമായ ഈ സമയക്കണക്ക് ഋഷിരാജ് സിംഗിന്റെ സ്വന്തം സംഭാവനയായിരിക്കാം. സമയം അളന്നു തിട്ടപ്പെടുത്തി പരാതി കൊടുക്കുന്നതൊക്കെ എത്രത്തോളം പ്രായോഗികമാണ് എന്നൊക്കെ സംശയമുണ്ടെങ്കിലും സ്ത്രീകള്‍ നേരിടുന്ന അശ്ലീല തുറിച്ചു നോട്ടങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ചര്‍ച്ചകളിലേക്കാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ വഴി തുറക്കേണ്ടത്. പക്ഷേ,സംഭവിച്ചത് അങ്ങനെയല്ല.

'വായ്നോട്ട'ങ്ങളൊന്നും നിരുപദ്രവകരമല്ല. പക്ഷേ, പലരും അങ്ങനെ വിഷയത്തെ ലഘൂകരിക്കുന്നുണ്ട്. ആണ്‍ തുറിച്ചു നോട്ടങ്ങള്‍ സ്ത്രീകളില്‍ സൃഷ്ടിക്കുന്ന ഗുരുതരമായ സാമൂഹിക, മാനസിക പ്രത്യാഘാതങ്ങളെ ആരും പരിഗണിക്കുന്നേയില്ല. കൊച്ചു പെണ്‍കുട്ടി മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍ വരെ നിത്യജീവിതത്തില്‍ എത്ര സമയമാണ് ഈ പീഡനത്തിന് ഇരയാകുന്നത്. എന്തുകൊണ്ടാണ് ചര്‍ച്ച ചെയ്യുന്നവരൊന്നും ആ സമയത്തിന്റെ കണക്കെടുക്കാത്തത്?

എം.എയ്ക്ക് പഠിക്കുമ്പോ പൊളിറ്റിക്കല്‍ തിയറി പേപ്പര്‍ എടുത്തിരുന്നത് ഒരു കിടു അധ്യാപകന്‍ ആയിരുന്നു. പുള്ളിയുടെ ലെക്ചറുകള്...

Posted by Vaikhari Aryat on 15 August 2016


സിനിമാ തിയേറ്റര്‍, സ്‌കൂള്‍, കോളേജ്, ബസ് സ്റ്റോപ്പ്, റെയില്‍വേ സ്റ്റേഷന്‍, പാര്‍ക്ക്, ബീച്ച്, ഉത്സവ പറമ്പുകള്‍ തുടങ്ങി ഒരു പെണ്‍കുട്ടി പോകുന്ന എല്ലാ സ്ഥലത്തും തുറിച്ചു നോക്കുന്ന കണ്ണുകളാണ് അവരെ വരവേല്‍ക്കുന്നത്.  പൂവാല ശല്യം എന്ന കാല്‍പ്പനിക പ്രയോഗം കൊണ്ട് ലഘൂകരിക്കാവുന്ന മാനസികസമ്മര്‍ദ്ദമല്ല ഇതൊന്നും സ്ത്രീയില്‍ സൃഷ്ടിക്കുന്നത്. സ്ത്രീകളുടെ വ്യക്തിത്വത്തിലേയ്ക്കും അന്തസിലേയ്ക്കും തുറിച്ചു നോക്കുന്ന കണ്ണുകളിലൂടെ അതിക്രമിച്ചു കയറുകയാണ് പുരുഷന്‍. ഗൗരവമായ വൈകാരികസമ്മര്‍ദ്ദങ്ങളിലേയ്ക്കാണ് സ്ത്രീകള്‍ എടുത്തെറിയപ്പെടുന്നത്.  അപൂര്‍വം ചിലരെയെങ്കിലും ഈ കണ്ണുകള്‍ ആത്മഹത്യയിലേക്കും നയിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തെയാണ് ഈ ആണ്‍കണ്ണുകള്‍ കൊത്തിപ്പറിക്കുന്നത്.

എന്നാല്‍ ഈ തുറിച്ചു നോട്ടങ്ങള്‍ നേരിടാനുള്ള കൃത്യമായ നിയമം ഇന്ത്യയില്‍ ഇല്ല. 'പൂവാല ശല്യം'  ലൈംഗികാതിക്രമങ്ങളുടെ പരിധിയില്‍ വരുന്ന കുറ്റമാണ്. അശ്ലീല ചുവയുള്ള കമന്റുകളും സംസാരവും ഐപിസി സെക്ഷന്‍ 294, 509 വകുപ്പുകളുടെ പരിധിയിലാണ് കൈകാര്യം ചെയ്യപ്പെടുന്നത്. എന്നാല്‍, ഭരണഘടനയുടെ അനുഛേദം 21 പ്രകാരം അന്തസായി ജീവിക്കാന്‍ ഒരു സ്ത്രീയ്ക്കുള്ള അവകാശത്തിനു നേരെയുളള കടന്നു കയറ്റമാണ് ആണ്‍തുറിച്ചു നോട്ടം. എന്നാല്‍ ആ ഗൗരവത്തിലല്ല ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടുന്നത്.

പൊതു സ്ഥലങ്ങളിലുള്ള അശ്ലീല ആംഗ്യങ്ങള്‍, തുറിച്ചു നോട്ടം, കമന്റുകള്‍ തുടങ്ങിയവയാണ് പൂവാല ശല്യം(eve-teasing) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ കുറ്റകൃത്യത്തിന് പ്രായഭേദമന്യേ എല്ലാ സ്ത്രീകളും ഇരയാകുന്നുണ്ട്.  ലൈംഗികാതിക്രമങ്ങള്‍ മൂലം അവര്‍ക്കുണ്ടാകുന്ന മാനസികാഘാതം പലപ്പോഴും അതീവ ഗൗരവമേറിയതാണ്. ചെറിയ പ്രായം മുതല്‍ തന്നെ ഒരു പെണ്‍കുട്ടി ഇത്തരം തുറിച്ചു നോട്ടങ്ങള്‍ക്കും സംസാരങ്ങള്‍ക്കും ഇരയാകുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്ത്രീ ഇത്തരം പീഡനങ്ങള്‍ക്ക് വിധേയയാകുകയും ചെയ്യുന്നു.

വാക്കുകൊണ്ടോ നോക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഉള്ള ലൈംഗികാതിക്രമങ്ങള്‍ പല വിദേശ രാജ്യങ്ങളിലും കേസെടുക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.

തുറിച്ചു നോക്കുന്നവരേയും ചൂഴിഞ്ഞു നോക്കുന്നവരേയും കടന്നാണ് ജീവിതം ഇത്രയും എത്തിയത്. എന്നെ സംബന്ധിച്ചിടത്തോളം ഒരാള്‍ ...

Posted by Sunitha devadas on 15 August 2016


പഴയ കാലത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് വിദ്യാഭ്യാസത്തിനും ജോലിക്കും യാത്രകള്‍ക്കുമായി സ്ത്രീകള്‍ കൂടുതലായി പുറത്തേക്കിറങ്ങിയതോടെ 'വായ്നോട്ടം'  കാലത്തിനൊപ്പം അപകടകരമാംവിധം പരിണമിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും ശക്തമായ സ്ത്രീസാന്നിധ്യമുളള ആധുനിക കാലത്തും ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്.   വീടിനകത്തും ശരീരം മൂടുന്ന വസ്ത്രങ്ങള്‍ക്കകത്തും 'അവളെ' 'സുരക്ഷിതയാക്കി' നിര്‍ത്തണമെന്ന പുരുഷകേന്ദ്രീകൃത പിന്തിരിപ്പിന്‍ യുക്തിയും ഇതോടൊപ്പം ശക്തിയാര്‍ജിക്കുന്നുണ്ട്.

സ്ത്രീയെ സഹജീവിയായി പരിഗണിക്കണമെന്നും ആരോഗ്യപരമായ സ്ത്രീപുരുഷ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നുമുള്ള വാദങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയുടെ വരവോടെ മുഴക്കമേറിയിട്ടുണ്ട്.  സ്ത്രീ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന പുരുഷന്മാരുടെ എണ്ണവും ഏറിവരികയാണ്. എന്നാല്‍  പതിമൂന്നര സെക്കന്റും പതിനാല് മണിക്കൂറും ആണ്‍ നോട്ടങ്ങളെ സഹിച്ചും നേരിട്ടും പെണ്‍കുട്ടികള്‍ ഇവിടെ ജീവിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം മറന്നു കൊണ്ടാണ് അവരില്‍ പലരും  'പതിനാല് സെക്കന്റ്' എന്ന സമയക്കണക്കണക്കിനെ പരിഹസിക്കാന്‍ ഊര്‍ജം ചെലവഴിക്കുന്നത്.