അല്ല ജയരാജാ, താങ്കൾ മണ്ടത്തരവകുപ്പു മന്ത്രിയല്ല; മന്ത്രിസഭയിലെ ജൂണിയർ മാൻഡ്രേക്ക് പ്രതിമയാകരുത്...

നിയമസഭയിൽ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റിലെ ഇരിപ്പ് വല്ലാത്തൊരു അധികാരഭാവം ജയരാജനിൽ സൃഷ്ടിച്ചിട്ടുണ്ട്. ഒന്നാം നമ്പർ കാർ സെക്രട്ടേറിയേറ്റു പരിസരം വിട്ടാൽ പിന്നെ താനാണ് കേരളത്തിലെ മുഖ്യമന്ത്രിയെന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ടോ ആവോ.

അല്ല ജയരാജാ, താങ്കൾ മണ്ടത്തരവകുപ്പു മന്ത്രിയല്ല; മന്ത്രിസഭയിലെ ജൂണിയർ മാൻഡ്രേക്ക് പ്രതിമയാകരുത്...

 ലിയോനാള്‍ഡ് ഡെയ്സി മാത്യു

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പതിനാലു സെക്കൻഡ് പ്രയോഗം പിണറായി മന്ത്രിസഭയിലെ പത്തൊമ്പതു മന്ത്രിമാരിൽ ഒരാളെ കൃത്യമായി ചൊടിപ്പിച്ചു. വ്യവസായ മന്ത്രി സഖാവ് ഇ.പി ജയരാജനെ. കമ്മിഷണറുടെ പരാമര്‍ശം അരോചകമാണെന്നും അത് എക്‌സൈസ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നുമൊക്കെ പത്രക്കാരോട് ജയരാജൻ തട്ടിവിട്ടു. എന്തുകൊണ്ടാണ് ഈ പരാമർശം ഇ പി ജയരാജനെ മാത്രം അസ്വസ്ഥനാക്കിയത്?

[embed]https://www.youtube.com/watch?v=NU5-sLz_bJw[/embed]

ഋഷിരാജ് സിംഗ് ഒരു നിയമം കൊണ്ടുവന്നതൊന്നുമല്ല. കൊച്ചിയില്‍ സി എ വിദ്യാര്‍ത്ഥികളുടെ സംഘടനയായ സികാസ സംഘടിപ്പിച്ച സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ പറഞ്ഞു പോകുന്നതിനിടെ സൂചിപ്പിച്ച ഒരു കാര്യം മാത്രമാണിത്. രാജ്യത്തെ നിയമങ്ങൾ പെൺകുട്ടികൾക്ക് അനുകൂലമാണെന്നും എന്നാല്‍, അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നിട്ടിറങ്ങി പ്രതികരിക്കണമെന്നുമൊക്കെ അദ്ദേഹം ആ യോഗത്തിൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിലൊക്കെ അരോചകം വിരിയുന്ന ഒരു മനസ് സാക്ഷാൽ ഇപി ജയരാജനുണ്ടെങ്കിൽ, അത്യാസന്ന നിലയിലാണ് അദ്ദേഹത്തിന്റെ ഇടതു രാഷ്ട്രീയബോധം.

രണ്ടാം നമ്പർ കാറിലെ സഞ്ചാരം വല്ലാത്തൊരു അധികാരഭാവം ജയരാജനിൽ സൃഷ്ടിച്ചിട്ടുണ്ട്. ഒന്നാം നമ്പർ കാർ സെക്രട്ടേറിയേറ്റു പരിസരം വിട്ടാൽ പിന്നെ താനാണ് കേരളത്തിലെ മുഖ്യമന്ത്രിയെന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ടോ ആവോ.

ജയരാജനിക്കാര്യം ശ്രദ്ധയിൽപെടുത്തിയാലുടനെ എക്സൈസ് മന്ത്രി എന്തു ചെയ്യും. ഇത്തരം ഉദ്ഘാടനം നടത്തുമ്പോൾ പ്രസംഗിക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി തയ്യാറാക്കി അനുവാദം വാങ്ങിയിരിക്കണമെന്ന് കമ്മിഷണർക്കു നിർദ്ദേശം കൊടുക്കുമോ? അതോ സർക്കാരിന്റെ അനുമതിയില്ലാതെ സാരോപദേശവും ബോധവത്കരണവുമൊക്കെ നടത്തരുത് എന്നു കൽപ്പിക്കുമോ? എന്താണദ്ദേഹം ഉദ്ദേശിക്കുന്നത്.

എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ കോഴിക്കോടു സ്വദേശിയാണ്. സിപിഎമ്മിന്റെ ഇക്കഴിഞ്ഞ പാർടി കോൺഗ്രസ് നടന്നതും കോഴിക്കോട്ടാണ്. സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങളെക്കുറിച്ച് ആ സമ്മേളനം അംഗീകരിച്ച പ്രമേയമുണ്ട്. സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കെതിരെ കടുത്ത നിലപാടു സ്വീകരിക്കാനുളള സിപിഎമ്മിന്റെ രാഷ്ട്രീയ ബാധ്യത ഊന്നിപ്പറഞ്ഞുകൊണ്ടാണ് ആ പ്രമേയം അവസാനിക്കുന്നത്.

വനിതാ ശിശു ക്ഷേമ മന്ത്രി ഷൈലജ ടീച്ചറാണ്. ടീച്ചറും സിപിഎം കേന്ദ്രകമ്മിറ്റി അംഗമാണ്. സ്ത്രീകൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ അതിശക്തമായ നിലപാടു സ്വീകരിക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവാണ് അവർ. തുറിച്ചു നോട്ടം മുതൽ സ്ത്രീകൾ അനുഭവിക്കുന്ന നാനാതരം അതിക്രമങ്ങളെക്കുറിച്ച് അവർക്കു നല്ല ധാരണയുണ്ടാകും. ഋഷി രാജ് സിംഗിന്റെ പ്രസ്താവനയുടെ ഉദ്ദേശം അവർക്കു മനസിലാകും. ആ പ്രസ്താവന ജയരാജനെപ്പോലുള്ളവർക്ക് അരോചകമാകുന്നതിന്റെ കാരണവും.

ഇതാദ്യമായല്ല മണ്ടത്തരങ്ങളുടെ പേരിൽ ഇ പി ജയരാജൻ വാർത്തകളിൽ ഇടംപിടിക്കുന്നത്. സാന്റിയാഗോ മാർട്ടിനിൽ നിന്ന് രണ്ടുകോടി രൂപ ദേശാഭിമാനി കൈപ്പറ്റിയ വിവരം പുറംലോകമറിഞ്ഞപ്പോൾ അതു ബോണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്താണ് ബോണ്ടെന്നോ അതു വാങ്ങാൻ പാലിക്കേണ്ട നടപടിക്രമങ്ങളെന്തെന്നോ ഒരു രൂപവുമില്ലാതെയാണ് അദ്ദേഹം അന്നങ്ങനെ അടിച്ചുവിട്ടത്.

[embed]https://www.youtube.com/watch?v=2tpn6ms4lXg[/embed]

മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന്റെ കൃത്യം പതിനൊന്നാം ദിവസം ബോക്‌സിങ് താരം മുഹമ്മദലിയുടെ നിര്യാണത്തിൽ അനുശോചനം പ്രകടിപ്പിച്ച് ജയരാജൻ ആ ദിനം അവിസ്മരണീയമാക്കി. അറിയാത്ത കാര്യത്തെക്കുറിച്ച് അദ്ദേഹം ചാനലിൽ സർവവിജ്ഞാന കോശമായി അവതരിച്ചു. സിപിഎം സെക്രട്ടേറിയറ്റിൽ നേരിട്ട രൂക്ഷ വിമർശനത്തെ തുടർന്ന് കുറച്ചുകാലം ഒതുങ്ങിക്കഴിയുകയായിരുന്നു. പക്ഷേ, ആടിയ കാലും പാടിയ വായും വെറുതേയിരിക്കുന്നതെങ്ങനെ?

[embed]https://www.youtube.com/watch?v=ApQlMm39xr0[/embed]

മുൻ ഇൻകംടാക്സ് കമ്മിഷണറായിരുന്ന വിശ്വബന്ധു ഗുപ്ത ക്ലൗഡ് കമ്പ്യൂട്ടിങ്ങിനെക്കുറിച്ചു പറയുന്ന വീഡിയോയാണു തൊട്ടുമുകളിൽ. അതിനോടു കിടപിടിക്കാൻ ജയരാജൻ മാത്രമേയുള്ളൂ. സെൽഫിയെക്കുറിച്ച് അദ്ദേഹം പറയുന്നതു കേൾക്കൂ:

പ്രപഞ്ചത്തിലെ അറിവിന്റെ മേഖല വിപുലീകരിക്കുകയും,അഞ്ജതയുടെ മേഖല ലഘൂകരിക്കുകയും ചെയ്യുന്ന ആധുനിക കാലഘട്ടത്തിന്റെ സവിശേഷതയാണത്രേ സെല്‍ഫി...?
ഇ.പി.ജയരാജൻ ,വ്യവസായ - കായിക മന്ത്രി

Posted by John George Chekkat on 8 June 2016


തെറ്റ് തിരുത്തല്‍ നടപ്പാക്കിയ ശേഷവും പാര്‍ട്ടിക്കുള്ളില്‍ പെരുകുന്ന തെറ്റുകളിൽ മനംനൊന്ത് പാലക്കാട്ട് സംഘടനാ പ്ലീനം നടത്താനിറങ്ങിയ സിപിഎം മൂക്കുംകുത്തി വീണുപോയതും ഇതേ ജയരാജന്റെ മുന്നിലാണ്. പ്ലീനം തീർന്ന ദിവസം തെറ്റുതിരുത്തൽ ശ്രമങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് സാക്ഷാൽ ചാക്കു രാധാകൃഷ്ണന്റെ സ്വന്തം പരസ്യം ദേശാഭിമാനിയിൽ പ്രത്യക്ഷപ്പെട്ടു. വ്യവസായികളാകുമ്പോൾ പല കേസുകളുമുണ്ടാകും, അതൊന്നും നോക്കിയല്ല ദേശാഭിമാനി പരസ്യം സ്വീകരിക്കുന്നതെന്നായിരുന്നു വിമർശനങ്ങളിൽ പ്രകോപിതനായ ജയരാജന്റെ ആക്രോശം. ഏറ്റവുമൊടുവിൽ മലബാർ സിമന്റ്സ് അഴിമതിക്കേസിൽ ഈ സർക്കാരിനു തന്നെ രാധാകൃഷ്ണന്റെ പേരിൽ കേസെടുക്കേണ്ടി വന്നു.

[embed]https://www.youtube.com/watch?v=A9ZnZX5Jlaw[/embed]

ആലപ്പുഴയിൽ കർഷകസംഘത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്യാൻ ഒരു കൂസലുമില്ലാതെയാണ് ഏതോ മുതലാളിയുടെ ലാൻഡ് റോവർ ആഡംബരക്കാരിൽ ജയരാജൻ വന്നിറങ്ങിയത്. പാർടി അണികളിൽ നിന്നുയർന്ന വിമർശനത്തിന്റെ മുനയൊടിക്കാൻ സാക്ഷാൽ ലെനിനെയാണ് അന്നദ്ദേഹം രംഗത്തിറക്കിയത്. മുതലാളിയെ കാണാന്‍ പോകുമ്പോള്‍ തൊഴിലാളി നേതാവ് ടൈ കെട്ടി പോകണമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ടത്രേ. ലെനിനെ കമ്പോടുകമ്പ് അനുസരിക്കുന്ന സൈദ്ധാന്തിക പ്രതിഭയ്ക്കു മുന്നിൽ വിമർശകർ വാപൊളിച്ചു നിന്നു.

[embed]https://www.youtube.com/watch?v=-lmIgECfKLA[/embed]

ടി.പിയുടെ ശരീരത്തില്‍ അമ്പത്തൊന്നു വെട്ടുണ്ടായിരുന്നു എന്ന വാദത്തെ ഖണ്ഡിക്കാൻ മുന്നിൽ നിന്നതും മറ്റാരുമല്ല. വെറും പന്ത്രണ്ട് വെട്ടുകള്‍ മാത്രമേ വെട്ടിയിട്ടുളളൂ എന്നായിരുന്നു ന്യായം. ആ ന്യായമാണ് ചന്ദ്രശേഖരന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽനിന്ന് ഈ പന്ത്രണ്ടു വെട്ടുകളുടെ ഭീകരത ഉദ്ധരിക്കാൻ എതിരാളികളെ പ്രേരിപ്പിച്ചത്. അതിനുശേഷം പിന്നെ പന്ത്രണ്ടുവെട്ടുകളെക്കുറിച്ച് ജയരാജൻ മിണ്ടിയിട്ടേയില്ല.

Tell me who your friends are and I'll tell you who you are എന്നൊരു മെക്സിക്കൻ പഴഞ്ചൊല്ലുണ്ട്. ഇ പി ജയരാജന്റെ സുഹൃത്തുക്കളായി കേരളത്തിനറിയാവുന്നത് സാന്റിയാഗോ മാർട്ടിൻ മുതൽ വി എം രാധാകൃഷ്ണൻ വരെയുളളവരെയാണ്. ആ സമ്പർക്ക ഗുണം സിപിഎമ്മിനുളളിൽ അദ്ദേഹത്തെ എന്തിനും പോന്നവനാക്കിയേക്കാം. എന്നാൽ പൊതുസമൂഹത്തിന് അത്തരം ബാധ്യതകളില്ല. അദ്ദേഹം കേരളത്തിന്റെ വിഡ്ഢിത്ത വികസന വകുപ്പു മന്ത്രിയല്ല. അടുപ്പമുളള ആരെങ്കിലും അതൊന്നു ബോധ്യപ്പെടുത്തുന്നത് നന്നായിരിക്കും.

Read More >>