തിരക്കേറിയ ദുബൈ - ദോഹ ആകാശപാതയിൽ എമിറേറ്റ്സിന്റെ രണ്ടു ഫ്ലൈറ്റുകൾ കൂടി
| Updated On: 2016-08-11T19:35:57+05:30 | Location :
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വിമാനങ്ങളുമായുള്ള കണക്ഷന് ഫ്ളൈറ്റുകളായാണ് എമിറേറ്റ്സ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ദുബൈ: വ്യോമഗതാഗത രംഗത്തെ തിരക്കേറിയ പാതകളിലൊന്നായ ദുബൈ - ദോഹ സെക്റ്ററിൽ തങ്ങളുടെ ഫ്ളീറ്റിലേക്കു പുതിയ രണ്ടു സർവീസുകൾ കൂടി കൂട്ടിച്ചേർക്കാനൊരുങ്ങുകയാണ്, യുഎഇയുടെ ഔദ്യോഗിക വിമാന കമ്പനിയായ ഫ്ളൈ എമിറേറ്റ്സ്. നിലവിലുള്ള എട്ട് സര്‍വ്വീസുകള്‍ക്കു പുറമെയാണ് എമിറേറ്റ്സ് പുതുതായി രണ്ട് സര്വ്വീസുകള്കൂടെ ആരംഭിക്കുന്നത്. ഒക്ടോബര്‍ 30ഓടെ ആയിരിക്കും പുതിയ സര്‍വ്വീസുകള്‍ പറക്കാൻ തുടങ്ങുക. ദിവസേനയുള്ള ഈ സര്‍വ്വീസുകള്‍ പ്രാബല്യത്തില്‍ വരുന്നതോടുകൂടി ദുബൈയില്‍ നിന്നും ദോഹയിലേക്കുള്ള ആകെ സര്‍വ്വീസുകളുടെ എണ്ണം 63 ആകും.
ബിസിനസ്- വിനോദ ആവശ്യങ്ങള്‍ക്കായി നിരവധിപേര്‍ ആശ്രയിക്കുന്ന കമ്പനിയാണ് എമിറേറ്റ്സ്. പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതോടെ ടിക്കറ്റ് ലഭ്യതയ്ക്കുള്ള പ്രയാസം കൂടിയാണ് ഇല്ലാതാകാന്‍ പോകുന്നത്.
തെക്കുകിഴക്കേ ഏഷ്യൻ രാഷ്ട്രങ്ങളില്‍ നിന്നുമുള്ള വിമാനങ്ങളുടെ സമയങ്ങള്‍ക്ക് അനുസൃതമായാണ് എമിറേറ്റ്സ് തങ്ങളുടെ സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ കേപ്ടൗണ്‍, ലിസ്ബണ്‍, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളുമായി ഏറ്റവും സൗകര്യപ്രദമായ കണക്ഷനുകളായിരിക്കും ഇവ.
ഈ വര്‍ഷം തന്നെ ഇതുവരെ അഞ്ചുലക്ഷത്തിലധികം യാത്രക്കാരാണ് ദുബൈ-ദോഹ റൂട്ടില്‍ എമിറേറ്റ്സിലൂടെ സഞ്ചരിച്ചിട്ടുള്ളത്. ബിസിനസുകാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഏറ്റവും പ്രിയപ്പെട്ട സ്ഥലം ദുബൈ ആയതുതന്നെയാണ് യാത്രക്കാരുടെ ഒഴുക്ക് ഇത്രയും വര്‍ദ്ധിക്കാന്‍ കാരണം.